എംപതി കാണിക്കേണ്ടത് ഡോക്ടർ മാത്രമോ?
..................................
1981. നാട്ടുമ്പുറത്ത് ജോലി ചെയ്യുന്ന കാലം. പഞ്ചായത്തിലെ ഏക ആശ്രയമാണ് പുതിയതായി തുടങ്ങിയ ഈ കൊച്ചു സർക്കാർ റൂറൽ ഡിസ്പൻസറി. വഴിയോരത്തെ ഓടിട്ട വരിയായുള്ള കെട്ടിടം. ആശുപത്രിയിലെ ഫർണ്ണിച്ചർ മുഴുവനും നാട്ടുകാരുടെ സംഭാവന. എല്ലാമുറികളും വഴിയോരം ചേർന്ന വരാന്തയിലേക്ക് തുറക്കുന്നു. ആകെയുള്ള നാല് മുറികളിൽ ഒരെണ്ണം രോഗികളെ പരിശോധിക്കാൻ. അടുത്തത് ഫാർമസി കം ഓഫീസ് മുറി. അടുത്തത് ഇഞ്ചക്ഷൻ കം ഡ്രസ്സിംഗ് കം സ്റ്റാഫ് റൂം. മൂന്നാമത്തേത് സ്റ്റോർമുറി. വരാന്തിയിലെ ഒരു മേശ മാത്രമാണ് ചീട്ടെഴുത്തു്. രാവിലെ എട്ട് മണിയ്ക്ക് തുടങ്ങുന്ന ഒ പി. കിടത്തി ചികിത്സയില്ല. പതിനൊന്നര വരെയാണ് ഒ പി സമയമെങ്കിലും അവസാനത്തെ രോഗിയ്ക്ക് വേണ്ടത് കൊടുത്തുകഴിഞ്ഞാലേ അടയ്ക്കൂ. അത് ചിലപ്പോൾ നേരത്തെ ചിലപ്പോൾ മൂന്ന് മണി. ഒരിക്കലും കൃത്യ സമയത്ത് ഒ പി ക്ലോസ് ചെയ്യാറില്ല. വൈകുന്നേരം മൂന്നര മുതൽ അഞ്ച് മണിവരെ വീണ്ടും ഒ പി. പത്തു മുന്നൂറോളം രോഗികൾ ദിവസംപ്രതി ഹാജരാകും.
..................................
1981. നാട്ടുമ്പുറത്ത് ജോലി ചെയ്യുന്ന കാലം. പഞ്ചായത്തിലെ ഏക ആശ്രയമാണ് പുതിയതായി തുടങ്ങിയ ഈ കൊച്ചു സർക്കാർ റൂറൽ ഡിസ്പൻസറി. വഴിയോരത്തെ ഓടിട്ട വരിയായുള്ള കെട്ടിടം. ആശുപത്രിയിലെ ഫർണ്ണിച്ചർ മുഴുവനും നാട്ടുകാരുടെ സംഭാവന. എല്ലാമുറികളും വഴിയോരം ചേർന്ന വരാന്തയിലേക്ക് തുറക്കുന്നു. ആകെയുള്ള നാല് മുറികളിൽ ഒരെണ്ണം രോഗികളെ പരിശോധിക്കാൻ. അടുത്തത് ഫാർമസി കം ഓഫീസ് മുറി. അടുത്തത് ഇഞ്ചക്ഷൻ കം ഡ്രസ്സിംഗ് കം സ്റ്റാഫ് റൂം. മൂന്നാമത്തേത് സ്റ്റോർമുറി. വരാന്തിയിലെ ഒരു മേശ മാത്രമാണ് ചീട്ടെഴുത്തു്. രാവിലെ എട്ട് മണിയ്ക്ക് തുടങ്ങുന്ന ഒ പി. കിടത്തി ചികിത്സയില്ല. പതിനൊന്നര വരെയാണ് ഒ പി സമയമെങ്കിലും അവസാനത്തെ രോഗിയ്ക്ക് വേണ്ടത് കൊടുത്തുകഴിഞ്ഞാലേ അടയ്ക്കൂ. അത് ചിലപ്പോൾ നേരത്തെ ചിലപ്പോൾ മൂന്ന് മണി. ഒരിക്കലും കൃത്യ സമയത്ത് ഒ പി ക്ലോസ് ചെയ്യാറില്ല. വൈകുന്നേരം മൂന്നര മുതൽ അഞ്ച് മണിവരെ വീണ്ടും ഒ പി. പത്തു മുന്നൂറോളം രോഗികൾ ദിവസംപ്രതി ഹാജരാകും.
രോഗികൾക്ക് കൊടുക്കാനുള്ള മരുന്നിനുള്ള അപേക്ഷ യധാക്രമം ജില്ലാ മെഡിക്കൽ സ്റ്റോറിലേക്ക് അയക്കുമെങ്കിലും അത് സമയാസമയത്ത് ലഭ്യമാകണമെങ്കിൽ മെഡിക്കൽ ആഫീസർ തന്നെ നേരിട്ട് ചെല്ലണം. പതിനഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്റ്റോറിന് മരുന്ന് വിതരണം ചെയ്യാൻ പ്രത്യേകം വണ്ടിയുള്ളത് മിക്കപ്പോഴും റിപ്പേറിലായിരിക്കും. വണ്ടി ഇല്ലാത്ത അവസരങ്ങളിൽ ഡോക്ടറുടെ സ്വന്തം കാറുമായി ചെന്നാൽ അതിൽ കയറ്റിത്തരും. അതുമായി തിരിച്ച് ഡിസ്പൻസറിയിൽ എത്തിയാൽ ജോലി തീരുന്നില്ല. ഫാർമസിസ്റ്റ് അത് ചെക്ക് ചെയ്ത് കടലാസിൽ കാണിച്ചതെല്ലാം ഉണ്ടെന്ന് ഉറപ്പു വരുത്തി സ്റ്റോക്ബുക്കിൽ എഴുതിച്ചേർക്കണം. അതെല്ലാം വേഗം ചെയ്ത് പിറ്റേന്ന് തന്നെ രോഗികൾക്ക് ആവശ്യാനുസരണം കൊടുക്കും.
സ്വാഭാവികമായും ചുറ്റുവട്ടത്തുള്ള എല്ലാ പ്രൈവറ്റ് വ്യാജന്മാരേയും ഡോക്ടറുടെ ശത്രുവാക്കുന്ന ഒരു സംവിധാനം. ആദ്യമൊക്കെ വ്യാജന്മാർ സർക്കാർ മരുന്നിനെപ്പറ്റിയുള്ള കുറ്റം പ്രചരിപ്പിച്ചു. രോഗം മാറുന്ന രോഗികളെല്ലാം അതിനെ ഖണ്ണിച്ചു. പിന്നെ രോഗപരിശോധന ശരിയല്ലെന്നു വാദിച്ചു. അവരവരുടെ അനുഭവും പറഞ്ഞ് അതും നാട്ടുകാർ എതിർത്തു. ഡോക്ടർ സ്വന്തം കാറിൽ മരുന്നു കൊണ്ടുവരുന്നതിൽ അഴിമതിയുണ്ടെന്നു പ്രചരിപ്പിച്ചു. അതോടെ സ്വന്തം വണ്ടിയിൽ മരുന്നു കൊണ്ടുവരുന്ന ഏർപ്പാട് നിർത്തി. സ്റ്റോർ സൂപ്രണ്ടിനു കൈക്കൂലി കൊടുത്തിട്ടാണ് മരുന്നെത്തിക്കുന്നതെന്നു വാദിച്ചു. സ്റ്റോറിലേക്കുള്ള ഇൻടന്റ് നേരിട്ട് കൊണ്ടു കൊടുക്കുന്നതിനു പകരം തപാൽ വഴി ആക്കി. പക്ഷെ അന്നേരവും സ്റ്റോർസൂപ്രണ്ടിനെ ഫോണിൽ വിളിച്ച് മരുന്ന് വേഗം അയച്ചേക്കണേ എന്നു പറഞ്ഞുകൊണ്ടിരുന്നു. ഒരു സർക്കാർ ഡോക്ടർ ഇതൊക്കെ ചെയ്യേണ്ട കാര്യമുണ്ടോ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. കൂടെ ജോലി ചെയ്യുന്നവരും ചോദിച്ചിട്ടുണ്ട്. പക്ഷെ വരുന്ന രോഗികളുടെ ദയനീയാവസ്ഥ കണ്ടാൽ ആരായാലും ചെയ്തു പോകും. ഉന്നത ഉദ്യോഗസ്ഥർ പലരും പല തരം ഉപദേശങ്ങളും തന്നു. ഉപദേശങ്ങളിലെ കാതലായ ഭാഗം എന്തെന്നാൽ ആശുപത്രിയിൽ വരുക രോഗികളെ നോക്കുക പേപ്പർ ഒപ്പിടുക. മരുന്നുണ്ടെങ്കിൽ കൊടുക്കുക. പുറത്തേക്ക് കുറിച്ചു കൊടുക്കരുത്. മരുന്നില്ലെങ്കിൽ രോഗിയെ അതുള്ള ആശുപത്രിയിലേക്ക് വിടുക. അതിനപ്പുറം സർക്കാർ ഡോക്ടറിൽ നിന്നും സർക്കാർ വേറൊന്നും പ്രതീക്ഷിക്കുന്നില്ല. ശരിയല്ലേ? അന്നത് ശരിയായി തോന്നിയില്ല. പക്ഷെ വ്യാജവൈദ്യന്മാർ വിടുമോ? എങ്ങനെയെങ്കിലും ആശുപത്രി പൂട്ടിക്കണം. അത് സർക്കാരിന്റേതായാലും വേണ്ടിയില്ല.
കാര്യങ്ങളെല്ലാം ഭംഗിയായി തുടർന്നു കൊണ്ടു പോകുന്നതിനിടയിലാണ് കർഷക തൊഴിലാളി പെൻഷൻ എന്ന സംവിധാനം സർക്കാർ ഏർപ്പാടാക്കുന്നത്. നേരം ഇരുട്ടി വെളുക്കുന്നിതിനു മുമ്പേ നാട്ടിലുള്ളവരെല്ലാവരും കർഷക തൊഴിലാളികളായി. എല്ലാ അപേക്ഷകർക്കും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം. നാട്ടുകാരുടെ ആവശ്യമല്ലേ. പാവങ്ങൾ. സർട്ടിഫിക്കറ്റെഴുതാൻ പ്രത്യേക സമയം നിശ്ചയിച്ചു. എല്ലാ ദിവസവും ഒ പി കഴിയുന്ന സമയം. അങ്ങനെയിരിക്കേ ആളെ കൊണ്ടുവരാതെ സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞ് ഒരു കൂട്ടർ വന്നു. ആളെ കാണാതെ വയസ്സു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എങ്ങനെ എഴുതും. ആളെ കൊണ്ടുവന്നാൽ കൊടുക്കാമെന്നു പറഞ്ഞു.
'ആളെ കൊണ്ടുവരാതെ സർട്ടിഫിക്കറ്റ് താൻ തരത്തില്ലേ'
ചോദ്യകർത്താവിനെ കണ്ട് ഞാൻ അന്തം വിട്ടുപോയി. കുടുംബത്തോടെ നിത്യവും ഡിസ്പൻസറിയിൽ വരുന്ന ആൾ.
'ആളെ കൊണ്ടുവന്നാൽ ഉടൻ തരുന്നതായിരിക്കും' നിരാശയും ദേഷ്യവും വേറെ എന്തൊക്കെയോ ഉള്ളിലൊതുക്കി സമാധാനമായി പറഞ്ഞു.
പിറ്റേന്ന് ദേണ്ടെ വരുന്നു പഞ്ചായത്ത് മെമ്പർ. മിക്ക ദിവസവും ആശുപത്രിയിൽ വന്ന് ജീവനക്കാരോട് ക്ഷേമം തിരക്കുന്ന ആളാണ്.
'എന്താ സുധാകരാ?' (യദ്ധാർത്ഥ പേരിതല്ല)
'ഞാനിവിടത്തെ മെമ്പർ ആണെന്നറിയാലോ?
(ആശുപത്രിയ്ക്കായ് എന്തെങ്കിലും ആവശ്യം വന്നാൽ സ്ഥിരം മുങ്ങുന്ന പാർട്ടിയാണ് - ആത്മഗതം.) ചില വേളകളിൽ മൗനമാണ് നല്ലത്.
'അതിപ്പ ആർക്കാ അറിയാത്തേ'
'എന്നാ ഈ സർട്ടിഫിക്കറ്റിലൊരൊപ്പിട്ടേ'
'ഇത് വയസ്സ് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റല്ലേ. അതിനു സുധാകരന് 60 വയസ്സ് കഴിഞ്ഞോ?
'കളിയാക്കയിതാണല്ലേ. ആളെ കൊണ്ടു വരാൻ സൗകര്യമില്ല. പഞ്ചായത്ത് മെമ്പറാണ് പറയുന്നത്. റേഷൻ കാർഡ് കൊണ്ടുവന്നിട്ടുണ്ട്.'
വാങ്ങി നോക്കി. റേഷൻ കാർഡ് പ്രകാരം ആളിന് വയസ്സ് 59. തൊഴിൽ ആശാരി! തൊഴിലെന്താണെന്നു നോക്കുന്ന പണി ഡോക്ടറുടേതല്ലല്ലോ. പക്ഷെ അള് ജീവിച്ചിരുപ്പുണ്ടോ എന്നെങ്കിലും അറിയേണ്ടേ.
തലേന്ന് പറഞ്ഞത് തന്നെ ആവർത്തിച്ചു. 'ആളെ കൊണ്ടുവാ. പരിശോധിച്ചിട്ട് തീരുമാനിക്കാം സർട്ടിഫിക്കറ്റ് തരണോ വേണ്ടേയെന്ന്.
'തന്നെ ഞാൻ എടുത്തോളാം' ഭീഷണിയാണ്.
ഒന്നു രണ്ടു ആഴ്ചകൾ കടന്നു പോയി. ദേണ്ടേ വരുന്നു ഡി എം ഒ ഓഫീസിൽ നിന്നും ഒരു പ്രേമലേഖനം. പഞ്ചായത്തിൽ റെസൊലൂഷൻ പാസ്സാക്കി വിട്ടിരിക്കുന്ന പരാതിയാണ്. മനസ്സാ വാചാ കർമ്മണാ അറിയാത്ത കാര്യങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നതു്. ആശുപത്രിയിൽ വച്ച് ഒരു അന്വേഷണം നട്ടത്തണമെന്ന് മറുപടി അയച്ചു. ഡോക്ടറെ സ്ഥലം മാറ്റണം എന്നതാണ് കാതലായ ആവശ്യം. ഒന്നും സംഭിവിക്കാൻ പോകുന്നില്ല എന്നു മനസ്സ് പറഞ്ഞു. നാട്ടുകാർക്ക് എന്നെയും എനിക്ക് നാട്ടുകാരേയും അത്രയ്ക്ക് വിശ്വാസമായിരുന്നു.
അന്വേഷണദിവസം നാട്ടുകാർ ആരെയും ഞാൻ അറിയിച്ചില്ലായിരുന്നു. എങ്കിലും അന്ന് ആശുപത്രിയിൽ പതിവിലേറെ ആൾക്കൂട്ടം ഉണ്ടായിരുന്നു. മെമ്പറുടെ ആളുകളായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ സധൈര്യം നേരിട്ടു. ആദ്യത്തെ ഊഴം പരാതിക്കാരന്റേതാണ്. സുധാകരൻ വളരെ ക്ഷോഭിതനും വികാരഭരിതനുമായിരുന്നു. മറുചോദ്യം ചെന്നപ്പോൾ അയാൾ പതറുന്നുണ്ടായിരുന്നു. ഉള്ളു പിടയ്ക്കുന്നുണ്ടായിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ എല്ലാ ചോദ്യങ്ങൾക്കും സൗമ്യമായിത്തന്നെ ഞാൻ മറുപടി കൊടുത്തു. അന്വേഷണം കഴിഞ്ഞപ്പോൾ കൂടി നിന്നവരെല്ലാം ചേർന്ന് മറ്റൊരു കടലാസ് എഴുതി നിന്നവരിൽ നിന്നെല്ലാം ഒപ്പു ശേഖരിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ ഏല്പിച്ചു. എല്ലാവരും കൂടി എന്നെ ചതിക്കുകയാണോ. മനസ്സ് ചോദിച്ചു.
കൂടി നിന്നവർ മിക്കവരും പോയിക്കഴിഞ്ഞപ്പോൾ ബാക്കിയുണ്ടായിരുന്നവരിൽ ചിലർ എന്റെ അടുത്തേക്ക് വന്നു.
'ഞങ്ങൾ ഒരു നിവേദനം കൊടുത്തിട്ടുണ്ട്. യാതൊരു കാരണവശാലും ഡോക്ടറെ ഇവിടെ നിന്നും സ്ഥലം മാറ്റരുതെന്നു്. ഡോക്ടർ ഇവിടെത്തന്നെ ഉണ്ടായിരിക്കണം. നിരാശപ്പെട്ട് ട്രാൻസ്‌ഫർ ആവശ്യപ്പെട്ട് പോയിക്കളയരുത്. ഇതൊരപേക്ഷയാണ്.'
കള്ള സാക്ഷികളായി പഞ്ചായത്ത് മെമ്പർ വച്ചിരുന്നവർ ആരും ആ പ്രദേശത്തെക്ക് വരാതിരുന്നതിന്റെ കാരണം പിന്നീടാണറിയുന്നത്. സർക്കാർ ആശുപത്രി സ്ഥാപിതം ആയതിനു ശേഷം കച്ചവടം പൂട്ടിയ വ്യാജവൈദ്യനായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് അയാളുടെ സഹായിയും. മെമ്പറുടെ പാർട്ടിക്കാരനായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് എന്നതിനാലാണ് റെസൊല്യൂഷൻ പാസ്സാക്കി വിടാൻ അയാൾക്ക് സാധിച്ചത്. പഞ്ചായത്തിൽ ചിലരുടെ കള്ളയൊപ്പു കൂടി ചേർത്ത വിവരം പഞ്ചായത്തിലെ പലരും അറിയുന്നത് അന്വേഷണത്തിന്റെ നോട്ടീസ് കൈപ്പറ്റിയപ്പോൾ മാത്രമായിരുന്നു.
കാര്യങ്ങൾ ഭംഗിയായി പര്യവസാനിച്ചുവെങ്കിലും മനസ്സ് മടുത്തു പോയി. പൂർവ്വാധികം ശക്തിമത്തായി പ്രവർത്തനം തുടരാൻ കുറച്ചു നാളുകൾ കഴിയേണ്ടിവന്നു.
No comments:
Post a Comment