Pages

Thursday, September 8, 2016

ഞാന്‍ കണ്ട ഡിഫ്തീറിയ

1975-ല്‍ - MBBS പാസ്സായി ഹൗസ്‌ സര്‍ജ്ജന്‍സി ചെയ്യുന്ന കാലം. ആദ്യത്തെ പോസ്റ്റിംഗിന്റെ ആദ്യമാസം അവസാനിച്ചു കഴിഞ്ഞു. ഇന്നു സ്റ്റൈപ്പന്റ് കിട്ടുന്ന ദിവസമാണു്. ആരും വിളിച്ചെണീപ്പാക്കാതെ തന്നെ ഉണര്‍ന്നു. ആദ്യത്തെ സ്റ്റൈപ്പന്റ് വാങ്ങി അങ്ങനെ തന്നെ അച്ഛനെ ഏല്പിക്കണം. കുളിച്ചു കാപ്പികുടി കഴിഞ്ഞു സൈക്കിളില്‍ കേറാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നും വിളി വന്നു.

'ഇന്നെങ്കിലും ഉണ്ണാന്‍ സമയത്തിനു് എത്തുമോ?' അമ്മയാണു്.
ഉറപ്പില്ലായിരുന്നുവെങ്കിലും 'എത്തും' എന്നു പറഞ്ഞു.
'ദാ. ഇതു കൊണ്ട് പോയ്ക്കോ.' അമ്മ കറച്ചു പൈസ വച്ചു നീട്ടി.
'പോകുന്ന വഴിക്ക് ഗണപതി കോവിലില്‍ കേറി തൊഴണം. അമ്പലത്തിന്റെ വാതുക്കല്‍ തന്നെ തേങ്ങ വാങ്ങാന്‍ കിട്ടും. ഉച്ചയ്ക്കു വരുന്ന വഴിക്കു ഒരു വെറ്റിലയും പാക്കും വാങ്ങിച്ചു കൊണ്ടു വരണം.
'ഈ അമ്മമാരുടെ ഒരു കാര്യമേ.' മനസ്സില്‍ പറഞ്ഞു.

ഒന്നാം തീയതി തന്നെ ശമ്പളം കിട്ടുമെന്നു അമ്മ കണക്കുകൂട്ടിയിരിക്കുന്നു. ആദ്യത്തെ ശമ്പളം അച്ഛനെ ഏല്പിക്കുമ്പോള്‍ അതു ഐശ്വര്യമായിരിക്കട്ടെ എന്നു അമ്മ കരുതുന്നുണ്ടാവും. 23 വര്‍ഷത്തെ അമ്മയുടെ പ്രതീക്ഷയും കാത്തിരിപ്പും പൂവണിയുന്നതിന്റെ സന്തോഷം ആ മുഖത്തു പ്രതിഫലിക്കുന്നുണ്ടായിരുന്നു.

തേങ്ങ ഉടച്ചു ഗണപതിയ്ക്കു ഏത്തമിടുമ്പോള്‍ മനസ്സില്‍ പറഞ്ഞു. 'ഇന്നെങ്കിലും വീട്ടിലേക്കു് നേരത്തെ വരാന്‍ സാധിക്കണേ.'

ആശുപത്രിയില്‍ എത്തുമ്പോള്‍ കൂടെയുള്ള രണ്ടു കൂട്ടുകാരും സൂപ്രണ്ടിന്റെ മുറിയുടെ വാതുക്കല്‍ എന്നെയും കാത്തു നില്‍പ്പുണ്ടായിരുന്നു. രണ്ടു പേരുടേയും നെറ്റിയിലും ഉണ്ടു് ചന്ദനക്കുറി. വേഗം ഒപ്പിട്ടിട്ട് മൂവരും പോയതു് നേരെ ഓ പിയിലേക്കു്.

സാമാന്യം നല്ല തിരക്കുണ്ടു്. എം എല്‍ തോമസ്സ് സാറും ശോശാമ്മക്കുരിയന്‍ മാഡവും എത്തിയിട്ടുണ്ടു്. ചെന്ന പാടെ ഞങ്ങള്‍ മൂന്നു പേരേയും ശോശാമ്മ മാഡം അടുത്തേക്കു വിളിച്ചു. മാഡത്തിന്റെ മുന്നില്‍ ഒരു കുട്ടിയെ മടിയില്‍ വച്ചു കൊണ്ടു് ഒരു അമ്മ ഇരുപ്പുണ്ടു്. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മാഡം അവരെ പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. രോഗവിവരം ആവര്‍ത്തിച്ചെടുക്കാന്‍ നിര്‍ദ്ദേശം ഞങ്ങള്‍ക്കു തന്നിട്ടു അടുത്ത കേസ് നോക്കാന്‍ മാഡം തുടങ്ങി.

'മൂന്നു ദിവസം ആയി പനി തുടങ്ങിയിട്ടു് 'കണ്ണീര്‍ തുടച്ചു കോണ്ടു ആ അമ്മ പറഞ്ഞു.
'ഇന്നു രാവിലെ പാലു കൊടുത്തു കഴിഞ്ഞു നോക്കുമ്പോള്‍ കുട്ടിയുടെ തൊണ്ടയില്‍ തൈരിന്റെ പാട പോലെ എന്തോ ഇരിക്കുന്നതു കണ്ടു. എടുത്തു കളയാന്‍ നോക്കിയിട്ടു പോകുന്നില്ല. പനി കൂടി. അടുത്തുള്ള ആശുപത്രിയില്‍ കാണിച്ചപ്പോള്‍ മെഡിക്കല്‍ കോളേജില്‍ കാണിക്കാന്‍ പറഞ്ഞു. അതാ വേഗം ഇവിടെ എത്തിയതു്.'

'പനി നല്ലതു പോലെയുണ്ടു്, കുട്ടി ശ്വാസം എടുത്തു വിടുമ്പോള്‍ ചെറിയ വിസിലടിക്കുന്നതു പോലത്തെ ശബ്ദവും ഉണ്ടു്. ഡോക്ടര്‍ പറഞ്ഞു അഡ്മിറ്റാക്കണമെന്നു. കുത്തിവെപ്പെടുത്തിട്ടു വീട്ടില്‍ പോയി മരുന്നു കൊടുത്താല്‍ പോരെ?'

കുട്ടിയെ തൊട്ടുനോക്കി. നല്ല ചൂടുണ്ടു്. കൂട്ടുകാരന്റെ കൈയില്‍ ടോര്‍ച്ചുണ്ടായിരുന്നു. കുട്ടി വായ തുറന്നു തരാന്‍ കൂട്ടാക്കുന്നില്ല. ഒരേ കരച്ചില്‍ തന്നെ. ചെറിയ ടങ്ങ് ടിപ്രസര്‍ സിസ്റ്ററിന്റെ കയ്യില്‍ നിന്നു വാങ്ങി മൂന്നു പേരും ചേര്‍ന്നു ഒരാള്‍ തല പിടിച്ചു തൊണ്ടയില്‍ ടേര്‍ച്ചടിച്ചു നോക്കി. തൊണ്ടയിലെ പാച്ച് കണ്ടു പകച്ചു പോയി. ഡിഫ്തീറിയ ആയിരിക്കുമോ. ടെക്സ്‌റ്റ് ബുക്കില്‍ കണ്ട അതേ പടം. ഹേയ് ആയിരിക്കില്ല. മനസ്സു മന്തിച്ചു.

മാഡം തിരിച്ചെത്തി. 'Yes? What is your diagnosis?'
'Diphtheria?'
'Yes. Any doubts?'
ഉണ്ട്. സംശയം ഉണ്ടായിരുന്നു. പകരുമോ? ഞങ്ങള്‍ മൂന്നു പേരും മാസ്ക്ക് ധരിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷെ അപ്പോള്‍ ചോദിച്ചില്ല. നെഞ്ച് പടാപടാ ഇടിക്കുന്നുണ്ടായിരുന്നു.
'രോഗം വരാതിരിക്കുന്ന കുത്തിവെപ്പുകള്‍ എടുത്തിരുന്നോ?'
'ഇല്ല.' അമ്മ വിഷണ്ണയായി പറഞ്ഞു
'എന്തേ'?
'ഞങ്ങളുടെ കുടുംബക്കാര്‍ക്കാക്കും രോഗം വരാറില്ല.'
'അതെന്തേ അങ്ങനെ തോന്നാന്‍?'
'ഇതു വരെ വന്നിട്ടില്ല. വീട്ടില്‍ എല്ലാവരും പ്രതിരോധ കുത്തിവെപ്പിനു എതിരാണു്.'
'വീട്ടില്‍ പലര്‍ക്കും പാരമ്പര്യമായി ടി ബി രോഗം ഉണ്ടു്. അതു കാരണം മറ്റു രോഗങ്ങള്‍ ഒന്നും വരാറില്ല.'
'എന്നാരു പറഞ്ഞു?‍'
'അതാണനുഭവം'
'ആട്ടെ. കുട്ടിയുടെ അച്ഛന്‍ എന്തേ വരാതിരുന്നതു്?'
'ജോലി സംബന്ധമായി മദ്രാസിലേക്കു് പോയിരിക്കുകയാണു്.'
'മറ്റു ബന്ധുക്കള്‍?'
'എല്ലാവര്‍ക്കും നല്ല ജോലിത്തിരക്കാണു്. ആരും വരാനില്ല.'

കുട്ടിയെ അഡ്മിറ്റു ചെയ്യാനുള്ള ചീട്ടു് മാഡം ഇതിനുള്ളില്‍ എഴുതിക്കഴിഞ്ഞിരുന്നു.

We are putting the child on Erythromycin empirically. It will be useful even in case the throat swab turns out to be negative for Diphtheria since the drug of choice for Tonsillitis also is the same. We will also give her one dose of Antiserum in anticipation of the laboratory results turning out to be positive. Not giving it will be detrimental. Get the consent.

All three of you take care of the child in the hospital for the next 24 hours. One of you should be available in the ward in turn. One of you should take the blood sample to the Microbiology Department and tell the staff there that this is a clinically diagnosed case of Diphtheria with a leathery patch. See that the sample of throat swab and blood are collected before starting Erythromycin.

ഇത്രയും പറഞ്ഞിട്ടു് കുട്ടിയുടെ അമ്മയിലേക്ക് മാഡം തിരിഞ്ഞു.
'കുട്ടിയെ ഞങ്ങള്‍ അഡ്‌മിറ്റ് ചെയ്യുകയാണു്.'
'അതിപ്പോള്‍....' ആ അമ്മയുടെ കണ്ണുകള്‍ കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു.
'സമാധാനമായിരിക്കു. ചില മരുന്നുകളും ടെസ്റ്റുകളും ചെയ്തേ പറ്റു. ടെസ്റ്റ് വരുന്നതു വരെ കാത്തിരുന്നാല്‍ കുട്ടിയുടെ നില ഗുരുതരം ആകാന്‍ സാദ്ധ്യതയുണ്ടു്. അതിനാല്‍ കിട്ടിയ ലക്ഷണങ്ങളും വിവരങ്ങളും വച്ചു ചികിത്സ ഉടനെ തുടങ്ങണം. അതിനു
നിങ്ങളുടെ സമ്മതം വേണം.'
'നിങ്ങള്‍ പഠിച്ചവരല്ലെ.' ആ അമ്മ പറഞ്ഞു. 'നിങ്ങള്‍ക്കും ഇല്ലേ കുട്ടികള്‍. വേണ്ടതെന്താണെന്നു വച്ചാല്‍ ചെയ്യ്. എനിക്കെന്റെ കുട്ടിയുടെ അസുഖം മാറുന്നതു കണ്ടാല്‍ മാത്രം മതി. പറയൂ. എവിടെയാണു് ഞാന്‍ ഒപ്പിടേണ്ടതു്.'
'വീട്ടുകാരോടു ചോദിക്കണ്ടേ?' മാഡം സംശയം പ്രകടിപ്പിച്ചു.
'എന്റെ കുട്ടിയ്ക്കു ഞാന്‍ അല്ലേ എല്ലാം. എന്താ ചെയ്യേണ്ടതെന്നു വെച്ചാല്‍ ഡോക്ടര്‍ ചെയ്യു്.'

കൂടെ ഉണ്ടായിരുന്ന രണ്ടു പേരും വാര്‍ഡില്‍ ഡ്യൂട്ടി എടുത്തോളാം എന്നു പറഞ്ഞു. താന്‍ ബ്ലഡ് സാമ്പിളുമായി വണ്ടാനത്തേക്കു് അടുത്ത കോളേജ് ബസ്സില്‍ പോയ്കോ.

ത്രോട്ട് സ്വോബും ബ്ലഡ്ഡുമായി വാര്‍ഡില്‍ നിന്നിറങ്ങുമ്പോള്‍ സ്വയം പറഞ്ഞു. കോളേജ് ബസ്സ് എത്തുന്നതിനു മുമ്പായി ഓഫീസില്‍ പോയി സ്റ്റൈപ്പന്റ് വാങ്ങാം. ഓഫീസില്‍ ചെന്നപ്പോള്‍ നല്ല തിരക്കു്. കൂട്ടുകാരെല്ലാവരും ഉണ്ടു്. ഇവിടെ നിന്നാല്‍ സമയത്തിനു കോളേജില്‍ എത്താന്‍ പറ്റില്ല. സ്റ്റൈപ്പന്റ് നാളെ വാങ്ങാം. അച്ഛനും അമ്മയ്ക്കും പറഞ്ഞാല്‍ മനസ്സിലാവും. കോളേജില്‍ പോയി തിരിച്ചു വാര്‍ഡില്‍ എത്തുമ്പോള്‍ സമയം വളരെ വൈകിയിരിക്കുന്നു. ഓഫീസ് അടച്ചുകാണും.

ഒരു കൂട്ടുകാരന്‍ വാര്‍ഡില്‍ തന്നെയുണ്ടു്. പാലക്കാട്ടുകാരനാണു്.
'നാട്ടിലെക്കു പോകാനുള്ള ബസ്സ് ടിക്കറ്റു ബുക്കു ചെയ്തിരുന്നതെന്തു ചെയ്തു?'
'ലോഡ്ജിലെ പയ്യന്റെ കയ്യില്‍ കോടുത്തുവിട്ടു കാന്‍സല്‍ ചെയ്തു.' അവന്‍ പറഞ്ഞു.
'തിരോന്തോരത്തുകാരന്‍ എവിടെ?'
'നൈറ്റ് ഡ്യൂട്ടിക്കു ഒരുങ്ങാന്‍ ബംഗ്ലാദേശ് ഹോസ്റ്റലില്‍ കിടന്നുറങ്ങുന്നുണ്ടാവും. 8 മണിയ്ക്കെത്തും.'

കുട്ടി എങ്ങനെയുണ്ടു്? ഐസൊലേഷന്‍ വാര്‍ഡില്‍ ഒരു മൂലയ്ക്കു് പിടിയാട്രിക്ക് കട്ടിലില്‍ കിടത്തി കര്‍ട്ടണ്‍ വച്ചു മറച്ചിട്ടുണ്ടു്. അല്പം breathing difficulty ഉണ്ടു്.

അപ്പോഴേക്കും ഈവനിംഗ് റൗണ്ട്സിനു ശോശാമ്മ മാഡം എത്തി. കൂട്ടിനു ഭര്‍ത്താവ് കുര്യന്‍ സാറുമുണ്ടു്. സാര്‍ മെഡിസിനില്‍ ആണു് ജോലി ചെയ്യുന്നതു്. അക്കാലത്തു ഡിഫ്തീറിയ ഒരു അപൂര്‍വ്വ രോഗം അല്ലായിരുന്നു. എന്നാലും ഒന്നു കണ്ടു കളയാം എന്നു കരുതി മാഡത്തിനോടൊപ്പം വന്നതാണു്. അതു് മാഡത്തിനു ഒരു ധൈര്യവും ആകും.

'വീട്ടില്‍ കൊണ്ടുവിടണോ?' പോകാന്‍ നേരത്തു കുര്യന്‍ സാര്‍ ചോദിച്ചു.
'വേണ്ട സര്‍. സൈക്കിള്‍ ഉണ്ടു്.'

രാവിലെ തന്നെ എത്തിക്കോളാമെന്നു കൂട്ടുകാരനു വാക്കു കോടുത്തു ഡെന്റല്‍ ഓ പി യുടെ വരാന്തയില്‍ വച്ചിരുന്ന സൈക്കിള്‍ എടുക്കാന്‍ നീങ്ങി.

മഴ ചെറുതായി ചാറുന്നുണ്ടു്. കല്ലുപാലത്തില്‍ എത്തിയപ്പോഴേക്കും മഴ ശക്തമായി. ഒരു കടയിലെ കോലായില്‍ കയറി നിന്നു. മഴ മാറട്ടെ എന്നിട്ടു പോകാം. സോഡാ എടുക്കുന്ന തട്ടിന്റെ മുകളിലായി വെറ്റിലക്കെട്ടും പാക്കും ഇരുപ്പുണ്ടു്. രാവിലെ അമ്മ പറഞ്ഞതു് ഓര്‍ത്തു പോയി.

മഴ മാറി. പതുക്കെ വീട്ടിലേക്കു നീങ്ങി. അമ്മ വിളക്കു കത്തിച്ചു വച്ചു് വാതുക്കല്‍ തന്നെ കാത്തിരുപ്പുണ്ടായിരുന്നു. കാത്തിരുപ്പ് അമ്മയ്ക്കൊരു ശീലമാണു്. അമ്മൂമ്മയില്‍ നിന്നും പഠിച്ച ശീലം. വൈദ്യന്മാരുടെ ഭാര്യമാര്‍. ഡോക്ടറായ മകന്റെ അവസ്ഥ മനസ്സിലാവും എന്നു മനസ്സില്‍ പറഞ്ഞു.

പകല്‍ നടന്ന സംഭവം അമ്മയോടു വിവരിച്ചു. സാരമില്ല ഒരു ദിവസം കൊണ്ടു് ലോകം അവസാനിക്കുന്നില്ലല്ലോ. ഇനിയും ധാരാളം നാളെകള്‍ ഉണ്ടല്ലോ. അച്ഛനോടു് ഞാന്‍ പറഞ്ഞോളാം. ഉണ്ണാന്‍ വന്നിട്ടു കുറെ നേരം നിന്നെയും കാത്തിരുന്നു. കാണാതായപ്പോള്‍ ഡിസ്പന്‍സറിയിലേക്കു പോയി.

പിറ്റേന്നു ആശുപത്രിയില്‍ എത്തുന്നതു വരെ ആ കുട്ടിയുടെയും അമ്മയുടെയും മുഖം മനസ്സില്‍ തെളിഞ്ഞു നിന്നു. രോഗം വഷളായിക്കാണുമോ? അതിരാവിലെ തന്നെ വാര്‍ഡില്‍ എത്തി. ആ അമ്മയുടെ മുഖം കണ്ടപ്പോള്‍ തന്നെ സന്തോഷമായി. കുട്ടിക്കു കുറവുണ്ടു്. ഡ്യൂട്ടി റിലീവ് ചെയ്യുമ്പോള്‍ കൂട്ടുകാരന്റെ മനസ്സിലും ഒരു ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതിലുള്ള ഒരു സംതൃപ്തി നിഴലിച്ചിരുന്നു.

ഏതാനം ദിവസങ്ങള്‍ക്കകം കുട്ടി രോഗത്തില്‍ നിന്നും തീര്‍ത്തും മോചനം നേടിക്കഴിഞ്ഞിരുന്നു. മൈക്രോബയോളജിയില്‍ നിന്നും ടെസ്റ്റിന്റെ റിസള്‍ട്ടു് വന്നു. ഡിഫ്തീറിയ പോസിറ്റിവ്തന്നെ. പോസ്റ്റിംഗു തുടങ്ങുന്ന കാലത്തു സൂസന്‍ മാഡം പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു പോയി. 'രോഗ വിവരം തിരക്കിയും രോഗിയെ വിശദമായി പരിശോധിച്ചും എത്തിച്ചേരുന്ന നിഗമനത്തില്‍ നമ്മള്‍ പലപ്പോഴും ചികിത്സ നിശ്ചയിക്കേണ്ടി വരും. ടെസ്റ്റുകള്‍ക്കു വേണ്ടി കാത്തിരിന്നാല്‍ ആ സമയം കൊണ്ടു് രോഗിയെ രക്ഷപ്പെടുത്താന്‍ ഉള്ള അവസരം ചിലപ്പോള്‍ നമുക്കു് നഷ്ടപ്പെട്ടെന്നിരിക്കും.'