Pages

Monday, December 4, 2017

ചികിത്സ ഗ്യാരണ്ടി എന്തുകൊണ്ട് മോഡേൺ മെഡിസിൻ ഡോക്ടർ നൽകുന്നില്ല

"Why cant the modern medicine guarantee an absolute recovery?"

ഒരു ചിരകാല സുഹൃത്ത് ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരം പറയാൻ ശ്രമിക്കുകയാണിവിടെ.

Diagnosis എന്ന വൈദ്യശാസ്ത്രപ്രയോഗത്തിന്റെ അർത്ഥം എല്ലാവർക്കും അറിയാവുന്നതാണ്.

Prognosis എന്ന വാക്ക് ഡോക്ടർമാർക്ക് സുപരിചിതം ആണെങ്കിലും പോതുജനത്തിന് അതിനെപ്പറ്റി വലിയ ധാരണയൊന്നും ഇല്ല.

ഏതോരു രോഗത്തിന്റെയും ഭാവിയെപ്പറ്റിയുള്ള പ്രവചനം ആണ് "പ്രോഗ്നോസിസ്" എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.

രോഗത്തിന്റെ നൈസർഗ്ഗികമായ കാലാവധി, ധർമ്മം, ഗതി, ഏറ്റക്കുറച്ചിലുകൾ, ഇടവിട്ടുള്ള ആപൽസന്ധി, പ്രവചനാതീതമായ പരിണാമം, മരണസാദ്ധ്യത എന്നീ വിഷയങ്ങളെല്ലാം പ്രോഗ്നോസിസ് എന്ന ഒറ്റ സംജ്ഞയുടെ കീഴിൽ വരും. ഇവയെല്ലാം ഓരോ രോഗങ്ങൾക്കും വ്യത്യസ്ഥമാണ്.

എല്ലാ രോഗങ്ങളുടെയും ക്രമികമായ പരിണാമം ഒരേ പോലെ അല്ല. ചികിത്സയില്ലാതെ മാറുന്നവ, ചികിത്സയോടെ മാറുന്നവ, ചികിത്സയോടെ നിയന്ത്രണവിധേയമാക്കാവുന്നവ, ചികിത്സയോടെ മാറ്റാൻ സാധിക്കില്ലെങ്കിലും രോഗിയുടെ ബുദ്ധിമുട്ട് ലഘൂകരിക്കാവുന്നവ, പെട്ടെന്നുള്ളതോ സാവധാനത്തിലുള്ളതോ ആയ മരണത്തിലേക്ക് നയിക്കുന്നവ എന്നിങ്ങനെ പല വിധ പരിണാമങ്ങൾ രോഗങ്ങൾക്ക് സംഭവിക്കാം.

ഓരോ രോഗങ്ങളുടെയും പൂർവ്വകാല അനുഭവങ്ങളും പഠനങ്ങളും അവലോകനങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഓരോ രോഗത്തിന്റെയും പ്രോഗ്നോസിസ് നിശ്ചയിച്ചിട്ടുള്ളത്.

ഡോക്ടർമാർ അമാനുഷിക ദിവ്യശക്തിയുള്ളവരല്ല. വൈദ്യശാസ്ത്രം പഠിച്ച ഒരു വ്യക്തി എന്ന വ്യത്യാസമേ ഡോക്ടറും ഡോക്ടർ അല്ലാത്തവരും തമ്മിൽ ഉള്ളു.

ജീവൻ നില നിർത്താനും, ശരീരം പ്രവർത്തനക്ഷമമാകാനും ഉള്ള വിവരങ്ങൾ മാത്രമേ ജനിച്ചു വീഴുന്ന സമയത്ത് ഭാവിയിൽ ഒരു ഡോക്ടറാകാൻ വിധിക്കപ്പെട്ട ശിശുവിന്റേയും മറ്റുള്ള ശിശുക്കളുടേയും തലച്ചോറിൽ ഉള്ളു. (കംപ്യൂട്ടർ ഭാഷയിൽ പറഞ്ഞാൽ BIOS മാത്രമായിട്ടാണ് ജനനം. സിസ്റ്റം ഉപയോഗപ്രദം ആവണമെങ്കിൽ ഓപ്പറേറ്റിംഗ് സിസ്റ്റം വേണം, ഒരോ തരം പ്രവർത്തികൾക്കും പ്രത്യേകം സോഫ്‌റ്റ്‌വേറുകൾ വേണം ഓരോന്നിന്റെയും ടൂൾസ് എന്തൊക്കെയാണെന്നു ഉപയോക്താവ് പഠിക്കണം) കാലാകാലങ്ങളിൽ പഞ്ചേന്ത്രിയങ്ങൾ വഴി തലച്ചോറിൽ ശേഖരിക്കപ്പെടുന്ന ആർജ്ജിത വിവരശേഖരം ആണ് പിൽക്കാലത്ത് അവനെ ഡോക്ടറും എഞ്ചിനീയറും ഓഡിറ്ററും പൊതുപ്രവർത്തകനും ഒക്കെ ആക്കുന്നത്. ഇത്തരം ആർജ്ജിത വിജ്ഞാനം ഒന്നും തന്നെ, ചിലർ ആവകാശവാദം ഉന്നിയിക്കുന്നതു പോലെ, ജീൻ വഴി അടുത്ത തലമുറയിലേക്ക് പകർന്നു കൊടുക്കപ്പെടുന്ന ഒന്നല്ല. ഒരു വൈദ്യകുടുംബത്തിൽ ജനിച്ചു വീഴുന്നതു കൊണ്ടുമാത്രം താൻ ഒരു പരമ്പരാഗത വൈദ്യൻ ആണെന്ന് ആർക്കും അവകാശപ്പെടാൻ ആവില്ല. ജ്ഞാനം ചുറ്റുപാടുകളിൽ നിന്നും സമ്പാദിക്കുക തന്നെ വേണം. അതിന് വളരെ നാളത്തെ പരിശ്രമവും പ്രവൃത്തിപരിചയവും അത്യന്താപേക്ഷിതമാണ്.

കേരളത്തിലെ ഒരു ഓർഫനേജിൽ നിന്നും ഒരു നവജാതശിശുവിനെ ദത്തെടുത്ത് വളർത്താനായി റഷ്യയിലേക്കു കൊണ്ടു പോയ റഷ്യൻ ദമ്പതിമാർ മലയാളം പഠിക്കാൻ പോയ ഒരു കഥയുണ്ട്. റഷ്യയിൽ വളരുന്ന കുട്ടി മാതൃഭാഷ സംസാരിക്കാൻ തുടങ്ങുമ്പോൾ തങ്ങൾക്ക് മലയാളം അറിയാൻ പാടില്ലാത്തതുകൊണ്ട് കുട്ടിയുമായി എങ്ങനെ സംസാരിക്കും എന്നായിരുന്നു അവരുടെ പേടി!

ചുരുക്കിപ്പറഞ്ഞാൽ ഗാർബേജ് ഇൻ ഗാർബേജ് ഓട്ട് എന്ന് കംപ്യൂട്ടറിനെ വിശേഷിപ്പിക്കുന്നത് തലച്ചോറിന്റെ കാര്യത്തിലും തികച്ചും ബാധകമാണ്.

ഇന്റർനെറ്റിലെയും ഫേസ്‌ബുക്കിലേയും വാട്‌സാപ്പ് സന്ദേശങ്ങളിലെയും ബോധപൂർവ്വം പ്രചരിപ്പിക്കപ്പെടുന്ന തല്പരകക്ഷികളുടെ കപടചികിത്സാവാഗ്ദാനങ്ങൾ എല്ലാ ചികിത്സാരംഗത്തെയും വളരെ പ്രതികൂലമായി ബാധിക്കുകയും രോഗിക്ക് ഡോക്ടറോടും ഡോക്ടർക്ക് രോഗിയോടും വിശ്വാസം ഇല്ലാത്ത ഒരുവസ്ഥാവിശേഷത്തിലേക്ക് മാലോകരെ എത്തിക്കുകയും ചെയ്യുന്നുണ്ട്. വ്യാജവൈദ്യന്മാരുടെ അടുത്ത് എത്തുന്നവരിൽ ഭൂരിപക്ഷവും സമൂഹമാദ്ധ്യമങ്ങളിലെ പ്രചരണങ്ങൾ വിശ്വസിക്കുന്നവരാണെന്ന് അവരുടെ അഭിപ്രായ പ്രകടനത്തിൽ നിന്നു തന്നെ നിസ്സംശയം മനസ്സിലാക്കുവാൻ സാധിക്കും.

പഠനകാലത്ത് ശാസ്ത്രേതരവിഷയങ്ങളിൽ മാത്രം അറിവ് നേടി സമൂഹത്തിലെ ഉന്നതരായി പ്രവർത്തിക്കുന്നവർക്കും പോലും ശാസ്ത്രവിഷയങ്ങളിൽ അവഗാഹം ഉണ്ടാവണമെന്നില്ല. പത്തെൺപതു വർഷം ചുമന്നുനടന്നുവെന്നു വച്ച് സ്വന്തം ശരീരത്തെപ്പറ്റി അറിയണമെങ്കിൽ പോലും ഗുരുമുഖത്തു നിന്നു തന്നെ ശരീരശാസ്ത്രം പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിഷയത്തെ സംബന്ധിക്കുന്ന പുസ്തകങ്ങൾ വായിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ആരെങ്കിലുമൊക്കെ പെടച്ചുവിടുന്ന ശാസ്ത്രഅബദ്ധങ്ങളിലെ ഉള്ളുകള്ളികൾ, പ്രത്യേകിച്ചും അസ്ഥാനത്തുള്ള ശാസ്ത്രപദപ്രയോഗങ്ങൾ, തിരിച്ചറിയണമെങ്കിൽ അല്പം മൗലിക പരിജ്ഞാനം ആവശ്യമാണ്. ഇവിടെയാണ് ഒരു മാഗ്ഗദർശിയുടെയും ആരോഗ്യവിദ്യാഭ്യാസ സ്ഥാപനത്തിന്റേയും അനിവാര്യത പ്രസക്തമാകുന്നത്. മനസ്സിലാക്കാൻ സാധിക്കാത്ത കാര്യങ്ങൾ അപ്പാടെ വിശ്വസിക്കുന്നതിനു പകരം മനസ്സിലാവാത്ത വിഷയങ്ങൾ പഠിച്ചവരോട് ചോദിച്ചു മനസ്സിലാക്കാവുന്നതേ ഉള്ളു.

* രോഗചികിത്സയിൽ പ്രധാന പങ്ക് വഹിക്കുന്നത് ഡോക്ടർ അല്ല. രോഗിയാണ്.

- രോഗസംബന്ധമായ എല്ലാ വിവരങ്ങളും മറ കൂടാതെ ഡോക്ടറോട് രോഗി പറയേണ്ടതുണ്ട്. എന്തെങ്കിലും മരുന്ന് സ്വയമായോ അവിദഗ്ദ്ധരിൽ നിന്നോ വാങ്ങി കഴിച്ചിട്ടുണ്ടെങ്കിൽ അത് മടികൂടാതെ ഡോക്ടറെ ധരിപ്പിക്കേണ്ടതുണ്ട്.

- ഡോക്ടർ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി രോഗി പറയേണ്ടതുണ്ട്. പ്രസക്തമാണെന്നു സ്വയം തോന്നുന്ന വിവരം മാത്രം പറഞ്ഞ് അപ്രസക്തമെന്നു തോന്നുന്നവ മറച്ചുവയ്ക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. അപ്രസക്തം എന്നു രോഗിക്കു തോന്നുന്ന വിവരങ്ങൾ രോഗനിർണ്ണയത്തിൽ പ്രസക്തമായിക്കൂടായ്കയില്ല.

- ശരീരപരിശോധനയ്ക്ക് രോഗി പൂർണ്ണസമ്മതത്തോടെ സഹകരിക്കേണ്ടതുണ്ട്.

- ഡോക്ടർ നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ രോഗി കൃത്യസമയത്ത് ചെയ്യേണ്ടതുണ്ട്.

- പഥ്യം പാലിക്കേണ്ടതുണ്ട്.

- നിർദ്ദേശിക്കപ്പെട്ടതു പോലെ കൃത്യമായി മരുന്നു കഴിക്കേണ്ടതുണ്ട്.

- അനിഷ്ട വ്യതിയാനങ്ങൾ ഡോക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്.

- നിശ്ചയിച്ച ദിവസം തന്നെ രോഗി പുനഃപരിശോധനയ്ക്ക് ഹാജരാകേണ്ടതുണ്ട്.

- എന്തെങ്കിലും അതൃപ്തി മൂലം അല്ലെങ്കിൽ ബാഹ്യസ്വാധീനത്താൽ നിങ്ങൾ രണ്ടാമത് കാണാൻ പോകുന്ന ഡോക്ടർ ആദ്യത്തെ ആളേക്കാൾ കേമൻ ആകണമെന്നില്ലെങ്കിലും ചികിത്സിക്കുന്ന ഡോക്ടറിൽ വിശ്വാസം നഷ്ടപ്പെടുന്ന പക്ഷം ഉടനെ ഡോക്ടറെ മാറ്റുകയാണ് വേണ്ടത്.

- രോഗിക്ക് മാറ്റാൻ പറ്റുന്നത് ഡോക്ടറെ മാത്രം ആയിരിക്കും. രോഗി അപ്പോഴും പഴയതു തന്നെ!

- വിശ്വാസം. അതാണ് ഇക്കാലത്ത് പലർക്കും ഇല്ലാത്തത്.

- ചികിത്സിക്കുന്ന ഡോക്ടറെ പരീക്ഷിക്കുന്ന പ്രവണതയും അഭിലഷണീയമല്ല.

ഏതൊരു രോഗത്തിന്റെയും പ്രോഗ്നോസിസിനെപ്പറ്റി രോഗിയോട് പറയണോ അതോ ബന്ധുക്കളോടു മാത്രം പറയണോ എന്നത് ഡോക്ടറെ പലപ്പോഴും അലട്ടുന്ന ഒരു പ്രശ്നം ആണ്. ഇക്കാര്യത്തിൽ രോഗിയുടെയും ബന്ധുജനങ്ങളുടെയും താല്പര്യത്തിനനുസരിച്ച് നിന്നു കൊടുക്കുന്നതാവും നല്ലത്. പക്ഷെ തന്റെ രോഗത്തെപ്പറ്റി രോഗി ബോധവാനല്ലാതാകുമ്പോൾ ചികിത്സയ്ക്ക് വിഘ്നം നേരിടുന്ന പക്ഷം രോഗിയോട് തന്നെ പ്രോഗ്നോസിസ് പറയാൻ ഡോക്ടർ നിർബന്ധിതനാകും. തദ്ദവസരങ്ങളിൽ മയത്തിൽ പറയുന്നതും ചിലപ്പോൾ ഗുണകരമല്ലാതെ ഭവിക്കും. ചുരുക്കി പറഞ്ഞാൽ ഓരോ രോഗിയെയും വ്യത്യസ്ഥ രീതിയിൽ സമീപിക്കേണ്ടിവരും. ശുഭാപ്തി വിശ്വാസം നല്ലതാണ്. പക്ഷെ ചിലപ്പോൾ അത് പല തരത്തിലുള്ള ദോഷങ്ങൾക്ക് കരാണമാകും.

നിർമ്മാണത്തിൽ ഉണ്ടാകുന്ന പാകപ്പിഴകൾക്ക് മാത്രമേ ഉപകരണ നിർമ്മാതാക്കൾ ഗ്യാരണ്ടി നൽകാറുള്ളു. അതും നിശ്ചിത കാലാവധിക്കോ ശ്രദ്ധാപൂർവ്വമായ ഉപയോഗത്തിനോ മാത്രം.
മനുഷ്യശരീരം ആശുപത്രികളിൽ നിർമ്മിക്കുന്ന ഒരു യന്ത്രം അല്ല എന്നതുകൊണ്ടുതന്നെ ഗ്യാരണ്ടി എന്ന പദപ്രയോഗം തന്നെ വൈദ്യശാസ്ത്രരംഗത്ത് പ്രായോഗികമല്ല.

ശ്രദ്ധാപൂർവ്വമുള്ള സേവനം മാത്രമേ ഡോക്ടർ ഗ്യാരണ്ടി കൊടുക്കുന്നുള്ളു. അതേ സാധിക്കുകയുള്ളു.

ഏതെങ്കിലും ഒരു ഡോക്ടറോ വൈദ്യനോ മാറാരോഗം പോലും മാറ്റിക്കൊടുക്കപ്പെടും എന്ന് രോഗിക്കോ ബന്ധുക്കൾക്കോ പരസ്യത്തിലോ ഗ്യാരണ്ടി കൊടുക്കുന്നുണ്ടെങ്കിൽ അത് രോഗിയ്ക്ക് നൽകുന്ന വൈദ്യരുടെ ലക്ഷ്യം രോഗിയുടെ ക്ഷേമം ആയിരിക്കില്ല. മറിച്ച് സ്വന്തം സാമ്പത്തിക നേട്ടമോ പ്രസിദ്ധിയോ ആയിരിക്കും. വൈദ്യശാസ്ത്രം പഠിച്ചിട്ടില്ലാത്ത വ്യാജവൈദ്യന്മാർ പലരും മാറാരോഗങ്ങൾക്കു പോലും ഗ്യാരണ്ടി കൊടുക്കുന്നത് രോഗിയുടെ വിശ്വാസം നേടിയെടുക്കാനും കൂടിയാണ്. രോഗത്തിന്റെ പ്രോഗ്നോസിസിനെപ്പറ്റിയുള്ള വൈദ്യരുടെ അജ്ഞതയും ഗ്യാരണ്ട കൊടുക്കുന്നതിന് ഒരു കാരണമാണ്. ആ അജ്ഞത ചിലപ്പോൾ രോഗിയെ മരണത്തിലേക്ക് നയിക്കുക കൂടി ചെയ്തേക്കാം.

വിദഗ്ധശാസ്ത്രീയസേവനം ഒന്നു മാത്രമേ രോഗിയ്ക്ക് സശ്രദ്ധം നൽകുവാൻ ഡോക്ടർക്ക് കൈമുതലായുള്ളു. രോഗിയുടെ രോഗം മാറേണ്ടത് ഡോക്ടറുടേയും കൂടെ ആവശ്യമാണ്. രോഗം മാറി സുഖപ്പെട്ടു വീട്ടിലേക്ക് പോകുന്ന ഓരോ രോഗിയും ഡോക്ടറെ ജനപ്രിയനാക്കുന്നതിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ട്.
.

No comments:

Post a Comment