കുഞ്ചന്‍നമ്പ്യാര്‍ മരണപ്പെട്ടതു പേപ്പട്ടിവിഷബാധയേറ്റാണെന്നു ചരിത്രം പറയുന്നു. അദ്ദേഹത്തിന്റെ ഈ കൃതിയില്‍ അഷ്ടാംഗഹൃദയവും പരാമര്‍ശ്ശിക്കുന്നുണ്ടു്. അന്നത്തെ വൈദ്യന്മാര്‍ക്കാര്‍ക്കും കുഞ്ചന്‍നമ്പ്യാരെ പേവിഷബാധയില്‍ നിന്നും രക്ഷിക്കാനായില്ല.
കുഞ്ചന്‍നമ്പ്യാര്‍രുടെ 'പഞ്ചേന്ദ്രോപാഖ്യാനം' എന്ന കൃതിയിലെ ഒരു ചിറിയ ഭാഗം മാത്രമാണു് ഇവിടെ പ്രതിവാദിക്കുന്നതു്. സൃഷ്ടിസ്ഥിതിസംഹാര വിഷയത്തില്‍ ആരാണു വലിയവന്‍ എന്ന തര്‍ക്കം ആണു വിഷയം
... ഇന്ദ്രന്‍ പറയുന്നു...
ഇന്ദ്രനപ്പോളരുള്‍ചെയ്തു 'കേട്ടുകൊള്‍കപരമാര്‍ത്ഥം
ഇന്ദ്രനെന്നൊരുവനെ കേട്ടറിയുന്നീലയോ നീ
ഇന്ദ്രനിന്ദ്രനെന്നു ലോപപ്രസിദ്ധന്‍ ഞാന്‍ മഹാവീരന്‍'
... ധര്‍മ്മരാജന്റെ മറുപടി...
'ചന്ദ്രബിംബാനനേ നമ്മെ ഗ്രഹിക്കാതങ്ങാരുമില്ല
ധാത്രിയില്‍ ഞാന്‍ വരുവാനും കാരണമുണ്ടെന്നു ചൊല്ലാം
നേത്രരമ്യാംഗിയാം നിന്നോടെന്തിനു ഞാന്‍ മറയ്ക്കുന്നു
മിത്രപുത്രന്‍ ധര്‍മ്മരാജന്‍ സത്രമൊന്നു സമാരംഭി-
ച്ചെത്രനാളുണ്ടവന്‍ ദീക്ഷിച്ചത്രതന്നെ വസിക്കുന്നു
ധാത്രിവാസിജനങ്ങള്‍ക്കു മരണവും നാസ്തിയായി
പാര്‍ത്തുകൊണ്ടാലെത്ര കഷ്ടം!' കാലനേതും കൂട്ടമില്ല
സത്രശാലയ്ക്കകം പൂക്കു യാഗവും ചെയ്തിരിക്കുന്നു
.....അങ്ങനെ ധര്‍മ്മരാജന്‍ തന്റെ പണി നിര്‍ത്തി യാഗവും ചെയ്തു അങ്ങനെ ഇരിക്കുന്നു....
പത്തുനൂറായിരം വര്‍ഷമപ്രകാരം ധര്‍മ്മരാജന്‍
വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍
ചത്തുകൊള്‍വതിനേതും കഴിവില്ലാ കാലനില്ലാ
മുത്തച്ഛന്‍ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛന്‍ മരിച്ചീലാ
അഞ്ഞൂറു വയസ്സുള്ളോരപ്പൂപ്പന്മാരുമിപ്പോള്‍
കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പന്‍ അവര്‍ക്കുണ്ടു്
കഞ്ഞിക്കു വകയില്ല വീടുകളിലൊരേടത്തും
കുഞ്ഞുങ്ങള്‍ക്കെട്ടുപത്തു പറ അരികൊണ്ടു പോരാ
പത്തുനൂറുപറ വെച്ചാല്‍ മുതുക്കന്മാര്‍ക്കതുകൊണ്ട-
ങ്ങത്രമാത്രം രണ്ടു പറ്റു വിളമ്പുമ്പോളെത്തുമെല്ലാം
പത്തുകോടിജ്ജനമുണ്ടു പല്ലുപോയിട്ടൊരു വീട്ടില്‍
കുത്തിവെച്ച പാവപോലെ തിങ്ങിവിങ്ങിക്കിടക്കുന്നു
കണ്ണിലെപ്പോളളകള്‍കൂടി നരച്ചുള്ള നരന്മാര്‍ക്ക-
ങ്ങെണ്ണമില്ലീവണ്ണമുള്ള പെണ്ണുങ്ങള്‍ക്കുമില്ലയെണ്ണം
കണ്ണു കാണാത്തവര്‍ പിന്നെ കാതു കേളാത്തവര്‍ പിന്നെ
കിണ്ണനേക്കാന്‍ മിനുപ്പുള്ള കഷണ്ടിക്കാരേറെയുണ്ടു്
അസ്ഥിയല്ലാതൊരു വസ്തു ശരീരത്തിലവര്‍ക്കില്ല
ദുഃസ്ഥിതിക്കും കുറവില്ല ദുര്‍നിലയ്ക്കും കുറവില്ല
പത്തുനാള്‍ ഭക്ഷിയാഞ്ഞാലും ചത്തുപോമെന്നതുമില്ല
പത്തനങ്ങള്‍ക്കിടംപോരാഞ്ഞത്ര ദുഃഖം മനുഷ്യര്‍ക്ക്
ഉന്നതത്തില്‍ കിടക്കുന്നോരുരുണ്ടു പാറമേല്‍ വീഴും
ഭിന്നമാകുമതുനേരം മസ്തകം ഹസ്തവും കാലും
ഒന്നുരണ്ടല്ലൊരുലക്ഷം മുതുക്കന്മാര്‍ പതിക്കുന്നു
ഒന്നുകൊണ്ടും പ്രാണനാശം വരുന്നീലിന്നൊരുത്തര്‍ക്കും
ഉള്ളതില്‍ സങ്കടമോര്‍ത്താല്‍ നാടുവാഴിപ്രഭുക്കള്‍ക്കു
കള്ളനെക്കൊല്ലുവാന്‍ മേലാ വെട്ടിയാല്‍ ചാകയില്ലേതും
ഉള്ള വസ്തുക്കളെപ്പേരും കട്ടുതിന്മാനൊരുകൂട്ടം
തള്ളലോടെ നടക്കുന്നു തെല്ലു പേടിയവര്‍ക്കില്ല
രാജധാരിക്കകം പൂക്കു രാജഭണ്ഡാരവും കട്ടു
വ്യാജമെന്യേ പകല്‍കൂടെ തസ്കരന്മാര്‍ നടക്കുന്നു
രാജശിക്ഷ കുറഞ്ഞപ്പോള്‍ അമ്പലത്തില്‍ പൂജ മുട്ടി
പൂജകൊണ്ടു പുറം മാറിത്തിരിച്ചുയെമ്പിറന്മാരും
മന്ത്രികള്‍ക്കു തമ്പുരാനെപ്പേടിയില്ല തൃണത്തോളം
മന്ത്രിമാരെ പ്രജകള്‍ക്കും ശങ്കയില്ല മനക്കാന്പില്‍
അന്തമില്ലാ ദുരാചാരം മുഴുത്തു ഭൂമിയിലെല്ലാം
അന്തകന്റെ യാഗമിപ്പോളനര്‍ത്ഥത്തിനൊക്കെമൂലം
അന്തണര്‍ക്കു യാഗമില്ലാ കര്‍മ്മമില്ലാ ധര്‍മ്മമില്ലാ
ശാന്തിചെയ്‌വാന്‍ ക്ഷേത്രമില്ലാ ശാന്തരായിട്ടാരുമില്ല
എന്തുപിന്നെ നിനയ്ക്കുന്നോ ഹൂംകൃതിക്കാര്‍ക്കൊത്തവണ്ണം
ജന്തുധര്‍മ്മത്തിനും പിന്നെ വേസ്ഥയില്ലെന്നായിവന്നു
ഉത്തമസ്ത്രീകടെ പാതിവ്രത്യമെല്ലാമസ്തമിച്ചു
ഒത്തവണ്ണം പുരുഷന്മാര്‍ സഞ്ചരിപ്പാനൊരുമ്പെട്ടു
ചത്തുപോമെന്നൊരുഭീതി ദുര്‍ജ്ജനങ്ങക്കില്ലയെന്നാ-
ലിത്തരം കാട്ടുവാനാരും മടിക്കില്ലെന്നറിഞ്ഞാലും
ഉടുപ്പാനും കുടിപ്പാനും കൊടുക്കുന്ന പുരുഷന്മാ-
രുടുക്കാന്‍ സമ്മതിക്കാതായ് ചമഞ്ഞു വേശ്യമാരിപ്പോള്‍
കൊടുക്കുന്ന പുരുഷന്മാരോടടുക്കുമ്പോള്‍ മിടുക്കന്മാര്‍
കൊടുക്കും താഡനം പാരം കടുക്കുന്നു ദുരാചാരം
കലികാലത്തിലേക്കാളും കഷ്ടകാലമായിവന്നു
ഉലകില്‍ കാലനില്ലാഞ്ഞു വലഞ്ഞു സര്‍വ്വ ജന്തുക്കള്‍
കുലദോഷം വരുത്തുന്നോര്‍ കൊലചെയ്താല്‍ മരിക്കാഞ്ഞാല്‍
കുലഹാനി വരുമെന്നു കുലനം ചെയ്ക നീ ബാലേ
പെറ്റുപെറ്റു വളരുന്ന ജീവജന്തുക്കള്‍ക്കു പാര്‍ത്താല്‍
അറ്റമില്ലാ പാരിടത്തിലൊരുദിക്കുമൊഴിവില്ല
മറ്റു മാംസം ഭുജിക്കുന്ന ജനങ്ങള്‍ക്കുമിതുകാലം
കൊറ്റുപോലും നാസ്തിയായി മരിപ്പാനുമെളുതല്ല
മെച്ചമോടെ പുലി പന്നി സിംഹവും തങ്ങളില്‍ത്തന്നെ
പച്ചമാംസം കടിച്ചാശു ഭുജിക്കുന്നു സര്‍വ്വകാലം
കൊച്ചു മത്സ്യങ്ങളെപ്പാടേ വിഴുങ്ങും ഘോരമത്സ്യങ്ങള്‍
സ്വച്ഛമായ് മറ്റൊരു ദ്വാരത്തൂടെ പോരുമവയെല്ലാം
ദൂഷ്ടജന്തുക്കളെക്കൊണ്ടു നിറഞ്ഞു ഭൂതലമെല്ലാം
അഷ്ടിമാത്രംപോലുമാരും കൊടുപ്പാനില്ലെന്നുവന്നു
പട്ടിണിക്കു വഴിവീണു വഴിപോക്കര്‍ക്കെത്ര കഷ്ടം
പട്ടണത്തിലെങ്ങുമിപ്പോള്‍ പണവും കാശുമില്ലാതായ്
ഊട്ടുതെണ്ടിനടന്നഷ്ടികഴിക്കും ബ്രാഹ്മണര്‍ക്കിപ്പോള്‍
ഊട്ടിലെങ്ങും ചോറു കിട്ടാ പുരുഷാരത്തിന്റെ മൂലം
ആട്ടമാടി നടക്കുന്നോരട്ടമെല്ലാമുപേക്ഷിച്ച
കൂട്ടുമൊക്കെപ്പിരിഞ്ഞോരോ കോട്ടിലയ്യമിരിക്കുന്നു
പാട്ടുകാര്‍ക്കു വിശന്നിട്ടു സ്വരവും ബര്‍ഭരമായി
നാട്ടിലെങ്ങുമൊരുകാശും ലഭിക്കാനും വകയില്ലാ
പാട്ടുകേട്ടാലാര്‍ക്കു സൗഖ്യം പട്ടിണിയായ് കിടക്കുമ്പോള്‍
ഊട്ടുകേട്ടാല്‍ തലപൊക്കുമതു കേള്‍പ്പാനെങ്ങുമില്ല
ചേട്ടനെന്നു തമ്പിയെന്നും തങ്ങളിലുള്ളനുരാഗം
ചേട്ടകള്‍ക്കു നാസ്തിയായി കൂട്ടമേറച്ചമകയാല്‍
ചേട്ടനെന്നാലൊന്നുരണ്ടല്ലപന്‍തും നൂറുമഞ്ഞൂറും
കൂട്ടമായിപ്പുലകൊള്‍വാനെന്തുബന്ധം ചാക്കുമില്ല
നാടുവാഴിക്കങ്കമില്ലാ കപ്പമില്ലാ ചുങ്കമില്ല
കാടുവാഴിക്കിപ്പോള്‍ നല്ല വല്ലതും തിന്നു പാര്‍ത്തിടാം
മോടികൂട്ടി നടക്കുന്ന പുരുഷന്മാര്‍ നാസ്തിയായി
തേടിവച്ച പണം വിറ്റുതിന്നശേഷം വകയായി
കാലിയക്കാരനായ് പണ്ടു കോലകത്തു മാളികമേല്‍
നാരിയെക്കൊണ്ടുപോയ് വച്ചു സുഖിച്ചു വാണവനിപ്പോള്‍
ആരിയച്ചെട്ടിയെച്ചെന്നു കാല്‍പിടിച്ചു കിടക്കുന്ന
കാരിയം രണ്ടു പെറ്റെങ്ങാന്‍ കിടച്ചെങ്കിലതുതന്നെ
പാരിലുള്ള വര്‍ത്തമാനം കഷ്ടമെന്നേ പറയാവൂ
നീരസങ്ങള്‍ വിസ്തരിച്ചിട്ടെന്തുകാര്യം നമുക്കിപ്പോള്‍
കവടിക്കരനായുള്ള ഗണിതക്കാരനുമിപ്പോള്‍
കപടങ്ങള്‍ പറഞ്ഞൊന്നും ഫലിപ്പിപ്പിക്കാന്‍ വകയില്ല
ഗണിതഗ്രന്ഥവും കെട്ടിത്തലയ്ക്കുവച്ചൊരുദിക്കില്‍
കണശന്മാര്‍ വിശന്നങ്ങു ശയിക്കുന്ന പലര്‍കൂടി
ഗുണദോഷം വിചാരിച്ചു പറഞ്ഞാലെങ്കിലുന്നാലു
പണം കിട്ടാന്‍ തടവില്ല പണ്ടിതപ്പോളുര്‍ദ്ധ്വമായി
ഗുണമെന്തു ദോഷമെന്തു മരണമില്ലൊരുനാളും
ഗണിതംകൊണ്ടൊരുവസ്തു ഗ്രഹിപ്പാനില്ലെന്നുവന്നു
ചികിത്സിപ്പാനെങ്ങുമാര്‍ക്കും രോഗമില്ലാ ശരീരത്തി-
ന്നാകുമെല്ലാം; അന്തകന്റെ സചിവന്മാരവര്‍ പിന്നെ
യാഗമങ്ങു ശ്രമിക്കുന്നു നടപ്പാന്‍ കല്പനയില്ല
യോഗഗ്രന്ഥവും നല്ലൊരഷ്ടാംഗഹൃദയവും
ആകക്കൂടവേയങ്ങു കെട്ടിവച്ചു വൈദ്യരെല്ലാം
രോഗംകൊണ്ടുഴലുന്ന ജനത്തിന്റെ ഗൃഹത്തില്‍ച്ചെ-
ക്കാകണ്ഠം ഭുജിപ്പാനും കൊതിക്കേണ്ട വൈദ്യന്മാരും
അസനവില്വാദി ഭൃംഗാമലകാദിയെണ്ണ കാച്ചി
വ്യസനംചെയ്തൊരുകാശും കൈക്കലാക്കാനിനിക്കൂടാ
രസികന്മാരെന്നഭാവം നടിച്ചു സഞ്ചിയുമായി-
ട്ടസുരന്മാരെന്നപോലെ രോഗിവീട്ടില്‍ ചെന്നുകൂടി
ഗുളികയും കഷായവും കൊടുത്തു ചാക്കടുക്കുമ്പോള്‍
കളവു വല്ലതും ചൊല്ലിത്തിരിക്കും വൈദ്യനിക്കാലം
തരംകെട്ടു തനിക്കു ഭക്ഷണത്തിനു വകയില്ലാ-
ഞ്ഞിരന്നുണ്ടു നടക്കുന്നു വിനുന്നുണ്ണാനെങ്ങുമില്ല
'ഘനചന്ദനശുണ്ഠാംബു പര്‍പ്പടോശീരസാധിതം'
മനസ്സിലുണ്ടിവയെല്ലാം പ്രയോഗിപ്പാനെങ്ങുമില്ലാ
യമനും വൈദ്യനും തമ്മില്‍ പ്രാണവിശ്വാസമെന്നാലും
യമനെക്കൂടാതെ കൊല്‍വാന്‍ വൈദ്യനേതുമെളുതല്ലാ
അനര്‍ത്ഥം മന്ത്രവാദിക്കും കനക്കെസ്സംഭവിക്കുന്നു
സമര്‍ത്ഥനെങ്ങുമേ ചെന്നാലൊര്‍ത്ഥം കിട്ടുകില്ലാ
യക്ഷിപീഡാ കുക്ഷിപീഡാ ദേവതാപീഡയും ബ്രഹ്മ-
രക്ഷസദ്രോഹവുമില്ല കാലനില്ലാതുള്ളനാട്ടില്‍
സാക്ഷിയായിട്ടിവര്‍ക്കെല്ലാമീശ്വരനന്തകനല്ലോ
ദീക്ഷിനായതുനേരമിവയെല്ലാമടങ്ങിപ്പോയ്
മനിഷ്യം തുള്ളുവാനുള്ള മനുഷ്യര്‍ക്കുമിതുകാലം
മനസ്സുമുട്ടിതയായിട്ടകപ്പെട്ടു വിശപ്പൊട്ടും
സഹിക്കാത്ത വെളിച്ചപ്പാടൊളിച്ചപ്പാ! ശയിക്കുന്നു
വഹിയാ വാളെപ്പാനും തുള്ളലേതും ഫലിക്കാതായ്
തിടുക്കങ്ങളിവ ചൊന്നാലൊടുക്കമില്ലെടോ ബാലേ!
കുടക്കുന്നു പലകൂട്ടം പറവാനിന്നിയും മേലില്‍
മുടക്കങ്ങള്‍ പലതുണ്ടു നമുക്കു യാഗമില്ലാഞ്ഞി-
ട്ടൊടുക്കം ഞാന്‍ പുറപ്പെട്ടു പത്മജന്മാവിനെക്കാണ്മാന്‍
അവസ്ഥകളറിയിച്ചിട്ടവന്റെ കല്പന പോലെ
അവിടത്തിലന്തകനെക്കാണ്മതിന്നാശു ഞാന്‍ വന്നു
അന്തകന്റെ ശാസനത്താലനര്‍ത്ഥം നീങ്ങുവാനുള്ള
ബന്ധമിപ്പോളുളവാക്കി മനുഷ്യനെ യാത്രയാക്കി.
Ref: കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികള്‍ Current Books 1997 edition
No comments:
Post a Comment