സര്‍ക്കാര്‍ജോലിയും ട്രാന്‍സ്ഫറും
ആര്‍ക്കു വേണ്ടി ആര്‍ക്കു വേണ്ടി ട്രാന്‍സ്ഫറെന്ന മാരണം
ഓര്‍ത്തിടാതെ വന്നൊരു നാള്‍ ആര്‍ക്കതില്‍ പ്രയോജനം
ഊര്‍തലത്തില്‍ മൂന്നു വര്‍ഷമായിടുമ്പോള്‍ വന്നിടും
ഓര്‍ഡറായി വന്നിടുന്ന കാളകുടമത്രയും
ഒപ്പമുള്ളവര്‍ ചിരിച്ചു ചാരിയങ്ങിരിയ്ക്കവേ
ഒപ്പതിട്ടു വാങ്ങണം തിരിച്ചൊരെണ്ണം നല്‍കണം
കോപ്പികള്‍ എടുക്കയില്ലയെങ്കിലപ്പോള്‍ കാരണം
ഒപ്പമായി മൊഴിക്കയോ റിലീവിങ്ങോടര്‍ വാങ്ങണം
മാറ്റിടേണം സര്‍വ്വതാദ്യമാറ്റിടേണം മാനസ്സം
കുറ്റിയില്‍ വിളങ്ങിടുന്ന ബോര്‍ഡതും പറിക്കണം
വറ്റുചോറു വാങ്ങിടുന്ന കാര്‍ഡതും കൊടുക്കണം
കുറ്റി പോലെ തന്നിടുന്ന ഗ്യാസ്സതും കെടുത്തണം
പെട്ടികള്‍ ഇറക്കിടേണം പായ്ക്കുചെയ്തു കെട്ടണം
പട്ടിതന്‍ കഴുത്തിലിട്ട ചങ്ങല മുറുക്കണം
കട്ടിലിന്‍ പുറത്തിടുന്ന മെത്തയും ചുരുട്ടണം
കുട്ടികള്‍ പഠിച്ചിടുന്ന സ്കൂളില്‍ റ്റി സി വാങ്ങണം
പാത്രവും പദാര്‍ത്ഥവും കളഞ്ഞിടാതെ വെയ്ക്കണം
മൂര്‍ത്തിയെ പൊതിഞ്ഞിടും വിളക്കുകള്‍ കെടുത്തണം
യാത്ര പോയി പറഞ്ഞിടേണം മേല്‍വിലാസം നല്‍കണം
നേത്രം അന്നു വിങ്ങിടും സതീര്‍ത്ഥരെ വണങ്ങണം
കുട്ടിലോറി വന്നു നിന്നു ഹോണടിച്ച നേരമോ
അട്ടികള്‍ മറിച്ചു ശീലമുള്ള കൂട്ടര്‍ തല്‍ക്ഷണം
പെട്ടികള്‍ ചളുക്കി മേശകാലതില്‍ കുടുക്കിയും
കേട്ടിടാത്ത കൂലി ചൊല്ലി കാശു വേണമക്ഷണം
ഉള്ളതു പെറുക്കിയെത്തി പുത്തനായ സ്റ്റേഷനില്‍
പിള്ളയെ കരത്തിലേറ്റി വാമഭാഗമപ്പോഴും
വെള്ളവും വെളിച്ചവും കറന്‍റുമില്ല സ്റ്റേഷനില്‍
വെള്ള പൂശിയില്ല ഭിത്തികള്‍ ഒലിച്ചു പായലും
പല്ലികള്‍ ചിലച്ചിടാത്ത കൂരയില്‍ മനോഹരം
കല്ലുമുണ്ട് കമ്പികള്‍ തുരുമ്പുമുണ്ടതക്രമം
ഗ്രില്ലുപോല്‍ നിരന്നിടേണ്ട കമ്പികള്‍ വളഞ്ഞു പോയി
വില്ലുപോല്‍ വളഞ്ഞു വെള്ളമുണ്ടൊലിച്ചു തിണ്ണയില്‍
മത്തിതന്‍ തലയ്ക്കു വന്നിടുന്ന പോലെ ഗന്ധവും
പൊത്തിലുണ്ടു താമസ്സം എലിയ്ക്കു മാറ്റം നല്‍കണം
വൃത്തിയാക്കിടേണം ഗ്യാസ്സു കുറ്റിയും പുതുക്കണം
പുത്തനായ് ഉടുപ്പിടുന്നപോല്‍ നടന്നു കേറണം
ജില്ലയില്‍ പ്രസിദ്ധമായൊരാശുപത്രി തന്നിലെ
എല്ലുഡോക്ടര്‍ താമസ്സിക്കുവാന്‍ തരുന്ന കെട്ടിടം
തെല്ലുപോലുമില്ല ജീവിതത്തില്‍ അര്‍ത്ഥമെന്നുവോ
അല്ലലും പരാതിയും ഒഴിഞ്ഞു നേരമില്ലതും
വേണ്ട ട്രാന്‍സ്ഫറെങ്കില്‍ വേണമുന്നതങ്ങളില്‍ പിടി
പണ്ടിരുന്ന സ്റ്റേഷനിലോ ഉണ്ടു നല്ല നിമ്മതി
മണ്ട തൊട്ടിടുന്ന മുണ്ടുടുത്തിടുന്ന മാന്യരും
ഉണ്ടതെങ്കിലില്ല ട്രാന്‍സ്ഫറില്‍ ചതി
ഉള്ളതു പറഞ്ഞിടുന്നതുള്ളുനൊന്തു വേഗമായി
പൊള്ളവാക്കു ചൊല്ലിടാത്തതിന്നു ശിക്ഷ ട്രാന്‍സ്ഫറോ
ഉള്ളവരെ കണ്ടുവന്നിട്ടെപ്പോഴും വിളങ്ങിടാന്‍
പൊള്ളയായ മാനസ്സം എനിക്കു നല്‍കണേ പ്രഭോ.
[ This poem was originally published in K.G.M.O.A. Journal, August 1988, Under the title “ആര്‍ക്കു വേണ്ടി” ]
No comments:
Post a Comment