Pages

Sunday, April 24, 2016

എനിക്കും ഒരു അമ്മുമ്മ ഉണ്ടായിരുന്നു



നേരം വെളുക്കുന്നതിനു വളരെ മുന്‍പു തന്നെ ലക്ഷ്മിക്കുട്ടിഅമ്മ എഴുന്നേല്‍ക്കുന്നതോടു കൂടി ആരോഗ്യസൗധം ഉണരുകയായി. കൂട്ടത്തില്‍ പങ്കജാക്ഷി അക്കയും ഉണര്‍ന്നിരിക്കും. പ്രഭാതകര്‍മ്മങ്ങള്‍ തീര്‍ത്തു വിളക്കുകത്തിച്ചു പ്രാര്‍ത്ഥന തുടങ്ങുന്നതോടുകൂടി അമ്മുമ്മയുടെ ദിവസം ആരംഭിക്കുകയായി.

വലിയ ഊണുമുറിയുടെ ഒഴിഞ്ഞ കിഴക്കുതെക്കേ മൂലയിലായി അമ്മുമ്മ തന്റെ ദൈവങ്ങളെയെല്ലാം കുടിയിരുത്തിട്ടുണ്ടു്. വശങ്ങളില്‍ ചില്ലിട്ട കൂടിന്റെ കിളിവാതില്‍ തുറന്നു അകം വൃത്തിയാക്കുകയാണു ആദ്യത്തെ കര്‍മ്മം. ചന്ദനത്തിരിയും ചെറിയ വിളക്കും കത്തിച്ചു വയ്ക്കും. അതിനു മുന്നിലായി പീഠത്തില്‍ വച്ചിരിക്കുന്ന വിളക്കു വിശേഷദിവസങ്ങളില്‍ മാത്രമാണു കത്തിക്കാറു്. ദൈവക്കൂടിനു മുന്നിലായി ഒന്നു രണ്ടു പുല്‍പ്പായ വിരിച്ചിട്ടു പടിഞ്ഞോട്ടു ദര്‍ശനമായാണു പ്രാര്‍ത്ഥന. പ്രാര്‍ത്ഥന തുടങ്ങുന്നതു പലപ്പോഴു ഒറ്റയ്ക്കാണെങ്കിലും അതു കേട്ടുണരുന്ന ക്രമത്തില്‍ പെണ്‍മക്കള്‍ ഓരോരുത്തരായി കയ്യും കാലും മുഖവും കഴുകി അമ്മുമ്മയോടൊപ്പം കൂടും.

പ്രാര്‍ത്ഥന കഴിയുമ്പോഴേക്കും നേരം വെളുത്തിട്ടുണ്ടാവും. പുറത്തെ പങ്കജാക്ഷിഅക്കയുടെ മുറ്റമടി ശരിക്കു നടക്കുന്നുണ്ടോ എന്നുറപ്പു വരുത്തിയതിനു ശേഷം അമ്മൂമ്മ അടുക്കളയിലേക്കു പ്രവേശിക്കുകയായി. അടുക്കളയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം പങ്കജാക്ഷി അക്കയ്ക്കാണു്. എന്നാലും അന്നന്നത്തെ വിഭവം തീരുമാനിക്കുന്നതു അമ്മൂമ്മ തന്നെ. കുളിച്ചു വൃത്തിയായി ആദ്യം ഭക്ഷണം കഴിക്കാന്‍ എത്തുന്നതു അപ്പൂപ്പന്‍. ബെഡ് കാഫി എന്നൊരു സമ്പ്രദായം അന്നില്ല. പല്ലു തേച്ചു കുളിച്ചു വൃത്തിയാകാതെ ഒരൊറ്റ കുഞ്ഞിനും അടുക്കളയിലേക്കു പ്രവേശനമോ ഭക്ഷണമോ ഇല്ല.

മാസത്തില്‍ ഒരിക്കല്‍ മുടിവെട്ടാന്‍ കേശവന്‍ ബാര്‍ബര്‍ വരുന്ന ദിവസം ഓരോരുത്തരായി മുടി വെട്ടിക്കഴിഞ്ഞാല്‍ അടുക്കളയുടെ മറു വശം തെക്കെതിണ്ണ വഴി മാത്രമേ കുളിമുറിയിലേക്കു പോകുവാന്‍ പാടുള്ളു. കുളി കഴിഞ്ഞാല്‍ മാത്രമേ വീടിനകത്തു പ്രവേശനം അനുവദിക്കൂ. അടുക്കളയില്‍ കേറുന്ന കാര്യം പറയുകയേ വേണ്ട. ഭക്ഷണത്തില്‍ മുടിക്കഷണം വീണാലോ.

വീട്ടിലെ ഓരോ അംഗങ്ങളും അവരവരുടെ കര്‍മ്മങ്ങള്‍ക്കായി വീട്ടില്‍ നിന്നും പോയിക്കഴിഞ്ഞാലും അമ്മൂമ്മയ്ക്കു പണി തന്നെ. തേങ്ങ ചിരണ്ടുന്ന അക്കയുടെ അരികില്‍ ഇരുന്നു പുരാണം പറഞ്ഞുകൊണ്ടു പച്ചക്കറി അരിയുക ഉള്ളി പൊളിക്കുക തുടങ്ങിയ ചില്ലറ പണികള്‍. തേങ്ങാപ്പീരയും വെള്ളവും ഞങ്ങള്‍ കുട്ടികള്‍ക്കു തരുമെങ്കിലും കൂടുതല്‍ തിന്നാല്‍ കല്യാണത്തിനു മഴ പെയ്യും എന്നു പറയും, പേടിപ്പിക്കാന്‍. ഇടയ്ക്കൊക്കെ മരുന്നു പുരയിലെ പണികളിലും അമ്മുമ്മുയുടെ സഹായഹസ്തം എത്തും. ഗുളിക ഉരുട്ടി മുറത്തിലാക്കി വെള്ളത്തുണിയിട്ടു മൂടി ഉണങ്ങാനായി വെയിലത്തു കൊരുണ്ടിപ്പുറത്തു വച്ചു് കാക്കയെ അകറ്റിനിര്‍ത്താന്‍ ഈര്‍ക്കിലിക്കമ്പില്‍ മുളകു കുത്തി വയ്ക്കും. ഇടയ്ക്കൊക്കെ സഹായത്തിനായി ഞങ്ങള്‍ കുട്ടികള്‍ ചെന്നാല്‍ ജോലിയില്‍ പങ്കെടുക്കാന്‍ സമ്മതിക്കില്ല.

അപ്പുപ്പനോടോപ്പം കഞ്ഞി കുടിക്കുമ്പോള്‍ മേശപ്പുറത്താണു എന്റെ ഇരിപ്പെങ്കിലും മറ്റു ഭക്ഷം കഴിക്കുമ്പോള്‍ ബെഞ്ചില്‍ തന്നെ ഇരിക്കണം എന്നു അമ്മുമ്മയ്ക്കു നിര്‍ബന്ധമാണു്. ഓരോ ഭക്ഷണത്തിനും മുന്നേ കൈകാല്‍ കഴുകുകയും വേണം. കഴിക്കാന്‍ സാധിക്കുന്നതിനും കൂടുതല്‍ ഭക്ഷണം പാത്രത്തില്‍ ഉണ്ടെങ്കില്‍ കഴിച്ചു തുടങ്ങുന്നതിനു മുന്‍പു തന്നെ കൂടുതലായിട്ടുള്ളതു മാറ്റിത്തരാന്‍ അക്ക അടുത്തുണ്ടാവും. കഴിച്ചു തുടങ്ങിയതിനു ശേഷമേ അക്ക അടുക്കളയിലേക്കു പോവുകയുള്ളു. ഒരു തുള്ളി ഭക്ഷണം പോലും മേശപ്പുറത്തോ നിലത്തോ വീഴാതെ കഴിക്കേണ്ടതു കഴിക്കുന്ന ആളിന്റെ ഉത്തരവാദിത്തം ആണു്. എച്ചില്‍ ബാക്കി വയ്ക്കാതെ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ മേശപ്പുറത്തു ഒരു ഇറ്റു പോലും വീണിട്ടില്ല എന്നു അമ്മുമ്മയെ ബോദ്ധ്യപ്പെടുത്തിയതിനു ശേഷമേ കൈ കഴുകുവാന്‍ എഴുന്നേല്‍ക്കാന്‍ പാടുള്ളു. അതു കാണുമ്പോള്‍ അമ്മുമ്മയുടെ മുഖത്തു മിന്നി മായുന്ന പുഞ്ചിരി ഭക്ഷണം കഴിച്ചെഴുന്നേല്‍ക്കുമ്പോള്‍ ഇന്നും എന്റെ മനസ്സില്‍ തെളിയും.

ഉച്ച ഊണു കഴിഞ്ഞാല്‍ എല്ലാവര്‍ക്കും അല്പം ഉറക്കം പതിവാണു്. പാപ്പിയുടെ കടയില്‍ പരിപ്പുവട കാലമാകുമ്പോള്‍ വയ്ക്കുന്ന തമിഴിലെ റേഡിയോഗാനങ്ങള്‍ കേട്ടാവും ഉറക്കത്തില്‍ നിന്നും ഉണരുന്നതു്. അപ്പോഴേക്കും സ്ക്കൂളില്‍ പോയ മക്കള്‍ തിരികെ എത്തും. എല്ലാവരും ചേര്‍ന്നു അന്നത്തെ വിശേഷങ്ങള്‍ പങ്കിടുകയായി.

കിഴക്കെ മുറ്റത്തെ വാഴയില്‍ നിന്നു നാരും മുറ്റത്തെ ചെടികളില്‍ നിന്നും തുളസി ഇലയും പറിച്ചു പിച്ചളക്കിണ്ണത്തില്‍ കൂട്ടി വെള്ളം തളിച്ചു വയ്ക്കും. അമ്മുമ്മയും കുട്ടികളും ഒത്തൊരുമിച്ചു തുളസിമാല കോര്‍ത്തെടുത്തു തീരുമ്പോഴേക്കും സന്ധ്യാനാമജപത്തിനുള്ള സമയം ആയി. കയ്യും കാലും മുഖവും കഴുകി എല്ലാവരും ഒരുമിച്ചു പ്രാര്‍ത്ഥിക്കാന്‍ ഇരിക്കും. തുളസിമാല അണിഞ്ഞ ഇഷ്ടദൈവങ്ങളെ കാണാന്‍ പ്രത്യേക ഒരഴകാണു്. സ്ത്രീ അംഗങ്ങളും കുട്ടികളും സജീവമായി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമെങ്കിലും ആണുങ്ങള്‍ വന്നു തൊഴുതിട്ടു പോകും. ഒരു മണ്‍ചട്ടിയില്‍ ഉമിയിട്ടു അതിനു മീതെ ചിരട്ടക്കനന്‍ പാകി അതില്‍ കുന്തിരിക്കം തൂകി നടുക്കത്തെ മുറിയില്‍ വയ്ക്കുന്ന കാര്യത്തില്‍ അക്ക മുടക്കം വരുത്താറില്ല.

കുഞ്ഞമ്മമാരും ചിറ്റപ്പന്‍മാരും പഠന കാര്യങ്ങള്‍ക്കായി നീങ്ങിയാലും ഇടയ്ക്കു വന്നു ഭക്ഷണം കഴിച്ചിട്ടു പഠനം തുടരും. പഠിക്കാനായി ഓരോരുത്തര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളും പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേകം മേശകളും ഉണ്ടായിരുന്നു.

വാതുക്കലെ ചാരിയ അരവാതിലില്‍ ചേര്‍ന്നു നിന്നു വൈദ്യശാലയില്‍ നിന്നും തിരിച്ചെത്തുന്ന അപ്പൂപ്പനെ കാത്തിരിപ്പാണു അമ്മുമ്മയുടെ ദിനചര്യയിലെ അവസാനത്തെ ഇനം. വീട്ടിലെ വിശേഷങ്ങള്‍ അമ്മുമ്മയും പുറത്തെ വിശേഷങ്ങള്‍ അപ്പൂപ്പനും പരസ്പരം പങ്കിട്ടു കഴിഞ്ഞാണു അപ്പൂപ്പന്‍ അത്താഴം കഴിക്കാറു്.

തെങ്ങുകയറ്റം കഴിഞ്ഞുള്ള ഞായറാഴ്ചകളില്‍ മാളികയുടെ വടക്കെ തിണ്ണയില്‍ സ്ത്രീജനങ്ങളും കുട്ടികളും കൂടും. ബന്ധുജനങ്ങള്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവരും പങ്കെടുക്കും. ധാരാളം പച്ച മടല്‍ കൊണ്ടു വടക്കെ ഇടനാഴി നിറഞ്ഞിരിക്കും. നാട്ടുവിശേഷങ്ങള്‍ കൈമാറുന്നതിനിടയില്‍ ചൂലുണ്ടാക്കുന്ന പ്രവര്‍ത്തിയില്‍ കൈകള്‍ ഏര്‍പ്പെടും. മടലില്‍ നിന്നും ഓല വേര്‍പെടുത്തിയെടുക്കുന്ന പണി ചിറ്റപ്പന്‍മാരുടേതാണെങ്കിലും അതു കഴിഞ്ഞാല്‍ അവര്‍ സ്ഥലം വിടും. പച്ച ഈര്‍ക്കിലി വേര്‍പെടുത്തിയെടുത്തതില്‍ നല്ല നീളമുള്ളവ ചൂലിനും കുറ‍ഞ്ഞവ നാക്കു വടിക്കാനായും പ്രത്യേകം വേര്‍തിരിച്ചു കെട്ടി വയ്ക്കും. ബാക്കി വരുന്ന ഓലയിലയില്‍ നല്ലതുപയോഗിച്ചു കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഉത്സാഹം കാണിച്ചിരുന്നതു സുലഭചേച്ചിയും രാധമ്മചേച്ചിയും ആയിരുന്നു. ഓലപ്പാമ്പ് ഓലപ്പന്ത് ഓലവാച്ച് ഓലക്കിരീടം ഓലക്കുട്ട എന്നിവയയായിരുന്ന ഇവയില്‍ പ്രധാനം.

ഓലയുടെ കാര്യം പറഞ്ഞപ്പോഴാണു പ്ലാവിലയുടെ കാര്യം ഓര്‍മ്മ വന്നതു്. പനി പിടിച്ചു കിടക്കുന്ന അവസരങ്ങളില്‍ പൊടിയരിക്കഞ്ഞി കോരിക്കുടിക്കുവാന്‍ പ്ലാവിലക്കരണ്ടി ഉപയോഗിക്കുന്നതില്‍ അപ്പൂപ്പന്‍ നിഷ്കര്‍ഷിച്ചിരുന്നു. കഞ്ഞിക്കതു ഒരു പ്രത്യേക രുചി തന്നെ നല്‍കിയിരുന്നതിനാല്‍ അതൊരു കുറച്ചിലായി അന്നൊന്നും ആരും കരുതിയിരുന്നില്ല.

കൊയ്തു കഴിഞ്ഞാല്‍ മാളികമുറ്റം മൊത്തം കറ്റക്കൂമ്പാരങ്ങള്‍ കൊണ്ടു നിറയും. മെതിയ്ക്കാനായി കിഴക്കേ തിണ്ണ മൊത്തം മുളങ്കമ്പു കെട്ടി അതില്‍ പിടിച്ചു നിന്നാണു പാടത്തെ പണിക്കാര്‍ കറ്റ മെതിയ്ക്കുന്നതു്. അമ്മുമ്മയുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്കു മെതിയ്ക്കാന്‍ ചെറിയ കറ്റ ഇട്ടുതരും. മെതിയ്ക്കല്‍ കഴിഞ്ഞാല്‍ പണിക്കാര്‍ക്കുള്ള നെല്ലു അളന്നു കഴിഞ്ഞു മിച്ചം വരുന്നതു പത്തായത്തില്‍ നിറയ്ക്കും. പിന്നെ നെല്ലു പുഴുങ്ങലായി, ഉണക്കലായി, കുത്തലായി, പേറ്റലായി. ഉമി കിട്ടുന്നതു ഇരുമ്പടുപ്പില്‍ ഇട്ടു കത്തിക്കാന്‍ ഉപയോഗിക്കും. അരി കുത്തി അരിച്ചു കിട്ടുന്ന തവിടു കോഴിക്കും പശുക്കള്‍ക്കും കൊടുക്കും. സ്വന്തം പാടത്തില്‍ നിന്നും കിട്ടുന്ന അരി വേവിച്ചു കിട്ടുന്ന ചോറിനു എന്തു സ്വാദായിരുന്നു. എല്ലാ പണികളുടെയും മേല്‍നോട്ടവും പണിക്കാര്‍ക്കു ഭക്ഷണം നല്‍കുന്നതും എല്ലാം ഉത്തരാവാദിത്വത്തോടും സന്തോഷത്തോടും അമ്മുമ്മ നിര്‍വ്വഹിക്കും. മറ്റുള്ളവര്‍ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതു കാണുന്നതിലായിരുന്നു അമ്മുമ്മയ്ക്കെന്നും സന്തോഷം.

കൂടുതല്‍ വിവരങ്ങള്‍

സ്വന്തക്കാരും ബന്ധുക്കാരും ആയ എല്ലാവരുമായി നല്ലൊരു ബന്ധം നിലനിര്‍ത്തിപ്പോയിരുന്നു. കുടുംബാംഗങ്ങള്‍ കൂടാതെ അരെങ്കിലുമൊക്കെ ബന്ധുജനങ്ങള്‍ എല്ലായ്പോഴും മാളികയില്‍ ഉണ്ടാകുമായിരുന്നു. കടക്കരപ്പള്ളിയിലെ അമ്മുമ്മയുടെ സഹോദരിമാരും മക്കളും നിത്യ സന്ദര്‍ശകരായിരുന്നു. ആലപ്പുഴയിലെ കോളേജുകളില്‍ പഠിക്കാനായി എത്തുന്ന ചേര്‍ത്തലക്കാര്‍ ആരായാലും മാളികയില്‍ താമസിച്ചായിരുന്നു പഠനത്തിനു പോയിരുന്നതു്. ആത്മീയ കാര്യങ്ങളില്‍ ഉപദേഷ്ടാവായി രാമസ്വാമി ആയിരുന്നു മറ്റൊരു നിത്യസന്ദര്‍ശകന്‍. അപ്പൂപ്പന്റെ സഹോദരി സഹോദരന്മാര്‍ എല്ലാം ആലപ്പുഴയില്‍ തന്നെ ആയിരുന്നെങ്കിലും മിക്കപ്പോഴും മാളികയില്‍ വരുമായിരുന്നു.

കുശുമ്പും കുന്നായ്മയും വഞ്ചനയും പഠിപ്പിക്കുന്ന സീരിയല്‍ കണ്ടൊരിടത്തു കുത്തിയിരുത്താന്‍ കേബിള്‍ ടി വി ഇല്ല. കണ്‍മുന്നിലെ ബന്ധുവുമായി സംവാദിക്കാതെ അകലത്തെ മിത്രവുമായി പരദൂഷണം പറയാന്‍ മൊബൈല്‍ ഫോണ്‍ ഇല്ല. ചിരപരിചിതരുമായി ഇടപഴകാതെ അടഞ്ഞ മുറിയുടെ നാലു ചുവരുകളുടെ സുരക്ഷയില്‍ ഏതോ രാജ്യത്തെ ഏതോ പ്രച്ഛന്നവേഷധാരിയുമായി സ്വയം മുഖംമൂടി അണിഞ്ഞു ആത്മരഹസ്യങ്ങള്‍ പങ്കിടാനും ജീവിതത്തില്‍ ഒരിക്കലും പരിചയം ഇല്ലാത്ത പ്രഗത്ഭ വ്യക്തികളെ ചേതോവധം ചെയ്യാനും ഇന്റര്‍നെറ്റിലെ സാമൂഹ്യമാദ്ധ്യമങ്ങള്‍ ഇല്ല. ശരീരവ്യായാമം നല്‍കുന്ന ഉഴുന്നാട്ടല്‍ അരക്കല്‍ എന്നിവയില്‍ നിന്നും മുക്തിനല്‍കാന്‍ ഗ്രൈന്റര്‍ മിക്സി ഇല്ല. ഭക്ഷണം വേഗം കാലമാക്കാന്‍ പ്രഷര്‍കുക്കര്‍ ഇല്ല. കരിക്കലം കഴുകുന്ന ജോലിയില്‍ നിന്നും മോചനം നല്‍കാന്‍ ഗ്യാസ്‌കുക്കര്‍ ഇല്ല. വിഴുപ്പില്‍ തൊടാതെ തുണി അലക്കാന്‍ വാഷിംഗ് മെഷീന്‍ ഇല്ല. എന്നിട്ടും പരസ്പരബഹുനത്തോടും സ്നേഹത്തോടും കൂടി മനുഷ്യര്‍ ജീവിതം കഴിച്ചുകൂട്ടാന്‍ ധാരാളം സമയം കണ്ടെത്തിയിരുന്നൊരു കാലം.

1956-ല്‍ അപ്പൂപ്പന്‍ മരിച്ചതിനു ശേഷം മക്കളുടെ ആശ്രയത്തിലാണു അമ്മുമ്മയുടെ ജീവിതം. 1957-ല്‍ പെണ്‍മക്കളില്‍ മൂത്ത ആളിന്റെ വിവാഹം കഴിഞ്ഞു. അതിനു തൊട്ടു പുറകിലായി അടുത്തടുത്ത വര്‍ഷങ്ങളിലായി ആണ്‍മക്കളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ആളിന്റെ വിവാഹം നടന്നു. മൂത്ത മകന്‍ തോണ്ടന്‍കുളങ്ങരയിലേക്കു താമസം മാറിയപ്പോള്‍ മൂത്ത പേരക്കിടാങ്ങളുടെ പഠനം മഠം സ്ക്കൂളില്‍ നിന്നും തത്തമ്പള്ളി സ്ക്കൂളിലേക്കു മാറ്റി.

1959-ല്‍ പഠനത്തിനായി മൂത്ത രണ്ടു പേരക്കിടാങ്ങളെ തങ്കശ്ശേരി സ്ക്കൂളിലേക്കു മാറ്റിയതോടു കൂടി ആലപ്പുഴയിലെ എല്ലാ ബന്ധങ്ങള്‍ക്കും നിയന്ത്രണം വന്നു. അതിനു ശേഷം നടന്ന മറ്റു മക്കളുടെ കല്യാണങ്ങള്‍ക്കു ചിറ്റപ്പന്‍മാര്‍ ആരെങ്കിലും ബോര്‍ഡിംഗ് സ്ക്കൂളില്‍ വന്നു ഞങ്ങളെ ആലപ്പുഴയിലേക്കു കൊണ്ടു വരും. ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഉടന്‍ തിരിച്ച് ബോര്‍ഡിംഗില്‍ എത്തിക്കും.

ഇതിനിടയില്‍ കൂടെ ഉണ്ടായിരുന്ന മൂന്നു ആണ്‍മക്കള്‍ ഓരോരുത്തരായി മാളികയില്‍നിന്നും അടുത്തുള്ള ഓരോ വീടുകളിലേക്കു അണുകുടുംബങ്ങളായി താമസം മാറി. അവിവാഹിതനായ ഏറ്റവും ഇളയ ആള്‍ വിദേശത്തേക്കു പോവുകയും ചെയ്തപ്പോള്‍ അമ്മുമ്മ ഒറ്റയ്ക്കായി. കൂട്ടിനു ആകെ ഉള്ളതു പങ്കജാക്ഷി അക്ക മാത്രം.

പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മെഡിക്കല്‍ കോളേജിലെ പഠനത്തിനു വീണ്ടും ഞാന്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ അമ്മുമ്മയുടെ കൂടെ ആയിരുന്നു ആദ്യത്തെ ഒരു വര്‍ഷം. അമ്മുമ്മയുടെ പെണ്‍മക്കളെല്ലാവരുടേയും വിവാഹം കഴിഞ്ഞു ദൂരസ്ഥലങ്ങളില്‍ ആണു്. ആണ്‍മക്കളില്‍ ഏറ്റവും ഇളയ ആള്‍ വിദേശത്താണു്. മറ്റു മൂന്നു മക്കളും വെവ്വേറെ വീടുകളിലായി അടുത്തു തന്നെയാണു താമസം. ഒരു വലിയ വീടിനുള്ളില്‍ ഒറ്റയ്ക്കു താമസിക്കുന്ന അമ്മുമ്മയ്ക്കു ഇന്നു് പങ്കജാക്ഷി അക്ക മാത്രമാണു കൂട്ടിനുള്ളതു്. മക്കളുടെ കുട്ടികള്‍ വൈകുന്നേരങ്ങളില്‍ കളിക്കാനായി മാത്രമാണു മാളികയില്‍ വരുന്നതു്. അതിരാവിലെ എഴുന്നേറ്റുള്ള അമ്മുമ്മയുടെ പ്രാര്‍ത്ഥനയും പുരാണ പാരായണവും പഴയതു പോലെ തന്നെ തുടരുന്നു. പഠനം കഴിഞ്ഞു കിടക്കുന്നതു എത്ര വൈകിയാണെങ്കിലും അമ്മുമ്മ ഉണരുമ്പോള്‍ എന്നെയും വിളിച്ചുണര്‍ത്തും. അമ്മുമ്മയുടെ മൂത്ത മകനും കുടുംബവും മലബാറില്‍ നിന്നും കൊമ്മാടിയിലേക്കു താമസം മാറി എത്തി. അതോടെ മാളികയിലുള്ള എന്റെ താമസം മാറി. എങ്കിലും പലപ്പോഴും അമ്മൂമ്മയെ കാണാന്‍ വേണ്ടിത്തന്നെ എന്റെ സൈക്കിള്‍ മാളികയിലെ പന്തലില്‍ വച്ചിട്ടാണു കോളേജില്‍ പോയിരുന്നതു്.

ഇതിനിടയില്‍ ഏറ്റവും ഇളയ ആളിന്റെയും വിവാഹവും കഴിഞ്ഞു. അവര്‍ വിദേശത്തു പോയതോടുകൂടി അമ്മുമ്മ പിന്നെയും ഒറ്റയ്ക്കു തന്നെ.

അമ്മുമ്മയുടെ മെഡിക്കല്‍ ചെക്കപ്പ് മൂത്ത മകന്‍ നിര്‍വ്വഹിച്ചു പോന്നിരുന്നെങ്കിലും ഫൈനല്‍ വര്‍ഷം ആയപ്പോള്‍ മുതല്‍ ആ ഉത്തരവാദിത്തം മൂത്ത പേരക്കിടാവിലേക്കു കൈമാറ്റപ്പെട്ടു. അമ്മുമ്മയ്ക്കു് അതില്‍ വലിയ സന്തോഷം ആയിരുന്നു.

18 വര്‍ഷത്തെ വിധവജീവിതത്തില്‍ അമ്മുമ്മയ്ക്കു ധൈര്യം പകര്‍ന്നിരുന്നതു ഈശ്വരചിന്തയും ബന്ധുബലവും ആയിരുന്നു. പേരക്കിടാങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മൂത്ത ആളിന്റെ കല്യാണം കൂടുക എന്നതു അമ്മുമ്മയുടെ ഒരു വലിയ ആഗ്രഹമായിരുന്നു. ശാരീരിക അസുഖങ്ങള്‍ക്കു ഒന്നിനും വശംവദയാകാതെ അതുവരെ അമ്മുമ്മ പിടിച്ചു നിന്നു. ഫൈനല്‍ പരീക്ഷ കഴിഞ്ഞുള്ള ഇടവേളയില്‍ ഞാന്‍ സെക്കന്ത്രബാദിലേക്കു പോയി ചേച്ചിയുടെ അടുത്തു കുറച്ചു ദിവസം താമസിച്ചു. അവധി കഴിഞ്ഞു നാട്ടില്‍ എത്തിയിട്ടും അമ്മുമ്മയുടെ വിയോഗത്തെപ്പറ്റി വീട്ടില്‍ ആരും മിണ്ടിയില്ല. അമ്മുമ്മയെ കാണാനായി മാളികയില്‍ എത്തിയപ്പോള്‍ ആരെയും അവിടെ കണ്ടില്ല. തിരക്കി ദാസുകുട്ടി ചിറ്റപ്പന്റെ വീട്ടില്‍ ചെന്നപ്പോള്‍ അല്ലിച്ചേച്ചി പറഞ്ഞാണു അമ്മുമ്മ മരിച്ച കാര്യം ഞാന്‍ അറിയുന്നതു്. പരീക്ഷാഫലം കഴിഞ്ഞു അമ്മുമ്മയോടു പറയാന്‍ മനസ്സില്‍ കരുതി വച്ചിരുന്ന മോഹങ്ങള്‍ കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ അമ്മുമ്മ പോയിക്കഴിഞ്ഞിരുന്നു. വര്‍ഷം 1975.

അന്യരുടെ ദുഃഖം സ്വന്തം ദുഃഖം ആക്കി ആവാഹിച്ചെടുത്തു് അതിനേക്കാള്‍ വലിയ ആത്മദുഃഖം മറച്ചു വച്ചുകൊണ്ടു് അവര്‍ക്കു അമ്മുമ്മ നല്‍കിപ്പോന്ന ആ മാസ്മരിക പുഞ്ചിരി പെണ്‍മക്കള്‍ മുന്നു പേര്‍ക്കും പാരമ്പരാഗതമായി ലഭിച്ചു. അതു് ഏറ്റവും കൂടുതല്‍ പ്രായോഗികമായി ഉപയോഗിച്ചിരുന്നതു് അമ്മുമ്മയുടെ ഇളയ സന്തതി ആയിരുന്നു.

അമ്മുമ്മയുടെ വേര്‍പാടിനു ശേഷമുള്ള എന്റെ ജീവിതം പഴയതില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഗതിയില്‍ ആയിരിക്കുന്നുമെന്നു അന്നു ഞാന്‍ കരുതിയിരുന്നില്ല. ഐശ്വര്യദീപം അണഞ്ഞുപോയ ഒരു കെട്ടിടം മാത്രമായി ആരോഗ്യസൗധം അവശേഷിച്ചു.

No comments:

Post a Comment