Pages

Wednesday, December 26, 2012

മലയാളം ലിപി പരിഷ്ക്കരണവും ജനവും ജനാധിപത്യവും

1956-ല്‍ നാലാമത്തെ വയസ്സില്‍ സ്ക്കൂള്‍ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുമ്പു് എഴുതിപ്പഠിച്ച മലയാളത്തിനു് കാലാകാലങ്ങളില്‍ പല മാറ്റങ്ങളും സംഭവിച്ചു. ഓര്‍മ്മയില്‍ എത്തുന്ന ആദ്യത്തെ മാറ്റം വത്സ്യവര്‍ഗ്ഗം ഉപേക്ഷിച്ചതില്‍ വന്ന ആശയക്കുഴപ്പം ആയിരുന്നു. ബാല്യകാലത്തു് വലിയച്ഛന്‍ എഴുതാന്‍ പഠിപ്പിച്ച മലയാളത്തില്‍ മാറ്റം മുറ്റം എന്നീ വാക്കുകളിലെ റ്റ (വത്സ്യവര്‍ഗ്ഗ ഖരാക്ഷരം ഇരട്ടിച്ചതു്) എന്ന അക്ഷരത്തിനായിരുന്നു ആദ്യത്തെ മാറ്റം. ന്റ യുടെ അടിയില്‍ ഉപയോഗിച്ചിരുന്ന വത്സ്യവര്‍ഗ്ഗത്തിലെ ഖരാക്ഷരത്തിനു പകരമായി റ എന്നും, നനവു് എന്ന വാക്കിലെ തവര്‍ഗ്ഗത്തിലെ അനുനാസികം ന നിലനിര്‍ത്തിക്കൊണ്ടു് രണ്ടാമത്തെ വത്സ്യ വര്‍ഗ്ഗത്തിലെ അനുനാസികം ന യ്ക്കു പകരം തവര്‍ഗ്ഗത്തിലെ അനുനാസികം തന്നെ ന എന്നും, പാഠപുസ്തകങ്ങളില്‍ ആദ്യം പഠിപ്പിച്ച അമ്മ എന്ന വാക്കു് മാറ്റി റ-പറ ന-പന എന്നും, പാഠപുസ്തകത്താളിനു് എണ്ണമിട്ടു പോന്ന മലയാള അക്കങ്ങള്‍ക്കു് പകരം ആംഗലേയ അക്കങ്ങള്‍ എന്നും രൂപഭാവം മാറി വന്നു. വലിയച്ഛന്‍ എഴുതാന്‍ പഠിപ്പിച്ചുതന്ന കണക്കിലെ പൂജ്യം മുതല്‍ ഒമ്പതു് വരെയുള്ള അക്കങ്ങളും പത്തും നൂറും ആയിരവും ഉപയോഗിക്കാതെ പകരം ഇംഗ്ലീഷു് അക്കങ്ങള്‍ ഉപയോഗിക്കപ്പെട്ടു. ഇംഗ്ലീഷു് അറിയാന്‍ പാടില്ലായിരുന്ന വല്യച്ഛന്‍ അതോടുകൂടി ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന ഉത്തരാവിദിത്വത്തില്‍ നിന്നും പിന്‍വലിഞ്ഞു. പിന്നീടു് 1959-ല്‍ ഇംഗ്ലീഷു് മീഡിയം സ്ക്കൂളിലേക്കു് മാറിയപ്പോള്‍ അതു വരെ പഠിച്ച മലയാളത്തിന്റെ ഉപയോഗം വീട്ടിലേക്കു് എഴുതിയിരുന്ന കത്തുകളില്‍ മാത്രമായി ഒതുങ്ങി.  1966-ല്‍ ഐ എസ്സു് സി പഠന സമ്പ്രദായത്തില്‍ നിന്നും എസ്സു് എസ്സു് എല്‍ സി സമ്പ്രദായത്തിലേക്കു് ഒമ്പതാം തരത്തില്‍ മാറിയപ്പോള്‍ മലയാളം പഠിക്കാന്‍ അനുഭവിച്ച ബുദ്ധിമുട്ടു് ചില്ലറയൊന്നുമായിരുന്നില്ല. രക്ഷയ്ക്കായെത്തിയതു് മലയാളം ട്യൂഷന്‍ മാഷു് ആയിരുന്നു.

1968-ല്‍ സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോളേജില്‍ ചേരുമ്പോള്‍ മലയാള അക്ഷരങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പലേടത്തും നടക്കുന്നുണ്ടായിരുന്നെങ്കിലും പിന്നീടുള്ള പഠന മാധ്യമം ഇംഗ്ലീഷു് ആയതിനാല്‍ മലയാളത്തെപ്പറ്റി ഗൗനിക്കേണ്ട സാഹചര്യം ഉണ്ടായില്ല. 1970-ല്‍ പ്രഫഷനല്‍ പഠനം തുടങ്ങിയതോടു കൂടി മലയാളത്തിന്റെ ഉപയോഗം വായനയില്‍ മാത്രമായി ചുരുങ്ങി. 1971നു ശേഷം പത്രങ്ങളിലും മാസികകളിലും വന്ന മലയാള അക്ഷരങ്ങളെക്കുറിച്ചു് വേവലാതിപ്പെടാനോ അതിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുവാനോ അവസരങ്ങള്‍ ഒന്നുമുണ്ടായില്ല. 1971-നു മുമ്പു് പഴയ ലിപിയില്‍ എഴുതി ശീലിച്ചവരെ സര്‍ക്കാര്‍ ഉത്തരവു് കാര്യമായി ബാധിച്ചില്ല. 1971-നു ശേഷം വായിക്കാന്‍ ലഭിക്കുന്നതെല്ലാം പുതിയ ലിപിയിലായിരുന്നുവെങ്കിലും എഴുത്തിനായു് അവര്‍ ശീലം വിടാതെ പഴയ ലിപി തന്നെ ഉപയോഗിച്ചു പോന്നു. പത്തു വര്‍ഷം കഴിഞ്ഞു് 1981നു ശേഷം സ്ക്കൂള്‍ വിദ്യാഭ്യാസം ചെയ്തവര്‍ തുടക്കം മുതല്‍ പുതിയ ലിപിയില്‍ എഴുതി ശീലിച്ചതിനാല്‍ പഴയ പുസ്തകങ്ങളില്‍ കാണുന്ന പഴയ ലിപി വായനയില്‍ മാത്രമായി

ഒരു സര്‍ക്കാര്‍ ഓര്‍ഡറിന്റെ പിന്‍ബലത്തോടുകൂടി സര്‍ക്കാരും മാധ്യമങ്ങളും അച്ചടിശാലകളും ഒത്തൊരുമിച്ചു് പുതിയ ലിപി ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ വായനയ്ക്കു് പുതിയ ലിപിയും എഴുത്തിനു് പഴയ ലിപിയും ഉപയോഗിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായി. ആശയക്കുഴപ്പം തരണം ചെയ്യുവാന്‍ കാലക്രമേണ പുതിയ ലിപി എഴുത്തിനും ഉപയോഗിക്കാന്‍ തുടങ്ങിയതു് ഒരു സ്വാഭാവിക മാറ്റം മാത്രമായിരുന്നു.

1971-ലെ സര്‍ക്കാര്‍ ഉത്തരവു് കാരണം മലയാളം ഉപയോഗിക്കുന്ന കാര്യത്തില്‍ മൂന്നു തരം മലയാളികള്‍ സൃഷ്ടിക്കപ്പെട്ടു. 1971നു മുമ്പുള്ളവര്‍ പഴയ ലിപിയുടെ ഉപയോക്താക്കളായും, 1971 മുതല്‍ 1981 വരെ സ്ക്കൂളില്‍ പഠിച്ചവര്‍ സമ്മിശ്ര ലിപിയുടെ ഉപയോക്താക്കളായും, 1981-നു ശേഷം പുറത്തിറങ്ങിയവര്‍ പുതിയ ലിപി ഉപയോക്താക്കളായും.

ഈ മൂന്നു് വിഭാഗത്തില്‍ പെട്ടവരില്‍ ചിലരെങ്കിലും പല കാലങ്ങളിലായി സര്‍ക്കാര്‍ തലത്തില്‍ മലയാള ഭാഷ കൈകാര്യം ചെയ്യുന്ന മേഘലകളില്‍ എത്തി. 2011-ഓടുകൂടി പഴയ ലിപിയുടെ വക്താക്കള്‍ 55 വയസ്സു് തികഞ്ഞതിനാല്‍ പെന്‍ഷന്‍ പറ്റി ഒതുങ്ങിക്കഴിഞ്ഞു. നിലവില്‍ സര്‍വ്വീസില്‍ ഉള്ളവരില്‍ 45നും 55നും മധ്യേ പ്രായമുള്ളവര്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടവരാണു്. അവര്‍ക്കു് പഴയ ലിപി ആയാലും പുതിയ ലിപി ആയാലും രണ്ടും ഒന്നു പോലെ തന്നെ, കാരണം അവരില്‍ പലരും വായിക്കുവാന്‍ പുതിയ ലിപിയും എഴുതുവാന്‍ സമ്മിശ്ര ലിപിയും ഉപയോഗിച്ചവരാണു്. 45 വയസ്സിനു് താഴെ പ്രായമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വരാനിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൂര്‍ണ്ണമായും പുതിയ ലിപിയുടെ ഉപയോക്താക്കളാവുന്നതു് സ്വാഭാവികം തന്നെ. ചുരുക്കി പറഞ്ഞാല്‍ പഴയ ലിപിയ്ക്കു് വേണ്ടി വാദിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അതിന്റെ ഉപയോക്താക്കള്‍ കുറവാണെന്നു് തന്നെ പറയാം.

1971-നു ശേഷം 1985 ല്‍ നാടൊട്ടുക്കും DTP സെന്ററുകള്‍ മുളച്ചു വന്നു. റ്റൈപ്പു് റൈറ്റര്‍ മലയാളത്തെ ചുവടു പിടിച്ചു് ഏകദേശം അതേ രീതിയില്‍ തന്നെയായിരുന്നു ഇതിലെ ഫോണ്ടുകള്‍. 1990-കളില്‍ മലയാളികള്‍ വ്യക്തിഗത കംപ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ മലയാളം റ്റൈപ്പു് ചെയ്യുവാന്‍ രക്ഷയ്ക്കെത്തിയതു് ISM പോലുള്ള പ്രോഗ്രാമുകളായിരുന്നു. ഇന്റര്‍നെറ്റില്‍ മലയാളം റ്റൈപ്പു് ചെയ്യുവാന്‍ ഇതു് മതിയാകാതെ വന്നപ്പോള്‍ അതിനു ചുവടുപിടിച്ചു് ധാരാളം ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റു്വേര്‍ പ്രാബല്യത്തില്‍ വന്നു. മംഗ്ലീഷു് ചേര്‍ത്തു് മലയാളം സംസാരിക്കുന്നവരും ഇംഗ്ലീഷു് ക്വര്‍ട്ടി കീ ബോര്‍ഡില്‍ നല്ല വേഗതയുള്ളവരും ഇതിനെ സ്വാഗതം ചെയ്തു. ഈമെയിലിംഗിനും ചാറ്റിഗിനും ഇവ ഉപയോഗിച്ചിരുന്നുവെങ്കിലും അക്ഷരങ്ങള്‍ വ്യക്തമായിക്കിട്ടാന്‍ പ്രയാസമുണ്ടായിരുന്നെങ്കിലും കിട്ടിയതു് കൊണ്ടു് മലയാളികള്‍ തുടക്കത്തിലൊക്കെ തൃപ്തരായിരുന്നു.

കംപ്യൂട്ടറില്‍ മലയാളം ഉപയോഗിച്ചു തുടങ്ങുന്നതില്‍ വിദേശമലയാളികളാണു് മുന്‍കയ്യെടുത്തതു് എന്നു് പറയാതെ വയ്യ. കേരള സര്‍ക്കാരും മലയാളത്തിലെ മലയാളികളും അറിയാതെ വിദേശമലയാളികള്‍ മൂകരായി ഇന്റര്‍നെറ്റില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുന്നാണ്ടായിരുന്നു. വിദേശത്തിലേക്കു് ചേക്കേറിയ മലയാളികള്‍ ഇന്റര്‍നെറ്റു് വഴി ആശയവിനിമയം നടത്താന്‍ ആയി ഉപയോഗിച്ചിരുന്ന ഇംഗ്ലീഷിനെ ക്രമേണ പിന്‍തള്ളിക്കൊണ്ടു് ട്രാന്‍സ്ലിറ്ററേഷന്‍ മലയാളം യുവാക്കള്‍ക്കിടയില്‍ ഒരു ഹരമായി മാറി. 2002-ല്‍ മലയാളം വിക്കിപ്പീഡിയ ആരംഭിച്ചതോടുകൂടി കംപ്യൂട്ടറില്‍ മലയാളം ഉപയോഗത്തിന്റെ വന്‍ സാധ്യതകള്‍ തുറക്കുകയായിരുന്നു. അതിനു ചുവടു പിടിച്ചു് പലേടത്തും മലയാളത്തിലുള്ള ബ്ലോഗുകളും സൈറ്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

അത്യാവശ്യ ആശയവിനിമയത്തിനു ട്രാന്‍സ്ലിറ്ററേഷന്‍ ഉപയോഗിച്ചപ്പോള്‍ അതു് വായിച്ച മലയാളികളില്‍ നിന്നും കിട്ടിയ പ്രതികരണത്തിലൂടെ തങ്ങളുടെ തെറ്റുകളെപ്പറ്റി ബോദ്ധ്യപ്പെട്ടെങ്കിലും ട്രാന്‍സ്ലിറ്ററേഷനില്‍ വഴി കിട്ടുന്ന പരമാവധി അക്ഷരങ്ങള്‍ക്കപ്പുറം മലയാളം ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി. അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ മലയാളം ലഭിക്കുവാന്‍ മലയാളി ആഗ്രഹിച്ചു. പ്രത്യേകിച്ചും വിക്കീപ്പീഡിയയിലും മലയാളം ബ്ലോഗിലും പ്രവര്‍ത്തിച്ചവര്‍. ഇതിനു് ഒരു പരിഹരമായെത്തിയതു് ഇന്ത്യന്‍ ഭാഷകള്‍ക്കായി നിര്‍മ്മിക്കപ്പെട്ട ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡാണു്. ലോകഭാഷകള്‍ മുഴുവനും കംപ്യൂട്ടറില്‍ എത്തിക്കാനായി തുടങ്ങിയ മറ്റൊരു സന്നദ്ധ സംരംഭമാണു് യൂണിക്കോഡു് കണ്‍സോര്‍ഷിയം. ഏതൊരു ഭാഷയെപ്പറ്റിയും അതാതു് ഭാഷകളുടെ വിദഗ്ദ്ധരുടെ അഭിപ്രായം ആരാഞ്ഞും പ്രാചീന എഴുത്തു് രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചും അതില്‍ നിന്നും കതിരും പതിരും വേര്‍തിരിച്ചെടുത്തു് ചെയ്തു പോയ തെറ്റുകള്‍ തിരുത്തിയും ചേര്‍ക്കാന്‍ വിട്ടു പോയവയെ ചേര്‍ത്തും അവര്‍ മുന്നോട്ടു് തന്നെ പോകുന്നു.

സര്‍ക്കാര്‍ ആഫീസുകളില്‍ റ്റൈപ്പു്റൈറ്ററിനു പകരം കംപ്യൂട്ടര്‍ എത്തിയെങ്കിലും മിക്ക മാധ്യമങ്ങളും അച്ചടിക്കാനായി ഇപ്പോള്‍ കംപ്യൂട്ടറെയാണു് ആശ്രയിക്കുന്നതെങ്കിലും അവര്‍ എല്ലാവരും ഇപ്പോഴും ട്രാന്‍സ്ലിറ്ററേഷന്‍ രീതിയെയാണു് ആശ്രയിക്കുന്നതു്. എഴുതാന്‍ ഉപയോഗിച്ചിരുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായ ഈ രീതിയില്‍ സംവൃതോകാരം, വിവൃതോകാരം, ചില്ലക്ഷരം, കൂട്ടക്ഷരം എന്നിവ വികൃതരൂപം പൂണ്ടു. ഇത്തരത്തില്‍ മാത്രമേ കിട്ടൂ എന്നതെന്നതിനാല്‍ തങ്ങള്‍ ചെയ്യുന്നതാണു് ശരി എന്നതിനു് ന്യായീകരണങ്ങളും ഉന്നയിക്കപ്പെട്ടു.

ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡും മലയാളം ഫോണ്ടുകളും ഉപയോഗിച്ചു് തനതു മലയാളം എഴുതുന്നതു് പോലെ തന്നെ കംപ്യൂട്ടറില്‍ റ്റൈപ്പു് ചെയ്യുവാന്‍ സാധിക്കും എന്നു് അറിയാവുന്നവര്‍ ചുരുക്കം. ചില്ലക്ഷരങ്ങള്‍ കൂട്ടക്ഷരങ്ങള്‍ സംവൃതോകാരം എന്നിവ കിട്ടുന്ന രീതി എളുപ്പമാണെങ്കിലും അതു് മനസ്സിലാക്കാന്‍ ശ്രമിക്കാതെ പകുതി വഴിക്കു് ഇന്‍സ്ക്രിപ്റ്റു് രീതിയുടെ പഠനം നിര്‍ത്തിവച്ചു് പ്രത്യേകിച്ചു് ഒരു പഠനം ആവശ്യമില്ലാതെ അന്യഭാഷ ഉപയോഗിച്ചു് കുറുക്കുവഴിയിലൂടെ മലയാളം ലഭിക്കുന്ന ട്രാന്‍സ്ലിറ്ററേഷന്‍ രീതിയിലേക്കു് തിരിച്ചു് പോവുകയും ന്യായീകരണമായി ഇന്‍സ്ക്രിപ്റ്റിനെ തള്ളിപ്പറയുകയും ചെയ്യുന്ന പ്രവണതയാണു് സര്‍വ്വസാധാരണമായി കണ്ടു വരുന്നതു്. വളരെ നാളുകള്‍ മലയാളം എഴുതാതിരുന്നു് കംപ്യൂട്ടറില്‍ മാത്രം ട്രാന്‍സ്ലിറ്ററേഷന്‍ രീതിയില്‍ റ്റൈപ്പു് ചെയ്തു് ശീലിച്ചിട്ടു് എന്തെങ്കിലും ആവശ്യത്തിനു് എഴുതുവാന്‍ പേനയും കടലാസും എടുക്കുമ്പോള്‍ മലയാള അക്ഷരങ്ങളുടെ രൂപത്തെപ്പറ്റി ഓര്‍മ്മ വരാതെ ഇംഗ്ലീഷു് അക്ഷരങ്ങളെപ്പറ്റി മാത്രം ഓര്‍ത്തു റ്റൈപ്പു് ചെയ്തു ശീലിച്ചവരുടെ മനസ്സിലേക്കും വിരല്‍തുമ്പിത്തേക്കും മലയാളം എഴുതുവാന്‍ ഇംഗ്ലീഷു് അക്ഷരം സഹായമായി എത്തുമോ എന്നോര്‍ക്കുന്നതു് നന്നായിരിക്കും. മറിച്ചു് മലയാളത്തില്‍ റ്റൈപ്പു് ചെയ്യുവാന്‍ ശീലിച്ചാല്‍ ഓരോ അക്ഷരവും സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതു് കണ്ടു് ശീലിച്ചവര്‍ക്കു് അതു് എഴുതുവാന്‍ മലയാളഭാഷയല്ലാതെ വേറെ ഒരു ഭാഷയപ്പറ്റിയും ഓര്‍മ്മിക്കേണ്ട ആവശ്യം തന്നെ വരില്ല.

1971-ല്‍ അന്നത്തെ സാങ്കേതികവിദ്യയ്ക്കു് ഉതകുന്ന രീതിയില്‍ ആണു് മലയാളത്തിലെ അക്ഷരങ്ങള്‍ വെട്ടിക്കുറച്ചതെങ്കില്‍ 2012-ല്‍ ഇന്നത്തെ കംപ്യൂട്ടറില്‍ എല്ലാ മലയാള അക്ഷരങ്ങളും റ്റൈപ്പു് ചെയ്യാവുന്ന സാഹചര്യം എത്തിയപ്പോള്‍ ഇന്നത്തെ സാങ്കേതിവിദ്യയ്ക്കു് ഉതകുന്ന രീതിയില്‍ എല്ലാ മലയാള അക്ഷരങ്ങളും പഴയതു് പോലെ തന്നെ തിരിച്ചു കൊണ്ടുവരേണ്ടതല്ലേ. സര്‍ക്കാര്‍ ഓഫീസുകളിലും പത്രമാഫീസുകളിലും അച്ചടിശാലകളിലും റ്റൈപ്പു്റൈറ്ററിനെ ഒരു കാലഹരണപ്പെട്ട യന്ത്രമാക്കി പുറംതള്ളിക്കൊണ്ടു് പഴയ ലിപിയിലെ ഏതു് അക്ഷരവും രൂപവും റ്റൈപ്പു് ചെയ്യുവാന്‍ സാദ്ധ്യമാക്കുന്ന കംപ്യൂട്ടര്‍ പ്രത്യക്ഷപ്പെട്ടതോടുകൂടി നമുക്കു് എന്തിനാണു് മലയാളത്തെ വികൃതമാക്കിയ റ്റൈപ്പു്റൈറ്റര്‍ ലിപി?

അതിനാല്‍ സര്‍ക്കാര്‍ പഴയ ഓര്‍ഡര്‍ പരിഷ്ക്കരിച്ചു് ഇറക്കേണ്ടതല്ലേ? കുറഞ്ഞ പക്ഷം പഴയ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു് എഴുതുവാനും വായിക്കുവാനും ഏതു് രീതി സ്വീകരിക്കണം എന്നു് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മലയാളിക്കു് വിട്ടു കൊടുത്തുകൂടെ?