ലേഖകന്‍ - ഫാ. സ്റ്റീഫന്‍ എം പുന്നക്കല്‍ (വികാരി)
[ അര്‍ത്തുങ്കല്‍ ബെസിലിക്ക തിരുനാള്‍ സപ്ലിമെന്റ് - 2014 ജനുവരി 20. "സ്നേഹദൂതു്" ]
(മുകളില്‍ സൂചിപ്പിച്ച ലേഖനത്തിന്റെ യൂണിക്കോഡ് പതിപ്പു മാത്രമാണു് ഈ പോസ്റ്റ്.)
പ്രശസ്തമായി ഫ്രാന്‍സ് നഗരം അനേകം വിശുദ്ധരെ ലോകത്തിനു സംഭാവന നല്‍കിയിട്ടുള്ള അനുഗ്രഹീത രാജ്യമാണു്. പ്രകൃതിരമണീയമായ മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ തെക്കു് അതിമനോഹരമായ നഗരമാണു് നര്‍ബോന.
ഒരു ഉത്തമ കത്തോലിക്കാ കുടുംബത്തിലെ സമ്പന്നരും ഉന്നതകുലജാതരുമായ മാതാപിതാക്കളില്‍ ക്രിസ്തുവര്‍ഷം 255-നോടടുത്താണു് സെബസ്ത്യാനോസ് ഭൂജാതനായതു്. നര്‍ബോനയില്‍ ജനിക്കുകയും മിലനില്‍ അധിക കാലം ജീവിക്കുകയും ചെയ്ത അദ്ദേഹം അറിയപ്പെടുന്നതു് "റോമായിലെ വിശുദ്ധ വേദസാക്ഷി" എന്നാണു്. മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതവും ദൈവത്തിലുള്ള അതിയായ വിശ്വാസവും സ്നേഹവാത്സല്യവും ലളിത ജീവിതവും മാതാവിന്റെ ശിക്ഷണവും ഈ കുബേരസന്താനത്തെ മാതൃക പുരുഷനാകുവാനും ശാന്തത, വിവേകം, സത്യസന്ധത, വിനയം തുടങ്ങിയ വിശേഷഗുണങ്ങളുടെ വിളനിലമാക്കുവാനും കഴിഞ്ഞു.
28-മത്തെ വയസ്സില്‍ അദ്ദേഹം മിലന്‍ ദേശം വിട്ടു് റോമാ നഗരത്തിലേക്കു് പോയി. സൈനികസേവനം അക്കാലത്തു് ഉന്നതകുലജാതര്‍ക്കു് വിശിഷ്ട സേവനമായി കണ്ടിരുന്ന കാലമായിരുന്നെങ്കിലും വിശുദ്ധ സെബസ്ത്യാനോസിനു് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു് വഴങ്ങി അദ്ദേഹം സൈനിക സേവനത്തിനു് തയ്യാറായി. മതമര്‍ദ്ദനം ശക്തി പ്രാപിച്ചിരുന്ന കാരിനൂസ് രാജാവിന്റെ കാലത്താണു് അദ്ദേഹം സൈനിക സേവനത്തിനു ചേര്‍ന്നതു്. രാജകൊട്ടാരത്തില്‍ സേവനം ചെയ്തിരുന്ന ക്രിസ്ത്യന്‍ ഭടന്മാര്‍ റോമന്‍ ദേവന്മാരെ ആരാധിക്കാന്‍ കാരിനൂസ് ആവശ്യപ്പെടുകയും എതിര്‍ത്തവരെ വധിക്കുകയും ചെയ്തിരുന്ന കാലത്താണു് വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രേരണയാല്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി അവസാനരക്തം ചിന്തുവാന്‍ സൈനികര്‍ സന്നദ്ധരായതു്. ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തിയുമായുള്ള യുദ്ധത്തില്‍ കാരനൂസ് വധിക്കപ്പെട്ടു. ഭരണത്തില്‍ സഹായിക്കുന്നതിനായി മാക്സിമിയനെ സഹചക്രവര്‍ത്തിയാക്കുകയും ഇവര്‍ സെബസ്ത്യാനോസിനെ സേനാനായകനാക്കുകയും പ്രീട്ടോറിയ എന്ന പ്രത്യേക പദവിയും നല്‍കി. രാജ്യത്തുണ്ടാകുന്ന സാംക്രമിക രോഗങ്ങള്‍ വെള്ളപ്പൊക്കം ഭൂകമ്പം വരള്‍ച്ച തുടങ്ങിയ എല്ലാത്തിന്റെയും കാരണം ക്രിസ്ത്യാനികള്‍ ആണെന്നു് ആരോപിച്ചു് റോമാചക്രവര്‍ത്തിമാര്‍ ക്രൈസ്തവരെ കൂട്ടത്തോടെ വധിച്ചിരുന്നു.
പരിതാപകരമായ അവസ്ഥയില്‍ നിന്നു് തിരുസഭയ്ക്കു് മോചനം ഉണ്ടാകണമെന്നു് ആഗ്രഹിച്ചു് പൂര്‍ണ്ണമായി സഭയെയും ക്രിസ്തുവിനെയും സ്നേഹിച്ച അദ്ദേഹം പാവപ്പെട്ടവരോടും ദുഃഖിതരോടും ഏറെ അലിവും അനുകമ്പയും ഉണ്ടായിരുന്നു.
AD 288-ലാണു് തന്റെ വിശ്വസ്തനായ സൈന്യാധിപനും ധീരനും പ്രീട്ടോറിയല്‍ അംഗവുമായ സെബസ്ത്യാനോസ് ക്രിസ്ത്യാനിയാണെന്ന സത്യം ജോക്ലേഷ്യന്‍ ചക്രവര്‍ത്തി മനസ്സിലാക്കിയതു്. രാജ്യദ്രോഹകുറ്റത്തിനു് സെബസ്ത്യാനോസിനെ തടവിലാക്കിയ ഡയോക്ലേഷ്യന്‍ റോമാ സാമ്രാജ്യത്തിലെ ദേവന്മാരെ ആരാധിച്ചാല്‍ വെറുതെ വിടാമെന്നും പഴയ സ്ഥാനങ്ങള്‍ നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ അന്യദേവന്മാരോടു് പ്രാര്‍ത്ഥിക്കുന്നതു് നിഷ്ഫലമാണെന്നും ഏകസത്യദൈവത്തെ ആരാധിക്കുവാനും ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തിയെ സെബസ്ത്യാനോസ് ഉപദേശിച്ചു. കോപാഗ്നിയാല്‍ ജ്വലിച്ച ഡയോക്ലേഷ്യന്‍ മൈതാനമദ്ധ്യത്തില്‍ സെബസ്ത്യാനോസിനെ മരത്തില്‍ കെട്ടി അമ്പെയ്തു കൊല്ലാന്‍ കല്‍പ്പിച്ചു. ക്രിസ്തുവിനു സാക്ഷിയാകുക എന്ന വിശ്വാസത്തില്‍ മുറുകെ പിടിച്ച സെബസ്ത്യാനോസിനെ വിവസ്ത്രനാക്കി ഇഞ്ചിഞ്ചായി മരിക്കുന്നതിനു് നിലവധി അമ്പുകള്‍ എയ്തു. രക്തം വാര്‍ന്നു് അബോധാവസ്ഥയിലായ സെബസ്ത്യാനോസിനെ കാസുളൂസ് എന്ന വിശുദ്ധന്റെ ഭാര്യയും വിധവയുമായ ഐറിന്‍ എന്ന ഭക്തസ്ത്രീ ക്രിസ്ത്യാനികളുടെ സഹായത്തോടെ കബറടക്കാനെന്ന വ്യാജേന സുശ്രൂഷിച്ചു.
പൂര്‍വ്വാധികം ആരോഗ്യവാനും സുന്ദരനുമായ സെബസ്ത്യാനോസിനെ കണ്ട ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തി ഭയപ്പെടുകയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്ന ചക്രവര്‍ത്തിയെ ശക്തമായ ഭാഷയില്‍ സെബസ്ത്യാനോസ് ശാസിച്ചു. ഭയപ്പാടും കോപത്താലും വിറച്ച ഡയോക്ലേഷ്യന്‍ തന്റെ മുന്നില്‍ വച്ചു് ഗദ കൊണ്ടടിച്ചു് വധിക്കുവാന്‍ കല്‍പ്പിച്ചു. AD 288 ജനുവരി 20-൹ രാജകല്‍പ്പന നിറവേറി. ലോകമെമ്പാടും വിശുദ്ധന്റെ തിരുനാള്‍ ജനുവരി 20-൹ ആചരിക്കുന്നു.
വിശുദ്ധന്റെ ശരീരം ആരുമറിയാതെ നദിയില്‍ എറിയുകയും നദിയില്‍ എറിയപ്പെട്ട ദിവസം ലൂസിന എന്ന ഭക്തസ്ത്രീക്കു് ദര്‍ശ്ശനം കിട്ടുകയും മൃതദേഹത്തിനു ചുറ്റും പരുന്തുകള്‍ വട്ടമിട്ടു് പറക്കുന്ന കാഴ്ചയുമാണു് അവര്‍ കാണുന്നതു്.
ആപ്യന്‍ എന്നു പേരുള്ള റോഡിനടുത്തെ ഭൂഗര്‍ഭലയത്തില്‍ വിശുദ്ധന്റെ പുണ്യശരീരം ക്രിസ്ത്യാനികളുടെ നേതൃത്വത്തില്‍ ലൂസിന സംസ്ക്കരിച്ചു. ലൂസിനയുടെ ഭവനം യേശുവിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചു് വീരചരമമടഞ്ഞ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ആദ്യ ദേവാലയമായി പില്‍ക്കാലത്തു് പരിണമിച്ചു.
വിശുദ്ധന്റെ പൂജ്യശരീരം അടക്കം ചെയ്യപ്പെട്ട ഭൂഗര്‍ഭാലയത്തിനു് മുകളില്‍ അഞ്ചാം നൂറ്റാണ്ടില്‍ ദേവാലയം പണി കഴിപ്പിച്ചു. റോമിലെ പ്രശസ്തമായിട്ടുള്ള ഏഴു ദേവാലയങ്ങളില്‍ ഒന്നാണു് വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം. 1575-ല്‍ മിലാനിലും ഇറ്റലിയിലും 1596-ല്‍ ലിസ്ബണിലും പകര്‍ച്ചവ്യാധി ഉണ്ടായി. വിശുദ്ധന്റെ രൂപവുമായി വിശ്വാസികള്‍ പദക്ഷിണം നടത്തിയപ്പോള്‍ അത്ഭുതപൂര്‍വ്വമായ രോഗശാന്തിയുണ്ടായി. അതിനു പ്രത്യുപകാരമായി ഒരു കപ്പലില്‍ വിശുദ്ധന്റെ തിരുസ്വരൂപവുമായി ലോകം ചുറ്റാന്‍ ജനങ്ങള്‍ തീരുമാനിക്കുകയും ലോകം ചുറ്റി വരവേ അര്‍ത്തുങ്കിലില്‍ കടല്‍ക്ഷോഭത്തില്‍ കപ്പല്‍ ഉറക്കുകയും സമീപത്തു് ഒരു ദേവാലയം ഉള്ളതുമായി കപ്പിത്താനു് ദര്‍ശ്ശനം കിട്ടുകയും ഈ സമയം അര്‍ത്തുങ്കല്‍ ദേവാലയത്തിലെ വൈദീകനും ദര്‍ശ്ശനം ഉണ്ടായി. ഇടവക ജനങ്ങളുമായി വൈദീകന്‍ കടല്‍ക്കരയിലെത്തി ആദരപൂര്‍വ്വം സ്വരൂപം ഏറ്റുവാങ്ങി താല്‍ക്കാലികമായി ഉണ്ടാക്കിയ കുരിശടിയില്‍ സ്ഥാപിച്ചു. വിശുദ്ധന്റെ ആ തിരുരൂപം ഇന്നും അര്‍ത്തുങ്കല്‍ ബെസിലിക്കയുടെ തെക്കെ അള്‍ത്താരയില്‍ ഭക്തര്‍ക്കു് ദര്‍ശ്ശനത്തിനായി പ്രത്യേകം തയ്യാറാക്കിയ രൂപക്കൂട്ടില്‍ സ്ഥാപിച്ചിരിക്കുന്നു. പകര്‍ച്ചവ്യാധികള്‍ക്കും, രോഗങ്ങള്‍ക്കും, വിവാഹം, കടബാദ്ധ്യത, വസ്തുവില്‍പ്പന, പൈശാചിക ബന്ധങ്ങള്‍, കുടുംബസമാധാനം, തൊഴില്‍, വീടുനിര്‍മ്മാണം, സന്താനസൗഭാഗ്യം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വിശുദ്ധന്റെ നടയില്‍ എത്തുന്ന ലക്ഷോപലക്ഷം ഭക്തര്‍ക്കു് വിശുദ്ധ സബസ്ത്യാനോസിന്റെ സാമിപ്യം ഒരനുഗ്രഹമാണു്.
.
No comments:
Post a Comment