Pages

Friday, March 28, 2014

Milkha Singh

------------------- ------------------- ------------------- ------------------- .

Thursday, February 6, 2014

മരുന്നുപണിക്കാരന്‍ ഔസേപ്പ് മാപ്പിള


1950തുകള്‍. മനുഷ്യബന്ധങ്ങളെന്നാല്‍ സ്നേഹമായിരുന്നു. പുലര്‍സൂര്യനു് ചൂടുപിടിക്കുന്നതിനു മുന്‍പ് തന്നെ വീടിനോടു ചേര്‍ന്ന മരുന്നുപുരയിലുള്ള പണിക്കാര്‍ ജോലി തുടങ്ങും. ഉണക്കല്‍, പൊടിക്കല്‍, ചതക്കല്‍, അരക്കല്‍, തിളപ്പിക്കല്‍ എന്നീ പണികളില്‍ തകൃതിയായി നടന്നു പോന്നു. പച്ചമരുന്നിന്റെ ഗന്ധവും ചതക്കലിന്റെ ശബ്ദകോലാഹലങ്ങളുമായി അന്തരീക്ഷം നിറയും. അരിഷ്ടത്തിന്റെ മണം അറിയാതിരിക്കാന്‍ എപ്പോഴും മുറുക്കിനടക്കുന്ന, ഇതിന്റെ കാരണം എന്താണെന്നു എന്റെ ചെറുപ്പകാലത്തു് എനിക്കറിയില്ലായിരുന്നു, അണ്ണാച്ചിയുടെ നേതൃത്വത്തില്‍ ജോലി ചെയ്തിരുന്ന ഔസേപ്പ് മാപ്പിളയുടെ കാലിലെ മന്തോ, ശൗരിമാപ്പിളയുടെ കൂനോ അവരുടെ ജോലിക്കു യാതൊരു തടസ്സവുമായിരുന്നില്ല. ചുറ്റും നടക്കുന്നതു് വെറുതെ വീക്ഷിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ അവിടെ ചെന്നാല്‍ ഞങ്ങള്‍ക്കും എന്തെങ്കിലുമൊക്കെ പണി തരും. മരുന്നിനുള്ള ധാന്യങ്ങളിലെ കല്ലു പെറുക്കല്‍, ചെറിയ ചുറ്റിക വച്ചു് വേരു ചതക്കല്‍ ഇത്യാദി. പണി തരാനൊന്നുമില്ലെങ്കില്‍ വൈദ്യശാലയിലേക്കു് മരുന്നു കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന മരത്തിന്റെ പെട്ടി ഞങ്ങള്‍ക്കിട്ടു തരും, വള്ളം കളിക്കാന്‍. കൂട്ടുകാരുമൊത്തുള്ള ഒളിച്ചുകളിയും ചിലപ്പോഴൊക്കെ മരുന്നുപുരയിലേക്കു് വ്യാപിക്കാറുണ്ടു്. ഒളിച്ചുകഴിയുമ്പോള്‍ ചുണ്ടത്തു് വിരല്‍ അമര്‍ത്തി പണിക്കാരെ കാണിക്കും, പറഞ്ഞുകൊടുക്കല്ലേ. വെയിലിനല്‍പ്പം ചൂടുപിടിച്ചു തുടങ്ങാറാകുമ്പോഴേക്കും പണിക്കാര്‍ക്കുള്ള കഞ്ഞിയും പയറും ചമ്പന്തിയുമായി അടുക്കളയില്‍ നിന്നും പങ്കജാക്ഷിഅക്ക എത്തും. മുറ്റത്തെ പ്ലാവില്‍ നിന്നും പറിച്ചെടുത്ത പച്ചില മടക്കി ഈര്‍ക്കിലി കൊത്തി അതുകൊണ്ടു് കഞ്ഞികുടിക്കുന്നതു് പണിക്കാര്‍ പങ്കുവെക്കുമ്പോഴാണു കഞ്ഞിയുടെ യതാര്‍ത്ഥ രുചി അറിയുന്നതു്.

ഓണമടുക്കുമ്പോള്‍ തന്നെ വീട്ടിലും പരിസരത്തും അതിനുള്ള ഒരുക്കം തുടങ്ങും. അത്തത്തിനു തലേന്നു മരുന്നുപുരയുടെ പരിസരത്തു ഔസേപ്പു് മാപ്പിള കുഴിമാന്തി ആഴത്തില്‍ നിന്നും വെള്ളമണല്‍ എടുത്തു് വാതുക്കലെ പന്തലില്‍ ഒരു മൂലയ്ക്കു് കൂട്ടി വയ്ക്കും. അത്തമിടാന്‍ പൂക്കളുമായി പണിക്കാരെല്ലാം നേരത്തെ എത്തും. പോരാത്തവയ്ക്കായി അച്ഛന്റെ വടക്കത്തപ്പച്ചിയുടെയും തെക്കത്തപ്പച്ചിയുടെയും വീട്ടിലേക്കു അണ്ണാച്ചി തന്നെ പോയി പൂവുമായി വരും. അത്തക്കളം ഒരുക്കുന്ന ജോലി അച്ഛന്റെ ഏറ്റവും ഇളയ സഹോദരന്റെയും മൂന്നു പെങ്ങന്മാരുടേയും ആണു്. അങ്ങനെ പത്തു ദിവസം ഒന്നില്‍ തുടങ്ങി തട്ടുതട്ടായി എണ്ണം കൂട്ടി തിരുവോണത്തിനു് പത്തു തട്ടായിട്ടാണു് അത്തക്കളം ഒരുക്കുന്നതു്. തിരുവോണത്തിനും ഔസേപ്പ് മാപ്പിള ഉള്‍പ്പെടെ എല്ലാ മരുന്നുപണിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഞങ്ങളോടൊപ്പം സദ്യയും ഉണ്ടാവും. എല്ലാവര്‍ക്കും പ്രത്യേകം ഓണപ്പുടവയും പണപ്പൊതിയും കൊടുക്കും. അപ്പൂപ്പന്റെ നേതൃത്വത്തിലാണിതെല്ലാം നടക്കുന്നതു്. എനിക്കു മൂന്നു് വയസ്സുള്ളപ്പോള്‍ അപ്പൂപ്പന്‍ മരിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം ചടങ്ങുകള്‍ തെറ്റാതെ തന്നെ വര്‍ഷങ്ങളോളം അമ്മൂമ്മയുടെ നേതൃത്വത്തില്‍ നടത്തിപ്പോന്നു. എനിക്കു് ഏഴു വയസ്സുള്ളപ്പോള്‍ കുറച്ചുകൂടി മെച്ചപ്പെട്ട പഠനത്തിനായി ബോര്‍ഡിംഗ് സ്ക്കൂളിലാക്കി. പിന്നങ്ങോട്ടു് അച്ഛന്റെ കുടുംബവീട്ടില്‍ താമസിക്കാന്‍ അവസരം ഉണ്ടായിട്ടില്ല. എന്റെ കുടുംബാംഗങ്ങളെല്ലാം മലബാറിലേക്കു് താമസം മാറിയതോടുകൂടി നാട്ടിലെ വീടുമായി ബന്ധം കുറഞ്ഞു.

1970തുകള്‍. വിദ്യാഭ്യാസ സംബന്ധമായി പലസ്ക്കൂളുകളിലും കോളേജുകളിലും പഠിച്ചതിനു ശേഷം പതിനൊന്നു വര്‍ഷത്തെ ഇടവേള കഴിഞ്ഞപ്പോള്‍ നാട്ടിലെ പ്രഫഷണല്‍ കോളേജില്‍ പ്രവേശനം ലഭിച്ചു. അങ്ങനെ നാട്ടില്‍, ജനിച്ചു വളര്‍ന്ന വീട്ടില്‍ അമ്മൂമ്മയോടൊപ്പം വീണ്ടും താമസമാക്കി. കുടുംബത്തിലെ എല്ലാവരും പലയിടങ്ങളിലായി പിരിഞ്ഞതിനാല്‍ അമ്മൂമ്മ കുറച്ചു നാളുകളായി ഒറ്റക്കാണു് താമസം. തൊട്ടടുത്തു തന്നെയാണു് വൈദ്യശാല നടത്തുന്ന മകന്‍ താമസിക്കുന്നതു്. കുടുംബവീടിന്റെ അകത്തുകൂടെ മാത്രമേ അങ്ങോട്ടു പോകാന്‍ വഴി ഉള്ളു. അമ്മൂമ്മയ്ക്കു് കൂട്ടായി പങ്കജാക്ഷി അക്കയും ഉണ്ടു്. കാലം മാറിയപ്പോള്‍ ചിറ്റപ്പന്‍ നിലനിര്‍ത്തിക്കൊണ്ടു പോന്ന കുടുംബവൈദ്യശാലയിലെ ചികിത്സകള്‍ പണ്ടത്തെ അപേക്ഷിച്ചു് കുറഞ്ഞിരുന്നു. കഷ്ടിച്ചു ജീവിച്ചുപോകാനുള്ള വരുമാനമേ വൈദ്യശാലയില്‍ നിന്നും രഭിച്ചിരുന്നുള്ളു. മരുന്നുപുരയിലെ പണിക്കാര്‍ പലരും ഇഹലോകവാസം വെടിഞ്ഞിരുന്നു. ബാക്കി ഉള്ളതു് ഔസേപ്പു് മാപ്പിള മാത്രം. പക്ഷെ പുള്ളിക്കാരന്‍ അപ്പോഴേക്കും പിരിഞ്ഞു പോകാനുള്ള ശ്രമത്തിലായിരുന്നു. ചിറ്റപ്പന്‍ വച്ചു നീട്ടിയ പണപ്പൊതി സ്വീകരിക്കാന്‍ കൂട്ടാക്കാതെ പാര്‍ട്ടി ആപ്പീസില്‍ പോയി പരാതിപ്പെട്ടു് സമരമുറയിലാണു് ഔസേപ്പ് മാപ്പിള.

വൈദ്യര്‍ വൈദ്യശാലക്കു പുറപ്പെടാന്‍ നേരമാകുമ്പോഴേക്കും എന്നും രാവിലെ പാര്‍ട്ടിക്കാരുമായി ഗേറ്റിനു മുന്നില്‍ ഔസേപ്പ് മാപ്പിള എത്തും. കുറച്ചു സിന്ദാബാദ് വിളിച്ചതിനു ശേഷം ഔസേപ്പുമാപ്പിളയുടെ പറ്റിള്‍ പാപ്പിയുടെ ചായക്കടയില്‍ നിന്നും ചായയും പരിപ്പുവടയും കഴിച്ചു് നേതാക്കള്‍ പിരിഞ്ഞു പോവും. സമരം തുടരാന്‍ മാപ്പിള തനിയെ ആവും. ഉച്ചവരെ അപ്പുപ്പന്‍ നട്ടുപിടിപ്പിച്ച മാവിന്റെ തണലില്‍ ഉച്ചവരെ വേനല്‍ച്ചൂടറിയാതെ ഇരിക്കുമെങ്കിലും സൂര്യന്‍ പടിഞ്ഞാറേക്കു ചരിഞ്ഞു കഴിയുമ്പോള്‍ മാവിന്റെ തണലില്ലാതെ മാപ്പിള കുട നിവര്‍ത്താന്‍ നിര്‍ബന്ധിതനാകും. ഉച്ചയാകുമ്പോള്‍ അമ്മൂമ്മ മുറ്റത്തു് നിന്നുകൊണ്ടു് വിളിക്കും. "പങ്കജാക്ഷീ. ഔസേപ്പിനു വിശക്കാന്‍ തുടങ്ങിക്കാണും. ചോറു് ഇങ്ങോട്ടെടുത്തോണ്ടു വാ". മകന്‍ അറിയരുതു് എന്നു് അമ്മൂമ്മ പങ്കജാക്ഷിയോടു് പ്രത്യേകം ശട്ടം കെട്ടിയിരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ മകന്‍ അറിഞ്ഞു. അന്നുണ്ടായ പുകിലൊന്നും പറയാതിരിക്കുന്നതാവും നല്ലതു്. വൈകുന്നേരം കുട്ടിനേതാക്കള്‍ എത്തും. ഈംഗ്വിലാബ് വിളി കഴിഞ്ഞു് പിരിയും. ഇതു പല ദിവസങ്ങളില്‍ ആവര്‍ത്തിച്ചു പോന്നു.

സമരനേതാക്കള്‍ ആവശ്യപ്പെട്ട തുകയും വൈദ്യര്‍ മനപ്പൂര്‍വ്വം കുറച്ചു പറഞ്ഞ തുകയും തമ്മില്‍ പൊരുത്തപ്പെടാതെ വന്നതിനാല്‍ സമരം തുടര്‍ന്നു. അവസാനം നേതാക്കള്‍ പറഞ്ഞ തുകയില്‍ തന്നെ ഔസേപ്പ് മാപ്പിളയെ പിരിച്ചുവിടാനുള്ള തുക ഉറപ്പിച്ചു. വൈദ്യര്‍ മനസ്സില്‍ കണ്ട തുകയെക്കാള്‍ കുറവായിരുന്നു ഇതെന്ന കാര്യം വൈദ്യര്‍ തല്‍ക്കാലം ആരോടും പറയാന്‍ പോയില്ല. ഒത്തുതീര്‍പ്പ് വ്യവസ്തയില്‍ രണ്ടു നേതാക്കളെ സാക്ഷിയാക്കി ഔസേപ്പ് മാപ്പിള ഒപ്പിട്ടതോടുകൂടി സമരം തീര്‍ന്നു. എല്ലാ സമരങ്ങളുടെയും അവസാനം പറയുന്ന "തോറ്റിട്ടില്ല. തോറ്റിട്ടില്ല. തോറ്റ ചരിത്രം കേട്ടിട്ടില്ല" എന്ന മുദ്രാവാക്യവിളിയോടെ എല്ലാം ശുഭം. അതോടുകൂടി വൈദ്യര്‍ മരുന്നുല്‍പ്പാദനം നിറുത്തി വച്ചു. മറ്റു വന്‍കിട വൈദ്യശാലകളില്‍ നിന്നും ലഭ്യമായ മരുന്നു വാങ്ങിവച്ചു് വൈദ്യശാലയുടെ പ്രവര്‍ത്തനം നിലനിര്‍ത്തിക്കൊണ്ടു തന്നെ പോന്നു.

കഥ ഇവിടെ തീരും എന്നാണു് ഞാന്‍ കരുതിയിരുന്നതു്. ഏതാനം ദിവസങ്ങള്‍ക്കകം അമ്മൂമ്മയുടെ മുന്നില്‍ ഔസേപ്പ് മാപ്പിള ഹാജര്‍. "കുറച്ചു ദിവസമായി വല്ലതും കഴിച്ചിട്ടു്. പങ്കജാക്ഷിയോടു് ചോദിച്ചിട്ടു് ഒന്നുമില്ല എന്നാണു് പറയുന്നതു്. എന്തെങ്കിലും തരാന്‍ പങ്കജാക്ഷിയോടു് പറയണം. വിശന്നിട്ടു വയ്യ".

.

Wednesday, January 29, 2014

അര്‍ത്തുങ്കല്‍ - വിശുദ്ധ ജീവിതങ്ങളുടെ സംഗമവേദി

ലേഖകന്‍ - മോണ്‍ പയസ് ആറാട്ടുകുളം, ആലപ്പുഴ രൂപത വികാരി ജനറല്‍

[ "സ്നേഹദൂതു്" അര്‍ത്തുങ്കല്‍ ബസലിക്ക തിരുനാള്‍ സപ്ലിമെന്റ് 2014 ജനുവരി 20. ]
(മുകളില്‍ സൂചിപ്പിച്ച ലേഖനത്തിന്റെ യൂണിക്കോഡ് പതിപ്പു മാത്രമാണു് ഈ പോസ്റ്റ്.)


അര്‍ത്തുങ്കലിന്റെ പെരുമയ്ക്കു് 4 കാരണങ്ങളുണ്ടു്.

ആദ്യത്തേതു് എട്ടാം നൂറ്റാണ്ടു മുതലേ ക്രൈസ്തവരുടെ സാന്നിദ്ധ്യമുണ്ടായിരുന്ന സ്ഥലമാണിതെന്നതാണു്. കേരളത്തില്‍ ക്രിസ്ത്യാനികളെ കണ്ടതായുള്ള ഏറ്റം വിശ്വസനീയമായ രേഖ ആറാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച കോസ്മസ് എന്ന ഗ്രീക്ക് സഞ്ചാരിയുടെ യാത്രാവിവരണമാണു്. എഡി 525-ല്‍ കേരളത്തിലെത്തിയ അദ്ദേഹം ഇവിടെ ക്രിസ്ത്യാനികളെ കണ്ടതായി സാക്ഷ്യപ്പെടുത്തുന്നു. തോമസ് അപ്പസ്തോലന്‍ ജ്ഞാനസ്നാനപ്പെടുത്തിയവരെന്നു കരുതപ്പെടുന്ന ആദ്യത്തെ ക്രിസ്ത്യാനികള്‍ ദ്രാവിഡരായിരുന്നു, പറഞ്ഞു പ്രചരിപ്പിച്ചിട്ടുള്ള പോലെ നമ്പൂതിരിമാരായിരുന്നില്ല. കാരണം കേരളത്തില്‍ നമ്പൂതിരിമാരുടെ കുടിയേറ്റം നാലാം നൂറ്റാണ്ടിനു മുമ്പുട്ടായിട്ടില്ല എന്നു് കേരളചരിത്രകാരന്മാര്‍ സംശയലേശമന്യേ രേഖപ്പെടുത്തിയുട്ടുണ്ടു്. തോമസ് അപ്പസ്തോലന്‍ വഴി ജ്ഞാനസ്നാനം ലഭിച്ചവര്‍ക്കു് അദ്ദേഹത്തിന്റെ രക്തസാക്ഷത്വത്തിനു ശേഷം രണ്ടുമൂന്നു നൂറ്റാണ്ടുകള്‍ ആരും സഹായിക്കാനില്ലാതെ വിശ്വാസപരമായി മുരടിച്ചു കഴിയുകയായിരുന്നു. എഡി 345-ല്‍ കൊടുങ്ങല്ലൂരില്‍ ക്നായി തൊമ്മന്റെ നേതൃത്വത്തില്‍ പേര്‍ഷ്യയില്‍ നിന്നു് 400 ക്രിസ്ത്യാനികള്‍ കുടിയേറി താമസിച്ചതോടെ ഇവിടത്തെ ക്രിസ്ത്യാനികള്‍ക്കു് പുതുജീവന്‍ ലഭിച്ചു. തോമസ് അപ്പസ്തോലന്‍ രൂപം കൊടുത്ത ആദ്യത്തെ 7 ക്രൈസ്തവ സമൂഹങ്ങളില്‍ ഒന്നു് അര്‍ത്തുങ്കല്‍ നിന്നും 10 കിലോമീറ്റര്‍ കിഴക്കായി കൊക്കോതമംഗലത്തായിരുന്നു. ഇവിടെ കുടിയേറിയ പേര്‍ഷ്യന്‍ ക്രൈസ്തവര്‍ വാണിജ്യത്തില്‍ മിടുക്കന്മാരായിരുന്നു. വിദേശവ്യാപാരത്തിനു് ഏറ്റം അനുയോജ്യമായ സ്ഥമായിരുന്നു പുരാതന അര്‍ത്തുങ്കല്‍ പ്രദേശം. വള്ളങ്ങളിലും പത്തേമാരി പോലുള്ള യാനങ്ങളുമായിരുന്നല്ലോ അന്നു യാത്ര ചെയ്യാനും സാധനങ്ങള്‍ കൊണ്ടുപോകാനും ഉപയോഗിച്ചിരുന്നതു്. പുഴകളും തോടുകളും വലിയ ജലാശയങ്ങളും അര്‍ത്തുങ്കല്‍ പ്രദേശത്തു് ധാരാളമുണ്ടായിരുന്നു. ഇന്നത്തെ അന്ധകാരനഴി അന്നു് കപ്പലുകള്‍ അടുക്കുന്ന തുറമുഖമായിരുന്നു. അതിനാല്‍ നൂറ്റാണ്ടുകള്‍ക്കു് മുമ്പു് തന്നെ കൊക്കോതമംഗലത്തു നിന്നും ക്രിസ്ത്യാനികല്‍ അര്‍ത്തുങ്കല്‍ മനക്കോടം പ്രദേശങ്ങളില്‍ വന്നു താമാസമാക്കിയിരുന്നു. പേര്‍ഷ്യയില്‍ നിന്നെത്തിയ രണ്ടു് മെത്രാന്മാര്‍ വാര്‍ സാപ്പോറും മാര്‍ പ്രോത്തും മനക്കോടത്തു വന്നു് താമസിച്ചതായി 1601-ലെ ഓറിയന്റെ കോണ്‍ക്വിസ്റ്റാദോ എന്ന പുസ്തകം രേഖപ്പെടുത്തിയിട്ടുണ്ടു്. ചുരുക്കിപ്പറഞ്ഞാല്‍ അര്‍ത്തുങ്കല്‍ പ്രദേശം പുരാതനകാലം മുതലേ ക്രൈസ്തവരുടെ വാസസ്ഥലമായിരുന്നു.

എഡി 1500 മുതല്‍ ഒന്നര നൂറ്റാണ്ടിലേറെ കേരളത്തില്‍ മേധാവിത്വം നിലനിര്‍ത്തിയതു് പോര്‍ട്ടുഗീസുകാരായിരുന്നു. അവര്‍ തങ്ങളുടെ ഏറ്റം പ്രധാനപ്പെട്ട മിഷന്‍ കേന്ദ്രം അര്‍ത്തുങ്കല്‍ സ്ഥാപിച്ചു പ്രവര്‍ത്തിച്ചു എന്നതാണു് അര്‍ത്തുങ്കലിന്റെ പെരുമയ്ക്കു് രണ്ടാമത്തെ കാരണം. മിഷന്‍ കേന്ദ്രം ക്രിസ്തുവിശ്വാസ പ്രചരണത്തിനുള്ള കേന്ദ്രമാണു്. 1581-ല്‍ ഈ കേന്ദ്രത്തിനു് വിശുദ്ധ അന്ത്രയോസിന്റെ ഇടം എന്നു് അര്‍ത്ഥം വരുന്ന സാന്തന്ത്രേ എന്നു് അവര്‍ പേരിട്ടു. അര്‍ത്തുങ്കലെ ആദ്യത്തെ പള്ളി 1581-ല്‍ സ്ഥാപിതമായി. 1584-ല്‍ രണ്ടാമത്തെ വികാരിയായി അര്‍ത്തുങ്കല്‍ ചുമതലയേറ്റ ജയ്‌ക്കോമോ ഫെനിച്ചിയോ അച്ചന്‍ അര്‍ത്തുങ്കല്‍ രണ്ടു പ്രാവശ്യമായി 31 വര്‍ഷം വികാരിയായി സേവനം ചെയ്തു. അദ്ദേഹമാണു് ആലപ്പുഴ രൂപതയുടെ അപ്പസ്തോന്‍. തുമ്പോളി മുതല്‍ വടക്കു് പള്ളിരുത്തി വരെയുള്ള പ്രദേശങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വസപ്രഘോഷണ പ്രദേശമായിരുന്നു. പോര്‍ട്ടുഗീസുകാര്‍ തയ്യാറാക്കിയ കേരളത്തിന്റെ ഭൂപടത്തില്‍ അര്‍ത്തുങ്കല്‍ ദേശത്തെ സാന്തന്ത്രേ എന്നാണു് അടയാളപ്പെടുത്തിയിട്ടുള്ളതു്. പില്‍ക്കാലത്തു് ഡച്ചുകാരുടെ ഭൂപടങ്ങളിലും ഈ പേരു കാണാം. അര്‍ത്തുങ്കല്‍ എന്ന പേരു് പറഞ്ഞുതുടങ്ങിയിട്ടു് മൂന്നു് നൂറ്റാണ്ടേ ആയിട്ടുള്ളു. കൊച്ചി രാജവംശത്തിന്റെ തായ്‌വഴിയിലെ മൂത്തയാളിന്റെ ഇടമെന്ന അരത്ഥത്തില്‍ മൂത്തേടം എന്നായിരുന്നു അര്‍ത്തുങ്കലിന്റെ പണ്ടത്തെ പേരു്. കരപ്പുറം എന്ന വലിയ ഭരണപ്രദേശത്തിന്റെ തലസ്ഥാനപദവി ഉണ്ടായിരുന്നു മൂത്തേടത്തിനു്. മൂത്തേടം പില്‍ക്കാലത്തു് മൂത്തേടത്തു് മൂത്തേടത്തിങ്കല്‍ എടുത്തുങ്കല്‍ ഒടുവില്‍ അര്‍ത്തുങ്കല്‍ എന്നായി പരിണമിച്ചു എന്നാണു് ഒരു വ്യാഖ്യാനം.

1640-ല്‍ വിശുദ്ധസെബസ്ത്യാനോസിന്റെ രൂപം അര്‍ത്തുങ്കല്‍ പ്രിതിഷ്ഠിച്ചതു മുതല്‍ ഉളവായ നിരന്തര രോഗശാന്തികളാണു് അര്‍ത്തുങ്കലിന്റെ പെരുമയ്ക്കു് മൂന്നാമത്തെ കാരണം. സെബസ്ത്യാനോസിന്റെ നാടായ ഇറ്റലിയില്‍ പതിനാറാം നൂറ്റാണ്ടില്‍ സാംക്രമികരോഗം ഉണ്ടായപ്പോള്‍ വിശ്വാസികള്‍ വിശുദ്ധസെബസ്ത്യാനോസിന്റെ രൂപം രോഗബാധിത പ്രദേശങ്ങളില്‍ പ്രദക്ഷിണമായി എഴുന്നള്ളിക്കുകയും അതോടെ വിസ്മയിക്കപ്പെടുന്ന രീതിയില്‍ രോഗം പൂര്‍ണ്ണമായി ശമിക്കുകയും ചെയ്തു. അതിനു നന്ദിയായി വിശുദ്ധന്റെ അത്ഭുതരൂപത്തിന്റെ അതേ മാതൃകയില്‍ മറ്റൊരു രൂപം ഉണ്ടാക്കി അന്നു് അറിയപ്പെട്ടിരുന്ന രാജ്യങ്ങളില്‍ പ്രദക്ഷിണമായി കപ്പലില്‍ കൊണ്ടുപോകാമെന്നു അവര്‍ തീരുമാനിച്ചു. അങ്ങനെ കൊണ്ടുവരുമ്പോള്‍ അറബിക്കടലില്‍ അര്‍ത്തുങ്കലിന്റെ ദിശയില്‍ എത്തിയപ്പോള്‍ കപ്പല്‍ മുന്നോട്ടു നീങ്ങാനാവാതെ വരികയും ഇവിടെ കരയിലുള്ള പള്ളിയില്‍ തന്റെ രൂപം ഇറക്കി പ്രതിഷ്ഠിക്കണമെന്നു് ക്യാപ്റ്റനു് സ്വപ്നത്തില്‍ ദര്‍ശ്ശനമുണ്ടാകുകയും ചെയ്തു. അതേ സമയം തന്നെ പള്ളി വികാരിക്കു് കപ്പലില്‍ കൊണ്ടുവരുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം ഏറ്റുവാങ്ങണമെന്നു് സ്വപ്നത്തില്‍ വെളിച്ചപ്പെടുകയും ചെയ്തു. അങ്ങനെ ആണു് വിശുദ്ധ സെബസ്ത്യാനോസിന്റെ മനോഹരമായ രൂപം അര്‍ത്തുങ്കല്‍ പള്ളിയില്‍ പ്രതിഷ്ഠിക്കപ്പെട്ടതു്. അക്കാലത്തു് വ്യാപകമായി പടര്‍ന്നിരുന്ന മസൂരി കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികളിലകപ്പെട്ടവര്‍ വിശുദ്ധനോടു് പ്രാര്‍ത്ഥിക്കുകയും രോഗശാന്തി നേടുകയും ചെയ്തതോടെ പുണ്യവാന്റെ അത്ഭുതശക്തി ദൂരേക്കു് വ്യാപിച്ചു. അങ്ങനെ ജനുവരിയിലെ പുണ്യവാന്റെ തിരുനാളു് അത്ഭുതപൂര്‍വ്വമായ ജനപ്രവാഹത്താല്‍ പ്രസിദ്ധമാകുകയും ചെയ്തു.

.

വിശുദ്ധ സെബസ്ത്യാനോസ്

ലേഖകന്‍ - ഫാ. സ്റ്റീഫന്‍ എം പുന്നക്കല്‍ (വികാരി)

[ അര്‍ത്തുങ്കല്‍ ബെസിലിക്ക തിരുനാള്‍ സപ്ലിമെന്റ് - 2014 ജനുവരി 20. "സ്നേഹദൂതു്" ]
(മുകളില്‍ സൂചിപ്പിച്ച ലേഖനത്തിന്റെ യൂണിക്കോഡ് പതിപ്പു മാത്രമാണു് ഈ പോസ്റ്റ്.)

പ്രശസ്തമായി ഫ്രാന്‍സ് നഗരം അനേകം വിശുദ്ധരെ ലോകത്തിനു സംഭാവന നല്‍കിയിട്ടുള്ള അനുഗ്രഹീത രാജ്യമാണു്. പ്രകൃതിരമണീയമായ മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ തെക്കു് അതിമനോഹരമായ നഗരമാണു് നര്‍ബോന.

ഒരു ഉത്തമ കത്തോലിക്കാ കുടുംബത്തിലെ സമ്പന്നരും ഉന്നതകുലജാതരുമായ മാതാപിതാക്കളില്‍ ക്രിസ്തുവര്‍ഷം 255-നോടടുത്താണു് സെബസ്ത്യാനോസ് ഭൂജാതനായതു്. നര്‍ബോനയില്‍ ജനിക്കുകയും മിലനില്‍ അധിക കാലം ജീവിക്കുകയും ചെയ്ത അദ്ദേഹം അറിയപ്പെടുന്നതു് "റോമായിലെ വിശുദ്ധ വേദസാക്ഷി" എന്നാണു്. മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതവും ദൈവത്തിലുള്ള അതിയായ വിശ്വാസവും സ്നേഹവാത്സല്യവും ലളിത ജീവിതവും മാതാവിന്റെ ശിക്ഷണവും ഈ കുബേരസന്താനത്തെ മാതൃക പുരുഷനാകുവാനും ശാന്തത, വിവേകം, സത്യസന്ധത, വിനയം തുടങ്ങിയ വിശേഷഗുണങ്ങളുടെ വിളനിലമാക്കുവാനും കഴിഞ്ഞു.

28-മത്തെ വയസ്സില്‍ അദ്ദേഹം മിലന്‍ ദേശം വിട്ടു് റോമാ നഗരത്തിലേക്കു് പോയി‌. സൈനികസേവനം അക്കാലത്തു് ഉന്നതകുലജാതര്‍ക്കു് വിശിഷ്ട സേവനമായി കണ്ടിരുന്ന കാലമായിരുന്നെങ്കിലും വിശുദ്ധ സെബസ്ത്യാനോസിനു് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു് വഴങ്ങി അദ്ദേഹം സൈനിക സേവനത്തിനു് തയ്യാറായി. മതമര്‍ദ്ദനം ശക്തി പ്രാപിച്ചിരുന്ന കാരിനൂസ് രാജാവിന്റെ കാലത്താണു് അദ്ദേഹം സൈനിക സേവനത്തിനു ചേര്‍ന്നതു്. രാജകൊട്ടാരത്തില്‍ സേവനം ചെയ്തിരുന്ന ക്രിസ്ത്യന്‍ ഭടന്മാര്‍ റോമന്‍ ദേവന്മാരെ ആരാധിക്കാന്‍ കാരിനൂസ് ആവശ്യപ്പെടുകയും എതിര്‍ത്തവരെ വധിക്കുകയും ചെയ്തിരുന്ന കാലത്താണു് വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രേരണയാല്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി അവസാനരക്തം ചിന്തുവാന്‍ സൈനികര്‍ സന്നദ്ധരായതു്. ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തിയുമായുള്ള യുദ്ധത്തില്‍ കാരനൂസ് വധിക്കപ്പെട്ടു. ഭരണത്തില്‍ സഹായിക്കുന്നതിനായി മാക്സിമിയനെ സഹചക്രവര്‍ത്തിയാക്കുകയും ഇവര്‍ സെബസ്ത്യാനോസിനെ സേനാനായകനാക്കുകയും പ്രീട്ടോറിയ എന്ന പ്രത്യേക പദവിയും നല്‍കി‌. രാജ്യത്തുണ്ടാകുന്ന സാംക്രമിക രോഗങ്ങള്‍ വെള്ളപ്പൊക്കം ഭൂകമ്പം വരള്‍ച്ച തുടങ്ങിയ എല്ലാത്തിന്റെയും കാരണം ക്രിസ്ത്യാനികള്‍ ആണെന്നു് ആരോപിച്ചു് റോമാചക്രവര്‍ത്തിമാര്‍ ക്രൈസ്തവരെ കൂട്ടത്തോടെ വധിച്ചിരുന്നു.

പരിതാപകരമായ അവസ്ഥയില്‍ നിന്നു് തിരുസഭയ്ക്കു് മോചനം ഉണ്ടാകണമെന്നു് ആഗ്രഹിച്ചു് പൂര്‍ണ്ണമായി സഭയെയും ക്രിസ്തുവിനെയും സ്നേഹിച്ച അദ്ദേഹം പാവപ്പെട്ടവരോടും ദുഃഖിതരോടും ഏറെ അലിവും അനുകമ്പയും ഉണ്ടായിരുന്നു.

AD 288-ലാണു് തന്റെ വിശ്വസ്തനായ സൈന്യാധിപനും ധീരനും പ്രീട്ടോറിയല്‍ അംഗവുമായ സെബസ്ത്യാനോസ് ക്രിസ്ത്യാനിയാണെന്ന സത്യം ജോക്ലേഷ്യന്‍ ചക്രവര്‍ത്തി മനസ്സിലാക്കിയതു്. രാജ്യദ്രോഹകുറ്റത്തിനു് സെബസ്ത്യാനോസിനെ തടവിലാക്കിയ ഡയോക്ലേഷ്യന്‍ റോമാ സാമ്രാജ്യത്തിലെ ദേവന്മാരെ ആരാധിച്ചാല്‍ വെറുതെ വിടാമെന്നും പഴയ സ്ഥാനങ്ങള്‍ നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ അന്യദേവന്മാരോടു് പ്രാര്‍ത്ഥിക്കുന്നതു് നിഷ്ഫലമാണെന്നും ഏകസത്യദൈവത്തെ ആരാധിക്കുവാനും ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തിയെ സെബസ്ത്യാനോസ് ഉപദേശിച്ചു. കോപാഗ്നിയാല്‍ ജ്വലിച്ച ഡയോക്ലേഷ്യന്‍ മൈതാനമദ്ധ്യത്തില്‍ സെബസ്ത്യാനോസിനെ മരത്തില്‍ കെട്ടി അമ്പെയ്തു കൊല്ലാന്‍ കല്‍പ്പിച്ചു. ക്രിസ്തുവിനു സാക്ഷിയാകുക എന്ന വിശ്വാസത്തില്‍ മുറുകെ പിടിച്ച സെബസ്ത്യാനോസിനെ വിവസ്ത്രനാക്കി ഇഞ്ചിഞ്ചായി മരിക്കുന്നതിനു് നിലവധി അമ്പുകള്‍ എയ്തു. രക്തം വാര്‍ന്നു് അബോധാവസ്ഥയിലായ സെബസ്ത്യാനോസിനെ കാസുളൂസ് എന്ന വിശുദ്ധന്റെ ഭാര്യയും വിധവയുമായ ഐറിന്‍ എന്ന ഭക്തസ്ത്രീ ക്രിസ്ത്യാനികളുടെ സഹായത്തോടെ കബറടക്കാനെന്ന വ്യാജേന സുശ്രൂഷിച്ചു.

പൂര്‍വ്വാധികം ആരോഗ്യവാനും സുന്ദരനുമായ സെബസ്ത്യാനോസിനെ കണ്ട ഡയോക്ലേഷ്യന്‍ ചക്രവര്‍ത്തി ഭയപ്പെടുകയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്ന ചക്രവര്‍ത്തിയെ ശക്തമായ ഭാഷയില്‍ സെബസ്ത്യാനോസ് ശാസിച്ചു. ഭയപ്പാടും കോപത്താലും വിറച്ച ഡയോക്ലേഷ്യന്‍ തന്റെ മുന്നില്‍ വച്ചു് ഗദ കൊണ്ടടിച്ചു് വധിക്കുവാന്‍ കല്‍പ്പിച്ചു. AD 288 ജനുവരി 20-൹ രാജകല്‍പ്പന നിറവേറി. ലോകമെമ്പാടും വിശുദ്ധന്റെ തിരുനാള്‍ ജനുവരി 20-൹ ആചരിക്കുന്നു.

വിശുദ്ധന്റെ ശരീരം ആരുമറിയാതെ നദിയില്‍ എറിയുകയും നദിയില്‍ എറിയപ്പെട്ട ദിവസം ലൂസിന എന്ന ഭക്തസ്ത്രീക്കു് ദര്‍ശ്ശനം കിട്ടുകയും മൃതദേഹത്തിനു ചുറ്റും പരുന്തുകള്‍ വട്ടമിട്ടു് പറക്കുന്ന കാഴ്ചയുമാണു് അവര്‍ കാണുന്നതു്.

ആപ്യന്‍ എന്നു പേരുള്ള റോഡിനടുത്തെ ഭൂഗര്‍ഭലയത്തില്‍ വിശുദ്ധന്റെ പുണ്യശരീരം ക്രിസ്ത്യാനികളുടെ നേതൃത്വത്തില്‍ ലൂസിന സംസ്ക്കരിച്ചു. ലൂസിനയുടെ ഭവനം യേശുവിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചു് വീരചരമമടഞ്ഞ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ആദ്യ ദേവാലയമായി പില്‍ക്കാലത്തു് പരിണമിച്ചു.

വിശുദ്ധന്റെ പൂജ്യശരീരം അടക്കം ചെയ്യപ്പെട്ട ഭൂഗര്‍ഭാലയത്തിനു് മുകളില്‍ അഞ്ചാം നൂറ്റാണ്ടില്‍ ദേവാലയം പണി കഴിപ്പിച്ചു. റോമിലെ പ്രശസ്തമായിട്ടുള്ള ഏഴു ദേവാലയങ്ങളില്‍ ഒന്നാണു് വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം. 1575-ല്‍ മിലാനിലും ഇറ്റലിയിലും 1596-ല്‍ ലിസ്ബണിലും പകര്‍ച്ചവ്യാധി ഉണ്ടായി. വിശുദ്ധന്റെ രൂപവുമായി വിശ്വാസികള്‍ പദക്ഷിണം നടത്തിയപ്പോള്‍ അത്ഭുതപൂര്‍വ്വമായ രോഗശാന്തിയുണ്ടായി. അതിനു പ്രത്യുപകാരമായി ഒരു കപ്പലില്‍ വിശുദ്ധന്റെ തിരുസ്വരൂപവുമായി ലോകം ചുറ്റാന്‍ ജനങ്ങള്‍ തീരുമാനിക്കുകയും ലോകം ചുറ്റി വരവേ അര്‍ത്തുങ്കിലില്‍ കടല്‍ക്ഷോഭത്തില്‍ കപ്പല്‍ ഉറക്കുകയും സമീപത്തു് ഒരു ദേവാലയം ഉള്ളതുമായി കപ്പിത്താനു് ദര്‍ശ്ശനം കിട്ടുകയും ഈ സമയം അര്‍ത്തുങ്കല്‍ ദേവാലയത്തിലെ വൈദീകനും ദര്‍ശ്ശനം ഉണ്ടായി. ഇടവക ജനങ്ങളുമായി വൈദീകന്‍ കടല്‍ക്കരയിലെത്തി ആദരപൂര്‍വ്വം സ്വരൂപം ഏറ്റുവാങ്ങി താല്‍ക്കാലികമായി ഉണ്ടാക്കിയ കുരിശടിയില്‍ സ്ഥാപിച്ചു. വിശുദ്ധന്റെ ആ തിരുരൂപം ഇന്നും അര്‍ത്തുങ്കല്‍ ബെസിലിക്കയുടെ തെക്കെ അള്‍ത്താരയില്‍ ഭക്തര്‍ക്കു് ദര്‍ശ്ശനത്തിനായി പ്രത്യേകം തയ്യാറാക്കിയ രൂപക്കൂട്ടില്‍ സ്ഥാപിച്ചിരിക്കുന്നു. പകര്‍ച്ചവ്യാധികള്‍ക്കും, രോഗങ്ങള്‍ക്കും, വിവാഹം, കടബാദ്ധ്യത, വസ്തുവില്‍പ്പന, പൈശാചിക ബന്ധങ്ങള്‍, കുടുംബസമാധാനം, തൊഴില്‍, വീടുനിര്‍മ്മാണം, സന്താനസൗഭാഗ്യം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വിശുദ്ധന്റെ നടയില്‍ എത്തുന്ന ലക്ഷോപലക്ഷം ഭക്തര്‍ക്കു് വിശുദ്ധ സബസ്ത്യാനോസിന്റെ സാമിപ്യം ഒരനുഗ്രഹമാണു്.

.

അര്‍ത്തുങ്കല്‍ പള്ളി ഐതീഹ്യം - അര്‍ത്തുങ്കല്‍ വെളുത്തച്ചനും ശബരിമല ശാസ്താവും

ലേഖകന്‍ - ഫാ. സ്റ്റീഫന്‍ പഴമ്പാശ്ശേരില്‍ (റെക്ടര്‍)

[ അര്‍ത്തുങ്കല്‍ ബെസിലിക്ക തിരുനാള്‍ സപ്ലിമെന്റ് - 2014 ജനുവരി 20. "സ്നേഹദൂതു്" ]
(മുകളില്‍ സൂചിപ്പിച്ച ലേഖനത്തിന്റെ യൂണിക്കോഡ് പതിപ്പു മാത്രമാണു് ഈ പോസ്റ്റ്.)


പ്ലേഗ് രോഗത്തില്‍ നിന്നും രക്ഷിക്കപ്പെട്ടതിന്റെ നന്ദിസൂചകമായി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവുമായി ഇറ്റലിയില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടകര്‍ യാത്രാമദ്ധ്യേ അര്‍ത്തുങ്കല്‍ കടലില്‍ വച്ചു് കടല്‍ക്ഷോഭത്തില്‍ കപ്പല്‍ മുങ്ങിപ്പോകും എന്നായപ്പോള്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം എന്തു ചെയ്യണം എന്നറിയാതെ വിഷമിച്ച നാവികര്‍ക്കു് ലഭിച്ച ദര്‍ശ്ശനപ്രകാരവും അന്നു രാത്രി അര്‍ത്തുങ്കല്‍ പള്ളി വികാരിക്കു് ലഭിച്ച ദര്‍ശ്ശനപ്രകാരവും ആഴക്കടലിലെ കപ്പലില്‍ നിന്നു വിശുദ്ധന്റെ തിരുസ്വരൂപം 1647ല്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ സ്ഥാപിച്ചു.

മനഃശാന്തിയും രോഗശാന്തിയും തേടി നാനാജാതിമതസ്താരായ ആയിരങ്ങള്‍ എന്നേരവും അണയുന്ന പുണ്യസ്ഥാനമാണു് അര്‍ത്തുങ്കല്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനട. ജാതിമതഭേദമില്ലാതെ ജനങ്ങളുടെ ആശനിരാശകളും സുഖദുഃഖങ്ങളും പ്രാര്‍ത്ഥനാമന്ത്രമായി ഈശ്വരസന്നിധാനത്തേയ്ക്കു് ഉയരുന്ന നാളുകളാണു് എല്ലാ വര്‍ഷവും ജനുവരിയിലെ തിരുനാള്‍ ദിവസങ്ങള്‍.

അറബിക്കടലിനും വേമ്പനാട്ടു കായലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഇന്നത്തെ അര്‍ത്തുങ്കല്‍ പ്രദേശം എ ഡി നാലാം നൂറ്റാണ്ടോടുകൂടി രൂപം കൊണ്ട കരപ്രദേശമാണു്. അര്‍ത്തുങ്കല്‍ പ്രദേശം മൂത്തേടത്തു് രാജസ്ഥാനമായിരുന്നതിനാല്‍ ഈ സ്ഥലം മൂത്തേടത്തിങ്കലും പിന്നീടു് ഏടത്തിങ്കലും പതിനാലാം നൂറ്റാണ്ടോടുകൂടി അര്‍ത്തുങ്കല്‍ എന്നും അറിയപ്പെടാന്‍ തുടങ്ങി. ചെറിയ ഓലപ്പള്ളി മാറ്റി ഇന്നു കാണുന്ന പഴയ പള്ളി രാജാവിന്റെ പ്രത്യേക അനുമതിയോടെ 1581-ല്‍ വിശുദ്ധ അന്ത്രയോസിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെടുകയും വിശുദ്ധന്റെ നാമത്തില്‍ സ്ഥാപിക്കപ്പെടുകയും വിശുദ്ധന്റെ നാമത്തില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതോടെ അര്‍ത്തുങ്കലിന്റെ പ്രശസ്തി വാനോളം ഉയര്‍ന്നു. അര്‍ത്തുങ്കല്‍ പള്ളി ഇടവകയാക്കുകയും ആദ്യ വികാരിയായി ഗാസ്പര്‍ പയസ് എന്ന വിദേശ മിഷനറിയെ നിയമിക്കുകയും ചെയ്തു. തുടര്‍ന്നു് വൈദികനായ ജെക്കാമോ ഫെനീഷ്വോ 1584-ല്‍  വികാരിയാവുകയും രണ്ടു് പ്രാവശ്യമായി ഏതാണ്ടു് 31 വര്‍ഷം പ്രവര്‍ത്തിക്കുകയും അര്‍ത്തുങ്കലിന്റെ അപ്പോസ്തലന്‍ എന്നറിയപ്പെടുന്ന വികാരിയെ നാട്ടുകാര്‍ സ്നേഹപൂര്‍വ്വം വെളുത്തച്ചനെന്നു വിളിച്ചിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹം എല്ലാ ജനവിഭാഗങ്ങളുമായും മുത്തേടത്തു് രാജകുടുംബാംഗളുമായും പ്രമാണിമാരുമായും നല്ല സുഹൃത്തു്ബന്ധം സ്ഥാപിക്കുകയും ചെയ്തുവരവേ ശ്രീ ആയ്യപ്പന്‍ വെളുത്തച്ചന്‍ മുഖേന ചീരപ്പന്‍ ചിറയിലെ കളരിഗുരുക്കളുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ഇടയായതു് അവര്‍ തമ്മില്‍ ഉറ്റ ബന്ധം സ്ഥാപിക്കാന്‍ കാരണമായി. കൂടാതെ പന്തളം രാജകുടുംബാംഗങ്ങളുമായി ബന്ധപ്പെടുവാനും ചിലപ്പോള്‍ ഇരുകൂട്ടരും അഥിതികളായി വസിക്കുവാനും ഇടയായെന്നു് പറയപ്പെടുന്നു.

ദൈവനിശ്ചയപ്രകാരം ശ്രീ അയ്യപ്പന്‍ കാനനവാസിയായിത്തീരുകയും വെളുത്തച്ചന്‍ 1632-ല്‍ മൃത്യു വരിക്കുകയും ചെയ്തുവെങ്കിലും വി സെബസ്ത്യാനോസിന്റെ തിരുസ്വരൂപം 1647-ല്‍ അര്‍ത്തുങ്കലില്‍ സ്ഥാപിതമായതു മുതല്‍ ഈ രൂപത്തെ ജനങ്ങള്‍ വെളുത്തച്ചന്‍ എന്നു വിളിക്കുവാന്‍ ഇടയായി. ശബരിമല ശാസ്താവിനെ തൊഴുതിറങ്ങുന്ന ഭക്തര്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചനെ കാണണം എന്നു് ശ്രീഅയ്യപ്പന്‍ ആവശ്യപ്പെട്ടതായിട്ടുള്ള ഐതീഹ്യം ഇന്നും നിലനില്‍ക്കുന്നു. ആയതിനാല്‍ അയ്യപ്പഭക്തര്‍ വൃതം അവസാനിപ്പിച്ചുകൊണ്ടു് വെളുത്തച്ചന്റെ തിരുനടയില്‍ മാല ഊരുന്ന പതിവു് ഇന്നും തുടരുന്നു. ശ്രീഅയ്യപ്പന്റെ ആസ്ഥാനമായ ശബരിമല ഓരോ വര്‍ഷവും പ്രശസ്തിയിലേക്കുയരുന്നതും അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ ദേവാലയം ബസിലിക്ക പദവിയിലേക്കു് ഉയര്‍ത്തപ്പെട്ടുകൊണ്ടു് ആഗോളപ്രശസ്തി നേടുന്നതും ദൈവനിയോഗമെന്നു കരുതുന്നു.

വിശുദ്ധ പദവിയിലേക്കു് ഉയര്‍ത്തപ്പെടുവാനായി പോകുന്ന വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ അര്‍ത്തുങ്കല്‍ ദേവാലയത്തില്‍ വച്ചു് വൈദികപട്ടം സ്വീകരിക്കുകയും ഏതാനം മാസം ഇവിടെ താമസിക്കുകയും ചെയ്തതിനാല്‍ പുണ്യഭൂമിയായ അര്‍ത്തുങ്കലിന്റെ മഹത്വം വിസ്തൃതമാകുന്നു.

അനാഥരുടെ നാഥന്‍ ദൈവദാസന്‍ മോണ്‍. റൈനോള്‍ഡ് പുരയ്ക്കല്‍ അര്‍ത്തുങ്കല്‍ വികാരിയായിരുന്ന ദൈവദാസന്‍ സബാസ്റ്റ്യന്‍ എല്‍ സി പ്രസന്റേഷനില്‍ നിന്നും മാമോദീസ സ്വീകരിച്ചു. വിസിറ്റേഷന്‍ സഭാ സ്ഥാപകനും തീരദേശത്തിന്റെ അപ്പോസ്തലനുമായ ദൈവദാസന്‍ സബാസ്റ്റ്യന്‍ എല്‍ സി പ്രസന്റേഷന്‍ ജ്ഞാനസ്നാനപ്പെട്ടതും അര്‍ത്തുങ്കല്‍ വികാരിയായിരിക്കെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട അദ്ദേഹത്തിന്റെ ഭൗതീക ശരീരം സിമിത്തേരി ചാപ്പലില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

ദേവാലയങ്ങളുടെ ദേവാലയും മഹാദേവാലയം എന്നറിയപ്പെടുന്ന ബസിലിക്ക പദവിയിലേക്കു് അര്‍ത്തുങ്കല്‍ ദേവാലയം ഉയര്‍ത്തപ്പെടാന്‍ മേല്‍പ്പറഞ്ഞ മഹത്വങ്ങള്‍ ഒത്തുകൂടുന്ന ഏക ദേവാലയം ആണു് അര്‍ത്തുങ്കല്‍. അതാണു് അര്‍ത്തുങ്കലിന്റെ സവിശേഷത.

.