ആറെമ്മോടെ ഗേറ്റ്
................................
(ശബരിമല വിഷയത്തിൽ നിന്നും ഒരു ഡൈവേർഷൺ)
................................
(ശബരിമല വിഷയത്തിൽ നിന്നും ഒരു ഡൈവേർഷൺ)
8 വർഷത്തെ റൂറൽ സർവ്വീസിന്റെ പിൻബലത്തോടെ ബിരുദാനന്തരബിരുദ പഠനത്തിന് പ്രവേശനം കിട്ടി ആദ്യത്തെ പരിശ്രമത്തിൽ തന്നെ പരീക്ഷ പാസ്സായി തിരിച്ച് സർവ്വീസിൽ കേറുമ്പോൾ വീണ്ടും 7 വർഷത്തെ റൂറൽ സർവ്വീസ് ചെയ്യേണ്ടിവരുന്നു. ഒടുക്കം മൊത്തം 15 വർഷത്തെ റൂറൽ സർവ്വീസിനു ശേഷം ഭാഗ്യവശാൽ ഡോക്ടർക്ക് ആരുടേയും റെക്കമന്റേഷൻ ഇല്ലാതെ തന്നെ ഒരു താലൂക്ക് ആശുപത്രിയിൽ പോസ്റ്റിംഗ് ലഭിക്കുന്നു.
ആശിച്ചു മോഹിച്ചു പുതിയ ആശുപത്രിയിൽ ചേർന്നു കഴിയുമ്പോൾ താമസിക്കാൻ ഒരു വീട് തിരക്കി നടന്നിട്ട് ലഭിക്കുന്നില്ല. പ്രശ്‌നപരിഹാരമായി ആശുപത്രി സുപ്രണ്ട് ഒരു നിർദ്ദേശം വയ്ക്കുന്നു.
"ആറെമ്മോ സ്ഥാനം ഏൽക്കാൻ തയ്യാറാണെങ്കിൽ സർക്കാർ വക ഫ്രീ ആറെമ്മോ ക്വാർട്ടേഴ്‌സ് തരാം."
ക്വാട്ടേഴ്‌സ് താമസയോഗ്യമാണോ എന്നുപോലും തിരക്കുന്നില്ല.
പഴയ ആറെമ്മോയുടെ പക്കൽ നിന്നും ക്വാർട്ടേഴ്‌സിന്റെ താക്കോൽ കൈപ്പറ്റി വീട്ടു സാമഗ്രികളും കുടുംബവുമായി ക്വാർട്ടേഴ്‌സിൽ എത്തിയപ്പോഴാണ് വേണ്ടായിരുന്നു എന്നു തോന്നുന്നത്.
ഇനിയെന്തു ചെയ്യും? നനഞ്ഞുപോയില്ലേ. കുളിച്ചുകേറുക തന്നെ!!
കഴിഞ്ഞു പോയ 10 വർഷമായി ആറെമ്മോ സ്ഥാനം അലങ്കരിച്ചവരാരും തന്നെ ഈ ഭാർഗ്ഗവീനിലയത്തിൽ താമസിച്ചിരുന്നില്ലത്രേ!!
ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന പോലത്തെ അവസ്ഥ.
ഒടുവിൽ രണ്ടും കല്പിച്ച് ക്വാർട്ടേഴ്‌സ് തുറന്ന് ഒരു മുറി മാത്രം വൃത്തിയാക്കി വീട്ട് സാധനങ്ങൾ ഇറക്കി നാട്ടിലേക്ക് വന്ന് ഭാര്യയെയും മക്കളെയും അവിടെ ആക്കുന്നു. പിറ്റേന്ന് ഒരു സഹായിയുമായി തിരിച്ചെത്തി മുറികളെല്ലാം വൃത്തിയാക്കി വീട്ടുപകരണങ്ങളെല്ലാം അടുക്കി വച്ചതിനു ശേഷം നാട്ടിൽ തിരിച്ചുപോയി കുടുംബത്തെ കൂട്ടി വരുന്നു.
സർക്കാർ വക മെയിന്റെനൻസിന് കാത്തിരുന്നാൽ സർക്കാർ കാര്യം മുറ പോലെയേ നടക്കൂ. ഒരു പ്ലമ്പറെയും ഇലക്ട്രീഷ്യനേയും നിർത്തി വെള്ളം കറന്റ് ടോയിലറ്റ് എന്നിവയുടെ പ്രശ്‌നങ്ങളും പരിഹരിച്ച് വീടിന്റെ ചോർച്ച കൂടി തീർത്തുകഴിഞ്ഞപ്പോഴേക്കും നല്ലൊരു തുക കയ്യിൽ നിന്നും ചെലവാകുന്നു.
പിന്നെ വൈറ്റ്‌വാഷിംഗും പെയിന്റിംഗും. സാരമില്ല. സഹിക്കുക തന്നെ. തൽക്കാലം മതിലും ജനലും മറ്റും തുടച്ചു വൃത്തിയാക്കാവുന്നടുത്തോളം വൃത്തിയാക്കുന്നു.
കുട്ടികളെ പുതിയ സ്‌ക്കൂളിൽ ചേർക്കുന്നു. ഗ്യാസ് കണക്ഷനും റേഷൻ കാർഡും ട്രാൻസ്‌ഫർ ചെയ്യുന്നു.
ട്രാൻസ്‌ഫർ സമയത്ത് അർഹതപ്പെട്ട ജോയിനിംഗ് ടൈം എടുക്കാതിരുന്നതിനാൽ ആശുപത്രി ഡ്യൂട്ടി സമയം കഴിഞ്ഞു വേണം എല്ലാത്തിനും മേൽനോട്ടം വഹിക്കാൻ. സെറ്റിൽ ആകാൻ കുറച്ചധികം നാൾ വേണ്ടിവരുന്നു.
ആശുപത്രിയുടെ വടക്ക് കിഴക്കേ മൂലയിലായി മറ്റൊരു കോമ്പൗണ്ടായാണ് ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. ക്വാർട്ടേഴ്‌സിന്റെ പുറകിൽ നിന്നും ആശുപത്രി കോമ്പൗണ്ടിലേക്ക് കടക്കാൻ ഒരാൾക്ക് മാത്രം കടന്നു പോകാൻ പാകത്തിൽ ചെറിയ ഒരു ഗേറ്റ്. മുന്നിൽ വണ്ടിയുമായി പുറത്തേക്ക് മെയിൻ റോഡിലേക്കു കടക്കാൻ വലിയ മറ്റൊരു ഗേറ്റ്. വലിയ ഗേറ്റ് വഴി പുറത്തേക്കിറങ്ങിയാൽ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് കടന്നു വേണം റോഡിലെത്താൻ.
പുറത്തേക്കിറങ്ങുന്ന വഴിയുടെ ഓരത്തായി സ്ഥിതി ചെയ്യുന്ന പബ്ലിക്ക് മൂത്രപ്പുരയിൽ നിന്നുമുള്ള ദുർഗന്ധം ക്വാർട്ടേഴ്‌സിൽ സഹിക്കാവുന്നതിനും അപ്പുറം!
മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴി ചേർമാനെ നേരിട്ട് കണ്ട് ഒരു പരാതി കൊടുക്കുന്നു. ഏതാനം ദിവസങ്ങൾക്കകം മൂത്രപ്പുര വൃത്തിയാക്കുന്ന കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാവുന്നു.
ദുർഗന്ധം ഇനി സഹിക്കേണ്ടല്ലോ എന്നു മനസ്സിലാക്കി പരിസസരവാസികൾക്കും സന്തോഷം മൂത്രപ്പുര വൃത്തിയാക്കി കിട്ടിയതിൽ പ്രൈവറ്റ് സ്റ്റാന്റിൽ എത്തുന്ന യാത്രക്കാർക്കും സന്തോഷം.
പ്രൈവറ്റ് സ്റ്റാന്റിൽ എത്തുന്ന രോഗികളും കൂട്ടിരുപ്പുകാരും സന്ദർശ്ശകരും എന്നു വേണ്ട ആശുപത്രി ജീവനക്കാർ പോലും ആശുപത്രിയിലേക്ക് പ്രവേശിക്കുന്നത് ക്വാർട്ടേർസ് വഴി ആണ്. കുടുംബവുമായി താമസിക്കുന്നതിനാൽ വളരെ അധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നപ്പോൾ ആശുപത്രിയിലേക്കുള്ള ഗേറ്റ് പൂട്ടിയിടേണ്ടിവരുന്നു.
ഗേറ്റ് പൂട്ടിയിട്ടതോടുകൂടി ജനത്തിൽ നിന്നും ഉള്ളതിനേക്കാൾ പ്രതിഷേധം ഉയരുന്നത് ആശുപത്രി ജീവനക്കാരിൽ നിന്നു തന്നെ.
ആശുപത്രിയിലേക്ക് വരാനും പോകാനും മാത്രമല്ല ഹാജർ രേഖപ്പെടുത്തിയതിനു ശേഷം ഡ്യൂട്ടി സമയത്ത് ആശുപത്രിയിൽ നിന്നും മുങ്ങാൻ കൂടി ഈ വഴി പലരും ഉപയോഗിച്ചിരുന്നു എന്ന് നൾസിംഗ് സൂപ്രണ്ട് പറയുന്നു. ഈ ഗേറ്റ് പൂട്ടിയിട്ടാൽ ആശുപത്രിയുടെ പ്രധാന കവാടം വഴി മുങ്ങാൻ സാധിക്കില്ല.
ജീവനക്കാർക്ക് ഏതു സമയത്തും ആറെമ്മോയെ ഒഫിഷ്യലായി സമീപിക്കേണ്ടി വരും എന്ന കാരണം പറഞ്ഞ് ക്വാർട്ടേഴ്‌സിലെ ഗേറ്റ് പൂട്ടിയിടാൻ പാടില്ല എന്ന പരാതി ഉയരുന്നു. അത് ആശുപത്രിയിലെ മാസ പ്രവർത്തന അവലോകന യോഗം കൂടുമ്പോൾ ജീവനക്കാർ ഉന്നയിക്കുകയും ചെയ്യുന്നു.
ഗേറ്റ് വഴി ജീവനക്കാർ ഡ്യൂട്ടിയിൽ നിന്നും മുങ്ങുന്ന കാര്യം ആരും പറയാതിരുന്നതിനാൽ ആ വിവരം ആറെമ്മോ തന്നെ യോഗത്തെ അറിയിക്കുന്നു. നഴ്‌സിംഗ് സൂപ്രണ്ട് അത് ശരിവയ്ക്കുകയും ചെയ്യതോടെ യോഗത്തിൽ ബഹളമുണ്ടാവുന്നു.
പ്രശ്‌നത്തിന് ഒരു പരിഹാരം നിർദ്ദേശിക്കാൻ സൂപ്രണ്ട് ആറെമ്മൊയോട് ആവശ്യപ്പടുന്നു.
പരിഹാരം വളരെ സിമ്പിളാണെന്ന് ആറെമ്മോ. ആശുപത്രിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏതു സമയത്തും ആറെമ്മോ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന കാര്യം കണക്കിലെടുത്ത് ആറെമ്മോ ക്വാർട്ടേഴ്‌സിലേക്ക് ഒരു ടെലിഫോൺ കണക്ഷൻ എത്രയും വേഗം ഏർപ്പാടാക്കുക.
അങ്ങനെ ആറെമ്മോ കണക്ഷന് അപേക്ഷിക്കുന്നു. അടിയന്തിരമായി കണക്ഷൻ ലഭിക്കുകയും ചെയ്യുന്നു.
ശുഭം? എവിടുന്ന്!!
ഗേറ്റ് ഉപയോഗിച്ചിരുന്നവരെല്ലാം ആറെമ്മോയെ ശത്രുഗണത്തിൽ പെടുത്തുന്നു.
പോകെപ്പോകെ പലരിൽ നിന്നും പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നതിന്റെ (ഉണ്ടാക്കുന്നതിന്റെ എന്നു പറയുന്നതാവും കൂടുതൽ ശരി) എല്ലാം പിന്നിൽ ക്വോർട്ടേഴ്‌സ് പൊതുവഴിയായി നേരത്തെ ഉപയോഗിച്ചിരുന്ന ജീവനക്കാരും ജനവും ആവുന്നു.
പഴയ മുദ്രാവാക്യം കേട്ടിട്ടില്ലേ "ഞങ്ങളെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സർക്കാരേ".
ആറെമ്മോ ആയി ഇരിക്കുന്ന കാലമത്രയും ആശുപത്രിയിലേക്കുള്ള ചെറിയ ഗേറ്റ് തുറന്നിടേണ്ട സാഹചര്യം ഉണ്ടാവുന്നില്ല!!
പക്ഷെ... പാരയോട് പാര...
.....തുടരും.
No comments:
Post a Comment