Pages

Sunday, June 26, 2016

Vaccination Immunisation Polio Diphtheria explained simple

 Vaccination - A simplified explanation for the common man.

ദൃശ്യം സിനിമയിലെ ഡയലോഗ് കടം എടുക്കുകയാണു് 'എന്റെ ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം. ആതാണെന്റെ കുടുംബം. അതിനപ്പുറം ഒരു ലോകം ഞാന്‍ സ്വപ്നം പോലും കണ്ടിട്ടില്ല. ആ സ്വകാര്യതയിലേക്കു ക്ഷണിക്കപ്പെടാതെ ഒരതിഥി വന്നു. ഞങ്ങളുടെ കുടുംബം ശിഥിലമാക്കാന്‍ കെല്പുള്ളൊരതിഥി. ഞങ്ങളുടെ യാചനകളൊന്നും അവന്‍ ചെവിക്കൊണ്ടില്ല. ഇനിയൊരിക്കലും തിരിച്ചുവരില്ല എന്ന ഉറപ്പോടെ എന്നെന്നേക്കുമായി ആ അതിഥിയെ ഞങ്ങള്‍ മടക്കി അയച്ചു. എല്ലാവര്‍ക്കും എന്ന പോലെ എനിക്കും എന്റെ കുടുംബം വലുതാണു്. അതു തകരാതിരിക്കാന്‍ ഞാന്‍ എന്തും ചെയ്യും.'

ശരീരമാകുന്ന നമ്മുടെ വീടു നശിപ്പിക്കാനും ജീവിതം അവസാനിപ്പിക്കാനും കെല്പുള്ള സാംക്രമിക രോഗാണുക്കള്‍ ശരീരത്തിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ അവയെ മുളയില്‍ തന്നെ ഉന്മൂലനം ചെയ്തു രോഗം വരാതെ നോക്കുന്നതല്ലേ രോഗം വരികയും കോംപ്ലിക്കേഷന്‍ ഉണ്ടാവുകയും ചെയ്തതിനു ശേഷം ചികിത്സിച്ചു ഭേദമാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലതു്? പല സാക്രമിക രോഗങ്ങളും ഒന്നുകില്‍ മാരകമായിരിക്കാം അല്ലെങ്കില്‍ അംഗവൈകല്യം വരുത്തുന്നവ ആവാം. ഉദാഃ പോളിയോ.

രോഗപ്രതിരോധനിരയുടെ ശാസ്ത്രീയ വശങ്ങള്‍ സാധാരണക്കാരനു മനസ്സിലാവുന്ന ലളിതമായ രീതിയില്‍ അവതരിപ്പിക്കാന്‍ ഒരു ശ്രമം ആണു് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നതു്.

സാംക്രമിക രോഗാണുക്കള്‍ക്കെതിരെ ശരീരത്തിനു സ്വാഭാവിക പ്രിതിരോധ ശക്തി ഇല്ല. ഒരു വ്യക്തിയുടെ രോഗപ്രതിരോധ നിരയെ രോഗത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുന്ന ഒരു പ്രക്രിയയാണു് വാക്സിനേഷന്‍.

ക്ഷണിക്കപ്പെടാതെ ഉപദ്രവകാരിയായ ഒരു കള്ളന്‍ വീട്ടിലേക്കു കയറിവന്നു ശല്യം ചെയ്യാതിരിക്കാന്‍ സ്വഭാവികമായി നമ്മള്‍ എന്തു ചെയ്യും? ഒരു കാവല്‍ നായയെ വളര്‍ത്താം അല്ലെങ്കില്‍ ഒരു സെക്യൂരിറ്റിയെ നിയമിക്കാം എന്നു വിചാരിക്കുക. ഈ നായയ്ക്കും സെക്യൂരിറ്റിക്കാരനും കള്ളനെ തിരിച്ചറിയേണ്ടതുണ്ടു്.

രോഗാണുക്കള്‍ എന്ന കള്ളനെ തിരിച്ചറിയാനും അവനെതിരെ പ്രവര്‍ത്തിക്കാനും നായയെ പഠിപ്പിക്കുന്ന പോലത്തെ ഒരു പ്രക്രിയയാണു് active immunisation. ഉദാഃ Oral Polio Vaccine, DPT.

ഇതിനായി ഉപയോഗിക്കുന്ന വാക്സിനുകള്‍ക്കു രോഗാണുവിനോ രോഗടോക്സിനോ സാദൃശമുള്ള രൂപമാണുള്ളതെങ്കിലും അവ രോഗങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവു നഷ്ടപ്പെടുത്തിയവയാണു്. ഇവ ശരീരത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ പ്രതിരോധ നിര അവയെ ശരീരത്തിനു അന്യമായ സാധനം ആയി തിരിച്ചറിയും. അതിനെ നശിപ്പിക്കാന്‍ ആന്റിബോഡി ഉല്‍പ്പാദിക്കുകയും ചെയ്യും. ഈ ആന്റിബോഡീസ് ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കാതെ പുറത്തു നിന്നും പ്രവേശിച്ച അണുക്കളെ നശിപ്പിച്ചു ശരീരത്തില്‍ നിന്നും നീക്കം ചെയ്യും. പ്രതിരോധ നിരകള്‍ക്കു ഒര്‍മ്മ നിലനിര്‍ത്താന്‍ വാക്സിനുകള്‍ നിശ്ചിത അളവിലും ഇടവേളകളിലും നല്‍കേണ്ടതുണ്ടു്.

വീണ്ടും ആവര്‍ത്തിക്കുകയാണു് - സാംക്രമിക രോഗാണുക്കള്‍ക്കെതിരെ ശരീരത്തിനു സ്വാഭാവിക പ്രതിരോധ ശക്തി ഇല്ല. അതാതു രോഗങ്ങള്‍ക്കെതിരെ ശരീരം പ്രതികരിച്ചു അവയെ നശിപ്പിച്ചു രോഗം വരാതിരിക്കണമെങ്കില്‍ പ്രതിരോധ നിരകളെ പഠിപ്പിച്ചെടുക്കേണ്ടതുണ്ടു്. ആ ഒരു ലക്ഷ്യം നേടുവാന്‍ ഉപയോഗിക്കുന്ന ഒന്നാണു് വാക്സിന്‍.

വാക്സിന്‍ അപകടകാരിയല്ലേ എന്ന ചോദ്യത്തിനു ഒരു മറുചോദ്യം ചോദിച്ചുകൊള്ളട്ടെ. നമ്മള്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കറിക്കത്തി, പാചകവാതകം, പ്രഷര്‍കുക്കര്‍, ഇലക്ട്രിക്ക് ഉപകരണങ്ങള്‍ എന്നിവയും അപകടകാരികളല്ലേ? യാത്ര ഉപാധികള്‍ ബസ്സ്, മോട്ടോര്‍ബൈക്ക്, സൈക്കിള്‍ എല്ലാം അപകടകരമല്ലേ? റോഡില്‍ നടക്കുന്നതു തികച്ചും സുരക്ഷിതമാണോ? പക്ഷെ ഇവയെല്ലാം നിയന്ത്രണത്തിനു വിധേയമായി ഉപയോഗിച്ചാലോ? ഇവയെല്ലാം പ്രയോജനപ്രദം തന്നെ. അല്ലേ? അതു പോലെ തന്നെ വാക്സിനുകളും നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഉപയോഗിച്ചാല്‍ അപകടകാരിയല്ല.

വളരെ അപൂര്‍വ്വമായി ചിലയിടങ്ങളില്‍ അപ്രതീക്ഷിത പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും അതിനാല്‍ വാക്സിന്‍ ഉപയോഗിക്കരുതെന്നും കരുതുന്നവര്‍ ഇല്ലാതില്ല. അപകടകരമാണു എന്നതിനാല്‍ നമ്മള്‍ കറിക്കത്തിയോ പാചകവാതകമോ വാഹനമോ ഉപയോഗിക്കാതിരിക്കുന്നുണ്ടോ? പക്ഷെ രോഗം ഉണ്ടാക്കുന്ന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പ്രതിരോധകുത്തിവെപ്പ് എടുക്കുന്നതു തന്നെയല്ലെ നല്ലതു്?

വാക്സിന്‍ കെമിക്കല്‍ അടങ്ങിയതാണെന്നും അതിനാല്‍ അപകടകരമാണെന്നും വാദിക്കവരോടായി ഒരു ചോദ്യം. ഈ ഭൂമിയില്‍ കെമിക്കല്‍ അല്ലാത്ത ഒരു വസ്തുവിന്റെ പേരു പറയാമോ? മനുഷ്യശരീരവും അടിസ്ഥാനപരമായി കെമിക്കല്‍ അല്ലേ?

എല്ലാ ജീവികള്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുള്ളതു പോലെ തന്നെ എല്ലാ സൂക്ഷ്മാണുക്കള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം ഇല്ലേ എന്നു ചോദിക്കുവരും ഇല്ലാതില്ല. നമ്മുടെ ശരീരമാകുന്ന വീട്ടില്‍ കയറിവരുന്ന അക്രമികള്‍ എന്തെങ്കിലും കാട്ടിയിട്ടു പോകട്ടെ എന്നാണോ പറഞ്ഞതിന്റെ അര്‍ത്ഥം? രോഗം ഉണ്ടാക്കുന്ന ജീവികളില്‍ നിന്നു മനുഷ്യനെ സംരക്ഷിക്കാനാണു് രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍‍. അല്ലാതെ മനുഷ്യനു പ്രയോജനപ്രദമായ രോഗമുണ്ടാക്കാത്ത സൂക്ഷ്മജീവികള്‍ക്കെതിരെ അല്ല വാക്സിനേഷന്‍.

The author is a postgraduate in Tropical Medicine from School of Tropical Medicine, Calcutta.

No comments:

Post a Comment