Pages

Thursday, February 7, 2013

ചേര്‍ത്തല കാര്‍ത്ത്യായനിയമ്മയുടെ നേര്‍ച്ചക്കോഴികള്‍


ചേര്‍ത്തല കാര്‍ത്ത്യായനിയമ്മയുടെ നേര്‍ച്ചക്കോഴികള്‍ക്കു് കോഴിക്കൊട്ടാരം

ചേര്‍ത്തല കാര്‍ത്ത്യായിനമ്മയെ ചേര്‍ത്തലയില്‍ പ്രതിഷ്ഠിച്ചതു് വില്വമംഗലം സ്വാമിമാര്‍ ആണെന്നു പറയപ്പെടുന്നു. വില്വമംഗലത്തു് സ്വാമിമാര്‍ ഒരിക്കല്‍ അന്നു് വനമായിരുന്ന ഈ പ്രദേശത്തു് വന്നപ്പോള്‍ നീരാടാന്‍ വന്ന ഏഴു് കന്യകമാരെ കണ്ടു അവരില്‍ ദിവ്യത്വം ദര്‍ശിച്ചുവത്രെ. സ്വാമിയെക്കണ്ടു് ഭയവിഹ്വലരായി അവര്‍ ഓടി. ഓരോ കന്യകമാരും ഓരോ കുളത്തിലേക്കു് എടുത്തു ചാടി. ഏഴാമത്തെ കന്യകയായ ദേവി എടുത്തു് ചാടിയതു് ചേറുള്ള ഒരു കുളത്തിലേക്കായിരുന്നു. കുളത്തില്‍ മുങ്ങി പൊങ്ങിയതു് തലയില്‍ ചേറുമായിട്ടായിരുന്നു. എടീ ചേറില്‍ തലയുള്ളോളേ എന്നു് അഭിസംഭോധന ചെയ്തു കൊണ്ടു് വില്വമംഗലം അവരെ അസഭ്യം പറയുവാന്‍ ഇടയായി. ഒരു ക്ഷേത്രമുണ്ടാക്കി അവിടെ ദേവിയെ പ്രതിഷ്ഠിച്ച സ്ഥലത്തിനു് പിന്നീടു് ചേര്‍ത്തല എന്നറിയപ്പെടുവാനും തെറിപ്പാട്ടു് പാടുന്നതു് ഇവിടത്തെ ഒരു നേര്‍ച്ചയായും ഭവിച്ചു.

ചേര്‍ത്തല കാര്‍ത്ത്യാനിയമ്മയുടെ മറ്റൊരു വഴിപാടു് കോഴിയെ പറപ്പിക്കുക എന്നതായതിനാല്‍ ക്ഷേത്രപരിസരത്തും പുറത്തും ധാരാളം നേര്‍ച്ചക്കോഴികള്‍ സ്വച്ഛന്തവിഹാരം ചെയ്യുന്നതായി കാണാം. ദേവിക്കു് പ്രീയപ്പെട്ട ഈ കോഴികള്‍ക്കു് ഭക്തജനങ്ങള്‍ കൊടുക്കുന്ന മലരും അരിയും ആണു് ഭക്ഷണം. അവയുടെ എണ്ണം കൂടിയപ്പോള്‍ കോഴികളുടെ വിഹാരം അമ്പലപ്പറമ്പിനു പുറത്തേക്കും വ്യാപിച്ചു. അമ്പലത്തിന്റെ പരിസരത്തു് കച്ചവടം നടത്തുന്ന പച്ചക്കറിക്കടകളിലേക്കും പലചരക്കുകടകളിലേക്കും അവയുടെ ഭക്ഷണം തേടിയുള്ള അലച്ചില്‍ തുടങ്ങിയപ്പോള്‍ അവയ്ക്കായി പ്രത്യേകം കൂടു് പണിതു്, അതിനു് കോഴിക്കൊട്ടാരം എന്നു പേരും ഇട്ടു്, ഭക്ഷണം കൊടുത്തു് തീറ്റിപ്പോറ്റി വരുന്നു.

ബന്ധുര കാഞ്ചക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍.

കാര്‍ത്ത്യായനിയമ്മ തന്നെ ഇതിനു് ഒരു പരിഹാരം ഉണ്ടാക്കുവാന്‍ തെറിപ്പാട്ടുമായി രംഗപ്രവേശം ചെയ്യുമോ?