Pages

Tuesday, April 13, 2010

Hey! Modern Doctor

വൈദ്യരേ! ഒരു നിമിഷം.

ആനപ്പുറത്തിരുന്നാടുമ്പോള്‍ വൈദ്യരേ
ആത്മാവ് നോവുന്നകാര്യം മറന്നുവോ
ആനപ്പുറത്തിരുക്കുമ്പോളാനന്ദം
ആന ചരിഞ്ഞാലതില്ലെന്നു നിര്‍ണ്ണയം

കുണ്ടും കുഴികളും താണ്ടുന്ന നേരത്തു്
കണ്ടില്ലേ രോമം തുളയ്ക്കുന്നതും
കുണ്ഡിതം എല്ലാം മറക്കുവാന്‍ നോക്കുന്നു
മണ്ടരില്‍ മണ്ടനാം വൈദ്യരപ്പോള്‍

ഉത്സവകാലം കിരീടം ധരിച്ചവന്‍
മത്സര ബൂദ്ധിയില്‍ എല്ലാം കളയുന്നു
വത്സലരായുള്ള ബന്ധുക്കളേയവന്‍
തത്സമയങ്ങളില്‍ ദൂരേക്കു നിര്‍ത്തുന്നു

ജാതിയോ ഭാഷയോ നോക്കാതെയേകുന്നു
പാതിയല്ലാതൊരു സേവനങ്ങള്‍
പാതി അറിവുള്ളജാതി ജനങ്ങളും
പാതിരാവായാലും ക്ഷോഭിക്കുന്നു

ഡൂട്ടിയില്‍ അല്ലാത്ത നേരത്തു മറ്റുള്ളോര്‍
ഊട്ടി കൊടൈക്കനാല്‍ പോയിടുമ്പോള്‍
ചാട്ടമോ ഓട്ടമോ ഒന്നുമില്ലാതവന്‍
മുട്ടിപ്പിന്‍ ജോലികള്‍ ചെയ്തിടുന്നു

തന്നുടെ വേദന മാറ്റുവാനായി വരും
പൊന്നപ്പന്‍ കേശവന്‍ മറ്റുള്ളോരും
തന്നുടെ വേദന തീര്‍ന്നെന്നു കണ്ടെന്നാല്‍
തന്നുടെ വൈദ്യരെ മറന്നീടുന്നു

പത്തുപതിനെട്ടു വര്‍ഷത്തെ സേവനം
ഒത്തു പണിതിവനെന്തു നേടി
പത്തുപതിനെട്ടു ചപ്പലിന്മാലയും
ഒത്തുകളിക്കാരിന്‍ ശാസനയും

ഒത്തുകളിക്കുന്ന നേതാക്കാന്മാരവര്‍
ഒത്തുചേരുന്നൊരു ഹര്‍ത്താലുമായി
എത്തുവാന്‍ വാഹനമൊന്നുമേ ഇല്ലേലു -
മെത്തേണം നേരത്തെ ഡ്യൂട്ടിയുള്ളോര്‍

ഓപ്പിയുമൈപ്പിയും നോക്കുന്ന വേളയില്‍
കാപ്പി കുടിക്കുവാന്‍ നേരോമില്ല
പീപ്പി കുലുക്കി വരുന്ന ജനത്തിനോ-
ടൊപ്പമായി ചെല്ലേണം വിളിക്കുന്നേരം

പോസ്റ്റിലിടിച്ചു മരിച്ചവന്‍ വന്നുകില്‍
പോസ്റ്റിങ്ങായി പോലീസിന്‍ സര്‍ജ്ജനായി
കാസ്റ്റിലിട്ടു നടക്കുന്ന കയ്യുമായി
പോസ്റ്റ്മോര്‍ട്ടം ചെയ്യണം വേഗമായി

വിളിവരും വീട്ടിന്നു ഭാര്യയോ മക്കളോ
വിളിവരും ലേബറിന്‍ റൂമ്മില്‍ നിന്നും
വിളിയേതു കേള്‍ക്കും കഷ്ടകാലത്തവന്‍
വിളി പിഴച്ചാലയ്യോ ഗോവിന്ദ ഗോവിന്ദ

എള്ളോളമില്ല ജനത്തിനു നാണമോ
കള്ളം പറഞ്ഞിടാന്‍ സര്‍ട്ടിഫിക്കറ്റ്
കള്ളു കുടിച്ചു വരുന്നവര്‍ വേഗമായി
പള്ളു പറഞ്ഞതും കേട്ടിടേണം

രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍
വേഗത്തിലെല്‍പ്പിയായി വാങ്ങിയെന്നാല്‍
ആഗതനാകും ഒരോഡിറ്റുകാരന്നു
ഭാഗ്യമായി ഒബ്ജക്ഷന്‍ ഇല്ലയെങ്കില്‍

സാക്ഷി പറയുവാന്‍ പോകണം കോടതീല്‍
ശിക്ഷയായി വാറണ്ടു പോയില്ലെങ്കില്‍
കക്ഷി ചേരാതിരുന്നുത്തരം നല്‍കണം
സാക്ഷി പറയേണ്ട വൈദ്യരപ്പോള്‍

തേളുകള്‍ കുത്താതെ നോക്കി നടക്കണം
കേളികല്‍ പലതിങ്ങനെ നീളുമ്പോള്‍
തോളോടു തോളുരുമ്മിനിന്നാവുകില്‍
കോളൊത്തു നീങ്ങിടും ജീവിതം നിശ്ചയം

ഓര്‍ത്തോണം നീ വെറും മര്‍ത്ത്യനാണെന്നതും
കാര്‍ത്തിക നാളോമൊരുനാള്‍ പൊലിഞ്ഞിടും
ആര്‍ത്തികള്‍ ലേശവുമില്ലാതെ നീങ്ങണം
കീര്‍ത്തി താനുത്തമം ജീവിതത്തില്‍

[ This poem was originally published in the K.G.M.O.A. Journal, August 2003 under the title “ മോഡേണ്‍ വൈദ്യരേ ” ]

No comments:

Post a Comment