Pages

Wednesday, January 29, 2014

അര്‍ത്തുങ്കല്‍ പള്ളി ഐതീഹ്യം - അര്‍ത്തുങ്കല്‍ വെളുത്തച്ചനും ശബരിമല ശാസ്താവും

ലേഖകന്‍ - ഫാ. സ്റ്റീഫന്‍ പഴമ്പാശ്ശേരില്‍ (റെക്ടര്‍)

[ അര്‍ത്തുങ്കല്‍ ബെസിലിക്ക തിരുനാള്‍ സപ്ലിമെന്റ് - 2014 ജനുവരി 20. "സ്നേഹദൂതു്" ]
(മുകളില്‍ സൂചിപ്പിച്ച ലേഖനത്തിന്റെ യൂണിക്കോഡ് പതിപ്പു മാത്രമാണു് ഈ പോസ്റ്റ്.)


പ്ലേഗ് രോഗത്തില്‍ നിന്നും രക്ഷിക്കപ്പെട്ടതിന്റെ നന്ദിസൂചകമായി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവുമായി ഇറ്റലിയില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടകര്‍ യാത്രാമദ്ധ്യേ അര്‍ത്തുങ്കല്‍ കടലില്‍ വച്ചു് കടല്‍ക്ഷോഭത്തില്‍ കപ്പല്‍ മുങ്ങിപ്പോകും എന്നായപ്പോള്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ച നാവികര്‍ക്കു് ലഭിച്ച ദര്‍ശ്ശനപ്രകാരവും അന്നു രാത്രി അര്‍ത്തുങ്കല്‍ പള്ളി വികാരിക്കു് ലഭിച്ച ദര്‍ശ്ശനപ്രകാരവും ആഴക്കടലിലെ കപ്പലില്‍ നിന്നു വിശുദ്ധന്റെ തിരുസ്വരൂപം 1647ല്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ സ്ഥാപിച്ചു.

മനഃശാന്തിയും രോഗശാന്തിയും തേടി നാനാജാതിമതസ്താരായ ആയിരങ്ങള്‍ എന്നേരവും അണയുന്ന പുണ്യസ്ഥാനമാണു് അര്‍ത്തുങ്കല്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനട. ജാതിമതഭേദമില്ലാതെ ജനങ്ങളുടെ ആശനിരാശകളും സുഖദുഃഖങ്ങളും പ്രാര്‍ത്ഥനാമന്ത്രമായി ഈശ്വരസന്നിധാനത്തേയ്ക്കു് ഉയരുന്ന നാളുകളാണു് എല്ലാ വര്‍ഷവും ജനുവരിയിലെ തിരുനാള്‍ ദിവസങ്ങള്‍.

അറബിക്കടലിനും വേമ്പനാട്ടു കായലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇന്നത്തെ അര്‍ത്തുങ്കല്‍ പ്രദേശം എ ഡി നാലാം നൂറ്റാണ്ടോടുകൂടി രൂപം കൊണ്ട കരപ്രദേശമാണു്. അര്‍ത്തുങ്കല്‍ പ്രദേശം മൂത്തേടത്തു് രാജസ്ഥാനമായിരുന്നതിനാല്‍ ഈ സ്ഥലം മൂത്തേടത്തിങ്കലും പിന്നീടു് ഏടത്തിങ്കലും പതിനാലാം നൂറ്റാണ്ടോടുകൂടി അര്‍ത്തുങ്കല്‍ എന്നും അറിയപ്പെടാന്‍ തുടങ്ങി. ചെറിയ ഓലപ്പള്ളി മാറ്റി ഇന്നു കാണുന്ന പഴയ പള്ളി രാജാവിന്റെ പ്രത്യേക അനുമതിയോടെ 1581-ല്‍ വിശുദ്ധ അന്ത്രയോസിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെടുകയും വിശുദ്ധന്റെ നാമത്തില്‍ സ്ഥാപിക്കപ്പെടുകയും വിശുദ്ധന്റെ നാമത്തില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതോടെ അര്‍ത്തുങ്കലിന്റെ പ്രശസ്തി വാനോളം ഉയര്‍ന്നു. അര്‍ത്തുങ്കല്‍ പള്ളി ഇടവകയാക്കുകയും ആദ്യ വികാരിയായി ഗാസ്പര്‍ പയസ് എന്ന വിദേശ മിഷനറിയെ നിയമിക്കുകയും ചെയ്തു. തുടര്‍ന്നു് വൈദികനായ ജെക്കാമോ ഫെനീഷ്വോ 1584-ല്‍  വികാരിയാവുകയും രണ്ടു് പ്രാവശ്യമായി ഏതാണ്ടു് 31 വര്‍ഷം പ്രവര്‍ത്തിക്കുകയും അര്‍ത്തുങ്കലിന്റെ അപ്പോസ്തലന്‍ എന്നറിയപ്പെടുന്ന വികാരിയെ നാട്ടുകാര്‍ സ്നേഹപൂര്‍വ്വം വെളുത്തച്ചനെന്നു വിളിച്ചിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹം എല്ലാ ജനവിഭാഗങ്ങളുമായും മുത്തേടത്തു് രാജകുടുംബാംഗളുമായും പ്രമാണിമാരുമായും നല്ല സുഹൃത്തു്ബന്ധം സ്ഥാപിക്കുകയും ചെയ്തുവരവേ ശ്രീ ആയ്യപ്പന്‍ വെളുത്തച്ചന്‍ മുഖേന ചീരപ്പന്‍ ചിറയിലെ കളരിഗുരുക്കളുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ഇടയായതു് അവര്‍ തമ്മില്‍ ഉറ്റ ബന്ധം സ്ഥാപിക്കാന്‍ കാരണമായി. കൂടാതെ പന്തളം രാജകുടുംബാംഗങ്ങളുമായി ബന്ധപ്പെടുവാനും ചിലപ്പോള്‍ ഇരുകൂട്ടരും അഥിതികളായി വസിക്കുവാനും ഇടയായെന്നു് പറയപ്പെടുന്നു.

ദൈവനിശ്ചയപ്രകാരം ശ്രീ അയ്യപ്പന്‍ കാനനവാസിയായിത്തീരുകയും വെളുത്തച്ചന്‍ 1632-ല്‍ മൃത്യു വരിക്കുകയും ചെയ്തുവെങ്കിലും വി സെബസ്ത്യാനോസിന്റെ തിരുസ്വരൂപം 1647-ല്‍ അര്‍ത്തുങ്കലില്‍ സ്ഥാപിതമായതു മുതല്‍ ഈ രൂപത്തെ ജനങ്ങള്‍ വെളുത്തച്ചന്‍ എന്നു വിളിക്കുവാന്‍ ഇടയായി. ശബരിമല ശാസ്താവിനെ തൊഴുതിറങ്ങുന്ന ഭക്തര്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചനെ കാണണം എന്നു് ശ്രീഅയ്യപ്പന്‍ ആവശ്യപ്പെട്ടതായിട്ടുള്ള ഐതീഹ്യം ഇന്നും നിലനില്‍ക്കുന്നു. ആയതിനാല്‍ അയ്യപ്പഭക്തര്‍ വൃതം അവസാനിപ്പിച്ചുകൊണ്ടു് വെളുത്തച്ചന്റെ തിരുനടയില്‍ മാല ഊരുന്ന പതിവു് ഇന്നും തുടരുന്നു. ശ്രീഅയ്യപ്പന്റെ ആസ്ഥാനമായ ശബരിമല ഓരോ വര്‍ഷവും പ്രശസ്തിയിലേക്കുയരുന്നതും അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ ദേവാലയം ബസിലിക്ക പദവിയിലേക്കു് ഉയര്‍ത്തപ്പെട്ടുകൊണ്ടു് ആഗോളപ്രശസ്തി നേടുന്നതും ദൈവനിയോഗമെന്നു കരുതുന്നു.

വിശുദ്ധ പദവിയിലേക്കു് ഉയര്‍ത്തപ്പെടുവാനായി പോകുന്ന വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ അര്‍ത്തുങ്കല്‍ ദേവാലയത്തില്‍ വച്ചു് വൈദികപട്ടം സ്വീകരിക്കുകയും ഏതാനം മാസം ഇവിടെ താമസിക്കുകയും ചെയ്തതിനാല്‍ പുണ്യഭൂമിയായ അര്‍ത്തുങ്കലിന്റെ മഹത്വം വിസ്തൃതമാകുന്നു.

അനാഥരുടെ നാഥന്‍ ദൈവദാസന്‍ മോണ്‍. റൈനോള്‍ഡ് പുരയ്ക്കല്‍ അര്‍ത്തുങ്കല്‍ വികാരിയായിരുന്ന ദൈവദാസന്‍ സബാസ്റ്റ്യന്‍ എല്‍ സി പ്രസന്റേഷനില്‍ നിന്നും മാമോദീസ സ്വീകരിച്ചു. വിസിറ്റേഷന്‍ സഭാ സ്ഥാപകനും തീരദേശത്തിന്റെ അപ്പോസ്തലനുമായ ദൈവദാസന്‍ സബാസ്റ്റ്യന്‍ എല്‍ സി പ്രസന്റേഷന്‍ ജ്ഞാനസ്നാനപ്പെട്ടതും അര്‍ത്തുങ്കല്‍ വികാരിയായിരിക്കെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട അദ്ദേഹത്തിന്റെ ഭൗതീക ശരീരം സിമിത്തേരി ചാപ്പലില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

ദേവാലയങ്ങളുടെ ദേവാലയും മഹാദേവാലയം എന്നറിയപ്പെടുന്ന ബസിലിക്ക പദവിയിലേക്കു് അര്‍ത്തുങ്കല്‍ ദേവാലയം ഉയര്‍ത്തപ്പെടാന്‍ മേല്‍പ്പറഞ്ഞ മഹത്വങ്ങള്‍ ഒത്തുകൂടുന്ന ഏക ദേവാലയം ആണു് അര്‍ത്തുങ്കല്‍. അതാണു് അര്‍ത്തുങ്കലിന്റെ സവിശേഷത.

.

No comments:

Post a Comment