1950തുകള്‍. മനുഷ്യബന്ധങ്ങളെന്നാല്‍ സ്നേഹമായിരുന്നു. പുലര്‍സൂര്യനു് ചൂടുപിടിക്കുന്നതിനു മുന്‍പ് തന്നെ വീടിനോടു ചേര്‍ന്ന മരുന്നുപുരയിലുള്ള പണിക്കാര്‍ ജോലി തുടങ്ങും. ഉണക്കല്‍, പൊടിക്കല്‍, ചതക്കല്‍, അരക്കല്‍, തിളപ്പിക്കല്‍ എന്നീ പണികളില്‍ തകൃതിയായി നടന്നു പോന്നു. പച്ചമരുന്നിന്റെ ഗന്ധവും ചതക്കലിന്റെ ശബ്ദകോലാഹലങ്ങളുമായി അന്തരീക്ഷം നിറയും. അരിഷ്ടത്തിന്റെ മണം അറിയാതിരിക്കാന്‍ എപ്പോഴും മുറുക്കിനടക്കുന്ന, ഇതിന്റെ കാരണം എന്താണെന്നു എന്റെ ചെറുപ്പകാലത്തു് എനിക്കറിയില്ലായിരുന്നു, അണ്ണാച്ചിയുടെ നേതൃത്വത്തില്‍ ജോലി ചെയ്തിരുന്ന ഔസേപ്പ് മാപ്പിളയുടെ കാലിലെ മന്തോ, ശൗരിമാപ്പിളയുടെ കൂനോ അവരുടെ ജോലിക്കു യാതൊരു തടസ്സവുമായിരുന്നില്ല. ചുറ്റും നടക്കുന്നതു് വെറുതെ വീക്ഷിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ അവിടെ ചെന്നാല്‍ ഞങ്ങള്‍ക്കും എന്തെങ്കിലുമൊക്കെ പണി തരും. മരുന്നിനുള്ള ധാന്യങ്ങളിലെ കല്ലു പെറുക്കല്‍, ചെറിയ ചുറ്റിക വച്ചു് വേരു ചതക്കല്‍ ഇത്യാദി. പണി തരാനൊന്നുമില്ലെങ്കില്‍ വൈദ്യശാലയിലേക്കു് മരുന്നു കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന മരത്തിന്റെ പെട്ടി ഞങ്ങള്‍ക്കിട്ടു തരും, വള്ളം കളിക്കാന്‍. കൂട്ടുകാരുമൊത്തുള്ള ഒളിച്ചുകളിയും ചിലപ്പോഴൊക്കെ മരുന്നുപുരയിലേക്കു് വ്യാപിക്കാറുണ്ടു്. ഒളിച്ചുകഴിയുമ്പോള്‍ ചുണ്ടത്തു് വിരല്‍ അമര്‍ത്തി പണിക്കാരെ കാണിക്കും, പറഞ്ഞുകൊടുക്കല്ലേ. വെയിലിനല്‍പ്പം ചൂടുപിടിച്ചു തുടങ്ങാറാകുമ്പോഴേക്കും പണിക്കാര്‍ക്കുള്ള കഞ്ഞിയും പയറും ചമ്പന്തിയുമായി അടുക്കളയില്‍ നിന്നും പങ്കജാക്ഷിഅക്ക എത്തും. മുറ്റത്തെ പ്ലാവില്‍ നിന്നും പറിച്ചെടുത്ത പച്ചില മടക്കി ഈര്‍ക്കിലി കൊത്തി അതുകൊണ്ടു് കഞ്ഞികുടിക്കുന്നതു് പണിക്കാര്‍ പങ്കുവെക്കുമ്പോഴാണു കഞ്ഞിയുടെ യതാര്‍ത്ഥ രുചി അറിയുന്നതു്.
ഓണമടുക്കുമ്പോള്‍ തന്നെ വീട്ടിലും പരിസരത്തും അതിനുള്ള ഒരുക്കം തുടങ്ങും. അത്തത്തിനു തലേന്നു മരുന്നുപുരയുടെ പരിസരത്തു ഔസേപ്പു് മാപ്പിള കുഴിമാന്തി ആഴത്തില്‍ നിന്നും വെള്ളമണല്‍ എടുത്തു് വാതുക്കലെ പന്തലില്‍ ഒരു മൂലയ്ക്കു് കൂട്ടി വയ്ക്കും. അത്തമിടാന്‍ പൂക്കളുമായി പണിക്കാരെല്ലാം നേരത്തെ എത്തും. പോരാത്തവയ്ക്കായി അച്ഛന്റെ വടക്കത്തപ്പച്ചിയുടെയും തെക്കത്തപ്പച്ചിയുടെയും വീട്ടിലേക്കു അണ്ണാച്ചി തന്നെ പോയി പൂവുമായി വരും. അത്തക്കളം ഒരുക്കുന്ന ജോലി അച്ഛന്റെ ഏറ്റവും ഇളയ സഹോദരന്റെയും മൂന്നു പെങ്ങന്മാരുടേയും ആണു്. അങ്ങനെ പത്തു ദിവസം ഒന്നില്‍ തുടങ്ങി തട്ടുതട്ടായി എണ്ണം കൂട്ടി തിരുവോണത്തിനു് പത്തു തട്ടായിട്ടാണു് അത്തക്കളം ഒരുക്കുന്നതു്. തിരുവോണത്തിനും ഔസേപ്പ് മാപ്പിള ഉള്‍പ്പെടെ എല്ലാ മരുന്നുപണിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഞങ്ങളോടൊപ്പം സദ്യയും ഉണ്ടാവും. എല്ലാവര്‍ക്കും പ്രത്യേകം ഓണപ്പുടവയും പണപ്പൊതിയും കൊടുക്കും. അപ്പൂപ്പന്റെ നേതൃത്വത്തിലാണിതെല്ലാം നടക്കുന്നതു്. എനിക്കു മൂന്നു് വയസ്സുള്ളപ്പോള്‍ അപ്പൂപ്പന്‍ മരിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം ചടങ്ങുകള്‍ തെറ്റാതെ തന്നെ വര്‍ഷങ്ങളോളം അമ്മൂമ്മയുടെ നേതൃത്വത്തില്‍ നടത്തിപ്പോന്നു. എനിക്കു് ഏഴു വയസ്സുള്ളപ്പോള്‍ കുറച്ചുകൂടി മെച്ചപ്പെട്ട പഠനത്തിനായി ബോര്‍ഡിംഗ് സ്ക്കൂളിലാക്കി. പിന്നങ്ങോട്ടു് അച്ഛന്റെ കുടുംബവീട്ടില്‍ താമസിക്കാന്‍ അവസരം ഉണ്ടായിട്ടില്ല. എന്റെ കുടുംബാംഗങ്ങളെല്ലാം മലബാറിലേക്കു് താമസം മാറിയതോടുകൂടി നാട്ടിലെ വീടുമായി ബന്ധം കുറഞ്ഞു.
1970തുകള്‍. വിദ്യാഭ്യാസ സംബന്ധമായി പലസ്ക്കൂളുകളിലും കോളേജുകളിലും പഠിച്ചതിനു ശേഷം പതിനൊന്നു വര്‍ഷത്തെ ഇടവേള കഴിഞ്ഞപ്പോള്‍ നാട്ടിലെ പ്രഫഷണല്‍ കോളേജില്‍ പ്രവേശനം ലഭിച്ചു. അങ്ങനെ നാട്ടില്‍, ജനിച്ചു വളര്‍ന്ന വീട്ടില്‍ അമ്മൂമ്മയോടൊപ്പം വീണ്ടും താമസമാക്കി. കുടുംബത്തിലെ എല്ലാവരും പലയിടങ്ങളിലായി പിരിഞ്ഞതിനാല്‍ അമ്മൂമ്മ കുറച്ചു നാളുകളായി ഒറ്റക്കാണു് താമസം. തൊട്ടടുത്തു തന്നെയാണു് വൈദ്യശാല നടത്തുന്ന മകന്‍ താമസിക്കുന്നതു്. കുടുംബവീടിന്റെ അകത്തുകൂടെ മാത്രമേ അങ്ങോട്ടു പോകാന്‍ വഴി ഉള്ളു. അമ്മൂമ്മയ്ക്കു് കൂട്ടായി പങ്കജാക്ഷി അക്കയും ഉണ്ടു്. കാലം മാറിയപ്പോള്‍ ചിറ്റപ്പന്‍ നിലനിര്‍ത്തിക്കൊണ്ടു പോന്ന കുടുംബവൈദ്യശാലയിലെ ചികിത്സകള്‍ പണ്ടത്തെ അപേക്ഷിച്ചു് കുറഞ്ഞിരുന്നു. കഷ്ടിച്ചു ജീവിച്ചുപോകാനുള്ള വരുമാനമേ വൈദ്യശാലയില്‍ നിന്നും രഭിച്ചിരുന്നുള്ളു. മരുന്നുപുരയിലെ പണിക്കാര്‍ പലരും ഇഹലോകവാസം വെടിഞ്ഞിരുന്നു. ബാക്കി ഉള്ളതു് ഔസേപ്പു് മാപ്പിള മാത്രം. പക്ഷെ പുള്ളിക്കാരന്‍ അപ്പോഴേക്കും പിരിഞ്ഞു പോകാനുള്ള ശ്രമത്തിലായിരുന്നു. ചിറ്റപ്പന്‍ വച്ചു നീട്ടിയ പണപ്പൊതി സ്വീകരിക്കാന്‍ കൂട്ടാക്കാതെ പാര്‍ട്ടി ആപ്പീസില്‍ പോയി പരാതിപ്പെട്ടു് സമരമുറയിലാണു് ഔസേപ്പ് മാപ്പിള.
വൈദ്യര്‍ വൈദ്യശാലക്കു പുറപ്പെടാന്‍ നേരമാകുമ്പോഴേക്കും എന്നും രാവിലെ പാര്‍ട്ടിക്കാരുമായി ഗേറ്റിനു മുന്നില്‍ ഔസേപ്പ് മാപ്പിള എത്തും. കുറച്ചു സിന്ദാബാദ് വിളിച്ചതിനു ശേഷം ഔസേപ്പുമാപ്പിളയുടെ പറ്റിള്‍ പാപ്പിയുടെ ചായക്കടയില്‍ നിന്നും ചായയും പരിപ്പുവടയും കഴിച്ചു് നേതാക്കള്‍ പിരിഞ്ഞു പോവും. സമരം തുടരാന്‍ മാപ്പിള തനിയെ ആവും. ഉച്ചവരെ അപ്പുപ്പന്‍ നട്ടുപിടിപ്പിച്ച മാവിന്റെ തണലില്‍ ഉച്ചവരെ വേനല്‍ച്ചൂടറിയാതെ ഇരിക്കുമെങ്കിലും സൂര്യന്‍ പടിഞ്ഞാറേക്കു ചരിഞ്ഞു കഴിയുമ്പോള്‍ മാവിന്റെ തണലില്ലാതെ മാപ്പിള കുട നിവര്‍ത്താന്‍ നിര്‍ബന്ധിതനാകും. ഉച്ചയാകുമ്പോള്‍ അമ്മൂമ്മ മുറ്റത്തു് നിന്നുകൊണ്ടു് വിളിക്കും. "പങ്കജാക്ഷീ. ഔസേപ്പിനു വിശക്കാന്‍ തുടങ്ങിക്കാണും. ചോറു് ഇങ്ങോട്ടെടുത്തോണ്ടു വാ". മകന്‍ അറിയരുതു് എന്നു് അമ്മൂമ്മ പങ്കജാക്ഷിയോടു് പ്രത്യേകം ശട്ടം കെട്ടിയിരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ മകന്‍ അറിഞ്ഞു. അന്നുണ്ടായ പുകിലൊന്നും പറയാതിരിക്കുന്നതാവും നല്ലതു്. വൈകുന്നേരം കുട്ടിനേതാക്കള്‍ എത്തും. ഈംഗ്വിലാബ് വിളി കഴിഞ്ഞു് പിരിയും. ഇതു പല ദിവസങ്ങളില്‍ ആവര്‍ത്തിച്ചു പോന്നു.
സമരനേതാക്കള്‍ ആവശ്യപ്പെട്ട തുകയും വൈദ്യര്‍ മനപ്പൂര്‍വ്വം കുറച്ചു പറഞ്ഞ തുകയും തമ്മില്‍ പൊരുത്തപ്പെടാതെ വന്നതിനാല്‍ സമരം തുടര്‍ന്നു. അവസാനം നേതാക്കള്‍ പറഞ്ഞ തുകയില്‍ തന്നെ ഔസേപ്പ് മാപ്പിളയെ പിരിച്ചുവിടാനുള്ള തുക ഉറപ്പിച്ചു. വൈദ്യര്‍ മനസ്സില്‍ കണ്ട തുകയെക്കാള്‍ കുറവായിരുന്നു ഇതെന്ന കാര്യം വൈദ്യര്‍ തല്‍ക്കാലം ആരോടും പറയാന്‍ പോയില്ല. ഒത്തുതീര്‍പ്പ് വ്യവസ്തയില്‍ രണ്ടു നേതാക്കളെ സാക്ഷിയാക്കി ഔസേപ്പ് മാപ്പിള ഒപ്പിട്ടതോടുകൂടി സമരം തീര്‍ന്നു. എല്ലാ സമരങ്ങളുടെയും അവസാനം പറയുന്ന "തോറ്റിട്ടില്ല. തോറ്റിട്ടില്ല. തോറ്റ ചരിത്രം കേട്ടിട്ടില്ല" എന്ന മുദ്രാവാക്യവിളിയോടെ എല്ലാം ശുഭം. അതോടുകൂടി വൈദ്യര്‍ മരുന്നുല്‍പ്പാദനം നിറുത്തി വച്ചു. മറ്റു വന്‍കിട വൈദ്യശാലകളില്‍ നിന്നും ലഭ്യമായ മരുന്നു വാങ്ങിവച്ചു് വൈദ്യശാലയുടെ പ്രവര്‍ത്തനം നിലനിര്‍ത്തിക്കൊണ്ടു തന്നെ പോന്നു.
കഥ ഇവിടെ തീരും എന്നാണു് ഞാന്‍ കരുതിയിരുന്നതു്. ഏതാനം ദിവസങ്ങള്‍ക്കകം അമ്മൂമ്മയുടെ മുന്നില്‍ ഔസേപ്പ് മാപ്പിള ഹാജര്‍. "കുറച്ചു ദിവസമായി വല്ലതും കഴിച്ചിട്ടു്. പങ്കജാക്ഷിയോടു് ചോദിച്ചിട്ടു് ഒന്നുമില്ല എന്നാണു് പറയുന്നതു്. എന്തെങ്കിലും തരാന്‍ പങ്കജാക്ഷിയോടു് പറയണം. വിശന്നിട്ടു വയ്യ".
.
No comments:
Post a Comment