[ "സ്നേഹദൂതു്" അര്‍ത്തുങ്കല്‍ ബസലിക്ക തിരുനാള്‍ സപ്ലിമെന്റ് 2014 ജനുവരി 20. ]
(മുകളില്‍ സൂചിപ്പിച്ച ലേഖനത്തിന്റെ യൂണിക്കോഡ് പതിപ്പു മാത്രമാണു് ഈ പോസ്റ്റ്.)
അര്‍ത്തുങ്കലിന്റെ പെരുമയ്ക്കു് 4 കാരണങ്ങളുണ്ടു്.
ആദ്യത്തേതു് എട്ടാം നൂറ്റാണ്ടു മുതലേ ക്രൈസ്തവരുടെ സാന്നിദ്ധ്യമുണ്ടായിരുന്ന സ്ഥലമാണിതെന്നതാണു്. കേരളത്തില്‍ ക്രിസ്ത്യാനികളെ കണ്ടതായുള്ള ഏറ്റം വിശ്വസനീയമായ രേഖ ആറാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച കോസ്മസ് എന്ന ഗ്രീക്ക് സഞ്ചാരിയുടെ യാത്രാവിവരണമാണു്. എഡി 525-ല്‍ കേരളത്തിലെത്തിയ അദ്ദേഹം ഇവിടെ ക്രിസ്ത്യാനികളെ കണ്ടതായി സാക്ഷ്യപ്പെടുത്തുന്നു. തോമസ് അപ്പസ്തോലന്‍ ജ്ഞാനസ്നാനപ്പെടുത്തിയവരെന്നു കരുതപ്പെടുന്ന ആദ്യത്തെ ക്രിസ്ത്യാനികള്‍ ദ്രാവിഡരായിരുന്നു, പറഞ്ഞു പ്രചരിപ്പിച്ചിട്ടുള്ള പോലെ നമ്പൂതിരിമാരായിരുന്നില്ല. കാരണം കേരളത്തില്‍ നമ്പൂതിരിമാരുടെ കുടിയേറ്റം നാലാം നൂറ്റാണ്ടിനു മുമ്പുട്ടായിട്ടില്ല എന്നു് കേരളചരിത്രകാരന്മാര്‍ സംശയലേശമന്യേ രേഖപ്പെടുത്തിയുട്ടുണ്ടു്. തോമസ് അപ്പസ്തോലന്‍ വഴി ജ്ഞാനസ്നാനം ലഭിച്ചവര്‍ക്കു് അദ്ദേഹത്തിന്റെ രക്തസാക്ഷത്വത്തിനു ശേഷം രണ്ടുമൂന്നു നൂറ്റാണ്ടുകള്‍ ആരും സഹായിക്കാനില്ലാതെ വിശ്വാസപരമായി മുരടിച്ചു കഴിയുകയായിരുന്നു. എഡി 345-ല്‍ കൊടുങ്ങല്ലൂരില്‍ ക്നായി തൊമ്മന്റെ നേതൃത്വത്തില്‍ പേര്‍ഷ്യയില്‍ നിന്നു് 400 ക്രിസ്ത്യാനികള്‍ കുടിയേറി താമസിച്ചതോടെ ഇവിടത്തെ ക്രിസ്ത്യാനികള്‍ക്കു് പുതുജീവന്‍ ലഭിച്ചു. തോമസ് അപ്പസ്തോലന്‍ രൂപം കൊടുത്ത ആദ്യത്തെ 7 ക്രൈസ്തവ സമൂഹങ്ങളില്‍ ഒന്നു് അര്‍ത്തുങ്കല്‍ നിന്നും 10 കിലോമീറ്റര്‍ കിഴക്കായി കൊക്കോതമംഗലത്തായിരുന്നു. ഇവിടെ കുടിയേറിയ പേര്‍ഷ്യന്‍ ക്രൈസ്തവര്‍ വാണിജ്യത്തില്‍ മിടുക്കന്മാരായിരുന്നു. വിദേശവ്യാപാരത്തിനു് ഏറ്റം അനുയോജ്യമായ സ്ഥമായിരുന്നു പുരാതന അര്‍ത്തുങ്കല്‍ പ്രദേശം. വള്ളങ്ങളിലും പത്തേമാരി പോലുള്ള യാനങ്ങളുമായിരുന്നല്ലോ അന്നു യാത്ര ചെയ്യാനും സാധനങ്ങള്‍ കൊണ്ടുപോകാനും ഉപയോഗിച്ചിരുന്നതു്. പുഴകളും തോടുകളും വലിയ ജലാശയങ്ങളും അര്‍ത്തുങ്കല്‍ പ്രദേശത്തു് ധാരാളമുണ്ടായിരുന്നു. ഇന്നത്തെ അന്ധകാരനഴി അന്നു് കപ്പലുകള്‍ അടുക്കുന്ന തുറമുഖമായിരുന്നു. അതിനാല്‍ നൂറ്റാണ്ടുകള്‍ക്കു് മുമ്പു് തന്നെ കൊക്കോതമംഗലത്തു നിന്നും ക്രിസ്ത്യാനികല്‍ അര്‍ത്തുങ്കല്‍ മനക്കോടം പ്രദേശങ്ങളില്‍ വന്നു താമാസമാക്കിയിരുന്നു. പേര്‍ഷ്യയില്‍ നിന്നെത്തിയ രണ്ടു് മെത്രാന്മാര്‍ വാര്‍ സാപ്പോറും മാര്‍ പ്രോത്തും മനക്കോടത്തു വന്നു് താമസിച്ചതായി 1601-ലെ ഓറിയന്റെ കോണ്‍ക്വിസ്റ്റാദോ എന്ന പുസ്തകം രേഖപ്പെടുത്തിയിട്ടുണ്ടു്. ചുരുക്കിപ്പറഞ്ഞാല്‍ അര്‍ത്തുങ്കല്‍ പ്രദേശം പുരാതനകാലം മുതലേ ക്രൈസ്തവരുടെ വാസസ്ഥലമായിരുന്നു.
എഡി 1500 മുതല്‍ ഒന്നര നൂറ്റാണ്ടിലേറെ കേരളത്തില്‍ മേധാവിത്വം നിലനിര്‍ത്തിയതു് പോര്‍ട്ടുഗീസുകാരായിരുന്നു. അവര്‍ തങ്ങളുടെ ഏറ്റം പ്രധാനപ്പെട്ട മിഷന്‍ കേന്ദ്രം അര്‍ത്തുങ്കല്‍ സ്ഥാപിച്ചു പ്രവര്‍ത്തിച്ചു എന്നതാണു് അര്‍ത്തുങ്കലിന്റെ പെരുമയ്ക്കു് രണ്ടാമത്തെ കാരണം. മിഷന്‍ കേന്ദ്രം ക്രിസ്തുവിശ്വാസ പ്രചരണത്തിനുള്ള കേന്ദ്രമാണു്. 1581-ല്‍ ഈ കേന്ദ്രത്തിനു് വിശുദ്ധ അന്ത്രയോസിന്റെ ഇടം എന്നു് അര്‍ത്ഥം വരുന്ന സാന്തന്ത്രേ എന്നു് അവര്‍ പേരിട്ടു. അര്‍ത്തുങ്കലെ ആദ്യത്തെ പള്ളി 1581-ല്‍ സ്ഥാപിതമായി. 1584-ല്‍ രണ്ടാമത്തെ വികാരിയായി അര്‍ത്തുങ്കല്‍ ചുമതലയേറ്റ ജയ്‌ക്കോമോ ഫെനിച്ചിയോ അച്ചന്‍ അര്‍ത്തുങ്കല്‍ രണ്ടു പ്രാവശ്യമായി 31 വര്‍ഷം വികാരിയായി സേവനം ചെയ്തു. അദ്ദേഹമാണു് ആലപ്പുഴ രൂപതയുടെ അപ്പസ്തോന്‍. തുമ്പോളി മുതല്‍ വടക്കു് പള്ളിരുത്തി വരെയുള്ള പ്രദേശങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വസപ്രഘോഷണ പ്രദേശമായിരുന്നു. പോര്‍ട്ടുഗീസുകാര്‍ തയ്യാറാക്കിയ കേരളത്തിന്റെ ഭൂപടത്തില്‍ അര്‍ത്തുങ്കല്‍ ദേശത്തെ സാന്തന്ത്രേ എന്നാണു് അടയാളപ്പെടുത്തിയിട്ടുള്ളതു്. പില്‍ക്കാലത്തു് ഡച്ചുകാരുടെ ഭൂപടങ്ങളിലും ഈ പേരു കാണാം. അര്‍ത്തുങ്കല്‍ എന്ന പേരു് പറഞ്ഞുതുടങ്ങിയിട്ടു് മൂന്നു് നൂറ്റാണ്ടേ ആയിട്ടുള്ളു. കൊച്ചി രാജവംശത്തിന്റെ തായ്‌വഴിയിലെ മൂത്തയാളിന്റെ ഇടമെന്ന അരത്ഥത്തില്‍ മൂത്തേടം എന്നായിരുന്നു അര്‍ത്തുങ്കലിന്റെ പണ്ടത്തെ പേരു്. കരപ്പുറം എന്ന വലിയ ഭരണപ്രദേശത്തിന്റെ തലസ്ഥാനപദവി ഉണ്ടായിരുന്നു മൂത്തേടത്തിനു്. മൂത്തേടം പില്‍ക്കാലത്തു് മൂത്തേടത്തു് മൂത്തേടത്തിങ്കല്‍ എടുത്തുങ്കല്‍ ഒടുവില്‍ അര്‍ത്തുങ്കല്‍ എന്നായി പരിണമിച്ചു എന്നാണു് ഒരു വ്യാഖ്യാനം.
1640-ല്‍ വിശുദ്ധസെബസ്ത്യാനോസിന്റെ രൂപം അര്‍ത്തുങ്കല്‍ പ്രിതിഷ്ഠിച്ചതു മുതല്‍ ഉളവായ നിരന്തര രോഗശാന്തികളാണു് അര്‍ത്തുങ്കലിന്റെ പെരുമയ്ക്കു് മൂന്നാമത്തെ കാരണം. സെബസ്ത്യാനോസിന്റെ നാടായ ഇറ്റലിയില്‍ പതിനാറാം നൂറ്റാണ്ടില്‍ സാംക്രമികരോഗം ഉണ്ടായപ്പോള്‍ വിശ്വാസികള്‍ വിശുദ്ധസെബസ്ത്യാനോസിന്റെ രൂപം രോഗബാധിത പ്രദേശങ്ങളില്‍ പ്രദക്ഷിണമായി എഴുന്നള്ളിക്കുകയും അതോടെ വിസ്മയിക്കപ്പെടുന്ന രീതിയില്‍ രോഗം പൂര്‍ണ്ണമായി ശമിക്കുകയും ചെയ്തു. അതിനു നന്ദിയായി വിശുദ്ധന്റെ അത്ഭുതരൂപത്തിന്റെ അതേ മാതൃകയില്‍ മറ്റൊരു രൂപം ഉണ്ടാക്കി അന്നു് അറിയപ്പെട്ടിരുന്ന രാജ്യങ്ങളില്‍ പ്രദക്ഷിണമായി കപ്പലില്‍ കൊണ്ടുപോകാമെന്നു അവര്‍ തീരുമാനിച്ചു. അങ്ങനെ കൊണ്ടുവരുമ്പോള്‍ അറബിക്കടലില്‍ അര്‍ത്തുങ്കലിന്റെ ദിശയില്‍ എത്തിയപ്പോള്‍ കപ്പല്‍ മുന്നോട്ടു നീങ്ങാനാവാതെ വരികയും ഇവിടെ കരയിലുള്ള പള്ളിയില്‍ തന്റെ രൂപം ഇറക്കി പ്രതിഷ്ഠിക്കണമെന്നു് ക്യാപ്റ്റനു് സ്വപ്നത്തില്‍ ദര്‍ശ്ശനമുണ്ടാകുകയും ചെയ്തു. അതേ സമയം തന്നെ പള്ളി വികാരിക്കു് കപ്പലില്‍ കൊണ്ടുവരുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം ഏറ്റുവാങ്ങണമെന്നു് സ്വപ്നത്തില്‍ വെളിച്ചപ്പെടുകയും ചെയ്തു. അങ്ങനെ ആണു് വിശുദ്ധ സെബസ്ത്യാനോസിന്റെ മനോഹരമായ രൂപം അര്‍ത്തുങ്കല്‍ പള്ളിയില്‍ പ്രതിഷ്ഠിക്കപ്പെട്ടതു്. അക്കാലത്തു് വ്യാപകമായി പടര്‍ന്നിരുന്ന മസൂരി കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികളിലകപ്പെട്ടവര്‍ വിശുദ്ധനോടു് പ്രാര്‍ത്ഥിക്കുകയും രോഗശാന്തി നേടുകയും ചെയ്തതോടെ പുണ്യവാന്റെ അത്ഭുതശക്തി ദൂരേക്കു് വ്യാപിച്ചു. അങ്ങനെ ജനുവരിയിലെ പുണ്യവാന്റെ തിരുനാളു് അത്ഭുതപൂര്‍വ്വമായ ജനപ്രവാഹത്താല്‍ പ്രസിദ്ധമാകുകയും ചെയ്തു.
.
No comments:
Post a Comment