അങ്ങനെ ഒരാൾ മാത്രം ജീവിച്ചാൽ മതിയോ?
........................
നാട്ടുമ്പുറത്ത് സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാലം. കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ഗ്രാമീണ ആശുപത്രി. 24 മണിക്കൂർ സേവനം. രണ്ടേരണ്ട് ഡോക്ടർമാർ. രണ്ടുപേരും വാടകവീട്ടിലായി പഞ്ചായത്ത് പരിധിയിൽ തന്നെയാണ് താമസം. രാവിലേയും വൈകുന്നേരവും ആയി ഒ പി-യിൽ ധാരാളം രോഗികൾ എത്തുന്നു. പത്തുമുപ്പത് കിടത്തി ചികിത്സാ രോഗികളും ഉണ്ട്. ഒ പി സമയം കഴിഞ്ഞ് കിടക്കുന്ന രോഗികൾക്ക് ആവശ്യം വരുമ്പോഴും എന്തെങ്കിലും എമർജൻസി കേസുകൾ വരുമ്പോഴും മദ്യപിച്ചവരെ പരിശോധിച്ച് സർട്ടിഫിക്കറ്റിനായി പോലീസുകാർ ആശുപത്രിയിൽ കൊണ്ടു വരുമ്പോഴും ടേൺ വച്ച് ആശുപത്രിയിൽ നിന്നും കോൾ വരും. അപ്പോഴൊക്കെ ആശുപത്രിയിൽ പോകണം. പോലീസ് കേസിനാണെങ്കിൽ അവർ കൊണ്ടു വരുന്ന ജീപ്പീലാണ് ആശുപത്രിയിലേക്ക് പോകുന്നത്. അല്ലെങ്കിൽ സ്വന്തം വാഹനത്തിൽ തന്നെ. പോസ്റ്റ്മോർട്ടം കേസുകൾ വരുന്നതും ടേൺ വച്ച് ചെയ്യും. ആശുപത്രി സേവനത്തിന് സ്ഥലത്ത് ഡോക്ടർ ഉണ്ടാവേണ്ടതിനാൽ വളരെ കുറച്ചേ ലീവ് എടുക്കാറുള്ള. എന്തെങ്കിലും വ്യക്തിപരമായ ആവശ്യം വന്നാൽ തന്നെ ആവശ്യക്കാരൻ മാത്രം ലീവെടുക്കും. ഒരാൾ എപ്പോഴും സ്ഥലത്തുണ്ടാവും. രോഗികൾക്ക് അത്യാവശ്യം വേണ്ടിവരുന്ന രക്തം കഫം മൂത്രം മുതലായ ടെസ്റ്റുകൾക്ക് ഏക ആശ്രയം അടുത്തുള്ള പ്രൈവറ്റ് ലാബുകൾ മാത്രം. എക്‌സ്രേ എടുക്കണമെങ്കിൽ അഞ്ചു കിലോമീറ്റർ അകലെയുള്ള പ്രൈവറ്റ് ആശുപത്രി തന്നെ ശരണം.

അങ്ങനെയിരിക്കേ ഒരു പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടു വരുന്നു. വയറു വേദന, ഛർദ്ദിൽ, പനി. ഇത്രയും ആണ് രോഗവിവരം. പരിശോധനയിൽ വയറിന്റെ അടിഭാഗത്ത് നടുക്കും വലതുവശത്തും ആയി വേദന. ഗാർഡിംഗ്. വിവാഹം കഴിച്ചിട്ടില്ല. മാസമുറ കുഴപ്പമില്ലെന്നു പറയുന്നു. അപ്പണ്ടിസൈറ്റിസ് ആയിരിക്കുമോ? മൂത്രാശയത്തിലെ പഴുപ്പായിരിക്കമോ? രണ്ടു ഡോക്ടർമാരും രോഗിയെ പരിശോധിച്ചു. പക്ഷെ കാര്യങ്ങൾ വ്യക്തമല്ല. രക്തവും മൂത്രവും പരിശോധിച്ചതിൽ അപ്പൻഡിസൈറ്റിസിന്റേയും മൂത്രത്തിൽ പഴുപ്പിന്റേയും രണ്ടിന്റേയും പോലത്തെ ലക്ഷണങ്ങൾ. പെറിട്ടൊനൈറ്റിസ് ആയിരിക്കുമോ? ആണെങ്കിൽ എന്താണ് കാരണം? ആശയക്കുഴപ്പം നേരിട്ടതിനാൽ സംശയ ദൂരീകരണത്തിനും മെച്ചപ്പെട്ട ചികിത്സയ്ക്കമായി മെഡിക്കൽ കോളിജിലേക്ക് റഫർ ചെയ്യാൻ തീരുമാനിച്ചു. പക്ഷെ അവർ രോഗിയെ കൊണ്ടു പോകാൻ കൂട്ടാക്കുന്നില്ല. അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ കൊടുത്ത് തൽക്കാലത്തേക്ക് അഡ്മിറ്റാക്കി.
അച്ഛനെ വിളിപ്പിച്ചു. അച്ഛൻ വന്നത് സ്ഥലം എൽ സി സെക്രട്ടറിയുമായി.
"എല്ലാ രോഗികളേയും മെഡിക്കൽ കോളേജിലേക്ക് വിടാനാണെങ്കിൽ ഞങ്ങളെന്തിനാ ഇവിടെ ഒരാശുപത്രി ഉണ്ടാക്കി വച്ചിരിക്കുന്നത്?" പൊതുപ്രവർത്തകന്റെ അധികാരഭാവം.
കാര്യകാരണസഹിതം റിസ്കിനെപ്പറ്റിയും ചികിത്സാ സൗകര്യങ്ങളുടെ പിരിമിതിയെപ്പറ്റിയും പറഞ്ഞു. എന്നിട്ടും നേതാവിന് വാശി തന്നെ. വേറെ എങ്ങും കൊണ്ടുപോകാൻ അനുവദിക്കില്ല. അത്ര തന്നെ. എന്തു ചെയ്യും? അച്ഛനോട് കാര്യങ്ങൾ ഒന്നുകൂടി പറഞ്ഞു നോക്കി. സാമ്പത്തിക ബുദ്ധിമുട്ടാണ് പ്രശ്നം.
"പറ്റില്ല. ഇവിടെ തന്നെ ചികിത്സിക്കണം" നേതാവിന് പിടിവാശി തന്നെ.
എങ്ങനെയെങ്കിലും വിട്ടല്ലേ പറ്റു. ഞാൻ ശബ്ദം താഴ്ത്തി.
"ഒരു കാര്യം ചെയ്യ്. എല്ലാ ഉത്തരാദിത്തവും ചേട്ടൻ ഏൽക്കുമോ?
"പിന്നല്ലാതെ. അതിനല്ലേ ഞങ്ങളിവിടെ ഉള്ളത്?"
എന്നിട്ടെന്തേ ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്താതെന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അതു ചോദിക്കാനുള്ള സന്ദർഭമല്ല ഇത്. കുട്ടി രക്ഷപെടാൻ മെച്ചപ്പെട്ട സേവനം ലഭിക്കണമെങ്കിൽ മേജർ ആശുപത്രിയിലേക്ക് കൊണ്ടു പോവുക തന്നെ വേണം. നേതാവിനെ പിണക്കാനും പാടില്ല.
"ഇവിടത്തെ പരിമിത സൗകര്യങ്ങളിൽ ചികിത്സ തുടർന്നു പോയാൽ രോഗം വഷളാവാനും മാരകമാകാനും സാദ്ധ്യതയുണ്ട്. ഒരു കാര്യം ചെയ്യ് എന്തെങ്കിലും കാരണവശാൽ രോഗം മോശപ്പെട്ടാൽ അതിന്റെ പൂർണ്ണ ഉത്തവാദിത്തം നിങ്ങൾ ഏറ്റെടുക്കാമോ? വാക്കാൽ പറഞ്ഞാൽ മാത്രം പോര രേഖാമൂലം എഴുതി രണ്ട് സാക്ഷികളേയും വച്ച് ഒപ്പിട്ടു തരണം."
"അത് വേണോ?"
"വേണം"
"അത്ര സീരിയസാ?"
"ചിലപ്പോൾ ആയേക്കാം"
"എന്നാ പിന്നെ കൊണ്ടുപോകാമല്ലേ?"
"അതാ നല്ലത്"
"ഡേയ്" അണികളോടാണ് "ടാക്സി വിളി"
ഒരാഴ്ച കഴിഞ്ഞ് നേതാവ് ദേ വന്നു തൊഴുത് നിൽക്കുന്നു.
"എന്റെ ഡോക്ടറെ. രക്ഷപെട്ടു. ഇവിടെ കിടത്തിയിരുന്നെങ്കിൽ ഞാൻ കുടുങ്ങിയേനേ. നമുക്കിത്തരം കേസൊന്നും തൊടണ്ട. അതാ നല്ലത്."
"എന്തു പറ്റി?"
"എന്ത് പറ്റാൻ! മെഡിക്കൽ കോളേജിലേക്കാ കൊണ്ടു പോയത്. കല്യാണം കഴിക്കാത്ത കൊച്ച്! ഗർഭം! വയറ്റാട്ടിയുടെ വക അലസിപ്പിക്കൽ ശ്രമം! ഉള്ളിൽ മുഴുവൻ പഴുപ്പായിരുന്നു. ഗർഭപാത്രവും.. പിന്നെന്താ വേറൊരു സാധനമുണ്ടല്ലോ.. ങ്‌ആ അപ്പണ്ടിക്സും. അത് രണ്ടും എടുത്തു കളഞ്ഞു. ജീവൻ തിരിച്ചു കിട്ടി."
ഒരു പൊതി നീട്ടിക്കൊണ്ട് "ഡോക്ടറെ കാണിക്കാൻ കൊണ്ടു വന്നതാ"
"എന്താ ഇത്?"
"ഗർഭം അലസിപ്പിക്കാൻ നാട്ടുവൈദ്യനും വയറ്റാട്ടിയും ചേർന്ന് കുത്തിക്കേറ്റിയ ഏതോ പച്ചമരുന്നിന്റെ കമ്പാ."
"പോലീസ് കേസ്സെടുത്തോ?"
"ഇല്ല."
"എന്തേ?"
"രോഗിയ്ക്കും അച്ഛനമ്മമാർക്കും പരാതിയില്ലെന്ന് അവർ പോലീസിൽ എഴുതിക്കൊടുത്തു. എന്തൊക്കെ ആയാലും മാനം അല്ലേ വലുത്. ജീവൻ കിട്ടിയല്ലോ. അതു മതി. ഡോക്ടർ അറിഞ്ഞതായി ഭാവിക്കണ്ട."
മേമ്പൊടി : നിങ്ങളും ആരോടും പറയണ്ട. വ്യാജവൈദ്യന്മാർ ജീവിച്ചുപോട്ടെ. അബദ്ധം പിണഞ്ഞ രോഗികൾക്ക് പരാതിയില്ലെങ്കിൽ മറ്റുള്ളവർക്കെന്തു വാ$#&യാ?!.
No comments:
Post a Comment