Pages

Sunday, April 11, 2010

Chikungunya - preventive measures

ഗുനിയാ പിടിച്ചെന്‍റെ പൊന്നുസാറേ
കുനിഞ്ഞങ്ങുപോയിട്ടു വന്നതാണേ
ദുനിയാവിലുള്ളെല്ലാ രോഗങ്ങളും
പനിയായിയൊന്നിച്ചു വന്നപോലെ

ഓര്‍ക്കാപ്പുറത്തൊരു വിറവലോടേ
മൂര്‍ദ്ധാവില്‍ വേദന വന്നുവിങ്ങി
കൂര്‍ക്കം വലിക്കുവാനാവതില്ല
ആര്‍ക്കുമീരോഗം വന്നുവെന്നാല്‍

സന്ധികളൊക്കേയും വിങ്ങിടുന്നു
ബന്ധിയായി ഞാനിന്നു വീട്ടിലിപ്പോള്‍
കുന്തം വിഴുങ്ങിയ ചേലുപോലേ
ചിന്തിച്ചു ഞാനങ്ങിരുന്നു പോയി

പനിയായി വന്നതിന്‍ ശേഷമിപ്പോള്‍
ശനിയായി വന്നോരോ വാര്‍ത്തയെല്ലാം
തനിയാവര്‍ത്തനം ആയി കേട്ടു
പനിയേക്കാളതിഭീകരമായി

പതിവായി വന്നിടും നീറ്റലൊക്കേ
മതിയായിയീ പനി വന്നുവെന്നാല്‍
പൊതുവായി ചെയതിടും വൃത്തിയിപ്പോള്‍
പതിവായി ചെയ്യേണം നാമതിപ്പോള്‍

കൊതുകിന്‍റെ മൂളലെന്‍ കാതിലെത്തി
കതകില്‍ ഞാന്‍ ചാരിയിരുന്ന നേരം
കൊതുകായി വന്നൊരു കാലനെന്നേ
മുതുകില്‍ കുത്തിയതോര്‍ത്തു പോയി

കാര്‍ത്തിയായനീയമ്മയുള്ള ദേശം
കീര്‍ത്തി കയറിനാല്‍ നല്ല ദേശം
തീര്‍ത്തും പ്രദേശത്തു വൃത്തിയുണ്ടോ ?
ഓര്‍ത്താലോ കാരണം നമ്മളല്ലേ !

തിരുവോണനാളതിന്‍ വൃത്തിയിപ്പോള്‍
പെരുമയാം ദേശത്തുമില്ല പോലും !
തെരുവില്‍ കളഞ്ഞീടും പ്ലാസ്റ്റിക്കിപ്പോള്‍
പെരുകാന്‍ കൊതികിന്നു കാരണമായി

ജഡ പോലെ കാടു പിടിച്ചീടുന്ന
തോടായ തോട്ടിലനക്കമില്ല
ഓടാന്മറന്നനങ്ങാതെ വെള്ളം
പാടാന്‍ കടുപ്പമാം പാട്ടു പോലെ

കുളികഴിഞ്ഞാല്‍ മിനുങ്ങി ദേഹം
കുളിമുറിവെള്ളമഴുക്കുചാലായി
ഇളനീര്‍ചിരട്ടയില്‍ തങ്ങി വെള്ളം
മൂളും കൊതുകതില്‍ മുട്ടയിടും

പരിസരം വൃത്തിയായ് വെച്ചിരുന്നാല്‍
ശരിയായ് പരിസര ശുദ്ധി വന്നാല്‍
ചടപടാ കൂട്ടമായി മുട്ടയിടാന്‍
കടുവാക്കൊതുകിന്നതാവുകില്ല

മതിയായ മാത്ര മരുന്നടിച്ചാല്‍
പതിവായ് ചിരട്ട കമഴ്ത്തിയിട്ടാല്‍
കൊതുകതിന്മുട്ട വിരിഞ്ഞുവെന്നാല്‍
കൊതുകിന്‍ കൂത്താടികള്‍ ചാകുമല്ലോ

ചന്ദ്രനും സൂര്യനും മാറിമാറി
പന്ത്രണ്ടു മാസം കഴിഞ്ഞുവെന്നാല്‍
മാവേലിത്തമ്പുരാന്‍ വന്നീടുവാന്‍
ആവേശചിത്തരായി നില്‍ക്കുന്ന നാം

അത്തംവന്നെത്തിടുമ്മുമ്പുതന്നെ
വൃത്തിയാക്കീടണം ചുറ്റുമെല്ലാം
പത്തു പേര്‍ക്കീപ്പണി കിട്ടിയെന്നാല്‍
വൃത്തിയായ്യോണമതുണ്ടിടിടാമേ

കാടുംപടലും നാം വെട്ടിടേണം
വീടിന്‍ പരിസര വൃത്തി വേണം
തോട്ടിലെപ്പായലും വാരിടേണം
മോടിയായി കാടുകള്‍ വെട്ടിടേണം

ഓണം തുടങ്ങീടും നേരത്തല്ലോ
കാണണം വൃത്തി കുളക്കരയില്‍
കാണുവാന്‍ പോളകള്‍ കൗതുകം താന്‍‌
പാണിയാല്‍ വാരിക്കളഞ്ഞിടേണം

ഗപ്പിഗമ്പൂസികള്‍ മീന്‍ ഇരുവര്‍
ഒപ്പമായി തിന്നീടും കൂത്താടിയേ
കുപ്പിയില്‍ വാങ്ങുവാന്‍ കിട്ടുമെങ്കീ -
ലിപ്പോളീ മീന്‍ കുളത്തിലിടാം

ഏഡിസ്സ് പരത്തും ചിക്കന്‍ഗുനിയാ
ഏറിയാല്‍ വേദന സന്ധിതോറും
ഏല്‍ക്കുന്ന രോഗമാ ഡങ്കിയായാല്‍
മാരകം, ഹെമറാജിക്ക് ഡെങ്കിയാണേല്‍

പലതുണ്ടു കൊതുകുകളനോഫലീസ്സ്
പലനാള്‍ പനിക്കും മനമ്പനിക്കായി
ക്യൂലക്സ്, തലച്ചോറിലെന്‍ക്കഫലൈറ്റീസ്സ്
ക്യൂലക്സ്, മാന്‍സോണിയാ മന്തു രോഗം

കൊതുകിന്‍ കടികളില്ലാതിരിക്കാന്‍
കൊതുകിനെയോടിക്കാന്‍ കുന്തിരിക്കം
കൊതുകിന്‍ തിരികളും മാറ്റുകളും
കൊതുകു വലയ്ക്കുള്ളില്‍ താനുറക്കം

നാളുകള്‍ പലതു കഴിഞ്ഞുവെന്നാല്‍
ആളുകള്‍ ഗുനിയാ മറന്നു പോകും
കോളായി! കൊതുകുകള്‍ പെരുകിയെന്നാല്‍,
നാളെയും ജീവിന്‍ ദുരിതപൂര്‍ണ്ണം

കൊതുകിന്‍റെയെണ്ണം കുറച്ചു നിര്‍ത്താന്‍
പതിവായി പരിസരവൃത്തി വേണം
കൊതുകാല്‍ പരക്കുന്ന രോഗമൊന്നും
പൊതുജന മദ്ധ്യത്തിലില്ല പിന്നെ

No comments:

Post a Comment