Pages

Sunday, March 11, 2012

ഈശ്വരചിന്ത - ഈശ്വരന്‍ ഉണ്ടോ?

ഈശ്വരാരാധനയും ദേവാലയങ്ങളും

മനുഷ്യപഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചു് മാനവനു് എന്തേല്ലാം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും? ഈശ്വരനെ കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ, മണത്തിട്ടുണ്ടോ, രുചിച്ചിട്ടുണ്ടോ, സ്പര്‍ശിച്ചിട്ടുണ്ടോ? ഉത്തരമില്ല. മറിച്ചു് ചോദിച്ചാല്‍ കാന്തശക്തി അറിയാന്‍ ഇരുമ്പും കാന്തവും അടുത്തടുത്തു ചേര്‍ത്തു വച്ചാല്‍ മതി. പക്ഷെ ആ മാദ്ധ്യമം ഇല്ലാതെ കാന്തശക്തിയുള്ള വസ്തുവെ എങ്ങിനെ തിരിച്ചറിയും? ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ കാര്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ നമുക്കു് ഒരു മാദ്ധ്യമം ആവശ്യമാണു്.

ഈശ്വരന്‍ ഉണ്ടോ ഇല്ലേ എന്നറിയാന്‍ മനുഷ്യസ്രഷ്ടിതമല്ലാത്ത എന്തു് മാധ്യമമാണു് നമുക്കുള്ളതു്. മനുഷ്യസ്രഷ്ടികളായ പള്ളികളും അമ്പലങ്ങളും ഉള്ളതു് കൊണ്ടു് മാത്രം ഈശ്വരന്‍ ഉണ്ടെന്നു് പറയുന്നതില്‍ എന്തര്‍ത്ഥം? ജീവനും ജീവനില്ലായ്മയും തമ്മിലുള്ള വെത്യാസം എന്താണു്? ജീവനുള്ളപ്പോള്‍ മനുഷ്യാവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ജീവന്‍ പോകുമ്പോള്‍ ആ പ്രവര്‍ത്തനമെല്ലാം നിലച്ചു് അതു് വെറും പിണമായിത്തീരുന്നു. അപ്പോള്‍ ജീവന്‍ എന്നാല്‍ അതു് ഒരു ശക്തി ആണു്. പക്ഷെ ആ ശക്തി എവിടെ നിന്നു വന്നു? എവിടേക്കു് പോകുന്നു? ഒരു കുഞ്ഞു് ജനിക്കുന്നതിനു് മുമ്പായി പപ്പാതി ക്രോമസോമുകള്‍ അടങ്ങിയ സ്ത്രീ ബീജവും വേറെ പപ്പാതി അടങ്ങിയ പുരുഷബീജവും ചേരുന്നു. പൂര്‍ണ്ണ എണ്ണം കിട്ടിയ ആ കോശം വളര്‍ന്നു വലുതായി ഒരു ശിശുവായി പിറക്കുന്നു. പപ്പാതിയായി ചേരുന്നതിനു് മുമ്പായി അവ ചേര്‍ന്നില്ലെങ്കില്‍ ജീവന്‍ ഉണ്ടാവുന്നില്ല. ആരാണു് ഈ പ്രക്രിയ നിയന്ത്രിക്കുതു്? ഇവിടെ ഒന്നും പുതുതായി ഉണ്ടാവുന്നില്ല. പണ്ടേ ഉള്ള ശരീരത്തിലെ കോശങ്ങളില്‍ നിന്നുമാണു് പ്രത്യുല്‍പ്പാദനം നടക്കുന്നതു്.

പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതും ഇതു പോലെ ഒരു ശക്തിയല്ലേ?

ആ ശക്തിക്കു് മനുഷ്യന്‍ പല പേരുകള്‍ കൊടുത്തു. ദൈവം, സ്രഷ്ടാവു്, പടച്ചവന്‍, പിതാവു് എങ്ങിനെ പലതും. അവകളില്‍ നിന്നും കോടിക്കണക്കിനു് ദൈവശക്തിരൂപങ്ങളും വിരൂപങ്ങളും സൃഷ്ടിച്ചതു് കാലാകാലാങ്ങളില്‍ എണ്ണം കൂട്ടിക്കൂട്ടി മനുഷ്യന്‍ സൃഷ്ടിച്ചു ആരാധിച്ചു പോരുന്നു. പക്ഷെ എല്ലാം തുടക്കത്തില്‍ ഒന്നുതന്നെയല്ലേ. കാലക്രമേണ ഇവയെല്ലാം ജീവിതമാര്‍ഗ്ഗമാക്കിക്കഴിഞ്ഞതോടുകൂടി ചിലര്‍ക്കു് ദൈവവിശ്വാസം കൂടുകയും മറ്റു ചിലര്‍ക്കു് അതു് കുറഞ്ഞുവരികയും ചെയ്തു. പണത്തിന്റെ ഒഴുക്കില്‍ ഇതിനെല്ലാം വിശ്വാസ്യത ചോദ്യചിഹ്നങ്ങളായി.

പക്ഷെ ആരാധനായലയങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു ശക്തി നമ്മെയെല്ലാം നിയന്ത്രിക്കുന്നുണ്ടെന്ന കാര്യം നിഷേധിക്കാന്‍ പറ്റില്ല.
അപ്പോള്‍പ്പിന്നെ ആരാധിക്കുക തന്നെ. എങ്ങിനെ? ഏതാണു് ഉത്തമ ആരാധനാ രീതി? മതങ്ങളെല്ലാം പറയുന്നതു് ഒന്നു തന്നെ. പക്ഷേ ആരാധനാ കര്‍മ്മം മാത്രം വ്യത്യസ്തം.

ഞാനിതൊരിക്കല്‍ ഒരു ശാന്തിയോടു് ചോദിച്ചു. അദ്ദേഹം പറഞ്ഞതു് ആരാധനായങ്ങള്‍ എല്ലാവര്‍ക്കും ആവശ്യമില്ല. എന്നാല്‍ പഞ്ചേന്ത്രിയങ്ങളെ ദൈവത്തിലേക്കു് സ്വയം കൊണ്ടെത്തിക്കാന്‍ കെല്‍പ്പില്ലാത്ത ഭൂരിഭാഗം ജനത്തിനും ആരാധനാലയം മാത്രമാണു് ആശ്രയം. അവിടെ അടിസ്ഥാനപരമായി എന്താണു് നടക്കുന്നതു്? പഞ്ചേന്ത്രിയങ്ങളെ ദൈവമെന്നു് ഒരു കേന്ത്രത്തെ സങ്കല്‍പ്പിച്ചു് അവിടേക്കു് ശ്രദ്ധ കേന്ദ്രീകരിക്കുയാണു്.

പഞ്ചേന്ദ്രിയങ്ങള്‍ എന്നാല്‍ കാഴ്ച, കേള്‍വി, മണം, രുചി, സ്പര്‍ശം.

കാഴ്ച - ദേവാലയങ്ങളുടെ രൂപം, ദര്‍ശ്ശനം, പ്രതിഷ്ഠയുടെ രൂപവും അതിന്റെ അണിയിച്ചൊരുക്കലും അഭിഷേകവും, നിലവിളക്കല്ലെങ്കില്‍ മെഴുകുതിരി, ഉത്സവക്കാഴ്ചകള്‍, അര്‍ച്ചനകള്‍, ആരതി, വെടിമരുന്നു് പ്രയോഗം,
കേള്‍വി - മന്ത്രോച്ചാരണം, പ്രാര്‍ത്ഥന, മണികിലുക്കം, വാദ്യവൃന്ദങ്ങള്‍, മതഗ്രന്ധപാരായണം, ഗീതം, കച്ചേരി, വെടിക്കെട്ടു്,
മണം - ചന്ദനത്തിരി, കര്‍പ്പൂരം, എണ്ണകത്തുന്ന ഗന്ധം,
രുചി - തീര്‍ത്ഥം, പ്രസാദം, അപ്പം,
സ്പര്‍ശം - കൈകാല്‍മുഖം കഴുകല്‍, കുളി, ഈറനുടുക്കല്‍, ചന്ദനം, കുങ്കുമം, കളഭം,

അങ്ങിനെ വിവിധമാര്‍ഗ്ഗളിലൂടെ മനുഷ്യനേയും അവന്റെ പഞ്ചേന്ദ്രിയങ്ങളേയും ഒരു കേന്ദ്രത്തിലേക്കു് ആനയിക്കുമ്പോള്‍ മനസ്സറിയാതെ നാം ദൈവത്തെ ഓര്‍ത്തുപോകും.

ഇനിയൊരു മറുചോദ്യം. ദൈവത്തിനു് കൈക്കൂലി കൊടുക്കണോ?
ഈ പ്രപഞ്ചത്തിലുള്ളതെല്ലാത്തിനുമധിപനായ അങ്ങേര്‍ക്കെന്തിനാ കാശു്?

മുകളില്‍ വിവരിച്ച കാര്യങ്ങള്‍ക്കടിമയാകാതെ ദൈവാരാധനയുടെ ഏറ്റവും നല്ല രീതി ഒരു കര്‍മ്മയോഗി ആകുന്നതാണു്. യോഗി എന്നു് കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട. അവനവന്റെ നിത്യത്തൊഴില്‍ വൃത്തിയായി ചെയ്യുന്നതില്‍ പരം വേറെ നല്ല ഈശ്വരാരാധനയില്ല. പക്ഷെ എത്ര പേര്‍ക്കു് ദേവാലയത്തില്‍ പോകാതെ ഈശ്വരനെ ആരാധിക്കാന്‍ സാധ്യമാകും. ചുരുക്കം. അപ്പോള്‍ ആവശ്യക്കാരന്‍ നമ്മള്‍ തന്നെ. ഒരു ദേവാലയം നടത്തിക്കൊണ്ടു് പോകുവാന്‍, ആരാധനയ്ക്കാവശ്യമായ സാധനസാമഗ്രികള്‍ ഒരുക്കുവാന്‍ പണം വേണം. വേറെ ഒരു പണിക്കും പോകാന്‍ കഴിയാതെ പണിയെടുക്കുന്ന കര്‍മ്മിയ്ക്കും ജീവതച്ചിലവുകള്‍ ഉണ്ടാവും. ഇതിനാണു് ഒരു ത്യാഗമെന്നോണം ആരാധനയ്ക്കു് ചെല്ലുന്നവര്‍ പണം അടക്കേണ്ടിവരുന്നതു്. ദേവാലയത്തിനും ദേവാലയവാസികള്‍ക്കും അവരുടെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു് പോകണ്ടേ?

നിന്റെ കയ്യില്‍ വരാനിരിക്കുന്നതും വന്നതും വന്നുപോകുന്നതും പണമായാലും സാധനസാമഗ്രികളായാലും അവയൊന്നും ഒരിക്കല്‍ നിന്റേതായിരുന്നില്ല, ഇപ്പോള്‍ നിന്റേതാണു്, നാളെ മറ്റൊരാളുടേയും. പക്ഷെ അവ കൈകാര്യം ചെയ്യുന്ന എല്ലാവരിലും ഈശ്വരാംശം ഉള്ളപ്പോള്‍ അവയെല്ലാം എപ്പോഴും എവിടെയിരുന്നാലും ഈശ്വരന്റേതു് തന്നെ

ഹൈന്ദവവിശ്വാസപകാരം ഈശ്വരാരാധനാ മാര്‍ഗ്ഗങ്ങള്‍ മൂന്നു് തരം ആണു്.

1. ഭക്തിമാര്‍ഗ്ഗം - അമ്പലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടുള്ള ഈശ്വരാരാധനയ
2. ജ്ഞാനമാര്‍ഗ്ഗം - വേദപഠനങ്ങളും മറ്റും
3. കര്‍മ്മമാര്‍ഗ്ഗം - അവനവന്റെ കര്‍മ്മം ഭംഗിയായി ചെയ്യുന്നതു് ഒരു തരത്തില്‍ ഈശ്വരാധാന തന്നെ

ഭക്തിമാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ നാലു് ഘട്ടങ്ങളിലൂടെ കടന്നു പോകും.

1. ബ്രഹ്മചര്യ - വിദ്യാഭ്യാസകാലത്തു് സമ്പാദിക്കുന്ന പരിജ്ഞാനവും സ്വഭാവരൂപീകരണവും.
2. ഗൃഹസ്ഥാശ്രമം - ജീവിതലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന കാലഘട്ടം. വിവാഹം, കുടുംബം, തൊഴില്‍.
3. വാനപ്രസ്ഥം - മക്കള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍.
4. സംഗശു - ലൗകീക കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പൂര്‍ണ്ണത നേടാന്‍ ശ്രമിക്കല്‍.