കഥാപുരുഷന്‍ ഒരു മേജര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കാലം.
എന്നത്തേതും പോലത്തെ ഒരു ദിവസം.
ആശുപത്രിയില്‍ പോയി ഇന്‍പേഷ്യന്റായി കിടക്കുന്നവരെയെല്ലാം നോക്കി ഓപ്പിയിലേക്കു് പോകുമ്പോള്‍ സൂപ്രണ്ടിന്റെ ഒരു കുറിപ്പുമായു് ശിപായി തേടി വരുന്നു. ഒരു കേസ്സന്വേഷണത്തിനു് തെളിവു് നല്‍കാന്‍ ആര്‍ ഡി ഓ ഓഫീസ്സു് വരെ ഇന്നു തന്നെ പോകണം. ദൂരത്താണെങ്കിലെന്താ! ഓര്‍ഡറല്ലേ! പോകാതിരിക്കാന്‍ പറ്റുമോ? മുന്നില്‍ നില്‍ക്കുന്ന രോഗികളെ മുഴുവന്‍ ധൃതിയില്‍ നോക്കി തീര്‍ത്തിട്ടു് സൂപ്രണ്ടിന്റെ ഓര്‍ഡര്‍ അനുസരിക്കുന്നു. സ്വന്തമായു് വണ്ടിയില്ലാത്തതു് കൊണ്ടു് ബസ്സില്‍ ആണു് യാത്ര. പോകുമ്പോള്‍ ആശുപത്രിയില്‍ അസാധാരണമായു് ഒന്നും ഇല്ലല്ലോ എന്നതു് ഒരാശ്വാസം.
ആര്‍ ഡി ഓ യുടെ ആപ്പീസില്‍ ഹാജര്‍. അദ്ദേഹം വേറൊരു കേസ്സു് അന്വേഷിക്കാന്‍ ദൂരത്തൊരിടത്തു് പോയിരിക്കുന്നു.
"അദ്ദേഹം എപ്പോള്‍ തിരിച്ചെത്തും?"
"ഉച്ചയ്ക്കു് 3 മണിയ്ക്കു്. നിങ്ങള്‍ എന്തായാലും അദ്ദേഹത്തിനെ കണ്ടിട്ടു് പോയാല്‍ മതി"എന്നു് കിളിമൊഴി.
"ആട്ടെ." അല്ലാതെന്തു ചെയ്യാന്‍?
“വേണേല്‍ ഊണൊക്കെ കഴിച്ചു് ഒരു മൂന്നു മണിയാകുമ്പോള്‍ വന്നാല്‍ മതി”
സമയം 3 മണി.
"അദ്ദേഹം തിരക്കിലാണു്. വെയ്റ്റു്."
"ശരി."
എല്ലാം കഴിഞ്ഞു് ഹാജര്‍ സര്‍ട്ടിഫിക്കറ്റും വാങ്ങി തിരിച്ചു് പോരുമ്പോള്‍ മണി 5.
സര്‍ക്കാര്‍ ആഫീസുകള്‍ വിടുന്ന സമയം. നല്ല തിരിക്കു്. പരിചയമുള്ള ഡ്രൈവര്‍ ആയതു് കൊണ്ടു് ഡ്രൈവറുടെ ഡോര്‍ വഴി നുഴഞ്ഞു് കേറി ഒരു സീറ്റൊപ്പിച്ചു.
കണ്ടക്ടറും പിരിചയമുള്ള ആള്‍.
"സാറിനു് ഇന്നു് ആശുപത്രിയില്‍ പോകണ്ടാര്‍ന്നോ?” കുശലാന്വേഷണം.
“ഓണ്‍ ഡ്യൂട്ടി”.
ബസ്സിലെ തിരക്കു കാരണം വിശദീകരിക്കേണ്ടി വന്നില്ല.
തലേന്നത്തെ നൈറ്റു് കോള്‍. പിന്നെ യാത്ര. നല്ല ക്ഷീണം. ഉറങ്ങിപ്പോയതറിഞ്ഞില്ല.
ഈ സമയം ആശുപത്രിയില്‍ ഒരു നാടകം അരങ്ങേറുന്നുണ്ടായിരുന്നു. അറിഞ്ഞില്ല. എങ്ങിനെ അറിയാന്‍? ഇന്നത്തെ പോലെ അന്നു മൊബൈല്‍ ഫോണ്‍ ഒന്നും ഇല്ല.
സമയം 4 മണി.
ഒരു ആക്സിഡന്റു് ഉണ്ടാകുന്നു. മോട്ടോര്‍ ബൈക്കും മോട്ടോര്‍ ബൈക്കും തമ്മില്‍. ഇടപെടാനുള്ളവര്‍ എല്ലാം ഇടപെട്ടു് സന്ധി സംഭാഷണങ്ങള്‍ക്കു് ശേഷം കക്ഷിയെ ആശുപത്രിയില്‍ കൊണ്ടു വരുമ്പോള്‍ -
സമയം 5മണി.
ഡ്യൂട്ടി ഡോക്ടറും സര്‍ജ്ജനും കേസ്സു് കാണുന്നു. ഒരാള്‍ക്കു് കുഴപ്പമൊന്നുമില്ല. മറ്റേയാള്‍ക്കു് തോളെല്ലിനു് ഒരു ക്രാക്കു് ഉണ്ടോ എന്നു് സംശയം.
"വൂണ്ടു് സര്‍ട്ടിഫിക്കറ്റും പോലീസിന്റിമേഷനും തയ്യാറാക്കാം?”
“വേണ്ട. ചികിത്സ മതി”
(പരുക്കുള്ള ആളിനു് ഡ്രൈവിങ്ങു് ലൈസന്‍സ്സില്ല. മദ്യപിച്ചിട്ടുമുണ്ടു്)
"എക്സു്റേ എടുക്കാം"
സമയം 6 മണി.
എക്സു് റേ എടുക്കുന്നു.
“ചെറിയ ക്രാക്കുണ്ടല്ലോ”
“ആഹാ! എന്നാല്‍ കേസ്സാക്കണം”
വൂണ്ടു് സര്‍ട്ടിഫിക്കറ്റും പോലീസു് ഇന്റിമേഷനും എഴുതുന്നു. കക്ഷി മദ്യപിച്ചിരുന്ന കാര്യം അതില്‍ ഒളിച്ചു വെക്കുന്നില്ല.
"പരുക്കില്ലാത്തവനും സര്‍ട്ടിഫിക്കറ്റെഴുതണ്ടേ? എവിടെ കക്ഷി? ഇവിടെ വരാന്‍ പറ.”
“സാറേ. അയാള്‍ മുങ്ങി. ഏതോ പത്രത്തിന്റെ സ്വലേ ആണദ്ദേഹം. വിട്ടുകള.”
സമയം 7 മണി
“സാറേ അപ്പോ എന്റെ കാര്യം”
“അസ്ഥിക്കു് ഒടിവുണ്ടു്. അസ്ഥിഡോക്ടര്‍ വന്നാല്‍ ഉടന്‍ കാണിക്കാം. തല്‍ക്കാലം ഫസ്റ്റെയിഡു് ചെയ്തിട്ടുണ്ടു് ”
“എന്നെ ഏതെങ്കിലും പ്രൈവറ്റാശുപത്രിയിലേക്കു് വിട്ടേക്കു്.”
(ആത്മഗദം: മദ്യപിച്ച കാര്യം പ്രശ്നമാവില്ലേ! പ്രൈവറ്റാശുപത്രിയില്‍ ചെല്ലുമ്പോഴേക്കും മദ്യത്തിന്റെ മണം പോകുമായിരിക്കും. വേറെ വൂണ്ടു് സര്‍ട്ടിഫിക്കറ്റു് സംഘടിപ്പിക്കുകയും ആകാം)
സമയം 7:30
അസ്ഥി ഡോക്ടര്‍ സ്ഥലത്തെത്തുന്നു. പരിശോധിക്കുന്നു. വേണ്ടുന്ന ബ്രേസ്സും കാര്യങ്ങളും ചെയ്യുന്നു.
“സാറേ എന്നെ ഇവിടെ ചികിത്സിക്കണ്ട. എനിക്കു് നാട്ടിലേക്കു് പോകണം. ഞാന്‍ അവിടെ ആശുപത്രിയില്‍ ചികിത്സ ചെയ്തുകൊള്ളാം.”
“നിര്‍ബന്ധമാണെങ്കില്‍ പറഞ്ഞ കാര്യം എഴുതി വെച്ചിട്ടു് പോകാം”
“ശരി സര്‍”
പ്രശ്നം ഇവിടെ തീര്‍ന്നോ? ഇല്ല!
പിറ്റേന്നത്തെ പത്രത്തില്‍ വെണ്ടക്കാ വാര്‍ത്ത.
"അപകടത്തില്‍ പെട്ട രോഗിയ്ക്കു് സമയത്തിനു് ചികിത്സ കൊടുക്കാതെ റഫര്‍ ചെയ്തു "
പോരേ പൂരം. എന്‍ക്വയറി. ഒന്നാം പ്രതി സ്ഥലത്തില്ലാതിരുന്ന ഡോക്ടര്‍. രണ്ടാം പ്രതി ആദ്യം പരിശോധിച്ച ഡ്യൂട്ടി ഡോക്ടര്‍. മൂന്നാം പ്രതി എക്സു്റേ കുറിച്ചു കൊടുത്ത സര്‍ജ്ജന്‍. ജില്ലാ തലസ്ഥാനത്തു് നിന്നു് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുന്നു. സാക്ഷി മൊഴികള്‍, രേഖ പരിശോധിക്കല്‍, ക്രോസ്സു് വിസ്താരം.
എന്നിട്ടെന്തേ? ഉള്ളി പോളിച്ചതു് പോലെ കരഞ്ഞതു് മിച്ചം.
എന്നിട്ടു് തീര്‍ന്നോ? എവിടെ!
കുറച്ചു് ദിവസങ്ങള്‍ക്കു് ശേഷം കക്ഷി വീണ്ടും വരുന്നു. ഇപ്പോള്‍ എന്താണാവോ ആവശ്യം?
“സാറേ ഞാന്‍ നിരപരാധിയാണു്."
("അതു മനസ്സിലായി" എന്നു പറഞ്ഞില്ല)
"വക്കീല്‍ പുറകില്‍ നിന്നു മാറുന്നില്ല. ഇന്നലെയും അയാളും ചില സാമൂഹ്യസേവകരും കൂടി വീട്ടില്‍ വന്നിരുന്നു. ധാരാളം കാശു് ഉണ്ടാക്കിത്തരാം, അതിലൊരു വീതം അവര്‍ക്കു് കൊടുത്താല്‍ മതി എന്നു പറഞ്ഞു് ശല്യം ചെയ്തുകോണ്ടിരിക്കുകയാണു് . വീട്ടില്‍ കിടന്നുറങ്ങാന്‍ സമ്മതിക്കുന്നില്ല . സാറിനെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി വന്നതാണു്. ഒരു കാര്യം ചെയ്യാം. ഞാന്‍ കേസ്സു് പിന്‍വലിക്കാം. അവര്‍ ആരും അറിയണ്ട. എനിക്കു് ചിലവായ തുക സാര്‍ നേരിട്ടു് തന്നാല്‍ മതി”
അടിക്കുറിപ്പു് : എവിടെ സ്വലേ?
No comments:
Post a Comment