Pages

Sunday, October 21, 2018

കായലിനക്കരെ

കായലിനക്കരെ
...........................
"സാറേ, അവർ പ്ലാസ്റ്റർ വെട്ടിത്തരുന്നില്ല."
"പ്ലാസ്റ്റർ വെട്ടാൻ ഞാനെഴുതിത്തന്നായിരുന്നല്ലോ. ചീട്ട് കാണിച്ചില്ലേ?"‌‌
"കാണിച്ചു."‌ കുട്ടിയെ കൊണ്ടുവന്ന സ്ത്രീയുടെ കണ്ണുനീർ അനർഗ്ഗള നിർഗ്ഗളം ഒഴുകുകയാണ്.
"ഈ ആശുപത്രിയിലെ എന്റെ ആദ്യത്തെ ദിവസം അല്ലേ. അവർക്ക് എന്റെ കൈയ്യെഴുത്ത് ചിലപ്പോൾ മനസ്സിലായിക്കാണില്ല."
ചീട്ട് വാങ്ങി. ROP എന്നെഴുതിയത് Remove plaster എന്നെഴുതിക്കൊടുത്തു.
"അതല്ല പ്രശ്നം."
"പിന്നെന്താ പ്രശ്നം?"
"മാറ്റി എഴുതിയിട്ടു കാര്യമില്ല സർ. കാശ് കൊടുക്കാതെ അവർ പ്ലാസ്റ്റർ വെട്ടുന്ന പ്രശ്‌നം ഇല്ലെന്നാണവർ പറയുന്നത്. സർ മുമ്പിരുന്ന ആശുപത്രിയിൽ വന്ന് കുട്ടിയുടെ കാൽ ഒടിഞ്ഞതിന് പ്ലാസ്റ്റർ ഇടാൻ കാശൊന്നും ചെലവായില്ല. അതുകൊണ്ട് ഇവിടെയും അങ്ങനെ ആയിരിക്കും എന്നു കരുതി വന്നതു കൊണ്ട് കാശൊന്നും കരുതിയില്ല. അവർക്ക് കൊടുക്കാൻ എന്റെ കൈയ്യിൽ കാശൊന്നും ഇല്ല."
"ആരാണങ്ങനെ പറഞ്ഞത്?"
"വേള്ളയും വെള്ളയും ഇട്ട ഒരു ചേട്ടൻ."
"ഹേയ്. നിങ്ങൾക്ക് തോന്നിയതാവും."
"ഇല്ല സർ. തോന്നിയതല്ല. എന്റെ കൈയ്യിൽ എന്തേലും ഉണ്ടായിരുന്നെങ്കിൽ ഞാൻ കൊടുത്തേനേ. 'ഇത് _ _ _ _ _ (ഇന്നലെ വരെ ജോലി ചെയ്ത സ്ഥലം) അല്ല. _ _ (പുതിയ സ്റ്റേഷൻ) ആണെന്ന് സാറിനോട് പറഞ്ഞേക്കൂ, ഇവിടെ തൂണിനു വരെ കാശ് കൊടുക്കേണ്ടിവരും എന്നും സാറിനോട് പറഞ്ഞേക്കൂ' എന്നാണ് അവർ പറഞ്ഞത്."
എന്ത് ചെയ്യും?
ഇതെന്താ ഈ ആശുപത്രിയിൽ ജീവനക്കാർ ഇങ്ങനെ? ഉള്ളിൽ ചോര തിളയ്ക്കുന്നുണ്ടായിരുന്നു. സംയമനം പാലിച്ച് ദേഷ്യം കടിച്ചമർത്തി മൂഖഭാവം ന്യൂട്രലാക്കി അവരേയും വിളിച്ചുകൊണ്ട് പ്ലാസ്റ്റർ വെട്ടുന്ന മുറിയിലേക്ക് നടന്നു.
"ആരാണിവിടെ പ്ലാസ്റ്റർ വെട്ടാൻ നിൽക്കുന്നത്?" മുഖത്ത് ഒരു ചെറിയ ചിരി പാടുപെട്ട് വരുത്തി ചോദിച്ചു.
ഡ്രസ്സിംഗ് മുറിയിൽ നിൽക്കുന്നവർ ഒന്നും മിണ്ടാതെ പരസ്പരം കണ്ണെറിയുകയാണ്. "ഈ മാരണം ഇതെന്ത് പുറപ്പാടിനാണ്?" എന്നവരുടെ മുഖഭാവത്തിൽ നിന്നും വ്യാക്തമായി വായിച്ചെടുക്കാം. ഈ ആശുപത്രിയിൽ ആദ്യത്തെ ദിവസം ആയതിനാൽ അവർക്ക് എന്നെ അറിയില്ല. എനിക്കവരെയും. ഉള്ളിൽ ചിരിയും സങ്കടവും നിരാശയും ദേഷ്യവും എല്ലാം വരുന്നുണ്ടായിരുന്നു.
"ഈ ആശുപത്രിയിൽ എങ്ങനെയാണ് പ്ലാസ്റ്റർ വെട്ടുന്നത് എന്നൊന്നു കാണട്ടെ. ആരാ പ്ലാസ്റ്റർ വെട്ടുന്നതെന്നു വച്ചാൽ ഈ കുട്ടിയുടെ പ്ലാസ്റ്റർ വെട്ടി കാണക്കൂ. പ്രൊസീജ്യർ ശരിയാണോ എന്ന് ഞാനൊന്നു കാണട്ടെ."
വിഷപ്പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിക്കുക. ശ്രമകരമാണ്.
രോഗിയുടെ അമ്മയുടെ മുഖത്ത് സന്തോഷവും നന്ദിയും പ്രതിഫലിക്കുന്നുണ്ടായിരുന്നു. പ്ലാസ്റ്റർ വെട്ടിയവന്റെ മുഖത്ത് നിരാശയും വിദ്വേഷവും.
മുറിവേറ്റ ഈഗോധാരിയുടെ പ്രതികരണം രണ്ടാം ദിവസം യൂണിയൻകാരുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.
ഒപിയിൽ ഒരു വല്യമ്മ കൈയ്യൊടിഞ്ഞു വരുന്നു. എക്‌സ്രേ എടുക്കുന്നു. ശരിയാണ്. ഒടിവുണ്ട് വലിച്ചു നേരെ ആക്കിയതിനു ശേഷം വേണം പ്ലാസ്റ്റർ ഇടാൻ. പ്ലാസ്റ്റർ ഇടാൻ അവർക്ക് സമ്മതമാണ്. സിസ്റ്ററെ വിളിച്ച് ഏർപ്പാടാക്കി. പ്ലാസ്റ്റർ മുറിയിൽ ഇപ്പോൾ സഹായി ആയി നിൽക്കുന്നത് മറ്റൊരാളാണ്. കൈ വലിച്ചു പിടിക്കേണ്ട രീതികളൊക്കെ പറഞ്ഞു മനസ്സിലാക്കി കൈവലിച്ചു നേരെയാക്കി പ്ലാസ്റ്റർ ഇട്ടുകഴിഞ്ഞു ചെക്കെക്‌സ്രേയ്ക്ക് എഴുതിക്കൊടുത്ത് തിരിഞ്ഞു നോക്കുമ്പോൾ മുറിയുടെ വാതിലിനു ചുറ്റും ആശുപത്രിയിലെ വെള്ള വേഷധാരികൾ മുഴുവനും ഉണ്ട്.
വല്ല യൂണിയൻ പിരിവും ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. പക്ഷെ അല്ല.
"ഇവിടെ പ്ലാസ്റ്റർ ഇടുന്നത് ഞങ്ങളാണ്."
"ങ്ഹേ? മനസ്സിലായില്ല."
"കൈയ്യൊടിഞ്ഞ് ഈ ആശുപത്രിയിൽ വരുന്ന രോഗികൾക്ക് ഞങ്ങളാണ് പ്ലാസ്റ്റർ ഇടുന്നതെന്ന്."
"അതു ശരി. അപ്പോൾ ഓപ്പറേഷൻ തീയേറ്ററിൽ ഓപ്പറേഷൻ ചെയ്യുന്നതും നിങ്ങളാണോ."
"വേണ്ടിവന്നാൽ അതും ചെയ്യും. പക്ഷെ ഇതാണ് ഇവിടത്തെ ഞങ്ങളുടെ യൂണിയന്റെ തീരുമാനിക്കും."
"ഓ ഹോ. അപ്പോ ഒപിയും നിങ്ങൾ നോക്കുമായിരിക്കും!"
"ഞങ്ങളുടെ വരുമാനത്തിൽ ഇടങ്കോലിട്ടാൽ ഞങ്ങൾ പ്രതികരിക്കും."
"അത് ന്യായം. നിങ്ങൾക്ക് സമയത്ത് ശമ്പളം കിട്ടാതിരുന്നാൽ എന്നോട് പറ. നാളെ ഞാൻ ആറെമ്മോയുടെ സ്ഥാനം ഏൽക്കുകയാണ്. നിങ്ങളുടെ ഏതു പ്രശ്‌നവും കൈകാര്യം ചെയ്യാൻ ഞാനിവിടെയുണ്ടാവും."
എല്ലാവരും മിഴുങ്ങസ്യം.
ഇതൊരു തുടക്കം മാത്രം....
....തുടരും.
.https://www.facebook.com/DrBhadranTR/posts/734517390238356 ചേർത്തു വായിക്കുക

ആറെമ്മോടെ ഗേറ്റ്

ആറെമ്മോടെ ഗേറ്റ്
................................
(ശബരിമല വിഷയത്തിൽ നിന്നും ഒരു ഡൈവേർഷൺ)
8 വർഷത്തെ റൂറൽ സർവ്വീസിന്റെ പിൻബലത്തോടെ ബിരുദാനന്തരബിരുദ പഠനത്തിന് പ്രവേശനം കിട്ടി ആദ്യത്തെ പരിശ്രമത്തിൽ തന്നെ പരീക്ഷ പാസ്സായി തിരിച്ച് സർവ്വീസിൽ കേറുമ്പോൾ വീണ്ടും 7 വർഷത്തെ റൂറൽ സർവ്വീസ് ചെയ്യേണ്ടിവരുന്നു. ഒടുക്കം മൊത്തം 15 വർഷത്തെ റൂറൽ സർവ്വീസിനു ശേഷം ഭാഗ്യവശാൽ ഡോക്ടർക്ക് ആരുടേയും റെക്കമന്റേഷൻ ഇല്ലാതെ തന്നെ ഒരു താലൂക്ക് ആശുപത്രിയിൽ പോസ്റ്റിംഗ് ലഭിക്കുന്നു.
ആശിച്ചു മോഹിച്ചു പുതിയ ആശുപത്രിയിൽ ചേർന്നു കഴിയുമ്പോൾ താമസിക്കാൻ ഒരു വീട് തിരക്കി നടന്നിട്ട് ലഭിക്കുന്നില്ല. പ്രശ്‌നപരിഹാരമായി ആശുപത്രി സുപ്രണ്ട് ഒരു നിർദ്ദേശം വയ്ക്കുന്നു.
"ആറെമ്മോ സ്ഥാനം ഏൽക്കാൻ തയ്യാറാണെങ്കിൽ സർക്കാർ വക ഫ്രീ ആറെമ്മോ ക്വാർട്ടേഴ്‌സ് തരാം."
ക്വാട്ടേഴ്‌സ് താമസയോഗ്യമാണോ എന്നുപോലും തിരക്കുന്നില്ല.
പഴയ ആറെമ്മോയുടെ പക്കൽ നിന്നും ക്വാർട്ടേഴ്‌സിന്റെ താക്കോൽ കൈപ്പറ്റി വീട്ടു സാമഗ്രികളും കുടുംബവുമായി ക്വാർട്ടേഴ്‌സിൽ എത്തിയപ്പോഴാണ് വേണ്ടായിരുന്നു എന്നു തോന്നുന്നത്.
ഇനിയെന്തു ചെയ്യും? നനഞ്ഞുപോയില്ലേ. കുളിച്ചുകേറുക തന്നെ!!
കഴിഞ്ഞു പോയ 10 വർഷമായി ആറെമ്മോ സ്ഥാനം അലങ്കരിച്ചവരാരും തന്നെ ഈ ഭാർഗ്ഗവീനിലയത്തിൽ താമസിച്ചിരുന്നില്ലത്രേ!!
ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന പോലത്തെ അവസ്ഥ.
ഒടുവിൽ രണ്ടും കല്പിച്ച് ക്വാർട്ടേഴ്‌സ് തുറന്ന് ഒരു മുറി മാത്രം വൃത്തിയാക്കി വീട്ട് സാധനങ്ങൾ ഇറക്കി നാട്ടിലേക്ക് വന്ന് ഭാര്യയെയും മക്കളെയും അവിടെ ആക്കുന്നു. പിറ്റേന്ന് ഒരു സഹായിയുമായി തിരിച്ചെത്തി മുറികളെല്ലാം വൃത്തിയാക്കി വീട്ടുപകരണങ്ങളെല്ലാം അടുക്കി വച്ചതിനു ശേഷം നാട്ടിൽ തിരിച്ചുപോയി കുടുംബത്തെ കൂട്ടി വരുന്നു.
സർക്കാർ വക മെയിന്റെനൻസിന് കാത്തിരുന്നാൽ സർക്കാർ കാര്യം മുറ പോലെയേ നടക്കൂ. ഒരു പ്ലമ്പറെയും ഇലക്ട്രീഷ്യനേയും നിർത്തി വെള്ളം കറന്റ് ടോയിലറ്റ് എന്നിവയുടെ പ്രശ്‌നങ്ങളും പരിഹരിച്ച് വീടിന്റെ ചോർച്ച കൂടി തീർത്തുകഴിഞ്ഞപ്പോഴേക്കും നല്ലൊരു തുക കയ്യിൽ നിന്നും ചെലവാകുന്നു.
പിന്നെ വൈറ്റ്‌വാഷിംഗും പെയിന്റിംഗും. സാരമില്ല. സഹിക്കുക തന്നെ. തൽക്കാലം മതിലും ജനലും മറ്റും തുടച്ചു വൃത്തിയാക്കാവുന്നടുത്തോളം വൃത്തിയാക്കുന്നു.
കുട്ടികളെ പുതിയ സ്‌ക്കൂളിൽ ചേർക്കുന്നു. ഗ്യാസ് കണക്ഷനും റേഷൻ കാർ‍ഡും ട്രാൻസ്‌ഫർ ചെയ്യുന്നു.
ട്രാൻസ്‌ഫർ സമയത്ത് അർഹതപ്പെട്ട ജോയിനിംഗ് ടൈം എടുക്കാതിരുന്നതിനാൽ ആശുപത്രി ഡ്യൂട്ടി സമയം കഴിഞ്ഞു വേണം എല്ലാത്തിനും മേൽനോട്ടം വഹിക്കാൻ. സെറ്റിൽ ആകാൻ കുറച്ചധികം നാൾ വേണ്ടിവരുന്നു.
ആശുപത്രിയുടെ വടക്ക് കിഴക്കേ മൂലയിലായി മറ്റൊരു കോമ്പൗണ്ടായാണ് ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. ക്വാർട്ടേഴ്‌സിന്റെ പുറകിൽ നിന്നും ആശുപത്രി കോമ്പൗണ്ടിലേക്ക് കടക്കാൻ ഒരാൾക്ക് മാത്രം കടന്നു പോകാൻ പാകത്തിൽ ചെറിയ ഒരു ഗേറ്റ്. മുന്നിൽ വണ്ടിയുമായി പുറത്തേക്ക് മെയിൻ റോഡിലേക്കു കടക്കാൻ വലിയ മറ്റൊരു ഗേറ്റ്. വലിയ ഗേറ്റ് വഴി പുറത്തേക്കിറങ്ങിയാൽ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് കടന്നു വേണം റോഡിലെത്താൻ.
പുറത്തേക്കിറങ്ങുന്ന വഴിയുടെ ഓരത്തായി സ്ഥിതി ചെയ്യുന്ന പബ്ലിക്ക് മൂത്രപ്പുരയിൽ നിന്നുമുള്ള ദുർഗന്ധം ക്വാർട്ടേഴ്‌സിൽ സഹിക്കാവുന്നതിനും അപ്പുറം!
മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴി ചേർമാനെ നേരിട്ട് കണ്ട് ഒരു പരാതി കൊടുക്കുന്നു. ഏതാനം ദിവസങ്ങൾക്കകം മൂത്രപ്പുര വൃത്തിയാക്കുന്ന കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാവുന്നു.
ദുർഗന്ധം ഇനി സഹിക്കേണ്ടല്ലോ എന്നു മനസ്സിലാക്കി പരിസസരവാസികൾക്കും സന്തോഷം മൂത്രപ്പുര വൃത്തിയാക്കി കിട്ടിയതിൽ പ്രൈവറ്റ് സ്റ്റാന്റിൽ എത്തുന്ന യാത്രക്കാർക്കും സന്തോഷം.
പ്രൈവറ്റ് സ്റ്റാന്റിൽ എത്തുന്ന രോഗികളും കൂട്ടിരുപ്പുകാരും സന്ദർശ്ശകരും എന്നു വേണ്ട ആശുപത്രി ജീവനക്കാർ പോലും ആശുപത്രിയിലേക്ക് പ്രവേശിക്കുന്നത് ക്വാർട്ടേർസ് വഴി ആണ്. കുടുംബവുമായി താമസിക്കുന്നതിനാൽ വളരെ അധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നപ്പോൾ ആശുപത്രിയിലേക്കുള്ള ഗേറ്റ് പൂട്ടിയിടേണ്ടിവരുന്നു.
ഗേറ്റ് പൂട്ടിയിട്ടതോടുകൂടി ജനത്തിൽ നിന്നും ഉള്ളതിനേക്കാൾ പ്രതിഷേധം ഉയരുന്നത് ആശുപത്രി ജീവനക്കാരിൽ നിന്നു തന്നെ.
ആശുപത്രിയിലേക്ക് വരാനും പോകാനും മാത്രമല്ല ഹാജർ രേഖപ്പെടുത്തിയതിനു ശേഷം ഡ്യൂട്ടി സമയത്ത് ആശുപത്രിയിൽ നിന്നും മുങ്ങാൻ കൂടി ഈ വഴി പലരും ഉപയോഗിച്ചിരുന്നു എന്ന് നൾസിംഗ് സൂപ്രണ്ട് പറയുന്നു. ഈ ഗേറ്റ് പൂട്ടിയിട്ടാൽ ആശുപത്രിയുടെ പ്രധാന കവാടം വഴി മുങ്ങാൻ സാധിക്കില്ല.
ജീവനക്കാർക്ക് ഏതു സമയത്തും ആറെമ്മോയെ ഒഫിഷ്യലായി സമീപിക്കേണ്ടി വരും എന്ന കാരണം പറഞ്ഞ് ക്വാർട്ടേഴ്‌സിലെ ഗേറ്റ് പൂട്ടിയിടാൻ പാടില്ല എന്ന പരാതി ഉയരുന്നു. അത് ആശുപത്രിയിലെ മാസ പ്രവർത്തന അവലോകന യോഗം കൂടുമ്പോൾ ജീവനക്കാർ ഉന്നയിക്കുകയും ചെയ്യുന്നു.
ഗേറ്റ് വഴി ജീവനക്കാർ ഡ്യൂട്ടിയിൽ നിന്നും മുങ്ങുന്ന കാര്യം ആരും പറയാതിരുന്നതിനാൽ ആ വിവരം ആറെമ്മോ തന്നെ യോഗത്തെ അറിയിക്കുന്നു. നഴ്‌സിംഗ് സൂപ്രണ്ട് അത് ശരിവയ്ക്കുകയും ചെയ്യതോടെ യോഗത്തിൽ ബഹളമുണ്ടാവുന്നു.
പ്രശ്‌നത്തിന് ഒരു പരിഹാരം നിർദ്ദേശിക്കാൻ സൂപ്രണ്ട് ആറെമ്മൊയോട് ആവശ്യപ്പടുന്നു.
പരിഹാരം വളരെ സിമ്പിളാണെന്ന് ആറെമ്മോ. ആശുപത്രിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏതു സമയത്തും ആറെമ്മോ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന കാര്യം കണക്കിലെടുത്ത് ആറെമ്മോ ക്വാർട്ടേഴ്‌സിലേക്ക് ഒരു ടെലിഫോൺ കണക്ഷൻ എത്രയും വേഗം ഏർപ്പാടാക്കുക.
അങ്ങനെ ആറെമ്മോ കണക്ഷന് അപേക്ഷിക്കുന്നു. അടിയന്തിരമായി കണക്ഷൻ ലഭിക്കുകയും ചെയ്യുന്നു.
ശുഭം? എവിടുന്ന്!!
ഗേറ്റ് ഉപയോഗിച്ചിരുന്നവരെല്ലാം ആറെമ്മോയെ ശത്രുഗണത്തിൽ പെടുത്തുന്നു.
പോകെപ്പോകെ പലരിൽ നിന്നും പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നതിന്റെ (ഉണ്ടാക്കുന്നതിന്റെ എന്നു പറയുന്നതാവും കൂടുതൽ ശരി) എല്ലാം പിന്നിൽ ക്വോർട്ടേഴ്‌സ് പൊതുവഴിയായി നേരത്തെ ഉപയോഗിച്ചിരുന്ന ജീവനക്കാരും ജനവും ആവുന്നു.
പഴയ മുദ്രാവാക്യം കേട്ടിട്ടില്ലേ "ഞങ്ങളെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സർക്കാരേ".
ആറെമ്മോ ആയി ഇരിക്കുന്ന കാലമത്രയും ആശുപത്രിയിലേക്കുള്ള ചെറിയ ഗേറ്റ് തുറന്നിടേണ്ട സാഹചര്യം ഉണ്ടാവുന്നില്ല!!
പക്ഷെ... പാരയോട് പാര...
.....തുടരും.