Pages

Monday, September 2, 2013

ശ്രേഷ്ഠ ഭാഷയും മലയാളം ലിപിയും

ചുരുക്കം ചില സന്നദ്ധ സാങ്കേതിക പ്രവര്‍ത്തകരുടേതല്ലാതെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ ഭാഷാവിദഗ്ദ്ധരില്‍ നിന്നോ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാളലിപിയെ ചൊല്ലി പ്രതികരണമുണ്ടാവാത്തതു് എന്തു കൊണ്ടു്? ഇന്റര്‍നെറ്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ പലപ്പോഴും ഇവരില്‍ എത്താത്തതിന്നു പ്രധാന കാരണം അവര്‍ കമ്പ്യൂട്ടര്‍ ജ്ഞാനികളല്ലെന്നതു് തന്നെ.

പഴയ റെമിംഗ്റ്റണ്‍ റ്റൈപ്പു് റൈറ്ററെപ്പറ്റി അവര്‍ക്കു് അറിയാം. ഡി റ്റി പി റ്റൈപ്പിംഗിനെപ്പറ്റി അവര്‍ക്കറിയാം. ൧൯൭൧ല്‍ സംഭവിച്ച ലിപിഅബദ്ധം അവര്‍ക്കറിയാം. എന്നാല്‍ യൂണിക്കോഡു് മലയാളം വന്നതോടുകൂടി മലയാളം റ്റൈപ്പിംഗില്‍ വന്ന പുരോഗതി അവര്‍ക്കറിയില്ല. ഈ വിവരം എങ്ങനെ അവരില്‍ എത്തിക്കുമെന്ന ചോദ്യത്തിനു് ഉത്തരം കണ്ടെത്തേണ്ടതു് മാദ്ധ്യമങ്ങളാണു്. മാദ്ധ്യമങ്ങളാണെങ്കില്‍ നിലവില്‍ ഓരോരുത്തരും അവരവരുടേതായ പ്രോഗ്രാമുകള്‍ ഉപയോഗിച്ചാണു് പത്രങ്ങളിലെ മലയാളം അച്ചടിക്കുവാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു് എഴുതുന്നതു്. സമൂലമായി മാറ്റത്തിനു അവര്‍ തയ്യാറാകാത്തതിനു കാരണം അവരവര്‍ ഉപയോഗിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ഭംഗിയായി (?) നടക്കുന്നുണ്ടു്. പിന്നെ എന്തിനു മാറണം എന്ന ചിന്തയല്ലേ എന്നു വേണം കരുതുവാന്‍.

മാദ്ധ്യമങ്ങള്‍ മുന്‍കയ്യെടുത്താല്‍, അവരെല്ലാവരും ഒന്നിച്ചു ചേര്‍ന്നു ഒരു സ്റ്റാന്‍ഡൈസേഷന്‍ കൊണ്ടു വന്നാല്‍ പത്രം വായിക്കുന്ന ഭാഷാപണ്ഡിതന്മാര്‍ക്കു് കാര്യം മനസ്സിലാവുകയും യൂണിക്കോഡിന്റെ ചുവടു പിടിച്ചു് മലയാളം റ്റൈപ്പിംഗില്‍ മാറ്റം വരുത്തുകയും ചെയ്യും.

പഞ്ചായത്തുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും യൂണിക്കോഡു് മലയാളം ഉപയോഗിക്കണമെന്നു വന്ന സര്‍ക്കാര്‍ ഉത്തരവു് മാറ്റത്തിലേക്കുള്ള ഒരു ചവുട്ടുപടിയായി കരുതാവുന്നതാണു്. എന്നിരുന്നാലും മലയാളം ഉപയോഗിക്കാവുന്ന ഒരു സ്റ്റാന്‍ഡേര്‍ഡൈസു് സോഫ്റ്റു് വേറിന്റെ അഭാവം ആണു് പലപ്പോഴും സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരെ മറ്റു കുത്തക സോഫ്റ്റു്വേറുകളിലേക്കു് തിരിച്ചു വിടുന്നതു്.

 കുറ്റമറ്റ രീതിയില്‍ ഒരു മലയാളം സോഫ്റ്റു്വേര്‍ നിര്‍മ്മിക്കുവാന്‍ ഒരു മലയാളിക്കു മാത്രമേ കഴിയു. ആ ദിശയില്‍ പലരും അവരവരുടേതായ രീതിയില്‍ സൗകര്യപ്രദമായി പ്രത്യേകം പ്രത്യേകം സോഫ്റ്റു്വേര്‍ നിര്‍മ്മിക്കുന്നതു് ഇതിനു ഒരു പരിഹാരമല്ല.

സാങ്കേതികപ്രവര്‍ത്തകരും മലയാളഭാഷാവിദഗ്ദ്ധരും മാദ്ധ്യമങ്ങളും സര്‍ക്കാരും ഒത്തൊരുമയോടെ എല്ലാവര്‍ക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്ന ഒരു മലയാളം റ്റൈപ്പിംഗു് സോഫ്റ്റു് വേര്‍ ആയ ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് ഉപയോഗിക്കുവാന്‍ സാദ്ധ്യമാവുന്ന രീതി വരണം. ഏറ്റവും നല്ല രീതിയായ ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് യാതൊരു മാറ്റവും വരുത്താതെ (പലരും ഇതില്‍ മാറ്റം വരുത്തി അവരവര്‍ അതിന്റെ നിര്‍മ്മാതാക്കളാണെന്നു അവകാശപ്പെടുകയും തന്റെ ഇന്‍സ്ക്രിപ്പാണു് ഏറ്റവും ഉത്തമം എന്നും വാദിക്കുന്ന രീതിയാണു് കണ്ടുവരുന്നതു് ) ഉപയോഗിക്കുക തന്നെയാണു് ഇതിനു പറ്റിയ ഏക ആശ്രയം. പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മലയാളം കൈകാര്യം ചെയ്യുന്നവര്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ പരിശീലനവും ഏര്‍പ്പാടു് ചെയ്യുകയും അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ പത്രദ്വാരാ ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നതിനു സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. പരിശീലന പ്രക്രിയയില്‍ സാങ്കേതിക വിദഗ്ദ്ധരെയും സ്വാഫ്റ്റു്വേര്‍ നിര്‍മ്മാതാക്കളെയും ഭാഷാവിദഗ്ദ്ധരെയും ഉള്‍പ്പെടുത്തണം.

സര്‍ക്കാര്‍ തലത്തില്‍ മലയാളം നിര്‍ബന്ധമാക്കിയതു പോലെ സ്ക്കൂള്‍ വിദ്യാഭ്യാസ തലത്തില്‍ മലയാളം കംമ്പ്യൂട്ടര്‍ പഠനവും നിര്‍ബന്ധമാക്കണം. കമ്പ്യൂട്ടര്‍മലയാളം പഠിച്ചതു് കൊണ്ടു മാത്രം പരിഹാരമാവുന്നില്ല അതു് കമ്പ്യൂട്ടറില്‍ എങ്ങിനെ ഉപയോഗിക്കാം എന്നു കൂടി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കണം. അടുത്ത തലമുറയെങ്കിലും മലയാളം നേരെ ചൊവ്വേ റ്റൈപ്പു് ചെയ്തു് പഠിക്കട്ടെ. ലിപിയെ സംബന്ധിച്ചു് ൧൯൭൧ല്‍ മലയാളിക്കു സംഭവിച്ച അബദ്ധം വളര്‍ന്നു വരുന്ന തലമുറയിലൂടെ തിരുത്തിയെടുക്കാന്‍ സാദ്ധ്യമാവട്ടെ.

പണ്ടൊരിക്കല്‍ സാക്ഷരതാപ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ നടത്തിയതു പോലെ ഒരു ലിപിപരിശീലന സാക്ഷരതാപ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ നടത്തേണ്ടിയിരിക്കുന്നു.

.

DTP മലയാളവും യൂണിക്കോഡു് മലയാളവും

൧൯൭൩ല്‍ റ്റൈപ്പു്റൈറ്ററിനും പത്രമാധ്യമങ്ങള്‍ക്കും വേണ്ടി മലയാള ലിപി പരിഷ്ക്കരണം അന്നത്തെ സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ വായിക്കാന്‍കിട്ടുന്ന പത്രങ്ങള്‍ മാത്രമല്ല പാഠപുസ്തകങ്ങളിലും പരസ്യപ്പലകയിലും പുതിയ ലിപി കടന്നു കൂടി. ഇതു് മലയാളിയുടെ എഴുത്തില്‍ ഉപയോഗിക്കരുതു് എന്നു പ്രത്യേകം നിര്‍ദ്ദേശമുണ്ടായിട്ടും എന്തു പുതുമയും സ്വീകരിക്കുന്ന മലയാളിയുടെ രീതിയില്‍ സര്‍ക്കാര്‍ ഉത്തരവു് മാനിക്കാതെ കയ്യക്ഷരത്തിലും പുതിയ ലിപി പ്രത്യക്ഷപ്പെട്ടു. ഈ മാറ്റം ആര്‍ക്കും കുറ്റം പറയാന്‍ പറ്റാത്ത ഒരു മാറ്റമായിരുന്നു. പുതുമയുള്ള അക്ഷരക്കൂട്ടങ്ങള്‍ അങ്ങനെ മലയാളികള്‍ എല്ലാ മേഖലകളിലും ഉപയോഗിച്ചു തുടങ്ങി. അന്നത്തെ കാലത്തിനു മുമ്പുള്ള അച്ചടിപുസ്തകങ്ങളും പുതിയ ലിപിയിലുള്ള അച്ചടി പുസ്തകങ്ങളും നിലവില്‍ ഉണ്ടായിരുന്നതിനാല്‍ പഴയതും പുതിയതും കൂട്ടിക്കുഴച്ചെഴുതുന്ന രീതി മലയാളി സ്വീകരിച്ചു. കാലം മാറിയപ്പോള്‍ റ്റൈപ്പിംഗിനായി കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങി. റ്റൈപ്പു് റൈറ്ററിന്റെ ചുവടു പിടിച്ചു വന്ന ഡെസ്ക്കു് റോപ്പു് പബ്ലിഷിങ്ങില്‍ അന്നു നിലവിലുണ്ടായിരുന്ന പുതിയ ലിപി ഉപയോഗിച്ചതു് തികച്ചും സ്വാഭാവികമായിരുന്നു. ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ ആര്‍ക്കും എവിടെയിരുന്നും മലയാളം റ്റൈപ്പു് ചെയ്യാവുന്ന രീതി പക്ഷെ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കാന്‍ പറ്റാത്ത ഒരു രീതിയായിരുന്നു. ആ സോഫ്റ്റു് വേറില്ലാത്ത കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും ഇവ ഉപയോഗശൂന്യമായിരുന്നു. ആസ്ക്കി ഫോണ്ടുകള്‍ ഉപയോഗിച്ചു കമ്പ്യൂട്ടറെ പറ്റിക്കുന്ന രീതി അധികനാള്‍ നില നിന്നില്ല. ലോകത്തിലുള്ള ഇരുന്നൂറ്റി പത്തില്‍ പരം ഭാഷകള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന രീതി വന്നതോടു് കൂടി യൂണിക്കോഡിന്റെ ഏതെങ്കിലും ഒരു ഫോണ്ടുള്ള ഏതു കമ്പ്യൂട്ടറിലും മലയാളം വായിക്കാവുന്ന രീതി വന്നതു് ഒരു വിപ്ലവകരമായ മാറ്റം തന്നെ ആയിരുന്നു. അതിനായി ആദ്യം ശൃഷ്ടിക്കപ്പെട്ട മലയാളം ഫോണ്ടായ അഞ്ജലി പഴയ ലിപിയുടെ ചുവടു പിടിച്ചു് അഞ്ജലി പഴയ ലിപി വന്നതു് അതിനു ആവശ്യക്കാരുള്ളതു കൊണ്ടു മാത്രമായിരുന്നു. പരമ്പരാഗത എഴുത്തു ശൈലി സ്ക്കൂളില്‍ പഠിച്ചിട്ടില്ലാത്ത കുട്ടികള്‍ക്കു് പഴയ ലിപിയോടില്ലാത്ത പ്രണയം പുതിയ ലിപിയോടു് കാണിച്ചതു് സ്വാഭാവികം. ഓരോ പത്രങ്ങളിലും മാസികകളിലും ആരുമറിയാതെ കാലക്രമേണ പഴയ ലിപി പൂര്‍ണ്ണമായിട്ടല്ലെങ്കിലും തിരിച്ചു വന്നു. ഉകാരവും ഊകാരവും വ്യഞ്ജനത്തോടു് ചേരുന്ന ഋകാരവും ചില്ലക്ഷരങ്ങള്‍ കൂട്ടക്ഷരങ്ങള്‍ മറ്റുമുള്ള ചില അക്ഷരങ്ങള്‍ ഒഴികെ പുതിയ ലിപിയില്‍ നിന്നും അപ്രത്യക്ഷമായി എന്നു തന്നെ പറയാം. ഇനിയിപ്പോള്‍ ഇതു കൂടി മാറി വരുമ്പോള്‍ പഴയലിപി പൂര്‍ണ്ണരൂപത്തില്‍ തിരിച്ചെത്തുകയും പുതിയ ലിപിയെ തള്ളിക്കളയുന്ന രീതി വിദൂരമല്ല. ലോകത്തുള്ള മിക്കഭാഷകള്‍ക്കുമൊപ്പം ഇന്ത്യന്‍ ഭാഷകളും ഇന്നു് യാതൊരു അക്ഷരത്തെറ്റും ഇല്ലാതെ എഴുതുവാനും വായിക്കുവാനും സാദ്ധ്യമാണു. മലയാളികള്‍ ധാരാളം വിദേശത്തു ജോലി നോക്കിപ്പോയപ്പോള്‍ അവരില്‍ കൂടുതല്‍ ആള്‍ക്കാരും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ആയ സ്ഥിതിയില്‍ ജോലി കഴിഞ്ഞുള്ള സമയവും ജോലിയില്‍ ഇരിക്കെ വെറുതെ ഇരുന്നു മുഷിച്ചില്‍ അനുഭവപ്പെട്ടപ്പോള്‍ മലയാളത്തില്‍ ചാറ്റിംഗു മറ്റും തുടങ്ങിയതോടു കൂടി മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കേണ്ട ആവശ്യം വന്നു. അതും ഇന്റര്‍നെറ്റു് വഴിയുള്ള സന്ദേശങ്ങള്‍ വേഗതയുള്ളതു കൂടി ആയപ്പോള്‍ കേരളത്തിനു പുറത്തുള്ള മലയാളികള്‍ മലയാള ഭാഷ തന്നെ റ്റൈപ്പിംഗിനായി ഉപയോഗിച്ചു തുടങ്ങി. സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാളം അറിഞ്ഞിരിക്കണം എന്ന നിയമം വന്നപ്പോള്‍ കമ്പ്യൂട്ടറില്‍ മലയാളം അച്ചടിക്കുന്നവരുടെ എണ്ണം കൂടുകയേ ഉള്ളു. മലയാളം റ്റൈപ്പിംഗിനു് യൂണിക്കോഡു് മലയാളം തന്നെ ഉപയോഗിക്കണം എന്ന സര്‍ക്കാര്‍ ഉത്തരവു് ഇതിനു മധുരം പകരും. കമ്പ്യൂട്ടറിലെ മലയാളം ഉപയോഗിക്കുന്ന രീതിയില്‍ ഒരു സമൂല മാറ്റം അനിവാര്യമാണു്. ട്രാന്‍സ്ലിറ്ററേഷന്‍ രീതി ആണു് ഇന്നു കൂടുതല്‍ മലയാളികള്‍ ഉപയോഗിക്കുന്നതെങ്കിലും ഇന്‍സ്ക്രിറ്റു് സമ്പ്രദായത്തില്‍ പുതിയ സോഫ്റ്റ്‌വേര്‍ ശൃഷ്ടിക്കേണ്ടിയിരിക്കുന്നു.