Pages

Sunday, June 11, 2017

Madhavan Vaidyar

മാധവൻ വൈദ്യർ
********************
ഞാൻ ഒരു അപ്പൂപ്പനെ മാത്രമേ കണ്ടിട്ടുള്ളു. അച്ഛന്റെ അച്ഛൻ. അമ്മയുടെ അച്ഛൻ അമ്മയ്ക്ക് ഏഴ് വയസസ്സുള്ളപ്പോൾ തന്നെ ഇഹലോകവാസം വെടിഞ്ഞിരുന്നു. അപ്പൂപ്പൻ ഒരു പരമ്പരാഗത വൈദ്യർ ആയിരുന്നു. മാധവൻ വൈദ്യർ. അപ്പൂപ്പന്റെ അച്ഛനും വൈദ്യരായിരുന്നു. കൊച്ചുകുമരി വൈദ്യർ. കുട്ടിക്കാലം മുതൽ കൊച്ചുകുമരിവൈദ്യരുടെ രീതികൾ നോക്കിയും കണ്ടും വളർന്നെങ്കിലും വലപ്പാട് മാമിവൈദ്യരുടെ മേൽനോട്ടത്തിൽ ഒരു ശതാബ്ദക്കാലത്തെ ഗുരുകുലസമ്പ്രദായത്തിലുള്ള പഠനം ആയിരുന്നു അപ്പൂപ്പന്റെ പ്രധാന വൈദ്യസമ്പത്ത്. നാട്ടിലെത്തി ജ്യേഷ്ഠസഹോദരനായ കേശവൻ വൈദ്യരുടെ ശിക്ഷണത്തിലായിരുന്നു തുടർന്നുള്ള പഠനം. കൂടെ പഠിക്കാൻ അനിയനായ ചക്രപാണി വൈദ്യരും ഉണ്ടായിരുന്നു. സ്വതന്ത്രമായി ചികിത്സിക്കാനുള്ള പരിജ്ഞാനം സിദ്ധിച്ചതിനു ശേഷം ജ്യേഷ്ഠസഹോദരന്റെ അനുഗ്രഹത്തോടു കൂടി സ്വന്തമായി ഒരു വൈദ്യശാല തുടങ്ങി. ദി ടൗൺ ആയുർവ്വേദിക് ഫാർമസി. അക്കാലത്ത് കേരളത്തിൽ മെഡിക്കൽ കോളേജൊന്നും ഇല്ലായിരുന്നു. ആലപ്പുഴയിലുള്ള ഡോക്ടർമാരെല്ലാം അന്യസംസ്ഥാങ്ങളിൽ പോയി പഠിച്ചു വന്നവരായിരുന്നു. ആലപ്പുഴയിൽ രണ്ട് ആശുപത്രികളേ ഉണ്ടായിരുന്നുള്ളു. കൊട്ടാരം ആശുപത്രിയും കടപ്പുറം ആശുപത്രിയും. ആധുനികവൈദ്യശാസ്ത്രം പഠിച്ചവരായി ആലപ്പുഴയിൽ വിരലിലെണ്ണാവുന്ന ഡോക്ടർമാരേ ഉണ്ടായിരുന്നുള്ളു.

വീട്ടിൽ നിന്നും നടന്നു പോകാവുന്ന ദൂരത്തായിരുന്നു വൈദ്യശാല. മരുന്നുകളെല്ലാം സ്വയം ഉണ്ടാക്കാനായി വീടിനു പുറകിൽ മറ്റൊരു കെട്ടിടം ഉണ്ടായിരുന്നു മരുന്നുപുരയായി. മരുന്നുണ്ടാക്കാൻ പ്രത്യേകം അടുക്കളയും മരുന്നു സൂക്ഷിക്കാൻ ഒരു മുറിയും മരുന്നിനുള്ള കൂട്ടുകൾ തയ്യാറാക്കാനും പ്രത്യേക മുറികളുണ്ടായിരുന്നു. അരിഷ്ടം വാറ്റാനുള്ള മുറിയുടെ തിണ്ണ തേച്ചിട്ടില്ല. വലിയ ഭരണിയിൽ മണ്ണിനടിയിൽ മൂടിയിട്ടായിരുന്നു അരിഷ്ടം ഉണ്ടാക്കിയിരുന്നത്. പണിക്കാരായി ധാരാളം ആളുകൾ ഉണ്ടായിരുന്നു. ചന്തയിൽ നിന്നും മരുന്നിന് ആവശ്യമുള്ള ചേരുവകകൾ വാങ്ങിച്ചു കൊണ്ടുവരാനും പ്രത്യേകം ആളുണ്ടായിരുന്നു. അവ മരുന്നു പുരയിലെ ഭണ്ഡാരത്തിൽ പ്രത്യേകം അറകളിലായി സൂക്ഷിച്ചിരുന്നു. തിരുമ്മുകാരനായി പന്ത്രണ്ടു വിരലുള്ള ഒരാൾ ഉണ്ടായിരുന്നു. പൊന്നമ്പര വല്യച്ഛൻ എന്നായിരുന്നു അദ്ദേഹത്തെ ഞങ്ങൾ കുട്ടികൾ വിളിച്ചിരുന്നത്. കൈപ്പുണ്യമുള്ള കൈകളായിരുന്നു അദ്ദേഹത്തിന്റേതെന്ന് നാട്ടുകാർ വിശ്വസിച്ചു പോന്നിരുന്നു.

മരുന്നുകളുടെ കൂട്ട് തീരുമാനിക്കുന്നത് അപ്പൂപ്പൻ തന്നെ ആയിരുന്നു. മരുന്നുണ്ടാക്കുന്നത് പണിക്കാരും കുടുംബാംഗങ്ങളും ചേർന്നായിരുന്നെങ്കിലും എല്ലാത്തിനും അപ്പൂപ്പന്റെ മേൽനോട്ടം ഉണ്ടാവും. രാവിലെയും വൈകുന്നേരവും മാത്രമാണ് വൈദ്യശാല പ്രവ‌ർത്തിക്കുക. രാവിലെ വൈദ്യശാലയിലേക്ക് പോകുന്നതിനു മുമ്പും ഉച്ചയ്ക്ക് ഉണ്ണാൻ വീട്ടിൽ വരുമ്പോഴും മരുന്നുപുരയിലെ പണിക്കാരൊടൊപ്പം ആയിരിക്കും അപ്പൂപ്പൻ സമയം ചിലവഴിക്കുക. വീടിന്റെ ഗേറ്റ് രാത്രി പൂട്ടി ഇടാറില്ല. വരുന്ന രോഗികൾക്ക് കിടക്കാനും ഇരിക്കാനും വീടിനു മുന്നിലെ പന്തലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

എല്ലാ രോഗങ്ങളും അപ്പൂപ്പൻ ചികിത്സിസിക്കില്ല. ആയുർവ്വേദ മരുന്ന് ഫലവത്താവുന്ന രോഗങ്ങൾക്ക് മാത്രമേ മരുന്ന് കൊടുക്കുകയുള്ള. തന്നെക്കൊണ്ടാവാത്ത കേസുകൾ വരുമ്പോൾ അവരെ കൊട്ടാരം ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ് പതിവ്.

അപ്പൂപ്പന്റെ കാലശേഷം വൈദ്യശാലയും മരുന്നുപുരയും നൊക്കി നടത്തിയിരുന്നത് ആയുർവ്വേദം പഠിച്ച രണ്ടാമത്തെ മകനും നാലാമത്തെ മകനുമാണ്. അഞ്ച് ആൺ മക്കളിൽ രണ്ടു പേർ വളരെ അധികം നാൾ ആയുർവ്വേദം പ്രാക്റ്റീസ് ചെയ്തിരുന്നു. അവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. വൈദ്യശാലയും മരുന്നു പുരയും അടച്ചുപൂട്ടി. കുടംബം ഭാഗം ചെയ്യപ്പെട്ടു. അപ്പൂപ്പന്റെ എട്ടു മക്കളിൽ മൂന്നു പേർ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളു. കൊച്ചുമക്കൾ ആരും ആയുർവ്വേദം പഠിക്കാൻ പോയിട്ടില്ല. കൊച്ചുമക്കളുടെ മക്കളിൽ രണ്ടു പേർ ആയുർവ്വേദം പഠിച്ചിട്ടുണ്ട്.

വിവിധ ഇനം വൈദ്യശാസ്ത്രം അഭ്യസിച്ച കുറച്ച് അംഗങ്ങൾ ഒഴികെ പരമ്പരാഗത വൈദ്യകുടുംബം എന്നു എടുത്തുപറയാൻ ഒന്നും അവശേഷിച്ചിട്ടില്ല.

No comments:

Post a Comment