Pages

Showing posts with label പദ്യം. Show all posts
Showing posts with label പദ്യം. Show all posts

Sunday, July 31, 2016

കാലൻ ഇല്ലാ കാലം - കുഞ്ചന്‍ നമ്പ്യാരും പേവിഷബാധയും

കുഞ്ചന്‍നമ്പ്യാര്‍ മരണപ്പെട്ടതു പേപ്പട്ടിവിഷബാധയേറ്റാണെന്നു ചരിത്രം പറയുന്നു. അദ്ദേഹത്തിന്റെ ഈ കൃതിയില്‍ അഷ്ടാംഗഹൃദയവും പരാമര്‍ശ്ശിക്കുന്നുണ്ടു്. അന്നത്തെ വൈദ്യന്മാര്‍ക്കാര്‍ക്കും കുഞ്ചന്‍നമ്പ്യാരെ പേവിഷബാധയില്‍ നിന്നും രക്ഷിക്കാനായില്ല.

കുഞ്ചന്‍നമ്പ്യാര്‍രുടെ 'പഞ്ചേന്ദ്രോപാഖ്യാനം' എന്ന കൃതിയിലെ ഒരു ചിറിയ ഭാഗം മാത്രമാണു് ഇവിടെ പ്രതിവാദിക്കുന്നതു്. സൃഷ്ടിസ്ഥിതിസംഹാര വിഷയത്തില്‍ ആരാണു വലിയവന്‍ എന്ന തര്‍ക്കം ആണു വിഷയം

... ഇന്ദ്രന്‍ പറയുന്നു...

ഇന്ദ്രനപ്പോളരുള്‍ചെയ്തു 'കേട്ടുകൊള്‍കപരമാര്‍ത്ഥം
ഇന്ദ്രനെന്നൊരുവനെ കേട്ടറിയുന്നീലയോ നീ
ഇന്ദ്രനിന്ദ്രനെന്നു ലോപപ്രസിദ്ധന്‍ ഞാന്‍ മഹാവീരന്‍'

... ധര്‍മ്മരാജന്റെ മറുപടി...

'ചന്ദ്രബിംബാനനേ നമ്മെ ഗ്രഹിക്കാതങ്ങാരുമില്ല
ധാത്രിയില്‍ ഞാന്‍ വരുവാനും കാരണമുണ്ടെന്നു ചൊല്ലാം
നേത്രരമ്യാംഗിയാം നിന്നോടെന്തിനു ഞാന്‍ മറയ്ക്കുന്നു
മിത്രപുത്രന്‍ ധര്‍മ്മരാജന്‍ സത്രമൊന്നു സമാരംഭി-
ച്ചെത്രനാളുണ്ടവന്‍ ദീക്ഷിച്ചത്രതന്നെ വസിക്കുന്നു
ധാത്രിവാസിജനങ്ങള്‍ക്കു മരണവും നാസ്തിയായി
പാര്‍ത്തുകൊണ്ടാലെത്ര കഷ്ടം!' കാലനേതും കൂട്ടമില്ല
സത്രശാലയ്ക്കകം പൂക്കു യാഗവും ചെയ്തിരിക്കുന്നു

.....അങ്ങനെ ധര്‍മ്മരാജന്‍ തന്റെ പണി നിര്‍ത്തി യാഗവും ചെയ്തു അങ്ങനെ ഇരിക്കുന്നു....

പത്തുനൂറായിരം വര്‍ഷമപ്രകാരം ധര്‍മ്മരാജന്‍
വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍
ചത്തുകൊള്‍വതിനേതും കഴിവില്ലാ കാലനില്ലാ
മുത്തച്ഛന്‍ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛന്‍ മരിച്ചീലാ
അഞ്ഞൂറു വയസ്സുള്ളോരപ്പൂപ്പന്മാരുമിപ്പോള്‍
കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പന്‍ അവര്‍ക്കുണ്ടു്
കഞ്ഞിക്കു വകയില്ല വീടുകളിലൊരേടത്തും
കുഞ്ഞുങ്ങള്‍ക്കെട്ടുപത്തു പറ അരികൊണ്ടു പോരാ
പത്തുനൂറുപറ വെച്ചാല്‍ മുതുക്കന്മാര്‍ക്കതുകൊണ്ട-
ങ്ങത്രമാത്രം രണ്ടു പറ്റു വിളമ്പുമ്പോളെത്തുമെല്ലാം
പത്തുകോടിജ്ജനമുണ്ടു പല്ലുപോയിട്ടൊരു വീട്ടില്‍
കുത്തിവെച്ച പാവപോലെ തിങ്ങിവിങ്ങിക്കിടക്കുന്നു
കണ്ണിലെപ്പോളളകള്‍കൂടി നരച്ചുള്ള നരന്മാര്‍ക്ക-
ങ്ങെണ്ണമില്ലീവണ്ണമുള്ള പെണ്ണുങ്ങള്‍ക്കുമില്ലയെണ്ണം
കണ്ണു കാണാത്തവര്‍ പിന്നെ കാതു കേളാത്തവര്‍ പിന്നെ
കിണ്ണനേക്കാന്‍ മിനുപ്പുള്ള കഷണ്ടിക്കാരേറെയുണ്ടു്
അസ്ഥിയല്ലാതൊരു വസ്തു ശരീരത്തിലവര്‍ക്കില്ല
ദുഃസ്ഥിതിക്കും കുറവില്ല ദുര്‍നിലയ്ക്കും കുറവില്ല
പത്തുനാള്‍ ഭക്ഷിയാഞ്ഞാലും ചത്തുപോമെന്നതുമില്ല
പത്തനങ്ങള്‍ക്കിടംപോരാഞ്ഞത്ര ദുഃഖം മനുഷ്യര്‍ക്ക്
ഉന്നതത്തില്‍ കിടക്കുന്നോരുരുണ്ടു പാറമേല്‍ വീഴും
ഭിന്നമാകുമതുനേരം മസ്തകം ഹസ്തവും കാലും
ഒന്നുരണ്ടല്ലൊരുലക്ഷം മുതുക്കന്മാര്‍ പതിക്കുന്നു
ഒന്നുകൊണ്ടും പ്രാണനാശം വരുന്നീലിന്നൊരുത്തര്‍ക്കും
ഉള്ളതില്‍ സങ്കടമോര്‍ത്താല്‍ നാടുവാഴിപ്രഭുക്കള്‍ക്കു
കള്ളനെക്കൊല്ലുവാന്‍ മേലാ വെട്ടിയാല്‍ ചാകയില്ലേതും
ഉള്ള വസ്തുക്കളെപ്പേരും കട്ടുതിന്മാനൊരുകൂട്ടം
തള്ളലോടെ നടക്കുന്നു തെല്ലു പേടിയവര്‍ക്കില്ല
രാജധാരിക്കകം പൂക്കു രാജഭണ്ഡാരവും കട്ടു
വ്യാജമെന്യേ പകല്‍കൂടെ തസ്കരന്മാര്‍ നടക്കുന്നു
രാജശിക്ഷ കുറഞ്ഞപ്പോള്‍ അമ്പലത്തില്‍ പൂജ മുട്ടി
പൂജകൊണ്ടു പുറം മാറിത്തിരിച്ചുയെമ്പിറന്മാരും
മന്ത്രികള്‍ക്കു തമ്പുരാനെപ്പേടിയില്ല തൃണത്തോളം
മന്ത്രിമാരെ പ്രജകള്‍ക്കും ശങ്കയില്ല മനക്കാന്പില്‍
അന്തമില്ലാ ദുരാചാരം മുഴുത്തു ഭൂമിയിലെല്ലാം
അന്തകന്റെ യാഗമിപ്പോളനര്‍ത്ഥത്തിനൊക്കെമൂലം
അന്തണര്‍ക്കു യാഗമില്ലാ കര്‍മ്മമില്ലാ ധര്‍മ്മമില്ലാ
ശാന്തിചെയ്‌വാന്‍ ക്ഷേത്രമില്ലാ ശാന്തരായിട്ടാരുമില്ല
എന്തുപിന്നെ നിനയ്ക്കുന്നോ ഹൂംകൃതിക്കാര്‍ക്കൊത്തവണ്ണം
ജന്തുധര്‍മ്മത്തിനും പിന്നെ വേസ്ഥയില്ലെന്നായിവന്നു
ഉത്തമസ്ത്രീകടെ പാതിവ്രത്യമെല്ലാമസ്തമിച്ചു
ഒത്തവണ്ണം പുരുഷന്മാര്‍ സഞ്ചരിപ്പാനൊരുമ്പെട്ടു
ചത്തുപോമെന്നൊരുഭീതി ദുര്‍ജ്ജനങ്ങക്കില്ലയെന്നാ-
ലിത്തരം കാട്ടുവാനാരും മടിക്കില്ലെന്നറിഞ്ഞാലും
ഉടുപ്പാനും കുടിപ്പാനും കൊടുക്കുന്ന പുരുഷന്മാ-
രുടുക്കാന്‍ സമ്മതിക്കാതായ് ചമഞ്ഞു വേശ്യമാരിപ്പോള്‍
കൊടുക്കുന്ന പുരുഷന്മാരോടടുക്കുമ്പോള്‍ മിടുക്കന്മാര്‍
കൊടുക്കും താഡനം പാരം കടുക്കുന്നു ദുരാചാരം
കലികാലത്തിലേക്കാളും കഷ്ടകാലമായിവന്നു
ഉലകില്‍ കാലനില്ലാഞ്ഞു വലഞ്ഞു സര്‍വ്വ ജന്തുക്കള്‍
കുലദോഷം വരുത്തുന്നോര്‍ കൊലചെയ്താല്‍ മരിക്കാഞ്ഞാല്‍
കുലഹാനി വരുമെന്നു കുലനം ചെയ്ക നീ ബാലേ
പെറ്റുപെറ്റു വളരുന്ന ജീവജന്തുക്കള്‍ക്കു പാര്‍ത്താല്‍
അറ്റമില്ലാ പാരിടത്തിലൊരുദിക്കുമൊഴിവില്ല
മറ്റു മാംസം ഭുജിക്കുന്ന ജനങ്ങള്‍ക്കുമിതുകാലം
കൊറ്റുപോലും നാസ്തിയായി മരിപ്പാനുമെളുതല്ല
മെച്ചമോടെ പുലി പന്നി സിംഹവും തങ്ങളില്‍ത്തന്നെ
പച്ചമാംസം കടിച്ചാശു ഭുജിക്കുന്നു സര്‍വ്വകാലം
കൊച്ചു മത്സ്യങ്ങളെപ്പാടേ വിഴുങ്ങും ഘോരമത്സ്യങ്ങള്‍
സ്വച്ഛമായ് മറ്റൊരു ദ്വാരത്തൂടെ പോരുമവയെല്ലാം
ദൂഷ്ടജന്തുക്കളെക്കൊണ്ടു നിറഞ്ഞു ഭൂതലമെല്ലാം
അഷ്ടിമാത്രംപോലുമാരും കൊടുപ്പാനില്ലെന്നുവന്നു
പട്ടിണിക്കു വഴിവീണു വഴിപോക്കര്‍ക്കെത്ര കഷ്ടം
പട്ടണത്തിലെങ്ങുമിപ്പോള്‍ പണവും കാശുമില്ലാതായ്
ഊട്ടുതെണ്ടിനടന്നഷ്ടികഴിക്കും ബ്രാഹ്മണര്‍ക്കിപ്പോള്‍
ഊട്ടിലെങ്ങും ചോറു കിട്ടാ പുരുഷാരത്തിന്റെ മൂലം
ആട്ടമാടി നടക്കുന്നോരട്ടമെല്ലാമുപേക്ഷിച്ച
കൂട്ടുമൊക്കെപ്പിരിഞ്ഞോരോ കോട്ടിലയ്യമിരിക്കുന്നു
പാട്ടുകാര്‍ക്കു വിശന്നിട്ടു സ്വരവും ബര്‍ഭരമായി
നാട്ടിലെങ്ങുമൊരുകാശും ലഭിക്കാനും വകയില്ലാ
പാട്ടുകേട്ടാലാര്‍ക്കു സൗഖ്യം പട്ടിണിയായ് കിടക്കുമ്പോള്‍
ഊട്ടുകേട്ടാല്‍ തലപൊക്കുമതു കേള്‍പ്പാനെങ്ങുമില്ല
ചേട്ടനെന്നു തമ്പിയെന്നും തങ്ങളിലുള്ളനുരാഗം
ചേട്ടകള്‍ക്കു നാസ്തിയായി കൂട്ടമേറച്ചമകയാല്‍
ചേട്ടനെന്നാലൊന്നുരണ്ടല്ലപന്‍തും നൂറുമഞ്ഞൂറും
കൂട്ടമായിപ്പുലകൊള്‍വാനെന്തുബന്ധം ചാക്കുമില്ല
നാടുവാഴിക്കങ്കമില്ലാ കപ്പമില്ലാ ചുങ്കമില്ല
കാടുവാഴിക്കിപ്പോള്‍ നല്ല വല്ലതും തിന്നു പാര്‍ത്തിടാം
മോടികൂട്ടി നടക്കുന്ന പുരുഷന്മാര്‍ നാസ്തിയായി
തേടിവച്ച പണം വിറ്റുതിന്നശേഷം വകയായി
കാലിയക്കാരനായ് പണ്ടു കോലകത്തു മാളികമേല്‍
നാരിയെക്കൊണ്ടുപോയ് വച്ചു സുഖിച്ചു വാണവനിപ്പോള്‍
ആരിയച്ചെട്ടിയെച്ചെന്നു കാല്‍പിടിച്ചു കിടക്കുന്ന
കാരിയം രണ്ടു പെറ്റെങ്ങാന്‍ കിടച്ചെങ്കിലതുതന്നെ
പാരിലുള്ള വര്‍ത്തമാനം കഷ്ടമെന്നേ പറയാവൂ
നീരസങ്ങള്‍ വിസ്തരിച്ചിട്ടെന്തുകാര്യം നമുക്കിപ്പോള്‍
കവടിക്കരനായുള്ള ഗണിതക്കാരനുമിപ്പോള്‍
കപടങ്ങള്‍ പറഞ്ഞൊന്നും ഫലിപ്പിപ്പിക്കാന്‍ വകയില്ല
ഗണിതഗ്രന്ഥവും കെട്ടിത്തലയ്ക്കുവച്ചൊരുദിക്കില്‍
കണശന്മാര്‍ വിശന്നങ്ങു ശയിക്കുന്ന പലര്‍കൂടി
ഗുണദോഷം വിചാരിച്ചു പറഞ്ഞാലെങ്കിലുന്നാലു
പണം കിട്ടാന്‍ തടവില്ല പണ്ടിതപ്പോളുര്‍ദ്ധ്വമായി
ഗുണമെന്തു ദോഷമെന്തു മരണമില്ലൊരുനാളും
ഗണിതംകൊണ്ടൊരുവസ്തു ഗ്രഹിപ്പാനില്ലെന്നുവന്നു
ചികിത്സിപ്പാനെങ്ങുമാര്‍ക്കും രോഗമില്ലാ ശരീരത്തി-
ന്നാകുമെല്ലാം; അന്തകന്റെ സചിവന്മാരവര്‍ പിന്നെ
യാഗമങ്ങു ശ്രമിക്കുന്നു നടപ്പാന്‍ കല്പനയില്ല
യോഗഗ്രന്ഥവും നല്ലൊരഷ്ടാംഗഹൃദയവും
ആകക്കൂടവേയങ്ങു കെട്ടിവച്ചു വൈദ്യരെല്ലാം
രോഗംകൊണ്ടുഴലുന്ന ജനത്തിന്റെ ഗൃഹത്തില്‍ച്ചെ-
ക്കാകണ്ഠം ഭുജിപ്പാനും കൊതിക്കേണ്ട വൈദ്യന്മാരും
അസനവില്വാദി ഭൃംഗാമലകാദിയെണ്ണ കാച്ചി
വ്യസനംചെയ്തൊരുകാശും കൈക്കലാക്കാനിനിക്കൂടാ
രസികന്മാരെന്നഭാവം നടിച്ചു സഞ്ചിയുമായി-
ട്ടസുരന്മാരെന്നപോലെ രോഗിവീട്ടില്‍ ചെന്നുകൂടി
ഗുളികയും കഷായവും കൊടുത്തു ചാക്കടുക്കുമ്പോള്‍
കളവു വല്ലതും ചൊല്ലിത്തിരിക്കും വൈദ്യനിക്കാലം
തരംകെട്ടു തനിക്കു ഭക്ഷണത്തിനു വകയില്ലാ-
ഞ്ഞിരന്നുണ്ടു നടക്കുന്നു വിനുന്നുണ്ണാനെങ്ങുമില്ല
'ഘനചന്ദനശുണ്ഠാംബു പര്‍പ്പടോശീരസാധിതം'
മനസ്സിലുണ്ടിവയെല്ലാം പ്രയോഗിപ്പാനെങ്ങുമില്ലാ
യമനും വൈദ്യനും തമ്മില്‍ പ്രാണവിശ്വാസമെന്നാലും
യമനെക്കൂടാതെ കൊല്‍വാന്‍ വൈദ്യനേതുമെളുതല്ലാ
അനര്‍ത്ഥം മന്ത്രവാദിക്കും കനക്കെസ്സംഭവിക്കുന്നു
സമര്‍ത്ഥനെങ്ങുമേ ചെന്നാലൊര്‍ത്ഥം കിട്ടുകില്ലാ
യക്ഷിപീഡാ കുക്ഷിപീഡാ ദേവതാപീഡയും ബ്രഹ്മ-
രക്ഷസദ്രോഹവുമില്ല കാലനില്ലാതുള്ളനാട്ടില്‍
സാക്ഷിയായിട്ടിവര്‍ക്കെല്ലാമീശ്വരനന്തകനല്ലോ
ദീക്ഷിനായതുനേരമിവയെല്ലാമടങ്ങിപ്പോയ്
മനിഷ്യം തുള്ളുവാനുള്ള മനുഷ്യര്‍ക്കുമിതുകാലം
മനസ്സുമുട്ടിതയായിട്ടകപ്പെട്ടു വിശപ്പൊട്ടും
സഹിക്കാത്ത വെളിച്ചപ്പാടൊളിച്ചപ്പാ! ശയിക്കുന്നു
വഹിയാ വാളെപ്പാനും തുള്ളലേതും ഫലിക്കാതായ്
തിടുക്കങ്ങളിവ ചൊന്നാലൊടുക്കമില്ലെടോ ബാലേ!
കുടക്കുന്നു പലകൂട്ടം പറവാനിന്നിയും മേലില്‍
മുടക്കങ്ങള്‍ പലതുണ്ടു നമുക്കു യാഗമില്ലാഞ്ഞി-
ട്ടൊടുക്കം ഞാന്‍ പുറപ്പെട്ടു പത്മജന്മാവിനെക്കാണ്മാന്‍
അവസ്ഥകളറിയിച്ചിട്ടവന്റെ കല്പന പോലെ
അവിടത്തിലന്തകനെക്കാണ്മതിന്നാശു ഞാന്‍ വന്നു
അന്തകന്റെ ശാസനത്താലനര്‍ത്ഥം നീങ്ങുവാനുള്ള
ബന്ധമിപ്പോളുളവാക്കി മനുഷ്യനെ യാത്രയാക്കി.

Ref: കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികള്‍ Current Books 1997 edition

Saturday, November 10, 2012

Campaign against female foeticide

പെൺഭ്രൂണഹത്യ :

ആണാണോ പെണ്ണാണോ ആരാണു കേമമെ -

ന്നാദ്യമായി ചോദിച്ചതാരു പെണ്ണേ?
ആണല്ല പെണ്ണല്ല ഓനാണു കേമനെ -
ന്നാദ്യമേ ചൊല്ലുകള്‍ കേട്ടതില്ലേ?

ആണാണോ പെണ്ണാണോ തമ്പുരാനെന്നതു

ആരേലും കണ്ടുവോ? ആരുമില്ല!
ആണിനെ സൃഷ്ടിച്ചതെന്തിനാണാദ്യമായു്
പെണ്ണിനെ രണ്ടാമതാക്കി ദൈവം?

തന്നുടെ രൂപത്തിലുണ്ടാക്കിയെങ്കിലോ

തമ്പുരാനാണാണു തര്‍ക്കമുണ്ടോ?
ആണിനു പിന്‍ബലം നല്‍കുന്ന കേമിയാം
പെണ്ണിനു തന്‍ ബലം കണ്ടുകൂടെ?

പെണ്ണായ ഹവ്വയില്ലായിരുന്നെങ്കിലോ

ഒന്നാമനാദമിന്നേകനാകും!
ഞാനില്ല നീയില്ല മറ്റാരുമില്ലാതെ
പാരിതിൽ മാനവനാദമേകന്‍!

സീതയില്ലാതൊരു രാമനോ? തന്നുടെ

ലക്ഷ്മിയില്ലാതൊരു വിഷ്ണുവുണ്ടോ?
അര്‍ദ്ധനാരീശ്വരനാകിയൊരീശ്വര -
നര്‍ദ്ധനായു് പാര്‍വ്വതിയില്ലയെങ്കില്‍

വാണിയില്ലാതെന്തു ബ്രഹ്മന്‍? എന്തിനായു്

വീണയില്ലാതൊരു നാരദമാമുനി?
ഗായികയില്ലാതെ ഗായകന്‍ പ്രേമമായു്
ഗാനങ്ങള്‍ മുളിയാലാരു കേള്‍ക്കാന്‍?

നാരിയും തന്നുടെ കൂടെയുണ്ടെങ്കിലേ

പാരിതില്‍ മാനവന്‍ പൂര്‍ണ്ണനാകൂ
കൂറില്ലാ നേരത്തു രണ്ടിനുമൊറ്റയായു്
പൂര്‍ണ്ണതയില്ലെന്നു തര്‍ക്കമില്ല

ഗര്‍ഭം ധരിക്കുവാനാണുങ്ങള്‍ക്കാകുമോ?

ഗര്‍ഭസ്ഥ പെണ്‍ശിശു വേണ്ടയെന്നോ?
ഗര്‍ഭത്തിലുണ്ടായ പെണ്ണായ കുഞ്ഞിനു
ദര്‍ഭപോല്‍ ലോഭം വിലയെന്നുവോ?

'വൈ' എന്ന ക്രോമസോമ്മാനവന്‍ നല്‍കിയാല്‍

കൈവന്നിടും കുഞ്ഞു ആണാണു് നിശ്ചയം
'വൈ' യെന്നതിന്‍ ബദല്‍ 'എക്സാ' ണതെങ്കിലോ
കൈവന്നിടും കുഞ്ഞു പെണ്ണാണു് നിര്‍ദ്ദയം

ബീജത്തില്‍ രണ്ടുമുണ്ടെങ്കിലുമണ്ഠത്തില്‍

സ്ത്രീജനം തന്നിലതൊന്നു മാത്രം
വ്യാജമായി ബാദ്ധ്യത സ്ത്രീകളിലേറ്റുവോന്‍
പൂജ്യയാം നാരിയെ കാണുകില്ലേ?

'വൈ' യെന്ന ക്രോമസോം നല്‍കണമാണുങ്ങള്‍

'വൈ' തന്നിലില്ലാത്ത സാധു നാരി
ദൈവത്തിന്‍ നിശ്ചയം പെണ്ണാണതെങ്കിലും
കൈകൊണ്ടിണേണം സമാധാനമായി

ആവശ്യം സ്കാനിങ്ങതെന്നാണതെങ്കില -

നാവശ്യം എം റ്റി പി കുറ്റമല്ലേ?
ആവുന്ന കാലത്തിലത്രയും മാനവന്‍
ആദര്‍ശ്ശധീരനായു് നില്‍ക്കവേണ്ടേ?

ഭ്രൂണമായി വന്നൊരാ പെണ്ണിനെ ഭംഗിയായു്

ഭൂമിയില്‍ രക്ഷിച്ചുകൊള്ളു താതാ
താതനെ സ്നേഹിച്ചു വാഴുവാന്‍ പെണ്ണിന്നു
താരാട്ടു പാടാനൊരുങ്ങു വേഗം

തന്നുടെ ചോര പിറക്കുവാന്‍ നേരമായി

തന്നുടെ മോളെ വളര്‍ത്തു താതാ
താതനു പുത്രകളത്രാദി സൗമ്യമായി
തന്നിടാന്‍ പ്രാര്‍ത്ഥിച്ചു കൊള്ളു വേഗം

Friday, March 25, 2011

കുഞ്ഞുണ്ണിമാഷിന്റെ വലിയകുഞ്ഞുമൊഴികള്‍

അന്തരംഗം നന്നാക്കിയാല്‍ അന്തരീക്ഷവും നന്നാകും
അമര്‍ന്നിരുന്നു് പഠിച്ചാലുയരും
അറിയില്ലെന്നുള്ളതാണറിവു്
അറിവിനോളമഴക് മറ്റൊന്നിനില്ല
അഹന്തയുള്ളവര്‍ക്കബദ്ധം നിശ്ചയം
ആത്മനിയന്ത്രണമുള്ളവര്‍ക്കെപ്പഴുമീശ്വരാനുഗ്രഹമുണ്ടായിടും നിശ്ചയം
ആത്മസേവനമീശ്വരസേവനം
ആത്മാര്‍ഥമായി വിളിപ്പോര്‍തന്നുള്ളിലെത്തിടുമീശ്വരന്‍
ആധിയോളം വലിയ വ്യാധിയില്ല
ആഴിയേക്കാളാഴമുള്ളതാണു് മനസ്സു്
ഇതതാക്കിയാലതതാക്കിയാലേതേതുമാക്കാം
ഈശ്വരസ്നേഹമേ ഭക്തി
ഉണ്ടവനോടേ ഉരുളവാങ്ങാവൂ
ഉണ്ടാല്‍ മാത്രം പോര ഊക്കുണ്ടാവാന്‍ ഉറങ്ങുക കൂടി വേണം
ഉത്സാഹമുണ്ടെങ്കില്‍വൈകല്യകൈവല്യമാക്കാം
ഉയരാനുയിരുപോരാഉശിരുവേണം
ഉറങ്ങിയുണ്ടാക്കണമുണര്‍വു്
ഊക്കുള്ളതാകണംവാക്കു്
എനിക്കു ഞാനുണ്ടെങ്കിലെല്ലാരുമുണ്ടു്
ഏറെപ്പഴയതാണിപ്രപഞ്ചമേറ്റംപുതിയതും
ഒന്നുമൊന്നിനേക്കാള്‍ നല്ലതല്ല മോശമല്ല
ഒരു കാര്യം പഠിക്കുമ്പോള്‍ പത്തുകാര്യം പഠിഞ്ഞിടും
ഓരോ വാക്കുമോരോ ആകാശം
കലയ്ക്കില്ല കാലദോഷം
കലഹമുണ്ടോ കലയില്ല
കാടുവെട്ടുന്നവരുടെയുള്ളില്‍ കൊടുംകാടു്
കൃതികൃത്രിമമാകരുതു്
ചോറു് ചേറാക്കിയുണ്ണാതെ ചേറു് ചോറാക്കിയുണ്ണുക
ജീവിതം കഥയാക്കാം കഥ ജീവിതമാക്കരുതു്
ഞാന്‍ലോകത്തിലോലോകമെന്നിലോ
തത്കാലസുഖം കൊതിച്ചു് നിത്യസുഖം കളയരുതു്
തീര്‍ച്ചയുള്ള വാക്കു് മൂര്‍ച്ചയുള്ളവാക്കു്
തേടിയെത്തുന്ന വാക്കിനു് തെളിച്ചം കുറയും
പരസ്യം മറക്കും രഹസ്യമോര്‍ക്കും
പരീക്ഷയ്ക്കായാലും അറിയാത്തതെഴുതരുതു്
പാകപ്പെടുത്തുമ്പോള്‍ രൂപപ്പെടും
പിന്നെയാകട്ടെയെന്നുവെക്കുന്നവന്‍ പിന്നില്‍ നിന്നു് കേറില്ലൊരിക്കലും
പ്രകൃതിക്കു് പ്രതിഭാദാരിദ്ര്യമില്ല
പ്രവൃത്തിയോളം ഫലപ്രദമായ പ്രാര്‍ത്ഥനയില്ല
മാനത്തു് നോക്കി മനസ്സിനെ വിശാലമാക്കുക
യോഗമുണ്ടോ രോഗമില്ല
വലുതാകണോ ചെറുതാകുക
വഴിയില്‍ നിന്നാല്‍ വളരില്ല
വാക്കിനു വാക്കോണ്ടര്‍ത്ഥംപറവതു വെറുതെ
വാക്കൊതുക്കുന്നോനൂക്കന്‍
വീശിയാല്‍ വിശപ്പാറുകയില്ല
ശക്തിയുണ്ടോ ശാന്തിയുണ്ടു്
ശ്രദ്ധയുണ്ടാവാനല്ലോ ശ്രദ്ധിക്കേണ്ടതു് ബുദ്ധിമാന്‍

Wednesday, July 14, 2010

പേവിഷബാധയും വയറിളക്കവും

Rabies

This was never sent to KGMOA Journal for publication.
A copy is posted in my office for all to read.
It was once posted in the forum for malayalasangeetham.info.
Here it is for all to read.


ഉണ്ടൊരു നായവനുണ്ടീറോഡില്‍
കണ്ടു കഴിഞ്ഞാല്‍ കേമനവന്‍ താന്‍
മണ്ടച്ചാരവനൊരു ക്ഷണനേരം
കൊണ്ടു കടിക്കാം നമ്മളെയെല്ലാം

തെണ്ടന്‍ നായുടെ പല്ലിനു ചുറ്റും
ചുണ്ടിലുമുണ്ടൊരു തുപ്പലിനംശം
ഉണ്ടാവാനിടയുണ്ടിതിനുള്ളില്‍
കണ്ടാല്‍കാണാവൈറസ്സ് മുഴുവന്‍

തൊണ്ടയില്‍ തുപ്പലിറക്കാന്‍ കഴിയാ
മണ്ടിടുമവനുടനെ കടി തന്നാല്‍
ഉണ്ടിവന്നുള്ളില്‍ പേവിഷ വൈറസ്സു്
മണ്ടീടുക നീ വാക്സിനെടുക്കാന്‍

കണ്ടീടുക നീ സൂക്ഷിച്ചെന്നാല്‍
കുണ്ഠിതമില്ലാതൊരു തോള്‍ മുകളില്‍
വേണ്ടതു പോലൊരു സൂചിയെടുത്താല്‍
മണ്ടത്തരമാവില്ല വിശേഷം

പട്ടിണിമരണമതിന്നേക്കാളൊരു
ഞെട്ടലതല്ലേ റേബീസ്സു് മരണം
തൊട്ടൊരു വീട്ടിലയല്‍വാസികളും
തൊട്ടുതൊടാനായു് വന്നിടുകില്ല

കഷ്ടത കണ്ടു നടന്നീടുന്നൊരു
ചേട്ടനുമിവിടെ രക്ഷയ്ക്കില്ല
കേട്ടിടു - കാലന്‍ വന്നു കഴിഞ്ഞാല്‍
തട്ടിക്കൊണ്ടേ പോവുകയുള്ളു

മുറിവിലിരിക്കും തുപ്പലിനംശം
കറയില്ലാതെ കഴുകിക്കളയാന്‍
ചെറുതായുള്ളൊരു സോപ്പിന്‍ കഷണം
മുറിവതിലിട്ടു പതച്ചുകഴിഞ്ഞാല്‍

ചെറുതായുള്ളൊരു നീറ്റലൊഴിച്ചാല്‍
മുറിവാ ക്‍ളീനായപകടമില്ല
മുറിവിലിരിക്കും റേബീസ്സു്
വൈറസ്സെല്ലാമങ്ങനെ ചത്തു നശിക്കും

ഉണ്ടാവാനിടയാകും റേബീസ്സു്
കണ്ടില്ലെന്നു നടിക്കരുതാരും
ഉണ്ടാവാതെയിരിക്കാനൊരു വര -
മുണ്ടാവുന്നതനുഗ്രഹമല്ലേ

ഏറെ വിചാരം ചെയ്യുകയില്ലാ -
താറു ദിനത്തില്‍ സൂചിയെടുത്താ -
ലാറും മാനവഭീതികള്‍ മുഴുവന്‍
കാറുകയും കരയുകയും വേണ്ടേ വേണ്ട

ഉണ്ടായീടണം പൂജ്യം അതൊന്നായി
രണ്ടാമത്തതു മുന്നുദിനത്തില്‍,
വീണ്ടുമൊരെണ്ണം ഏഴാകുമ്പോള്‍
രണ്ടാം വാരം കണ്ടുകഴിഞ്ഞാല്‍
ഉണ്ടൊരു നാലാംസൂചിയൊരെണ്ണം
വീണ്ടുമൊരെണ്ണം നാലാം വാരം,
വേണ്ടിടുമെങ്കില്‍ തൊണ്ണൂറാംദിനം
കണ്ടഥനേരം ആറാമത്തതു.

പണ്ടു വരുന്നൊരു റേബീസ്സ് രോഗം
ഉണ്ടാവില്ലതു സംശയമില്ല
കണ്ടേടത്തു നടക്കുന്നേരം
വീണ്ടം കടിയൊന്നേറ്റു കഴിഞ്ഞാ -
ലുണ്ടായതുടനടിയാണെങ്കില്‍
രണ്ടെണ്ണമതുടനെയെടുക്കാം
ഉണ്ടായതുനടിയല്ലെന്നാകില്‍
രണ്ടിനു പകരം മൂന്നായിടണം

പട്ടികളായിട്ടൊട്ടി വസിക്കും
പട്ടിപിടുത്തക്കാര്‍ കര്‍ഷകരും
പട്ടിവളര്‍ത്തലിലൊട്ടുരസിക്കും
കുട്ടികളും മൃഗവൈദ്യന്മാരും
പട്ടി, കുറുക്കന്‍, വവ്വാലുള്ളൊരു
കാട്ടിലിരിക്കും ഫോറസ്റ്റു് ഗാര്‍ഡും
വെട്ടുമിറച്ചി തൊട്ടുനടക്കും
ഇട്ടിച്ചേട്ടനും സൂക്ഷിച്ചിടണം

പട്ടിണിയില്ലാതങ്ങു കഴിപ്പാന്‍
തൊട്ടുതലോടിചെയ്തിടുമൊരു തൊഴില്‍
പെട്ടിയിലാക്കാനുള്ളൊരു വകയായി
പെട്ടുപെടാതെ കരുതിയിരിക്കൂ

പെട്ടെന്നായിട്ടുണ്ടൊരുപായ -
മ്മേട്ടന്‍ പറയും കാര്യം ഇതു കേള്‍
പൊട്ടന്‍ ഭ്രാന്തന്നാവാതുടനെ
എട്ടണ ചിലവില്ലാത്തൊരു കാര്യം

പൂജ്യം, ഏഴും, ഇരുപത്തെട്ടും,
ബൂസ്റ്റര്‍ ഒരെണ്ണം ഒരു വര്‍ഷത്തില്‍
പൂജ്യനവനൊന്നഞ്ചാം വര്‍ഷം
തഞ്ചത്തിലൊരിഞ്ചക്ഷന്നെടുത്താല്‍

വിജയശ്രീലാളിതരായങ്ങനെ
വിജയം നമ്മള്‍ക്കൊത്തു രസിക്കാം
രാജാവോപ്രജയെന്നൊരു ഭേദം
രാജ്യത്തെ അണുക്കള്‍ക്കില്ലാ

വീട്ടില്‍ കുട്ടികള്‍ അച്ഛനുമമ്മയും
തൊട്ടുവളര്‍ത്തും പട്ടിയൊരെണ്ണം
പെട്ടെന്നൊരു നാള്‍ രോഗം കിട്ടാന്‍
മട്ടുള്ളതിനാല്‍ സൂക്ഷിച്ചിടണം

തൊട്ടൊരു ദേശത്തുണ്ടാവില്ലേ
പട്ടിചികിത്സാകേന്ദ്രമൊരെണ്ണം
ഒട്ടും മടിയാതവിടെ ചെന്നാല്‍
പട്ടിയ്ക്കായൊരു സൂചി ലഭിക്കും

വേണ്ടിടുമെങ്കില്‍ ചെണ്ടയെടുത്തൊരു
വണ്ടിയെടുത്തും മടികൂടാതെ
ചെണ്ടയ്ക്കൊരു കോല്‍ കൊട്ടിനടന്നൊരു
കണ്ഠമെടുത്തു പറഞ്ഞു നടക്കൂ

ഉണ്ടാവല്ലെയൊരാള്‍ക്കും റേബീസ്സു്
കണ്ടുകഴിഞ്ഞാല്‍ മരണം മാത്രം
ഉണ്ടാവാതെയിരിയ്ക്കാന്‍ വരമൊ -
ണ്ടിവിടെയതെങ്കിലനുഗ്രഹമല്ലേ.

വയറിളക്കം

മാരകമായൊരുരോഗംവരാതെയീ
മാലോകരെല്ലാരുംസൂക്ഷിക്കേണം
രോഗത്തിനാണെങ്കില്‍ഛര്‍ദ്ദിയുംക്ഷീണവും
തോരാതെവെള്ളംപോല്‍ശോധനയും

മാരകമാകുവാനെന്താണുകാരണം
പോഷകവസ്തുക്കള്‍നഷ്ടമാകും
ദേഹത്തിന്‍വെള്ളവുംധാരാളംപോയിടും
വേഗത്തിലുപ്പുകള്‍നഷ്ടമാകും

രോഗത്തിനാരംഭമാരോഗ്യകേന്ദ്രത്തില്‍
പോകണംഡോക്ടറെകാണിക്കേണം
പാനീയപായ്ക്കറ്റുപൊട്ടിച്ചുവേഗത്തില്‍
വെള്ളത്തില്‍ചേര്‍ത്തുകുടിച്ചിടേണം

കുഞ്ഞുങ്ങള്‍ക്കായിട്ടോകുപ്പിയില്‍പാലല്ല
കുഞ്ഞുങ്ങള്‍ക്കമ്മിഞ്ഞപ്പാല്‍കൊടുക്കാം
ദാഹത്തിനായിട്ടോഓആറെസു്വെള്ളവും
ദാരുണമീരോഗംമാറ്റിനിര്‍ത്താന്‍

രോഗമിതുവന്നാല്‍നല്‍കുന്നമാത്രകള്‍
തോതുകണക്കുകഴിച്ചിടേണം
ബന്ധുക്കള്‍ക്കീരോഗംകിട്ടാതിരിക്കുവാന്‍
ബുദ്ധിയായു്നിര്‍ദ്ദേശംപാലിക്കേണം

രോഗംപടര്‍ത്തീടുമീച്ചകള്‍കാരണം
കേമത്തിലാഹാരംമൂടിടേണം
ചൂടുള്ളഭക്ഷണംമാത്രംകഴിക്കണം
പാത്രങ്ങള്‍ വൃത്തിയായിവച്ചിടേണം

ആഹാരംതേടുവാന്‍പുകുന്നതിന്മുന്നേ
ആദ്യമായു്കൈകള്‍കഴുകിടേണം
കയ്യിലെരോഗാണുനീക്കിയെടുക്കുവാന്‍
കയ്യാകെസോപ്പാല്‍കഴുകിടേണം

കോരുന്നവെള്ളവുംവൃത്തിയായു്വയ്ക്കണം
കോരിക്കഴിഞ്ഞാല്‍തിളപ്പിക്കേണം
വീടിന്‍പരിസരംവൃത്തിയായു്വയ്ക്കണം
വൃത്തികിണറ്റിനുചുറ്റുംവേണം

വീടിന്‍കിണറ്റിലായു്ക്ലോറിന്‍കലക്കണം
ഭിത്തികിണറ്റിനുചുറ്റുംവേണം
ചപ്പുചവറിലോയീച്ചയൂണ്ടാവാതെ
ചപ്പുചവറുകള്‍കത്തിക്കേണം

ആരോഗ്യകാര്യങ്ങള്‍ക്കായു്വരുംകൂട്ടരെ
ആത്മാര്‍ത്ഥമായിസഹായിക്കേണം
ഈയൊരുസന്ദേശമെല്ലാരുംപാലിച്ചാല്‍
ഈരോഗമങ്ങിനെമാറ്റിനിര്‍ത്താം




Tuesday, April 13, 2010

General Tranfer in Govt: Service

സര്‍ക്കാര്‍ജോലിയും ട്രാന്‍സ്ഫറും

ആര്‍ക്കു വേണ്ടി ആര്‍ക്കു വേണ്ടി ട്രാന്‍സ്ഫറെന്ന മാരണം
ഓര്‍ത്തിടാതെ വന്നൊരു നാള്‍ ആര്‍ക്കതില്‍ പ്രയോജനം
ഊര്‍തലത്തില്‍ മൂന്നു വര്‍ഷമായിടുമ്പോള്‍ വന്നിടും
ഓര്‍ഡറായി വന്നിടുന്ന കാളകുടമത്രയും

ഒപ്പമുള്ളവര്‍ ചിരിച്ചു ചാരിയങ്ങിരിയ്ക്കവേ
ഒപ്പതിട്ടു വാങ്ങണം തിരിച്ചൊരെണ്ണം നല്‍കണം
കോപ്പികള്‍ എടുക്കയില്ലയെങ്കിലപ്പോള്‍ കാരണം
ഒപ്പമായി മൊഴിക്കയോ റിലീവിങ്ങോടര്‍ വാങ്ങണം

മാറ്റിടേണം സര്‍വ്വതാദ്യമാറ്റിടേണം മാനസ്സം
കുറ്റിയില്‍ വിളങ്ങിടുന്ന ബോര്‍ഡതും പറിക്കണം
വറ്റുചോറു വാങ്ങിടുന്ന കാര്‍ഡതും കൊടുക്കണം
കുറ്റി പോലെ തന്നിടുന്ന ഗ്യാസ്സതും കെടുത്തണം

പെട്ടികള്‍ ഇറക്കിടേണം പായ്ക്കുചെയ്തു കെട്ടണം
പട്ടിതന്‍ കഴുത്തിലിട്ട ചങ്ങല മുറുക്കണം
കട്ടിലിന്‍ പുറത്തിടുന്ന മെത്തയും ചുരുട്ടണം
കുട്ടികള്‍ പഠിച്ചിടുന്ന സ്കൂളില്‍ റ്റി സി വാങ്ങണം

പാത്രവും പദാര്‍ത്ഥവും കളഞ്ഞിടാതെ വെയ്ക്കണം
മൂര്‍ത്തിയെ പൊതിഞ്ഞിടും വിളക്കുകള്‍ കെടുത്തണം
യാത്ര പോയി പറഞ്ഞിടേണം മേല്‍വിലാസം നല്‍കണം
നേത്രം അന്നു വിങ്ങിടും സതീര്‍ത്ഥരെ വണങ്ങണം

കുട്ടിലോറി വന്നു നിന്നു ഹോണടിച്ച നേരമോ
അട്ടികള്‍ മറിച്ചു ശീലമുള്ള കൂട്ടര്‍ തല്‍ക്ഷണം
പെട്ടികള്‍ ചളുക്കി മേശകാലതില്‍ കുടുക്കിയും
കേട്ടിടാത്ത കൂലി ചൊല്ലി കാശു വേണമക്ഷണം

ഉള്ളതു പെറുക്കിയെത്തി പുത്തനായ സ്റ്റേഷനില്‍
പിള്ളയെ കരത്തിലേറ്റി വാമഭാഗമപ്പോഴും
വെള്ളവും വെളിച്ചവും കറന്‍റുമില്ല സ്റ്റേഷനില്‍
വെള്ള പൂശിയില്ല ഭിത്തികള്‍ ഒലിച്ചു പായലും

പല്ലികള്‍ ചിലച്ചിടാത്ത കൂരയില്‍ മനോഹരം
കല്ലുമുണ്ട് കമ്പികള്‍ തുരുമ്പുമുണ്ടതക്രമം
ഗ്രില്ലുപോല്‍ നിരന്നിടേണ്ട കമ്പികള്‍ വളഞ്ഞു പോയി
വില്ലുപോല്‍ വളഞ്ഞു വെള്ളമുണ്ടൊലിച്ചു തിണ്ണയില്‍

മത്തിതന്‍ തലയ്ക്കു വന്നിടുന്ന പോലെ ഗന്ധവും
പൊത്തിലുണ്ടു താമസ്സം എലിയ്ക്കു മാറ്റം നല്‍കണം
വൃത്തിയാക്കിടേണം ഗ്യാസ്സു കുറ്റിയും പുതുക്കണം
പുത്തനായ് ഉടുപ്പിടുന്നപോല്‍ നടന്നു കേറണം

ജില്ലയില്‍ പ്രസിദ്ധമായൊരാശുപത്രി തന്നിലെ
എല്ലുഡോക്ടര്‍ താമസ്സിക്കുവാന്‍ തരുന്ന കെട്ടിടം
തെല്ലുപോലുമില്ല ജീവിതത്തില്‍ അര്‍ത്ഥമെന്നുവോ
അല്ലലും പരാതിയും ഒഴിഞ്ഞു നേരമില്ലതും

വേണ്ട ട്രാന്‍സ്ഫറെങ്കില്‍ വേണമുന്നതങ്ങളില്‍ പിടി
പണ്ടിരുന്ന സ്റ്റേഷനിലോ ഉണ്ടു നല്ല നിമ്മതി
മണ്ട തൊട്ടിടുന്ന മുണ്ടുടുത്തിടുന്ന മാന്യരും
ഉണ്ടതെങ്കിലില്ല ട്രാന്‍സ്ഫറില്‍ ചതി

ഉള്ളതു പറഞ്ഞിടുന്നതുള്ളുനൊന്തു വേഗമായി
പൊള്ളവാക്കു ചൊല്ലിടാത്തതിന്നു ശിക്ഷ ട്രാന്‍സ്ഫറോ
ഉള്ളവരെ കണ്ടുവന്നിട്ടെപ്പോഴും വിളങ്ങിടാന്‍
പൊള്ളയായ മാനസ്സം എനിക്കു നല്‍കണേ പ്രഭോ.

[ This poem was originally published in K.G.M.O.A. Journal, August 1988, Under the title “ആര്‍ക്കു വേണ്ടി” ]

Hey! Modern Doctor

വൈദ്യരേ! ഒരു നിമിഷം.

ആനപ്പുറത്തിരുന്നാടുമ്പോള്‍ വൈദ്യരേ
ആത്മാവ് നോവുന്നകാര്യം മറന്നുവോ
ആനപ്പുറത്തിരുക്കുമ്പോളാനന്ദം
ആന ചരിഞ്ഞാലതില്ലെന്നു നിര്‍ണ്ണയം

കുണ്ടും കുഴികളും താണ്ടുന്ന നേരത്തു്
കണ്ടില്ലേ രോമം തുളയ്ക്കുന്നതും
കുണ്ഡിതം എല്ലാം മറക്കുവാന്‍ നോക്കുന്നു
മണ്ടരില്‍ മണ്ടനാം വൈദ്യരപ്പോള്‍

ഉത്സവകാലം കിരീടം ധരിച്ചവന്‍
മത്സര ബൂദ്ധിയില്‍ എല്ലാം കളയുന്നു
വത്സലരായുള്ള ബന്ധുക്കളേയവന്‍
തത്സമയങ്ങളില്‍ ദൂരേക്കു നിര്‍ത്തുന്നു

ജാതിയോ ഭാഷയോ നോക്കാതെയേകുന്നു
പാതിയല്ലാതൊരു സേവനങ്ങള്‍
പാതി അറിവുള്ളജാതി ജനങ്ങളും
പാതിരാവായാലും ക്ഷോഭിക്കുന്നു

ഡൂട്ടിയില്‍ അല്ലാത്ത നേരത്തു മറ്റുള്ളോര്‍
ഊട്ടി കൊടൈക്കനാല്‍ പോയിടുമ്പോള്‍
ചാട്ടമോ ഓട്ടമോ ഒന്നുമില്ലാതവന്‍
മുട്ടിപ്പിന്‍ ജോലികള്‍ ചെയ്തിടുന്നു

തന്നുടെ വേദന മാറ്റുവാനായി വരും
പൊന്നപ്പന്‍ കേശവന്‍ മറ്റുള്ളോരും
തന്നുടെ വേദന തീര്‍ന്നെന്നു കണ്ടെന്നാല്‍
തന്നുടെ വൈദ്യരെ മറന്നീടുന്നു

പത്തുപതിനെട്ടു വര്‍ഷത്തെ സേവനം
ഒത്തു പണിതിവനെന്തു നേടി
പത്തുപതിനെട്ടു ചപ്പലിന്മാലയും
ഒത്തുകളിക്കാരിന്‍ ശാസനയും

ഒത്തുകളിക്കുന്ന നേതാക്കാന്മാരവര്‍
ഒത്തുചേരുന്നൊരു ഹര്‍ത്താലുമായി
എത്തുവാന്‍ വാഹനമൊന്നുമേ ഇല്ലേലു -
മെത്തേണം നേരത്തെ ഡ്യൂട്ടിയുള്ളോര്‍

ഓപ്പിയുമൈപ്പിയും നോക്കുന്ന വേളയില്‍
കാപ്പി കുടിക്കുവാന്‍ നേരോമില്ല
പീപ്പി കുലുക്കി വരുന്ന ജനത്തിനോ-
ടൊപ്പമായി ചെല്ലേണം വിളിക്കുന്നേരം

പോസ്റ്റിലിടിച്ചു മരിച്ചവന്‍ വന്നുകില്‍
പോസ്റ്റിങ്ങായി പോലീസിന്‍ സര്‍ജ്ജനായി
കാസ്റ്റിലിട്ടു നടക്കുന്ന കയ്യുമായി
പോസ്റ്റ്മോര്‍ട്ടം ചെയ്യണം വേഗമായി

വിളിവരും വീട്ടിന്നു ഭാര്യയോ മക്കളോ
വിളിവരും ലേബറിന്‍ റൂമ്മില്‍ നിന്നും
വിളിയേതു കേള്‍ക്കും കഷ്ടകാലത്തവന്‍
വിളി പിഴച്ചാലയ്യോ ഗോവിന്ദ ഗോവിന്ദ

എള്ളോളമില്ല ജനത്തിനു നാണമോ
കള്ളം പറഞ്ഞിടാന്‍ സര്‍ട്ടിഫിക്കറ്റ്
കള്ളു കുടിച്ചു വരുന്നവര്‍ വേഗമായി
പള്ളു പറഞ്ഞതും കേട്ടിടേണം

രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍
വേഗത്തിലെല്‍പ്പിയായി വാങ്ങിയെന്നാല്‍
ആഗതനാകും ഒരോഡിറ്റുകാരന്നു
ഭാഗ്യമായി ഒബ്ജക്ഷന്‍ ഇല്ലയെങ്കില്‍

സാക്ഷി പറയുവാന്‍ പോകണം കോടതീല്‍
ശിക്ഷയായി വാറണ്ടു പോയില്ലെങ്കില്‍
കക്ഷി ചേരാതിരുന്നുത്തരം നല്‍കണം
സാക്ഷി പറയേണ്ട വൈദ്യരപ്പോള്‍

തേളുകള്‍ കുത്താതെ നോക്കി നടക്കണം
കേളികല്‍ പലതിങ്ങനെ നീളുമ്പോള്‍
തോളോടു തോളുരുമ്മിനിന്നാവുകില്‍
കോളൊത്തു നീങ്ങിടും ജീവിതം നിശ്ചയം

ഓര്‍ത്തോണം നീ വെറും മര്‍ത്ത്യനാണെന്നതും
കാര്‍ത്തിക നാളോമൊരുനാള്‍ പൊലിഞ്ഞിടും
ആര്‍ത്തികള്‍ ലേശവുമില്ലാതെ നീങ്ങണം
കീര്‍ത്തി താനുത്തമം ജീവിതത്തില്‍

[ This poem was originally published in the K.G.M.O.A. Journal, August 2003 under the title “ മോഡേണ്‍ വൈദ്യരേ ” ]

Sunday, April 11, 2010

Chikungunya - preventive measures

ഗുനിയാ പിടിച്ചെന്‍റെ പൊന്നുസാറേ
കുനിഞ്ഞങ്ങുപോയിട്ടു വന്നതാണേ
ദുനിയാവിലുള്ളെല്ലാ രോഗങ്ങളും
പനിയായിയൊന്നിച്ചു വന്നപോലെ

ഓര്‍ക്കാപ്പുറത്തൊരു വിറവലോടേ
മൂര്‍ദ്ധാവില്‍ വേദന വന്നുവിങ്ങി
കൂര്‍ക്കം വലിക്കുവാനാവതില്ല
ആര്‍ക്കുമീരോഗം വന്നുവെന്നാല്‍

സന്ധികളൊക്കേയും വിങ്ങിടുന്നു
ബന്ധിയായി ഞാനിന്നു വീട്ടിലിപ്പോള്‍
കുന്തം വിഴുങ്ങിയ ചേലുപോലേ
ചിന്തിച്ചു ഞാനങ്ങിരുന്നു പോയി

പനിയായി വന്നതിന്‍ ശേഷമിപ്പോള്‍
ശനിയായി വന്നോരോ വാര്‍ത്തയെല്ലാം
തനിയാവര്‍ത്തനം ആയി കേട്ടു
പനിയേക്കാളതിഭീകരമായി

പതിവായി വന്നിടും നീറ്റലൊക്കേ
മതിയായിയീ പനി വന്നുവെന്നാല്‍
പൊതുവായി ചെയതിടും വൃത്തിയിപ്പോള്‍
പതിവായി ചെയ്യേണം നാമതിപ്പോള്‍

കൊതുകിന്‍റെ മൂളലെന്‍ കാതിലെത്തി
കതകില്‍ ഞാന്‍ ചാരിയിരുന്ന നേരം
കൊതുകായി വന്നൊരു കാലനെന്നേ
മുതുകില്‍ കുത്തിയതോര്‍ത്തു പോയി

കാര്‍ത്തിയായനീയമ്മയുള്ള ദേശം
കീര്‍ത്തി കയറിനാല്‍ നല്ല ദേശം
തീര്‍ത്തും പ്രദേശത്തു വൃത്തിയുണ്ടോ ?
ഓര്‍ത്താലോ കാരണം നമ്മളല്ലേ !

തിരുവോണനാളതിന്‍ വൃത്തിയിപ്പോള്‍
പെരുമയാം ദേശത്തുമില്ല പോലും !
തെരുവില്‍ കളഞ്ഞീടും പ്ലാസ്റ്റിക്കിപ്പോള്‍
പെരുകാന്‍ കൊതികിന്നു കാരണമായി

ജഡ പോലെ കാടു പിടിച്ചീടുന്ന
തോടായ തോട്ടിലനക്കമില്ല
ഓടാന്മറന്നനങ്ങാതെ വെള്ളം
പാടാന്‍ കടുപ്പമാം പാട്ടു പോലെ

കുളികഴിഞ്ഞാല്‍ മിനുങ്ങി ദേഹം
കുളിമുറിവെള്ളമഴുക്കുചാലായി
ഇളനീര്‍ചിരട്ടയില്‍ തങ്ങി വെള്ളം
മൂളും കൊതുകതില്‍ മുട്ടയിടും

പരിസരം വൃത്തിയായ് വെച്ചിരുന്നാല്‍
ശരിയായ് പരിസര ശുദ്ധി വന്നാല്‍
ചടപടാ കൂട്ടമായി മുട്ടയിടാന്‍
കടുവാക്കൊതുകിന്നതാവുകില്ല

മതിയായ മാത്ര മരുന്നടിച്ചാല്‍
പതിവായ് ചിരട്ട കമഴ്ത്തിയിട്ടാല്‍
കൊതുകതിന്മുട്ട വിരിഞ്ഞുവെന്നാല്‍
കൊതുകിന്‍ കൂത്താടികള്‍ ചാകുമല്ലോ

ചന്ദ്രനും സൂര്യനും മാറിമാറി
പന്ത്രണ്ടു മാസം കഴിഞ്ഞുവെന്നാല്‍
മാവേലിത്തമ്പുരാന്‍ വന്നീടുവാന്‍
ആവേശചിത്തരായി നില്‍ക്കുന്ന നാം

അത്തംവന്നെത്തിടുമ്മുമ്പുതന്നെ
വൃത്തിയാക്കീടണം ചുറ്റുമെല്ലാം
പത്തു പേര്‍ക്കീപ്പണി കിട്ടിയെന്നാല്‍
വൃത്തിയായ്യോണമതുണ്ടിടിടാമേ

കാടുംപടലും നാം വെട്ടിടേണം
വീടിന്‍ പരിസര വൃത്തി വേണം
തോട്ടിലെപ്പായലും വാരിടേണം
മോടിയായി കാടുകള്‍ വെട്ടിടേണം

ഓണം തുടങ്ങീടും നേരത്തല്ലോ
കാണണം വൃത്തി കുളക്കരയില്‍
കാണുവാന്‍ പോളകള്‍ കൗതുകം താന്‍‌
പാണിയാല്‍ വാരിക്കളഞ്ഞിടേണം

ഗപ്പിഗമ്പൂസികള്‍ മീന്‍ ഇരുവര്‍
ഒപ്പമായി തിന്നീടും കൂത്താടിയേ
കുപ്പിയില്‍ വാങ്ങുവാന്‍ കിട്ടുമെങ്കീ -
ലിപ്പോളീ മീന്‍ കുളത്തിലിടാം

ഏഡിസ്സ് പരത്തും ചിക്കന്‍ഗുനിയാ
ഏറിയാല്‍ വേദന സന്ധിതോറും
ഏല്‍ക്കുന്ന രോഗമാ ഡങ്കിയായാല്‍
മാരകം, ഹെമറാജിക്ക് ഡെങ്കിയാണേല്‍

പലതുണ്ടു കൊതുകുകളനോഫലീസ്സ്
പലനാള്‍ പനിക്കും മനമ്പനിക്കായി
ക്യൂലക്സ്, തലച്ചോറിലെന്‍ക്കഫലൈറ്റീസ്സ്
ക്യൂലക്സ്, മാന്‍സോണിയാ മന്തു രോഗം

കൊതുകിന്‍ കടികളില്ലാതിരിക്കാന്‍
കൊതുകിനെയോടിക്കാന്‍ കുന്തിരിക്കം
കൊതുകിന്‍ തിരികളും മാറ്റുകളും
കൊതുകു വലയ്ക്കുള്ളില്‍ താനുറക്കം

നാളുകള്‍ പലതു കഴിഞ്ഞുവെന്നാല്‍
ആളുകള്‍ ഗുനിയാ മറന്നു പോകും
കോളായി! കൊതുകുകള്‍ പെരുകിയെന്നാല്‍,
നാളെയും ജീവിന്‍ ദുരിതപൂര്‍ണ്ണം

കൊതുകിന്‍റെയെണ്ണം കുറച്ചു നിര്‍ത്താന്‍
പതിവായി പരിസരവൃത്തി വേണം
കൊതുകാല്‍ പരക്കുന്ന രോഗമൊന്നും
പൊതുജന മദ്ധ്യത്തിലില്ല പിന്നെ