Pages

Saturday, December 8, 2018

ചോറൂട്ടിയുറച്ച പാഠം

ചോറൂട്ടിയുറച്ച പാഠം
....................................

കൽക്കട്ട സ്കൂൾ ഒഫ് ട്രോപ്പിക്കൽ മെഡിസിനിൽ ബിരുദാനന്തര ഡിപ്ലോമ ചെയ്യുന്ന കാലത്ത് പരീക്ഷ അടുക്കുന്ന വേളയിലാണ് പി എസ് സിയുടെ അഡ്വൈസ് മെമ്മോ ലഭിക്കുന്നത്. പോസ്റ്റിംഗ് ഓർഡർ വരുമ്പോഴേക്കും പരീക്ഷ കഴിയും എന്ന ധാരണയ്ക്ക് വിരുദ്ധമായി ഒരാഴ്ചയ്ക്കുള്ളിൽ പോസ്റ്റിംഗ് ഓർഡറും എത്തി.

ഒരു മാസത്തിനുള്ളിൽ ജോയിൻ ചെയ്യണം. തനി നാട്ടുമ്പുറത്തെ റൂറൽ ഡിസ്പൻസറി. രണ്ട് കടത്ത് കടക്കണം. എല്ലാ മഴക്കാലത്തും സ്ഥാപനത്തിൽ വെള്ളം കയറും. പ്രദേശവാസികൾ കുറവായതിനാൽ ജോലി വളരെ കുറവാണ്. ബോറഡിച്ച് ഒരു പരുവം ആകും. ആശുപത്രി എന്ന പേരേ ഉള്ളു. ലാബറട്ടറി പോലും ഇല്ല. കുറഞ്ഞത് 3 വർഷം എങ്കിലും ആവാതെ ട്രാൻസ്ഫറിന് അപേക്ഷ സ്വീകരിക്ക പോലും ഇല്ല.

ജോയിനിംഗ് ടൈം നീട്ടി കിട്ടാൻ അപേക്ഷ സമർപ്പിച്ച് പഠിത്തത്തിലേക്ക് ശ്രദ്ധ തിരിച്ചു. 2 മാസം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പേ തന്നെ അവിടെ മറ്റൊരാളെ പോസ്റ്റ് ചെയ്തു എന്നറിഞ്ഞപ്പോൾ സന്തോഷിച്ചു. പരീക്ഷ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുമ്പോൾ റീപോസ്റ്റിംഗ് കിട്ടിയത് തത്തുല്യമായ മറ്റൊരു പ്രളയമേഘലയിലെ മറ്റൊരു റൂറൽ ഡിസ്പൻസറിയിൽ. സൗകര്യങ്ങളൊക്കെ തധൈവ തന്നെ.

ജോയിൻ ചെയ്യണോ പ്രൈവറ്റിൽ കേറണോ? വലിയ ആശുപത്രിയിൽ കേറാമെന്നു വച്ചാൽ ജീവിക്കാനുള്ള വക കഷ്ടി കിട്ടിയാലായി. ചെറുതിൽ കേറാമെന്നു വച്ചാൽ നല്ല ശമ്പളവും ഫ്രീ ക്വോർട്ടേഴ്സും ഫുഡ്ഡും കിട്ടും. പക്ഷെ പിടിപ്പത് പണിയാണ്. സൂപ്പർവൈസ് ചെയ്യാൻ സീനിയർ ഉണ്ടാവില്ല. എന്ത് ചെയ്യും?

തീരുമാനമെടുക്കാൻ സഹായിച്ചത് സ്കൂൾ ടീച്ചറായ അമ്മയാണ്. എവിടാണേലും ജോലി ചെയ്യാതെ ജീവിക്കാനാവില്ല. സർക്കാർ സർവ്വീസാണേൽ ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാവും. പക്ഷെ 55 വയസ്സിനു ശേഷം വയ്യാതായാൽ കൂടി ആരുടെയും മുന്നിൽ പോയി കൈ നീട്ടാതെ പെൻഷൻ കൊണ്ട് ജീവിച്ചു പോകാം. ഇന്നത്തെ ആരോഗ്യം അന്നുണ്ടാവുമെന്ന് എന്താ ഇത്ര ഉറപ്പ്? ഇപ്പോഴത്തെ സ്റ്റേഷൻ മോശമാണെങ്കിലെന്താ. 3 വർഷം കഴിഞ്ഞാൽ ട്രാൻസ്ഥറിന് അപേക്ഷിക്കാമല്ലോ.

അതിരാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി എത്തിയപ്പോഴേക്കും പ്രാതൽ ഒരുക്കിവച്ചിരിക്കുന്നു. അത് വേഗം കഴിച്ച് അച്ഛനെയും അമ്മയേയും തൊഴുതു വണങ്ങി ഇറങ്ങാൻ നേരം വഴിച്ചെലവിനുള്ള കാശ് അച്ഛൻ കയ്യിൽ വച്ചു തന്നു.

"പോകുന്ന വഴി ഗണപതി കോവിലിൽ കേറി പ്രാർത്ഥിക്കണം. നല്ലതേ വരൂ" അമ്മയാണ്. ഒരു സഞ്ചി ഏല്പിച്ചു. ഗണപതിയ്ക്കുള്ള തേങ്ങയാണ്.

സമസ്താപരാധങ്ങളും പൊറുക്കണേ എന്നപേക്ഷിച്ച് ഏത്തമിട്ട് തേങ്ങ ഉടച്ച് ബസ് സ്റ്റാന്റിൽ എത്തുമ്പോൾ നേരം വെളുത്തു തടങ്ങിയിരിക്കുന്നു.

ബസ്സിൽ കയറിയിരുന്ന് കാറ്റ് മുഖത്തടിച്ചപ്പോൾ അറിയാതെ ഒന്നു മയങ്ങിപ്പോയി. പോകുന്ന വഴിക്കുള്ള കടത്ത് കടവിൽ എത്തിയതും കണ്ടക്ടർ തട്ടി ഉണർത്തി. നേരം പളപളാ വെളുത്തിരുന്നു. പുറപ്പെടുമ്പോൾ യാത്രക്കാർ കുറവായിരുന്നെങ്കിലും ഇപ്പോൾ ബസ്സ് ഫുൾ ആയിരുന്നു. ഇറങ്ങി.

എപ്പഴാ ഇനി ഫെറി ഇക്കരെ എത്തുക? അക്കരെ ഒരു ബസ്സ് വന്നു കിടക്കുന്നത് ഇക്കരേന്ന് കാണാം. ഫെറി നിറച്ചും വാഹനങ്ങളുമായി അക്കരെ അടുപ്പിക്കുന്നതേയുള്ളു. മിക്ക യാത്രക്കാരും ചെറുവള്ളത്തിൽ കേറി അക്കരേക്ക് പോകുന്നുണ്ട്.

"വരുന്നില്ലേ? കടത്തു വള്ളം അക്കരെ എത്തുന്നതു വരെയേ ബസ്സുകാര് കാക്കൂ" കടത്തുവഞ്ചിക്കാരൻ.

ഇല്ലെന്ന് തല കുലുക്കി. പേടി ആയിട്ടാ. കടത്തുവള്ളത്തിൽ കേറി ശീലമില്ല. ഫെറി വരട്ടെ. ഒരു ചൂട് ചായയുടെ കുറവുണ്ട്. ഇക്കരെ ആണെങ്കിൽ ഒരു ചായക്കടയും ഉണ്ട്.

ചായക്കടയുടെ മുമ്പിൽ നിരത്തിയിട്ടിരുന്ന ഒരു ബഞ്ചിൽ കയറിയിരുന്നു. കടിയൊന്നുമില്ല. ചായ മാത്രമേ ഉള്ളു.

കടുപ്പത്തിലുള്ള ചൂട് ചായ ഊതിയാറ്റി മുത്തിക്കുടിച്ചു തീരുമ്പോഴേക്കും ഫെറി ഇക്കരെയെത്തി.

രണ്ട് വലിയ വള്ളങ്ങളുടെ മുകളിൽ പലക കൊണ്ട് പ്ലാറ്റ്ഫോം കെട്ടി നാല് പേർ ഒരുമിച്ച് നിന്ന് ഊന്നിയും തുഴഞ്ഞുമാണ് നാല് വാഹനങ്ങൾ അക്കരേയ്ക്ക് എത്തിക്കുന്നത്. പ്ലാറ്റ്ഫോർമിലേക്ക് വണ്ടി കേറ്റാൻ വീലിന്റെ വീതിക്ക് രണ്ട് റാമ്പ് മാത്രമേയുള്ളു. ശ്രദ്ധിച്ച് കേറ്റിയില്ലേൽ വണ്ടി കായലിൽ പോകും. നല്ല ഒഴുക്കുള്ള സമയത്ത് ഫെറി സ്റ്റെഡിയായി നിർത്തുന്നത് ശ്രമകരമാണ്. വാഹനങ്ങൾ കയറ്റിക്കഴിഞ്ഞേ യാത്രക്കാരെ കേറ്റൂ.

അക്കരെ എത്തിയപ്പോഴേക്കും അവിടെ കിടന്ന ബസ്സ് പോയിരന്നു. അടുത്ത ബസ്സ് വരാൻ അര മണിക്കൂർ വൈകും. കാത്തിരിക്കുക തന്നെ.

ബസ്സ് കാത്ത് നിൽക്കുന്നവർ നിത്യ യാത്രക്കാരാണെന്ന് അവരുടെ കുശലം പറച്ചിലിൽ നിന്നും മനസ്സിലാക്കാം. വരാനിരിക്കുന്ന പാലത്തിനെ ചുറ്റിപ്പറ്റിയാണ് ചർച്ച.

ബസ്സിൽ കയറി ഡിസ്പൻസറിയുടെ അടുത്ത് ഇറങ്ങുമ്പോൾ മണി 8 ആകുന്നതേയുള്ളു. തുറന്നിട്ടില്ല. ഒരു സ്ത്രീ മുറ്റം അടിച്ചു വാരുന്നുണ്ട്. അടുത്ത വീട്ടിലെ സ്ത്രീയാണെന്നു തോന്നുന്നു.

പുതിയ ആളെ കണ്ടപ്പോൾ അവർ ചൂല് താഴെയിട്ട് ഓടി അടുത്തു വന്നു.

"പുതിയ ഡോക്ടറാണോ?"

അതേന്ന് തല കുലുക്കി.

"സിസ്റ്റർ പറഞ്ഞിരുന്നു. അവരൊക്കെ ഒരു പത്തു മണിയെങ്കിലും ആവും എത്താൻ."

എന്ത് ചെയ്യും?

പരിഹാരവും അവർ തന്നെ പറഞ്ഞു.

"ക്ഷേത്രത്തിലെ തിരുമേനി ഇവിടെ അടുത്താണ് താമസം. അവിടെ ഇരിക്കാം. നല്ല കൂട്ടരാണ്. സിസ്റ്റർ വരുമ്പോൾ വന്നു പറയാം"

വഴിയോരത്തെ തോടിന്നക്കരെ ഒരു ചെറിയ വീട്. തോടിനു കുറുകെ ഇട്ടിരിക്കുന്ന തെങ്ങിൻ ഉരുള് കടന്നു വേണം വീട്ടിലെത്താൻ. ചുറ്റും പറമ്പ് നിറയെ വാഴയാണ്. ചിലത് കുലച്ച് ചാഞ്ഞ് നിൽക്കുന്നു. പത്തറുപത് വയസ്സ് തോന്നിക്കുന്ന ഒരാൾ വാഴച്ചുവട്ടിൽ വെള്ളം ഒഴിക്കുന്ന തിരക്കിലാണ്. പരിചയമില്ലാത്ത ആളെ കണ്ട് ആംഗ്യം കാട്ടി.

"പുതിയ ഡോക്ടർ ആണല്ലേ? സിസ്റ്റർ പറഞ്ഞിരുന്നു. സൂക്ഷിച്ച് കയറി വന്നോളു."

ശീലമില്ലാത്തതാണെങ്കിലും ഒരു കണക്കിന് അക്കരെ വിടിന്റെ മിറ്റത്തെത്തി.

"അകത്തേക്കിരിക്കാം"

അവിടിവിടെ ഭിത്തിയിൽ വിള്ളലുള്ള പഴയ ഒരു ഓടിട്ട വീട്. നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. "ഷൂസ് അഴിക്കണോംന്നില്ല". ഇല്ല. അത് ശരിയാവില്ല. ഷൂസ് ഊരി പുറത്ത് വച്ച് കയറിയിരുന്നു.

തിരുമേനി അകത്തേക്ക് പോയി അല്പം കഴിഞ്ഞ് ചൂട് കാപ്പിയുമായി വന്നു.

"ഇവിടെ കാപ്പിയാണ് പതിവ്. വിരോധമില്ലല്ലോ. അല്ലേ"

കാപ്പി കുടിക്കുന്നതിന്നിടയിൽ വിവരങ്ങൾ തിരക്കുന്നുണ്ടായിരുന്നു. ഭാര്യയെ പരിചയപ്പെടുത്തി. ഇവർ കൂടാതെ വീട്ടിൽ മകൻ കൂടിയുണ്ട്. ബിരുദാനന്തര ബിരുദധാരി ആയിട്ട് വർഷം കുറെ ആയി. ഇതുവരെ ജോലി ഒന്നും ആയിട്ടില്ല. വീട്ടിലുള്ളപ്പോൾ അമ്പലത്തിന്റെ നടത്തിപ്പിൽ അച്ഛനെ സഹായിക്കും. മിക്കപ്പോഴും ഒരു ജോലി അന്വേഷിച്ചുള്ള കറക്കമാണ്. വാഴകൃഷിയും പറമ്പിൽ നിന്നും കിട്ടുന്നതും കൊണ്ട് കഷ്ടിച്ച് കഴിഞ്ഞുകൂടുന്നു. ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന വരുമാനം അതിന്റെ നടത്തിപ്പിനുപോലും തികയില്ല. കുടുംബക്ഷേത്രം നശിച്ചു പോകരുതല്ലോ എന്ന് കരുതി പൂജകൾ മുടക്കുന്നില്ല.

ഡിസ്പൻസറിയിൽ നിന്നും വിളിക്കാൻ ആള് വന്നു.

"ഉച്ച ഭക്ഷണം എങ്ങനെയാ?" ഇറങ്ങാൻ നേരം തിരുമേനി തിരക്കി. തീരുമാനിച്ചിട്ടില്ലെന്നു പറയുമ്പോൾ ദയനീയ ഭാവത്തിൽ തിരുമേനി പറഞ്ഞു "വിരോധമില്ലെങ്കിൽ ഇവിടെ ഉണ്ടാക്കി ഡിസ്പെൻസറിയിൽ എത്തിക്കാം. ഒരു ചോറ്റു പാത്രം മാത്രം ഇവിടെ ഏല്പിച്ചാൽ മതി."

ഒന്നാലോചിച്ചിട്ട് "സസ്യഭക്ഷണം ആണേലും ഡോകടറിന് സൗകര്യമാവും. ഞങ്ങൾക്ക് ഒരു സഹായവും ആവും"

ചാർജ്ജെടുക്കുമ്പോൾ തിരുമേനിയുടെ മുഖം ആയിരുന്നു ഓർമ്മയിൽ.

ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്. ഉണ്ടവന് പായ കിട്ടാഞ്ഞിട്ട്.

ഒരു ജോലി ഉള്ളതിന്റെ വില മനസ്സിലാക്കിത്തരാൻ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയ ആ ഒരു മനുഷ്യൻ വേണ്ടിവന്നു.

No comments:

Post a Comment