Pages

Showing posts with label ഹിന്ദു. Show all posts
Showing posts with label ഹിന്ദു. Show all posts

Saturday, December 8, 2018

ചോറൂട്ടിയുറച്ച പാഠം

ചോറൂട്ടിയുറച്ച പാഠം
....................................

കൽക്കട്ട സ്കൂൾ ഒഫ് ട്രോപ്പിക്കൽ മെഡിസിനിൽ ബിരുദാനന്തര ഡിപ്ലോമ ചെയ്യുന്ന കാലത്ത് പരീക്ഷ അടുക്കുന്ന വേളയിലാണ് പി എസ് സിയുടെ അഡ്വൈസ് മെമ്മോ ലഭിക്കുന്നത്. പോസ്റ്റിംഗ് ഓർഡർ വരുമ്പോഴേക്കും പരീക്ഷ കഴിയും എന്ന ധാരണയ്ക്ക് വിരുദ്ധമായി ഒരാഴ്ചയ്ക്കുള്ളിൽ പോസ്റ്റിംഗ് ഓർഡറും എത്തി.

ഒരു മാസത്തിനുള്ളിൽ ജോയിൻ ചെയ്യണം. തനി നാട്ടുമ്പുറത്തെ റൂറൽ ഡിസ്പൻസറി. രണ്ട് കടത്ത് കടക്കണം. എല്ലാ മഴക്കാലത്തും സ്ഥാപനത്തിൽ വെള്ളം കയറും. പ്രദേശവാസികൾ കുറവായതിനാൽ ജോലി വളരെ കുറവാണ്. ബോറഡിച്ച് ഒരു പരുവം ആകും. ആശുപത്രി എന്ന പേരേ ഉള്ളു. ലാബറട്ടറി പോലും ഇല്ല. കുറഞ്ഞത് 3 വർഷം എങ്കിലും ആവാതെ ട്രാൻസ്ഫറിന് അപേക്ഷ സ്വീകരിക്ക പോലും ഇല്ല.

ജോയിനിംഗ് ടൈം നീട്ടി കിട്ടാൻ അപേക്ഷ സമർപ്പിച്ച് പഠിത്തത്തിലേക്ക് ശ്രദ്ധ തിരിച്ചു. 2 മാസം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പേ തന്നെ അവിടെ മറ്റൊരാളെ പോസ്റ്റ് ചെയ്തു എന്നറിഞ്ഞപ്പോൾ സന്തോഷിച്ചു. പരീക്ഷ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുമ്പോൾ റീപോസ്റ്റിംഗ് കിട്ടിയത് തത്തുല്യമായ മറ്റൊരു പ്രളയമേഘലയിലെ മറ്റൊരു റൂറൽ ഡിസ്പൻസറിയിൽ. സൗകര്യങ്ങളൊക്കെ തധൈവ തന്നെ.

ജോയിൻ ചെയ്യണോ പ്രൈവറ്റിൽ കേറണോ? വലിയ ആശുപത്രിയിൽ കേറാമെന്നു വച്ചാൽ ജീവിക്കാനുള്ള വക കഷ്ടി കിട്ടിയാലായി. ചെറുതിൽ കേറാമെന്നു വച്ചാൽ നല്ല ശമ്പളവും ഫ്രീ ക്വോർട്ടേഴ്സും ഫുഡ്ഡും കിട്ടും. പക്ഷെ പിടിപ്പത് പണിയാണ്. സൂപ്പർവൈസ് ചെയ്യാൻ സീനിയർ ഉണ്ടാവില്ല. എന്ത് ചെയ്യും?

തീരുമാനമെടുക്കാൻ സഹായിച്ചത് സ്കൂൾ ടീച്ചറായ അമ്മയാണ്. എവിടാണേലും ജോലി ചെയ്യാതെ ജീവിക്കാനാവില്ല. സർക്കാർ സർവ്വീസാണേൽ ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാവും. പക്ഷെ 55 വയസ്സിനു ശേഷം വയ്യാതായാൽ കൂടി ആരുടെയും മുന്നിൽ പോയി കൈ നീട്ടാതെ പെൻഷൻ കൊണ്ട് ജീവിച്ചു പോകാം. ഇന്നത്തെ ആരോഗ്യം അന്നുണ്ടാവുമെന്ന് എന്താ ഇത്ര ഉറപ്പ്? ഇപ്പോഴത്തെ സ്റ്റേഷൻ മോശമാണെങ്കിലെന്താ. 3 വർഷം കഴിഞ്ഞാൽ ട്രാൻസ്ഥറിന് അപേക്ഷിക്കാമല്ലോ.

അതിരാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി എത്തിയപ്പോഴേക്കും പ്രാതൽ ഒരുക്കിവച്ചിരിക്കുന്നു. അത് വേഗം കഴിച്ച് അച്ഛനെയും അമ്മയേയും തൊഴുതു വണങ്ങി ഇറങ്ങാൻ നേരം വഴിച്ചെലവിനുള്ള കാശ് അച്ഛൻ കയ്യിൽ വച്ചു തന്നു.

"പോകുന്ന വഴി ഗണപതി കോവിലിൽ കേറി പ്രാർത്ഥിക്കണം. നല്ലതേ വരൂ" അമ്മയാണ്. ഒരു സഞ്ചി ഏല്പിച്ചു. ഗണപതിയ്ക്കുള്ള തേങ്ങയാണ്.

സമസ്താപരാധങ്ങളും പൊറുക്കണേ എന്നപേക്ഷിച്ച് ഏത്തമിട്ട് തേങ്ങ ഉടച്ച് ബസ് സ്റ്റാന്റിൽ എത്തുമ്പോൾ നേരം വെളുത്തു തടങ്ങിയിരിക്കുന്നു.

ബസ്സിൽ കയറിയിരുന്ന് കാറ്റ് മുഖത്തടിച്ചപ്പോൾ അറിയാതെ ഒന്നു മയങ്ങിപ്പോയി. പോകുന്ന വഴിക്കുള്ള കടത്ത് കടവിൽ എത്തിയതും കണ്ടക്ടർ തട്ടി ഉണർത്തി. നേരം പളപളാ വെളുത്തിരുന്നു. പുറപ്പെടുമ്പോൾ യാത്രക്കാർ കുറവായിരുന്നെങ്കിലും ഇപ്പോൾ ബസ്സ് ഫുൾ ആയിരുന്നു. ഇറങ്ങി.

എപ്പഴാ ഇനി ഫെറി ഇക്കരെ എത്തുക? അക്കരെ ഒരു ബസ്സ് വന്നു കിടക്കുന്നത് ഇക്കരേന്ന് കാണാം. ഫെറി നിറച്ചും വാഹനങ്ങളുമായി അക്കരെ അടുപ്പിക്കുന്നതേയുള്ളു. മിക്ക യാത്രക്കാരും ചെറുവള്ളത്തിൽ കേറി അക്കരേക്ക് പോകുന്നുണ്ട്.

"വരുന്നില്ലേ? കടത്തു വള്ളം അക്കരെ എത്തുന്നതു വരെയേ ബസ്സുകാര് കാക്കൂ" കടത്തുവഞ്ചിക്കാരൻ.

ഇല്ലെന്ന് തല കുലുക്കി. പേടി ആയിട്ടാ. കടത്തുവള്ളത്തിൽ കേറി ശീലമില്ല. ഫെറി വരട്ടെ. ഒരു ചൂട് ചായയുടെ കുറവുണ്ട്. ഇക്കരെ ആണെങ്കിൽ ഒരു ചായക്കടയും ഉണ്ട്.

ചായക്കടയുടെ മുമ്പിൽ നിരത്തിയിട്ടിരുന്ന ഒരു ബഞ്ചിൽ കയറിയിരുന്നു. കടിയൊന്നുമില്ല. ചായ മാത്രമേ ഉള്ളു.

കടുപ്പത്തിലുള്ള ചൂട് ചായ ഊതിയാറ്റി മുത്തിക്കുടിച്ചു തീരുമ്പോഴേക്കും ഫെറി ഇക്കരെയെത്തി.

രണ്ട് വലിയ വള്ളങ്ങളുടെ മുകളിൽ പലക കൊണ്ട് പ്ലാറ്റ്ഫോം കെട്ടി നാല് പേർ ഒരുമിച്ച് നിന്ന് ഊന്നിയും തുഴഞ്ഞുമാണ് നാല് വാഹനങ്ങൾ അക്കരേയ്ക്ക് എത്തിക്കുന്നത്. പ്ലാറ്റ്ഫോർമിലേക്ക് വണ്ടി കേറ്റാൻ വീലിന്റെ വീതിക്ക് രണ്ട് റാമ്പ് മാത്രമേയുള്ളു. ശ്രദ്ധിച്ച് കേറ്റിയില്ലേൽ വണ്ടി കായലിൽ പോകും. നല്ല ഒഴുക്കുള്ള സമയത്ത് ഫെറി സ്റ്റെഡിയായി നിർത്തുന്നത് ശ്രമകരമാണ്. വാഹനങ്ങൾ കയറ്റിക്കഴിഞ്ഞേ യാത്രക്കാരെ കേറ്റൂ.

അക്കരെ എത്തിയപ്പോഴേക്കും അവിടെ കിടന്ന ബസ്സ് പോയിരന്നു. അടുത്ത ബസ്സ് വരാൻ അര മണിക്കൂർ വൈകും. കാത്തിരിക്കുക തന്നെ.

ബസ്സ് കാത്ത് നിൽക്കുന്നവർ നിത്യ യാത്രക്കാരാണെന്ന് അവരുടെ കുശലം പറച്ചിലിൽ നിന്നും മനസ്സിലാക്കാം. വരാനിരിക്കുന്ന പാലത്തിനെ ചുറ്റിപ്പറ്റിയാണ് ചർച്ച.

ബസ്സിൽ കയറി ഡിസ്പൻസറിയുടെ അടുത്ത് ഇറങ്ങുമ്പോൾ മണി 8 ആകുന്നതേയുള്ളു. തുറന്നിട്ടില്ല. ഒരു സ്ത്രീ മുറ്റം അടിച്ചു വാരുന്നുണ്ട്. അടുത്ത വീട്ടിലെ സ്ത്രീയാണെന്നു തോന്നുന്നു.

പുതിയ ആളെ കണ്ടപ്പോൾ അവർ ചൂല് താഴെയിട്ട് ഓടി അടുത്തു വന്നു.

"പുതിയ ഡോക്ടറാണോ?"

അതേന്ന് തല കുലുക്കി.

"സിസ്റ്റർ പറഞ്ഞിരുന്നു. അവരൊക്കെ ഒരു പത്തു മണിയെങ്കിലും ആവും എത്താൻ."

എന്ത് ചെയ്യും?

പരിഹാരവും അവർ തന്നെ പറഞ്ഞു.

"ക്ഷേത്രത്തിലെ തിരുമേനി ഇവിടെ അടുത്താണ് താമസം. അവിടെ ഇരിക്കാം. നല്ല കൂട്ടരാണ്. സിസ്റ്റർ വരുമ്പോൾ വന്നു പറയാം"

വഴിയോരത്തെ തോടിന്നക്കരെ ഒരു ചെറിയ വീട്. തോടിനു കുറുകെ ഇട്ടിരിക്കുന്ന തെങ്ങിൻ ഉരുള് കടന്നു വേണം വീട്ടിലെത്താൻ. ചുറ്റും പറമ്പ് നിറയെ വാഴയാണ്. ചിലത് കുലച്ച് ചാഞ്ഞ് നിൽക്കുന്നു. പത്തറുപത് വയസ്സ് തോന്നിക്കുന്ന ഒരാൾ വാഴച്ചുവട്ടിൽ വെള്ളം ഒഴിക്കുന്ന തിരക്കിലാണ്. പരിചയമില്ലാത്ത ആളെ കണ്ട് ആംഗ്യം കാട്ടി.

"പുതിയ ഡോക്ടർ ആണല്ലേ? സിസ്റ്റർ പറഞ്ഞിരുന്നു. സൂക്ഷിച്ച് കയറി വന്നോളു."

ശീലമില്ലാത്തതാണെങ്കിലും ഒരു കണക്കിന് അക്കരെ വിടിന്റെ മിറ്റത്തെത്തി.

"അകത്തേക്കിരിക്കാം"

അവിടിവിടെ ഭിത്തിയിൽ വിള്ളലുള്ള പഴയ ഒരു ഓടിട്ട വീട്. നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. "ഷൂസ് അഴിക്കണോംന്നില്ല". ഇല്ല. അത് ശരിയാവില്ല. ഷൂസ് ഊരി പുറത്ത് വച്ച് കയറിയിരുന്നു.

തിരുമേനി അകത്തേക്ക് പോയി അല്പം കഴിഞ്ഞ് ചൂട് കാപ്പിയുമായി വന്നു.

"ഇവിടെ കാപ്പിയാണ് പതിവ്. വിരോധമില്ലല്ലോ. അല്ലേ"

കാപ്പി കുടിക്കുന്നതിന്നിടയിൽ വിവരങ്ങൾ തിരക്കുന്നുണ്ടായിരുന്നു. ഭാര്യയെ പരിചയപ്പെടുത്തി. ഇവർ കൂടാതെ വീട്ടിൽ മകൻ കൂടിയുണ്ട്. ബിരുദാനന്തര ബിരുദധാരി ആയിട്ട് വർഷം കുറെ ആയി. ഇതുവരെ ജോലി ഒന്നും ആയിട്ടില്ല. വീട്ടിലുള്ളപ്പോൾ അമ്പലത്തിന്റെ നടത്തിപ്പിൽ അച്ഛനെ സഹായിക്കും. മിക്കപ്പോഴും ഒരു ജോലി അന്വേഷിച്ചുള്ള കറക്കമാണ്. വാഴകൃഷിയും പറമ്പിൽ നിന്നും കിട്ടുന്നതും കൊണ്ട് കഷ്ടിച്ച് കഴിഞ്ഞുകൂടുന്നു. ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന വരുമാനം അതിന്റെ നടത്തിപ്പിനുപോലും തികയില്ല. കുടുംബക്ഷേത്രം നശിച്ചു പോകരുതല്ലോ എന്ന് കരുതി പൂജകൾ മുടക്കുന്നില്ല.

ഡിസ്പൻസറിയിൽ നിന്നും വിളിക്കാൻ ആള് വന്നു.

"ഉച്ച ഭക്ഷണം എങ്ങനെയാ?" ഇറങ്ങാൻ നേരം തിരുമേനി തിരക്കി. തീരുമാനിച്ചിട്ടില്ലെന്നു പറയുമ്പോൾ ദയനീയ ഭാവത്തിൽ തിരുമേനി പറഞ്ഞു "വിരോധമില്ലെങ്കിൽ ഇവിടെ ഉണ്ടാക്കി ഡിസ്പെൻസറിയിൽ എത്തിക്കാം. ഒരു ചോറ്റു പാത്രം മാത്രം ഇവിടെ ഏല്പിച്ചാൽ മതി."

ഒന്നാലോചിച്ചിട്ട് "സസ്യഭക്ഷണം ആണേലും ഡോകടറിന് സൗകര്യമാവും. ഞങ്ങൾക്ക് ഒരു സഹായവും ആവും"

ചാർജ്ജെടുക്കുമ്പോൾ തിരുമേനിയുടെ മുഖം ആയിരുന്നു ഓർമ്മയിൽ.

ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്. ഉണ്ടവന് പായ കിട്ടാഞ്ഞിട്ട്.

ഒരു ജോലി ഉള്ളതിന്റെ വില മനസ്സിലാക്കിത്തരാൻ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയ ആ ഒരു മനുഷ്യൻ വേണ്ടിവന്നു.

Thursday, February 7, 2013

ചേര്‍ത്തല കാര്‍ത്ത്യായനിയമ്മയുടെ നേര്‍ച്ചക്കോഴികള്‍


ചേര്‍ത്തല കാര്‍ത്ത്യായനിയമ്മയുടെ നേര്‍ച്ചക്കോഴികള്‍ക്കു് കോഴിക്കൊട്ടാരം

ചേര്‍ത്തല കാര്‍ത്ത്യായിനമ്മയെ ചേര്‍ത്തലയില്‍ പ്രതിഷ്ഠിച്ചതു് വില്വമംഗലം സ്വാമിമാര്‍ ആണെന്നു പറയപ്പെടുന്നു. വില്വമംഗലത്തു് സ്വാമിമാര്‍ ഒരിക്കല്‍ അന്നു് വനമായിരുന്ന ഈ പ്രദേശത്തു് വന്നപ്പോള്‍ നീരാടാന്‍ വന്ന ഏഴു് കന്യകമാരെ കണ്ടു അവരില്‍ ദിവ്യത്വം ദര്‍ശിച്ചുവത്രെ. സ്വാമിയെക്കണ്ടു് ഭയവിഹ്വലരായി അവര്‍ ഓടി. ഓരോ കന്യകമാരും ഓരോ കുളത്തിലേക്കു് എടുത്തു ചാടി. ഏഴാമത്തെ കന്യകയായ ദേവി എടുത്തു് ചാടിയതു് ചേറുള്ള ഒരു കുളത്തിലേക്കായിരുന്നു. കുളത്തില്‍ മുങ്ങി പൊങ്ങിയതു് തലയില്‍ ചേറുമായിട്ടായിരുന്നു. എടീ ചേറില്‍ തലയുള്ളോളേ എന്നു് അഭിസംഭോധന ചെയ്തു കൊണ്ടു് വില്വമംഗലം അവരെ അസഭ്യം പറയുവാന്‍ ഇടയായി. ഒരു ക്ഷേത്രമുണ്ടാക്കി അവിടെ ദേവിയെ പ്രതിഷ്ഠിച്ച സ്ഥലത്തിനു് പിന്നീടു് ചേര്‍ത്തല എന്നറിയപ്പെടുവാനും തെറിപ്പാട്ടു് പാടുന്നതു് ഇവിടത്തെ ഒരു നേര്‍ച്ചയായും ഭവിച്ചു.

ചേര്‍ത്തല കാര്‍ത്ത്യാനിയമ്മയുടെ മറ്റൊരു വഴിപാടു് കോഴിയെ പറപ്പിക്കുക എന്നതായതിനാല്‍ ക്ഷേത്രപരിസരത്തും പുറത്തും ധാരാളം നേര്‍ച്ചക്കോഴികള്‍ സ്വച്ഛന്തവിഹാരം ചെയ്യുന്നതായി കാണാം. ദേവിക്കു് പ്രീയപ്പെട്ട ഈ കോഴികള്‍ക്കു് ഭക്തജനങ്ങള്‍ കൊടുക്കുന്ന മലരും അരിയും ആണു് ഭക്ഷണം. അവയുടെ എണ്ണം കൂടിയപ്പോള്‍ കോഴികളുടെ വിഹാരം അമ്പലപ്പറമ്പിനു പുറത്തേക്കും വ്യാപിച്ചു. അമ്പലത്തിന്റെ പരിസരത്തു് കച്ചവടം നടത്തുന്ന പച്ചക്കറിക്കടകളിലേക്കും പലചരക്കുകടകളിലേക്കും അവയുടെ ഭക്ഷണം തേടിയുള്ള അലച്ചില്‍ തുടങ്ങിയപ്പോള്‍ അവയ്ക്കായി പ്രത്യേകം കൂടു് പണിതു്, അതിനു് കോഴിക്കൊട്ടാരം എന്നു പേരും ഇട്ടു്, ഭക്ഷണം കൊടുത്തു് തീറ്റിപ്പോറ്റി വരുന്നു.

ബന്ധുര കാഞ്ചക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍.

കാര്‍ത്ത്യായനിയമ്മ തന്നെ ഇതിനു് ഒരു പരിഹാരം ഉണ്ടാക്കുവാന്‍ തെറിപ്പാട്ടുമായി രംഗപ്രവേശം ചെയ്യുമോ?

Wednesday, August 29, 2012

വിഗ്രഹാരാധന - എല്ലാ മതങ്ങളിലും


വിഗ്രഹാരാധന ഹൈന്ദവാചാരങ്ങളില്‍ മാത്രമല്ല ഉള്ളതു്.



ക്രിസ്ത്യാനികള്‍ കുരിശിനെ ആരാധിക്കുന്നു.




കണ്മുന്നില്‍ വിഗ്രഹമില്ലെങ്കിലും മനസ്സില്‍ പ്രതിഷ്ഠിച്ച കാബയെ ഓര്‍ത്തുകൊണ്ടാണു് മുഹമ്മദ്ദീയര്‍ നിസ്ക്കരിക്കുന്നതു്.




ലോകത്തെമ്പാടുമുള്ള മാനവന്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിഗ്രഹാരാധകരാണു്. 



അവ ലിഖിതങ്ങള്‍ ആവാം



ഗ്രന്ഥങ്ങള്‍ ആവാം


ശില്പങ്ങള്‍ ആവാം


അടയാളങ്ങള്‍ ആവാം


പടങ്ങള്‍ ആവാം


മാനവനു് തിരിച്ചറിയാന്‍ സാധ്യമായ അവയിലൂടെ തന്നെയാണു് ഈശ്വരന്‍ മനുഷ്യമനസ്സിലേക്കു് പ്രവേശിക്കുന്നതു്.

വിഗ്രഹം എന്നതു് ഒരു മുദ്രയാണു്. ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതു് കല്ലോ തടിയോ ലോഹമോ ആണെങ്കിലും അതു് മനുഷ്യന്റെ വിശ്വാസത്തിന്റെ പ്രതീകമാണു്. അവന്‍ അതിനെ ശാശ്വതപുണ്യമായു് കരുതുന്നു. അതിന്റെ ദര്‍ശനം തന്നെ അവനില്‍ ഭക്തി ഉളവാക്കുകയും അവന്‍ ഇതിന്റെ മുന്നില്‍ സാഷ്ടാഗപ്രണാമം നടത്തുകയും ചെയ്യുന്നു. അതു് ചെയ്യുമ്പോള്‍ അവന്‍ വിഗ്രഹത്തിന്റെ ഘടനയെയല്ല മറിച്ചു് അതു് എന്തിനെ പ്രതിനിധീകരിക്കന്നുവോ അതിനെയാണു് പ്രണമിക്കുന്നതു്. സാധാരണ മനുഷ്യനു് പതാക എന്നതു് പല നിറത്തിലുള്ള ശീല മാത്രമാണു്. പക്ഷെ ആ ശീല ഒരു രാഷ്ട്രത്തെയോ രാഷ്ട്രീയ കക്ഷിയേയോ സൂചിപ്പിക്കുന്നുവെങ്കില്‍ അവര്‍ അതിനെ ബഹുമാനിക്കുകയും ഹൃദയത്തോടു് ചേര്‍ത്തു് വയ്ക്കുകയും  ചെയ്യും. അതിനെ സംരക്ഷിക്കാന്‍ അവന്‍ ജീവന്‍ ബലി കൊടുക്കാന്‍ വരെ തയ്യാറാവും.

വിഗ്രഹാരാധനയില്‍ ഭക്തി ആരംഭിക്കുമ്പോള്‍ ആ വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന മൂര്‍ത്തി അവനെ അനുഗ്രഹിക്കും എന്നളളതാണു് വിശ്വാസം. നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും എന്നു തന്നെയാണു് ബൈബിളും പറയുന്നതു്. സര്‍വ്വവ്യാപിയായ ഈശ്വരസമമായ പഞ്ചഭൂതങ്ങള്‍ അടങ്ങിയതാണു് വിഗ്രഹമെങ്കിലും ആ ഈശ്വരാംശം വഴി ആരാധന ദൈവത്തിലേക്കാണു് നയിക്കുന്നതു്. അന്യരെ കാണുമ്പോള്‍ നമസ്ക്കരിക്കുന്നതു് കൊണ്ടു് അവനു് സന്തോഷം ലഭിക്കുന്നു എന്നു പറയുന്നതു് പോലെ വിഗ്രഹത്തിലൂടെ ഈശ്വരനെ നമസ്ക്കരിക്കുമ്പോള്‍ ഈശ്വരന്‍ സംപ്രീതനാകുന്നു. ആ ദിവ്യദര്‍ശനം തന്നെ മനസ്സിനെ തൃപ്തിയുടേയും ഭക്തിയുടേയും തലങ്ങളിലേക്കു് മനുഷ്യനെ ഉയര്‍ത്തുന്നു. പൂജാകര്‍മ്മങ്ങള്‍ വഴി ഈശ്വരസാന്നിധ്യം ആവാഹിക്കപ്പെട്ടതാണു് വിഗ്രഹം. അതിനു ചുറ്റും ഒരു പ്രത്യേകതരം ആകര്‍ഷണവലയം തന്നെ ഉണ്ടു്. കര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്ന കുങ്കുമം, മഞ്ഞള്‍, ചന്ദനം, തീര്‍ത്ഥം, മണിനാദം, മന്ത്രോച്ചാരണം, ആടകള്‍, അലങ്കാരങ്ങള്‍, ആരതി, എന്നിവ എല്ലാം തന്നെ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ വഴി ആ ശക്തികേന്ദ്രത്തെ ബലപ്പെടുത്താന്‍ ഉതകുന്നതാണു്. നവദ്വാരങ്ങളില്‍ മനുഷ്യന്റെ സപ്തദ്വാരങ്ങള്‍ തലയിലാണു് സ്ഥിതി ചെയ്യുന്നതു്. വിഗ്രഹമൂര്‍ത്തിയുടെ സമീപത്തു് നിന്നും ഉയരുന്ന ശബ്ദതരംഗങ്ങള്‍ വഴി കാതിലൂടെയും, ഗന്ധം വഴി മൂക്കിലൂടെയും, തീര്‍ത്ഥം വഴി വായിലൂടെയും, ദര്‍ശനം വഴി കണ്ണിലൂടെയും ഈശ്വരചൈതന്യം വിഗ്രഹത്തില്‍ നിന്നും ഭക്തനിലേക്കു് പ്രവേശിച്ചു് അവന്‍ പരംപൊരുളാല്‍ അനുഗ്രഹിക്കപ്പെടുന്നു.


.

ഈശ്വരന്‍

By The Late Rev. Fr. Abel - Cochin Kalabhavan


ഈശ്വരനെ തേടി ഞാന്‍ നടന്നു
കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു
അവിടയുമില്ലിവിടെയുമില്ലീശ്വരന്‍
വിജനമായ ഭൂവിലുമില്ലീശ്വരന്‍
(ഈശ്വരനെ )

എവിടെയാണീശ്വരന്റെ കാല്‍പ്പാടുകള്‍
മണ്ണിലൊക്കെ ഞാന്‍ തേടി - കണ്ടില്ല
എവിടെയാണീശ്വരന്റെ സുന്ദരാനനം
വിണ്ണിലൊക്കെ ഞാന്‍ തേടി കണ്ടില്ല
(ഈശ്വരനെ )

കണ്ടില്ല കണ്ടില്ലെന്നോതിയോതി
കാനന ചോല കുണുങ്ങിയോടി
കാണില്ല കാണില്ലെന്നോതിയോതി
കിളികള്‍ പറന്നു പറന്നു പോയി
(ഈശ്വരനെ )

അവസാനമെന്നിലേയ്ക്കു ഞാന്‍ തിരിഞ്ഞു
ഹൃദയത്തിലേയ്ക്കു ഞാന്‍ കടന്നു
അവിടേയാണീശ്വരന്റെ വാസം
സ്നേഹമാണീശ്വരന്റെ രൂപം (3)

ഹൈന്ദവ ആചാരങ്ങളുടെ പൊരുള്‍


ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളും അവയുടെ പൊരുളും

പൂജ - അര്‍ത്ഥം: ആരാധന, സ്വീകരണം, ആദരവു്.
വാക്കിന്റെ ഉത്ഭവം :

ലോകത്തിലെ സകല മതങ്ങളും അവരവരുടേതായ ആരാധനക്രമം ആണു് പാലിച്ചു പോരുന്നതു്. ഹിന്ദുമതഗ്രന്ഥങ്ങള്‍ അനുശാസിക്കുന്ന ആരാധനാക്രമം ആണു് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നതു്. 

പുരാണമതഗ്രന്ഥങ്ങള്‍ വിവരിക്കുന്ന രീതിയില്‍ അഞ്ചു് ക്രമമായി പഞ്ചോപചാരം, പത്തു് ആയി ദശോപചാരം, പതിനാറു് ആയി ഷഡോപചാരം മുതല്‍ നൂറ്റിയെട്ടു് തരം ഉപചാരക്രമങ്ങള്‍ വിവരിക്കപ്പെട്ടിട്ടുണ്ടു്. ഇതില്‍ ഇവിടെ പ്രതിപാദിക്കുന്ന ഷഡോപചാരം ആണു് സര്‍വ്വസാധാരണയായി ആചിരിച്ചു പോരുന്നതു്.

ദൈനംദിന ഈശ്വരാരാധനക്രമമായ ഷഡോപചാരപൂജയില്‍ പതിനാറു് പടികളാണുള്ളതു്. സമയവും സന്ദര്‍ഭവും അനുസരിച്ചും വ്യക്തിഹിതമനുസരിച്ചും ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാമെങ്കിലും താഴെ കൊടുത്തിരിക്കുന്ന ക്രമത്തിലാണു് അതു് ആചരിച്ചു പോരുന്നതു്.

ആചാരക്രമം:

01. ആവാഹനം - ക്ഷണിക്കുക
02. ആസനം - ഇരിപ്പിടം നല്‍കുക
03. പദ്യം - പാദസ്നാനം
04. അര്‍ഘ്യം - കൈ കഴുകാന്‍ ജലം
05. ആചമനം - ചുണ്ടു് നനക്കാന്‍ തെളിഞ്ഞ ജലം
06. സ്നാനം - കുളി
07. വസ്ത്രം - ശരീരം പൊതിയുക
08. യജ്ഞോപവീതം - പൂണൂല്‍ ധരിപ്പിക്കുക
09. ഗന്ധം - ചന്ദനലേപനം
10. പുഷ്പം - പൂവിടീല്‍
11. ധൂപം - ചന്ദനത്തിരി
12. ദീപം - വിളക്കു കൊളുത്തല്‍
13. നൈവേദ്യം - ഭക്ഷണം
14. താമ്പൂലം - വെറ്റയും പാക്കും
15. നീരാജനം - കര്‍പ്പൂരം
16. ആത്മപ്രദക്ഷിണനമസ്ക്കാരം - സാഷ്ടാഗപ്രണാമം

01. ആവാഹനം:
മുന്നിലിരിക്കുന്ന പ്രതിമയിലോ പടത്തിലോ ഈശ്വരചൈതന്യമുണ്ടെന്നു് സങ്കല്പിച്ചു് ആ മാധ്യമം വഴി ഈശ്വരനു് പ്രാര്‍ത്ഥന അര്‍പ്പിക്കുന്നു. പ്രാര്‍ത്ഥന ഈശ്വരന്‍ സ്വീകരിക്കുന്നുവെന്നും അതു വഴി അനുഗ്രഹങ്ങള്‍ ചൊരിയുന്നുവെന്നും വിശ്വസിക്കുന്നു.

02. ആസനം/സിംഹാസനം:
സര്‍വ്വജീവചരാചരങ്ങള്‍ക്കും അധിപനായ ഈശ്വരനു് അവനവന്റെ നിലയില്‍ ഇരിക്കാന്‍ പീഠം ഒരുക്കി അതില്‍ ഈശ്വരന്‍ വന്നു് ഉപവിഷ്ഠനാവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

03. പദ്യം:
വാഹനസൗകര്യമൊന്നുമില്ലാതിരുന്നു് മനുഷ്യന്‍ കാല്‍നടയായി യാത്രചെയ്തിരുന്ന കാലത്തു് ഉത്ഭവിച്ച ഈ ആചാരപ്രകാരം ഈശ്വരചൈതന്യത്തിനു് മനുഷ്യരൂപം സങ്കല്‍പ്പിച്ചു് മുന്നിലെത്തിയ വിശിഷ്ഠവ്യക്തിയെ ബഹുമാനസൂചകമായു് കാല്‍ കഴുകി സ്വീകരിക്കുന്നു.

04. അര്‍ഘ്യം:
ആരാധിക്കുന്നവര്‍ നല്‍കുന്നവ സ്വീകരിക്കുന്നതിനു് ഒരുക്കമായി കൈ കഴുകാന്‍ ജലം നല്‍കുന്നു.

05. ആചമനം‍:
ബാഹ്യമായി ശുദ്ധിയാവാന്‍ കുളിക്കുന്നതു് പോലെ മൂന്നു പ്രാവശ്യം മന്ത്രജപത്തോടൊപ്പം ജലം കൊണ്ടു് ചുണ്ടു് നനച്ചു് ഉള്ളം ശുദ്ധിവരുത്തുന്നതു് പോലെ ആഗതനായ ദൈവത്തിനു് ജലം അര്‍പ്പിക്കുന്നു.

06. സ്നാനം:
വിഗ്രഹത്തിനെ ഗംഗാജലം, പാല്‍, തേന്‍, പനിനീര്‍ എന്നിവ കൊണ്ടു് കുളിപ്പിക്കുന്നു.

07. വസ്ത്രം:
വിഗ്രഹത്തെ അണിയിച്ചൊരുക്കുന്നു.

08. യജ്ഞോപവീതം:
വിഗ്രഹത്തിനെ പൂണുനൂല്‍ ധരിപ്പിക്കുന്നു.

09. ഗന്ധകം:
അണിയിച്ചൊരുക്കല്‍. കുളിര്‍മ്മ നല്‍കാന്‍ ചന്ദനം പൂശി, തിലകം അണിയിച്ചു്, ആഭരണങ്ങളണിയിച്ചു്.

10. പുഷ്പാര്‍ച്ചന:
സ്നേഹഭക്തിമഹുമാനാദരവോടെ ഈശ്വര നാമങ്ങള്‍ ഉരുവിട്ടു് കൊണ്ടു് പുഷ്പമെടുത്തു് ആദ്യം നെഞ്ചോടു് ചേര്‍ത്തു് ഈശ്വരനെ മനസ്സില്‍ ധ്യാനിച്ചു് ഈശ്വരന്റെ പാദത്തില്‍ അര്‍പ്പിച്ചു് ഇവ സ്വീകരിച്ചു് സര്‍വ്വദോഷങ്ങളും അകറ്റുവാന്‍ ദൈവത്തോടു് അഭ്യര്‍ത്ഥിക്കുന്നു.

11. ധൂപം:
സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നതു്

12. ദീപം:
ഈശ്വരരൂപം വ്യക്തമായി ദര്‍ശിക്കാനും ആ ദിവ്യരൂപത്തിന്റെ സകല ഭംഗി ആസ്വദിക്കാനും മാത്രമല്ല, അജ്ഞത നീക്കി വെളിച്ചം പകരുക, മംഗളം സൂചിപ്പിക്കുക, ശുഭകര ലക്ഷണം എന്നും അര്‍ത്ഥം.

13. നൈവേദ്യം:
പഞ്ചേന്ദ്രിയങ്ങളില്‍ രുചിയെ സ്വാധിനിക്കുന്ന രീതി. യശോദ കൃഷ്ണനെ ഊട്ടുന്നതു് പോലെ. ശബരി രാമനു് കായു്കനികള്‍ നല്‍കുന്നതു് പോലെ. അതിഥിക്കു് ആദിഥേയന്‍ അന്നം നല്‍കുന്നതു് പോലെ. അന്നദാനം സര്‍വ്വ ദാനാല്‍ പ്രധാനം എന്നാണല്ലോ ശാസ്ത്രം.

14. താമ്പൂലം:
ഭക്ഷണം കഴിഞ്ഞാല്‍ അടുത്തതു് ഈശ്വരനു് മുറുക്കാന്‍ കൊടുക്കുന്നു.

15. നീരാജനം:
ധൂപദീപാദികള്‍ കൊണ്ടുള്ള ഉഴിയല്‍. പൂജാകര്‍മ്മങ്ങളിലാചരിക്കുന്നവ കഴിഞ്ഞാല്‍ ഭഗവാന്റെ അലങ്കരിച്ച ബിംബത്തിനു് ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണിതു്.

16. ആത്മപ്രദക്ഷിണം:
സാഷ്ടാംഗപ്രണാമം.
ദൈവത്തിനോടു് പ്രാര്‍ത്ഥിക്കുന്നു.
കര്‍മ്മദോഷങ്ങള്‍ പൊറുക്കാന്‍.
അനുഗ്രഹിക്കാന്‍.
ഇവിടെ സ്വന്തമായ ഈശ്വരാംശം തിരിച്ചറിഞ്ഞു് ഈശ്വരനില്‍ ലയിക്കുന്നു.
അഹം ബ്രഹ്മാസ്മി എന്ന തത്വം തിരിച്ചറിഞ്ഞു് അതു് തുടര്‍ന്നു് പോകാനും ഈശ്വരചൈതന്യത്താല്‍ കര്‍മ്മങ്ങളെല്ലാം മംഗളമായി ഭവിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു.

പൂജയുടെ പൊരുള്‍:

മുകളില്‍ വിവരിച്ച ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യുക വഴി എന്നും എപ്പോഴും തന്നില്‍ ഈശ്വരനുണ്ടെന്നു് സങ്കല്പിച്ചു്, പരമാത്മാവുമായി ലയിച്ചു്, താന്‍ സ്വയം ഈശ്വരാംശം ആണെന്നുള്ള തിരിച്ചറിവു് നേടി, സകല ദുഷ്ചിന്തകളും ഉപേക്ഷിച്ചു്, ജീവിതസാക്ഷാല്‍ക്കാരം നേടാന്‍ അതേ ഈശ്വരാംശമുള്ള സഹജീവികളോടു് അവരിലെ ഈശ്വരാംശത്തെ തിരിച്ചറിഞ്ഞു് സന്തോഷപൂര്‍വ്വം സഹവര്‍ത്തിവാനും സാധിപ്പിക്കണം. 

പൂജാകര്‍മ്മങ്ങളിലെ അലങ്കാരച്ചാര്‍ത്തു്, മന്ത്രമണിനാദം, ധൂപം, നൈവേദ്യം, കളഭം എന്നിവയിലൂടെ രൂപം, ശബ്ദം, ഗന്ധം, രസം, സ്പര്‍ശ്ശം എന്നീ മാധ്യമങ്ങള്‍ വഴി പഞ്ചേന്ത്രിയങ്ങളായ കണ്ണു്, കാതു്, മൂക്കു്, നാക്കു്, ത്വക്കു് എന്നിവയെ ഈശ്വരനിലേക്കു് ലയിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങളായി സ്വീകരിച്ചു് തന്നിലെ ഈശ്വരാംശം കണ്ടെത്തുന്ന മാര്‍ഗ്ഗമാണു് പഞ്ചോപചാരങ്ങള്‍.

പഞ്ചമഹാഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ ഹൃദയവിശാലതയും, ശീഘ്രമനസ്സും, ആത്മീയതേജസ്സും, അമൃതും, ക്ഷമാശീലവും സൂചിപ്പിക്കുന്നു.

ബാഹ്യപൂജാകര്‍മ്മപട്ടിക ഒരു മാര്‍ഗ്ഗം ആണെങ്കിലും അതില്‍ നിന്നും അല്പസ്വല്പം വ്യതിചലിക്കില്ലെന്നു ശഠിക്കാതെ മനസ്സറിഞ്ഞു ചെയ്യുന്ന ഭാവപൂജ തന്നെയാണു് ശ്രേഷ്ഠം. എന്നാലേ ഭക്തനു് ഇഷ്ടദൈവവുമായി ഭക്തിപുരസരം ലയിക്കുവാനും കാലക്രമേണ ഭക്തി വളരാനും സ്വയം തിരിച്ചറിയാനും സാധിക്കുകയുള്ളു.

ഒരുക്കം:
പൂജാകര്‍മ്മങ്ങള്‍ തുടങ്ങുന്നതിനു് മുന്നോടിയായി പൂജാദ്രവ്യങ്ങള്‍ തയ്യാറാക്കി സമീപത്തു് വയ്ക്കണം.

ശരീരശുദ്ധി:
ശുദ്ധത ശരീരത്തിനു് ലഭിച്ചാല്‍ മാത്രമേ മനസ്സിനും ശുദ്ധമാകാന്‍ സാധിക്കൂ. ആദ്യമായി സ്നാനം ചെയ്തു് ശുദ്ധവസ്ത്രധാരണവും അതിനൊപ്പം വിഭൂതിയും, ചന്ദനവും, കുങ്കുമവും പൂശി സങ്കല്പത്തിനു മുമ്പായി പ്രാണായാമം ചെയ്യണം. മനസ്സിലെ സകല ദുഷു്ചിന്തകളേയും അകറ്റി നിര്‍ത്തണം.

സങ്കല്പം:
ഏതൊരു കര്‍മ്മവും നിസ്വാര്‍ത്ഥ താല്പര്യത്തോടെ ചെയ്തു തുടങ്ങുന്നതിനു് മുമ്പേ കര്‍മ്മത്തെപ്പറ്റി വിശ്വാസം വേണം എന്നതു് പോലെ തന്നെ പൂജ ചെയ്യുന്നതിനു് മുമ്പായി അതില്‍ വിശ്വാസമുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ പൂജ ചെയ്യുന്നതില്‍ സംതൃപ്തി ലഭിക്കൂ. ഈശ്വരനെ ആരാധിക്കുവാന്‍ വേണ്ടി മനസ്സും, ഹൃദയവും, ആത്മാവും, പഞ്ചേന്ദ്രിയങ്ങളും സജ്ജമാക്കി ഈശ്വരനില്‍ അര്‍പ്പിക്കാന്‍ തയ്യാറാവണം. ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടു് അവിടെ എത്തിപ്പറ്റാനുള്ള വഴിയായ പൂജാകര്‍മ്മങ്ങള്‍ മനസ്സില്‍ ദൃഢനിശ്ചയത്തോടെ ഉറപ്പിച്ചു് താനാണു് കര്‍മ്മിയെന്ന ഉത്തമബോധത്തോടെ പടിപടിയായു് ചെയ്യേണ്ട കര്‍മ്മത്തിലൂടെ ഈശ്വരനിലേക്കു് എത്തി ഈശ്വരനും ഈശ്വരാംശവും ഒന്നാക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കണം.

കലശസ്ഥാപനം:
ബ്രഹ്മവിഷ്ണുമഹേശ്വരന്മാരെ ധ്യാനിച്ചു്, ചതുര്‍വേദമന്ത്രങ്ങള്‍ ചൊല്ലി, സര്‍വ്വസമുദ്രജലത്തേയും പുണ്യനദീജലത്തെയും കലശത്തിലാക്കി എന്നു് സങ്കല്പിച്ചു്, കലശത്തെ ഗന്ധകം, കുങ്കുമം, പുഷ്പം മുതലായ ഉപയോഗിച്ചു് ശുദ്ധി വരുത്തണം. ആവാഹിച്ചതിനു ശേഷം പുണ്യജലം തളിച്ചു് സര്‍വ്വ പൂജാസാമഗ്രികളും പൂജാകര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുന്നവരെയും സ്വയവും ശുദ്ധി വരുത്തണം. കലശം പൂര്‍ണ്ണതയെയും വിശ്വമാതാവിനേയും സൂചിപ്പിക്കുന്നു.

പൂജാകര്‍മ്മങ്ങള്‍ക്കായി കലശത്തിലേക്കു് പ്രവേശിക്കുന്ന ദേവന്‍ പൂജാകര്‍മ്മസമയം മുഴുവന്‍ അവിടെ തന്നെ നിലകൊള്ളുകയും പൂജ കഴിയുമ്പോള്‍ സ്വന്തം വാസത്തിലേക്കു് മടങ്ങുകയും ചെയ്യുന്നു എന്നാണു് വിശ്വാസം. മൂര്‍ത്തിയുടെ താല്‍ക്കാലിക വാസമായു് വിശ്വസിക്കുന്ന കുംഭത്തിന്റെ ഭാഗങ്ങള്‍ മൂര്‍ത്തിയുടെ ശരീരഭാഗങ്ങളായു് സങ്കല്പിക്കുമ്പോള്‍ കുംഭം ശരീരമായും, ജലം രക്തമായും, നവരത്നങ്ങള്‍ നവസിദ്ധികളായും, ദര്‍ഭകള്‍ രക്തധമനികളായും, നൂലു് ഞരമ്പുകളായും, ശീല ത്വക്കായും, നാളികേരം മുഖമായും, നാളികേരത്തിന്റെ മുകളിലെ കുറ്റിഭാഗം ശിവനായും, മാവില ശിവന്റെ ജഡയായും ആണെന്നു് സങ്കല്പിക്കണം.

വിഗ്രഹാരാധന

മനുഷ്യമനസ്സിനോ അവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കോ പരംപൊരുളിനെ മനസ്സിലാക്കാന്‍ കഴിവില്ലാത്തതിനാല്‍ അതിനായി അവനു് പല അടയാളങ്ങളെയും ആശ്രയിക്കേണ്ടിയിരിക്കുന്നു. ആദിശബ്ദമായ ഓംകാരധ്വനിയില്‍ നിന്നും ഉടലെടുത്തതത്രേ സ്രഷ്ടിസ്ഥിതിസംഹാരമൂര്‍ത്തികളുടെ രൂപവും ഭാവവും. അവനവന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറം ഉള്ള ഏതോ ഒരു ശക്തിയെ ആരാധിക്കുവാന്‍ വേണ്ടി പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചു് മനസ്സിലാക്കാന്‍ സാദ്ധ്യമായ എന്തോ ഒന്നു് ഈശ്വരാരാധനയ്ക്കു്  സാധാരണമനുഷ്യനു് ആവശ്യമായി വന്നു. അതിനായി ആരംഭിച്ചതാണു് വിഗ്രഹാരാധന. വാസ്തവത്തില്‍ അവന്‍ ആരാധിക്കുന്നതു് വിഗ്രത്തിലെ ഘടനയായ കല്ലോ, മണ്ണോ, തടിയോ, ലോഹത്തേയോ അല്ല. മറിച്ചു് അതില്‍ അടങ്ങിയിരിക്കുന്നു എന്നു് വിശ്വസിക്കുന്ന ഈശ്വരചൈതന്യത്തെയാണു്. കുടത്തിലെ ദ്രാവകം എന്ന പോലെ വിഗ്രഹം വെറും പാത്രം മാത്രമാണു്. ദ്രാവകത്തിന്റെ രൂപം എന്നതു് പാത്രത്തിന്റെ രൂപവും. മനുഷ്യനു് അവന്റെ ശ്രദ്ധ ഈശ്വരന്‍ എന്ന ഒരു കേന്ദ്രബിന്ദുവില്‍ ചെന്നെത്തിക്കുവാന്‍ വിഗ്രഹാരാധന വഴി സഹായകമാകുന്നു. വിഗ്രഹത്തെ ഭക്തന്‍ സര്‍വ്വവ്യാപിയായ ഈശ്വരശക്തിയായും അതിന്റെ വിശുദ്ധിയായും, പൂര്‍ണ്ണതയായും, സ്വാതന്ത്രതയായും, നിഷ്ക്കളങ്കതയായും, ഭക്തിയായും, സത്യമായും മനസ്സിലാക്കുന്നു. പരമാത്മാവില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. അങ്ങിനെയുള്ളവര്‍ക്കു് ആരാധനയ്ക്കു് ഒരു വിഗ്രഹം കൂടിയേ തീരൂ.

വിഗ്രഹാരാധന ഹൈന്ദവാചാരങ്ങളില്‍ മാത്രമല്ല ഉള്ളതു്. ക്രിസ്ത്യാനികള്‍ കുരിശിനെ ആരാധിക്കുന്നു. കണ്മുന്നില്‍ വിഗ്രഹമില്ലെങ്കിലും മനസ്സില്‍ പ്രതിഷ്ഠിച്ച ഖാബാശിലയെ ഓര്‍ത്തുകൊണ്ടാണു് മുഹമ്മദ്ദീയര്‍ നിസ്ക്കരിക്കുന്നതു്. ലോകത്തെമ്പാടുമുള്ള മാനവന്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിഗ്രഹാരാധകരാണു്. അതു് പടം ആകാം, അടയാളങ്ങളാവാം, ശില്പങ്ങളാവാം. അവയിലൂടെ തന്നെയാണു് ഈശ്വരന്‍ മനുഷ്യമനസ്സിലേക്കു് പ്രവേശിക്കുന്നതു്.

വിഗ്രഹം എന്നതു് ഒരു മുദ്രയാണു്. ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതു് കല്ലോ തടിയോ ലോഹമോ ആണെങ്കിലും അതു് മനുഷ്യന്റെ വിശ്വാസത്തിന്റെ പ്രതീകമാണു്. അവന്‍ അതിനെ ശാശ്വതപുണ്യമായു് കരുതുന്നു. അതിന്റെ ദര്‍ശനം തന്നെ അവനില്‍ ഭക്തി ഉളവാക്കുകയും അവന്‍ ഇതിന്റെ മുന്നില്‍ സാഷ്ടാഗപ്രണാമം നടത്തുകയും ചെയ്യുന്നു. അതു് ചെയ്യുമ്പോള്‍ അവന്‍ വിഗ്രഹത്തിന്റെ ഘടനയെയല്ല മറിച്ചു് അതു് എന്തിനെ പ്രതിനിധീകരിക്കന്നുവോ അതിനെയാണു് പ്രണമിക്കുന്നതു്. സാധാരണ മനുഷ്യനു് പതാക എന്നതു് പല നിറത്തിലുള്ള ശീല മാത്രമാണു്. പക്ഷെ ആ ശീല ഒരു രാഷ്ട്രത്തെയോ രാഷ്ട്രീയ കക്ഷിയേയോ സൂചിപ്പിക്കുന്നുവെങ്കില്‍ അവര്‍ അതിനെ ബഹുമാനിക്കുകയും ഹൃദയത്തോടു് ചേര്‍ത്തു് വയ്ക്കുകയും  ചെയ്യും. അതിനെ സംരക്ഷിക്കാന്‍ അവന്‍ ജീവന്‍ ബലി കൊടുക്കാന്‍ വരെ തയ്യാറാവും.

വിഗ്രഹാരാധനയില്‍ ഭക്തി ആരംഭിക്കുമ്പോള്‍ ആ വിഗ്രഹം പ്രതിനിധാനം ചെയ്യുന്ന മൂര്‍ത്തി അവനെ അനുഗ്രഹിക്കും എന്നളളതാണു് വിശ്വാസം. നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും എന്നു തന്നെയാണു് ബൈബിളും പറയുന്നതു്. സര്‍വ്വവ്യാപിയായ ഈശ്വരസമമായ പഞ്ചഭൂതങ്ങള്‍ അടങ്ങിയതാണു് വിഗ്രഹമെങ്കിലും ആ ഈശ്വരാംശം വഴി ആരാധന ദൈവത്തിലേക്കാണു് നയിക്കുന്നതു്. അന്യരെ കാണുമ്പോള്‍ നമസ്ക്കരിക്കുന്നതു് കൊണ്ടു് അവനു് സന്തോഷം ലഭിക്കുന്നു എന്നു പറയുന്നതു് പോലെ വിഗ്രഹത്തിലൂടെ ഈശ്വരനെ നമസ്ക്കരിക്കുമ്പോള്‍ ഈശ്വരന്‍ സംപ്രീതനാകുന്നു. ആ ദിവ്യദര്‍ശനം തന്നെ മനസ്സിനെ തൃപ്തിയുടേയും ഭക്തിയുടേയും തലങ്ങളിലേക്കു് മനുഷ്യനെ ഉയര്‍ത്തുന്നു. പൂജാകര്‍മ്മങ്ങള്‍ വഴി ഈശ്വരസാന്നിധ്യം ആവാഹിക്കപ്പെട്ടതാണു് വിഗ്രഹം. അതിനു ചുറ്റും ഒരു പ്രത്യേകതരം ആകര്‍ഷണവലയം തന്നെ ഉണ്ടു്. കര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്ന കുങ്കുമം, മഞ്ഞള്‍, ചന്ദനം, തീര്‍ത്ഥം, മണിനാദം, മന്ത്രോച്ചാരണം, ആടകള്‍, അലങ്കാരങ്ങള്‍, ആരതി, എന്നിവ എല്ലാം തന്നെ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ വഴി ആ ശക്തികേന്ദ്രത്തെ ബലപ്പെടുത്താന്‍ ഉതകുന്നതാണു്. നവദ്വാരങ്ങളില്‍ മനുഷ്യന്റെ സപ്തദ്വാരങ്ങള്‍ തലയിലാണു് സ്ഥിതി ചെയ്യുന്നതു്. വിഗ്രഹമൂര്‍ത്തിയുടെ സമീപത്തു് നിന്നും ഉയരുന്ന ശബ്ദതരംഗങ്ങള്‍ വഴി കാതിലൂടെയും, ഗന്ധം വഴി മൂക്കിലൂടെയും, തീര്‍ത്ഥം വഴി വായിലൂടെയും, ദര്‍ശനം വഴി കണ്ണിലൂടെയും ഈശ്വരചൈതന്യം വിഗ്രഹത്തില്‍ നിന്നും ഭക്തനിലേക്കു് പ്രവേശിച്ചു് അവന്‍ അനുഗ്രഹിക്കപ്പെടുന്നു.

അമ്പലത്തില്‍ ആരതിയ്ക്കു് ഉപയോഗിക്കുന്ന കര്‍പ്പൂരത്തിനു് വായു ശുദ്ധീകരിക്കുവാനുള്ള ശക്തിയുണ്ടു്. അതിന്റെ ഹൃസ്വസ്ഥായിയായ ദീപനാളം മനുഷ്യജീവന്റെ ഹൃസ്വത സൂചിപ്പിക്കുന്നു.
അമ്പലമണിമുഴക്കവും മന്ത്രോച്ചാരണവും കാതിനു കുളിര്‍മ്മ പകരുന്നു.

ദൈവത്തിനു് സമര്‍പ്പിക്കുന്നതു് പുഷ്പമായാലും, ദീപമായാലും, ധൂപമായാലും അവയെല്ലാം ഭക്തന്റെ ഭക്തിയ്ക്കു് തെളിവായു് ദൈവം കാണുന്നു. പുഷ്പം ഭക്തന്റെ സ്നേഹത്തേയും, കര്‍പ്പൂരം അവന്റെ ബഹുമാനത്തേയും, ദീപം ശാന്തതയേയും പ്രതിനിധാനം ചെയ്യുന്നു.

പൂജാകര്‍മ്മങ്ങളെ വെറും ശാരീരികപ്രക്രിയായി മാത്രം കാണാതെ അതിലുള്‍ക്കൊള്ളുന്ന ആശയത്തെ മനസ്സിലാക്കി അതിനെ ഒരു മാധ്യമമായി കണ്ടുകൊണ്ടു് ആരാധന നടത്തേണ്ടിയിരിക്കുന്നു വിണ്ണവനും മാനവനും തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തുവാന്‍‍.

Ref:
1. www.saibaba.org
2. www.mantraonnet.com

Sunday, March 11, 2012

ഈശ്വരചിന്ത - ഈശ്വരന്‍ ഉണ്ടോ?

ഈശ്വരാരാധനയും ദേവാലയങ്ങളും

മനുഷ്യപഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചു് മാനവനു് എന്തേല്ലാം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും? ഈശ്വരനെ കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ, മണത്തിട്ടുണ്ടോ, രുചിച്ചിട്ടുണ്ടോ, സ്പര്‍ശിച്ചിട്ടുണ്ടോ? ഉത്തരമില്ല. മറിച്ചു് ചോദിച്ചാല്‍ കാന്തശക്തി അറിയാന്‍ ഇരുമ്പും കാന്തവും അടുത്തടുത്തു ചേര്‍ത്തു വച്ചാല്‍ മതി. പക്ഷെ ആ മാദ്ധ്യമം ഇല്ലാതെ കാന്തശക്തിയുള്ള വസ്തുവെ എങ്ങിനെ തിരിച്ചറിയും? ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ കാര്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ നമുക്കു് ഒരു മാദ്ധ്യമം ആവശ്യമാണു്.

ഈശ്വരന്‍ ഉണ്ടോ ഇല്ലേ എന്നറിയാന്‍ മനുഷ്യസ്രഷ്ടിതമല്ലാത്ത എന്തു് മാധ്യമമാണു് നമുക്കുള്ളതു്. മനുഷ്യസ്രഷ്ടികളായ പള്ളികളും അമ്പലങ്ങളും ഉള്ളതു് കൊണ്ടു് മാത്രം ഈശ്വരന്‍ ഉണ്ടെന്നു് പറയുന്നതില്‍ എന്തര്‍ത്ഥം? ജീവനും ജീവനില്ലായ്മയും തമ്മിലുള്ള വെത്യാസം എന്താണു്? ജീവനുള്ളപ്പോള്‍ മനുഷ്യാവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ജീവന്‍ പോകുമ്പോള്‍ ആ പ്രവര്‍ത്തനമെല്ലാം നിലച്ചു് അതു് വെറും പിണമായിത്തീരുന്നു. അപ്പോള്‍ ജീവന്‍ എന്നാല്‍ അതു് ഒരു ശക്തി ആണു്. പക്ഷെ ആ ശക്തി എവിടെ നിന്നു വന്നു? എവിടേക്കു് പോകുന്നു? ഒരു കുഞ്ഞു് ജനിക്കുന്നതിനു് മുമ്പായി പപ്പാതി ക്രോമസോമുകള്‍ അടങ്ങിയ സ്ത്രീ ബീജവും വേറെ പപ്പാതി അടങ്ങിയ പുരുഷബീജവും ചേരുന്നു. പൂര്‍ണ്ണ എണ്ണം കിട്ടിയ ആ കോശം വളര്‍ന്നു വലുതായി ഒരു ശിശുവായി പിറക്കുന്നു. പപ്പാതിയായി ചേരുന്നതിനു് മുമ്പായി അവ ചേര്‍ന്നില്ലെങ്കില്‍ ജീവന്‍ ഉണ്ടാവുന്നില്ല. ആരാണു് ഈ പ്രക്രിയ നിയന്ത്രിക്കുതു്? ഇവിടെ ഒന്നും പുതുതായി ഉണ്ടാവുന്നില്ല. പണ്ടേ ഉള്ള ശരീരത്തിലെ കോശങ്ങളില്‍ നിന്നുമാണു് പ്രത്യുല്‍പ്പാദനം നടക്കുന്നതു്.

പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതും ഇതു പോലെ ഒരു ശക്തിയല്ലേ?

ആ ശക്തിക്കു് മനുഷ്യന്‍ പല പേരുകള്‍ കൊടുത്തു. ദൈവം, സ്രഷ്ടാവു്, പടച്ചവന്‍, പിതാവു് എങ്ങിനെ പലതും. അവകളില്‍ നിന്നും കോടിക്കണക്കിനു് ദൈവശക്തിരൂപങ്ങളും വിരൂപങ്ങളും സൃഷ്ടിച്ചതു് കാലാകാലാങ്ങളില്‍ എണ്ണം കൂട്ടിക്കൂട്ടി മനുഷ്യന്‍ സൃഷ്ടിച്ചു ആരാധിച്ചു പോരുന്നു. പക്ഷെ എല്ലാം തുടക്കത്തില്‍ ഒന്നുതന്നെയല്ലേ. കാലക്രമേണ ഇവയെല്ലാം ജീവിതമാര്‍ഗ്ഗമാക്കിക്കഴിഞ്ഞതോടുകൂടി ചിലര്‍ക്കു് ദൈവവിശ്വാസം കൂടുകയും മറ്റു ചിലര്‍ക്കു് അതു് കുറഞ്ഞുവരികയും ചെയ്തു. പണത്തിന്റെ ഒഴുക്കില്‍ ഇതിനെല്ലാം വിശ്വാസ്യത ചോദ്യചിഹ്നങ്ങളായി.

പക്ഷെ ആരാധനായലയങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു ശക്തി നമ്മെയെല്ലാം നിയന്ത്രിക്കുന്നുണ്ടെന്ന കാര്യം നിഷേധിക്കാന്‍ പറ്റില്ല.
അപ്പോള്‍പ്പിന്നെ ആരാധിക്കുക തന്നെ. എങ്ങിനെ? ഏതാണു് ഉത്തമ ആരാധനാ രീതി? മതങ്ങളെല്ലാം പറയുന്നതു് ഒന്നു തന്നെ. പക്ഷേ ആരാധനാ കര്‍മ്മം മാത്രം വ്യത്യസ്തം.

ഞാനിതൊരിക്കല്‍ ഒരു ശാന്തിയോടു് ചോദിച്ചു. അദ്ദേഹം പറഞ്ഞതു് ആരാധനായങ്ങള്‍ എല്ലാവര്‍ക്കും ആവശ്യമില്ല. എന്നാല്‍ പഞ്ചേന്ത്രിയങ്ങളെ ദൈവത്തിലേക്കു് സ്വയം കൊണ്ടെത്തിക്കാന്‍ കെല്‍പ്പില്ലാത്ത ഭൂരിഭാഗം ജനത്തിനും ആരാധനാലയം മാത്രമാണു് ആശ്രയം. അവിടെ അടിസ്ഥാനപരമായി എന്താണു് നടക്കുന്നതു്? പഞ്ചേന്ത്രിയങ്ങളെ ദൈവമെന്നു് ഒരു കേന്ത്രത്തെ സങ്കല്‍പ്പിച്ചു് അവിടേക്കു് ശ്രദ്ധ കേന്ദ്രീകരിക്കുയാണു്.

പഞ്ചേന്ദ്രിയങ്ങള്‍ എന്നാല്‍ കാഴ്ച, കേള്‍വി, മണം, രുചി, സ്പര്‍ശം.

കാഴ്ച - ദേവാലയങ്ങളുടെ രൂപം, ദര്‍ശ്ശനം, പ്രതിഷ്ഠയുടെ രൂപവും അതിന്റെ അണിയിച്ചൊരുക്കലും അഭിഷേകവും, നിലവിളക്കല്ലെങ്കില്‍ മെഴുകുതിരി, ഉത്സവക്കാഴ്ചകള്‍, അര്‍ച്ചനകള്‍, ആരതി, വെടിമരുന്നു് പ്രയോഗം,
കേള്‍വി - മന്ത്രോച്ചാരണം, പ്രാര്‍ത്ഥന, മണികിലുക്കം, വാദ്യവൃന്ദങ്ങള്‍, മതഗ്രന്ധപാരായണം, ഗീതം, കച്ചേരി, വെടിക്കെട്ടു്,
മണം - ചന്ദനത്തിരി, കര്‍പ്പൂരം, എണ്ണകത്തുന്ന ഗന്ധം,
രുചി - തീര്‍ത്ഥം, പ്രസാദം, അപ്പം,
സ്പര്‍ശം - കൈകാല്‍മുഖം കഴുകല്‍, കുളി, ഈറനുടുക്കല്‍, ചന്ദനം, കുങ്കുമം, കളഭം,

അങ്ങിനെ വിവിധമാര്‍ഗ്ഗളിലൂടെ മനുഷ്യനേയും അവന്റെ പഞ്ചേന്ദ്രിയങ്ങളേയും ഒരു കേന്ദ്രത്തിലേക്കു് ആനയിക്കുമ്പോള്‍ മനസ്സറിയാതെ നാം ദൈവത്തെ ഓര്‍ത്തുപോകും.

ഇനിയൊരു മറുചോദ്യം. ദൈവത്തിനു് കൈക്കൂലി കൊടുക്കണോ?
ഈ പ്രപഞ്ചത്തിലുള്ളതെല്ലാത്തിനുമധിപനായ അങ്ങേര്‍ക്കെന്തിനാ കാശു്?

മുകളില്‍ വിവരിച്ച കാര്യങ്ങള്‍ക്കടിമയാകാതെ ദൈവാരാധനയുടെ ഏറ്റവും നല്ല രീതി ഒരു കര്‍മ്മയോഗി ആകുന്നതാണു്. യോഗി എന്നു് കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട. അവനവന്റെ നിത്യത്തൊഴില്‍ വൃത്തിയായി ചെയ്യുന്നതില്‍ പരം വേറെ നല്ല ഈശ്വരാരാധനയില്ല. പക്ഷെ എത്ര പേര്‍ക്കു് ദേവാലയത്തില്‍ പോകാതെ ഈശ്വരനെ ആരാധിക്കാന്‍ സാധ്യമാകും. ചുരുക്കം. അപ്പോള്‍ ആവശ്യക്കാരന്‍ നമ്മള്‍ തന്നെ. ഒരു ദേവാലയം നടത്തിക്കൊണ്ടു് പോകുവാന്‍, ആരാധനയ്ക്കാവശ്യമായ സാധനസാമഗ്രികള്‍ ഒരുക്കുവാന്‍ പണം വേണം. വേറെ ഒരു പണിക്കും പോകാന്‍ കഴിയാതെ പണിയെടുക്കുന്ന കര്‍മ്മിയ്ക്കും ജീവതച്ചിലവുകള്‍ ഉണ്ടാവും. ഇതിനാണു് ഒരു ത്യാഗമെന്നോണം ആരാധനയ്ക്കു് ചെല്ലുന്നവര്‍ പണം അടക്കേണ്ടിവരുന്നതു്. ദേവാലയത്തിനും ദേവാലയവാസികള്‍ക്കും അവരുടെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു് പോകണ്ടേ?

നിന്റെ കയ്യില്‍ വരാനിരിക്കുന്നതും വന്നതും വന്നുപോകുന്നതും പണമായാലും സാധനസാമഗ്രികളായാലും അവയൊന്നും ഒരിക്കല്‍ നിന്റേതായിരുന്നില്ല, ഇപ്പോള്‍ നിന്റേതാണു്, നാളെ മറ്റൊരാളുടേയും. പക്ഷെ അവ കൈകാര്യം ചെയ്യുന്ന എല്ലാവരിലും ഈശ്വരാംശം ഉള്ളപ്പോള്‍ അവയെല്ലാം എപ്പോഴും എവിടെയിരുന്നാലും ഈശ്വരന്റേതു് തന്നെ

ഹൈന്ദവവിശ്വാസപകാരം ഈശ്വരാരാധനാ മാര്‍ഗ്ഗങ്ങള്‍ മൂന്നു് തരം ആണു്.

1. ഭക്തിമാര്‍ഗ്ഗം - അമ്പലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടുള്ള ഈശ്വരാരാധനയ
2. ജ്ഞാനമാര്‍ഗ്ഗം - വേദപഠനങ്ങളും മറ്റും
3. കര്‍മ്മമാര്‍ഗ്ഗം - അവനവന്റെ കര്‍മ്മം ഭംഗിയായി ചെയ്യുന്നതു് ഒരു തരത്തില്‍ ഈശ്വരാധാന തന്നെ

ഭക്തിമാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ നാലു് ഘട്ടങ്ങളിലൂടെ കടന്നു പോകും.

1. ബ്രഹ്മചര്യ - വിദ്യാഭ്യാസകാലത്തു് സമ്പാദിക്കുന്ന പരിജ്ഞാനവും സ്വഭാവരൂപീകരണവും.
2. ഗൃഹസ്ഥാശ്രമം - ജീവിതലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന കാലഘട്ടം. വിവാഹം, കുടുംബം, തൊഴില്‍.
3. വാനപ്രസ്ഥം - മക്കള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍.
4. സംഗശു - ലൗകീക കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പൂര്‍ണ്ണത നേടാന്‍ ശ്രമിക്കല്‍.