Pages

Sunday, November 18, 2018

കാട്ടിലെ തടി

കാട്ടിലെ തടി അഥവാ പൊങ്ങുതടി
.........................................................
"ആറെമ്മോയുടെ ഗുണ്ടായിസം അവസാനിപ്പിക്കുക"
"ആഴിമതിവീരാ ആറെമ്മോ ആരാണാരാണാറെമ്മോ"
"ആറെമ്മോ രാജി വയ്ക്കണം"
"രാജിവയ്‌പ്പിക്കും രാജിവയ്‌പ്പിക്കും ആറെമ്മോയെ കെട്ടുകെട്ടിക്കും"
മുദ്രാവാക്യം അങ്ങനെ പൊടിപൊടിക്കുകയാണ് സുഹൃത്തുക്കളെ പൊടിപൊടിക്കുകയാണ്.
എന്താ കാര്യം?
ആ...!!
ആർക്കറിയാം!
എന്തായാലും അറിയണമല്ലോ. ആരൊക്കെയാണ് മുദ്രാവാക്യക്കാർ? എല്ലാവരും ആശുപത്രി പരിസരത്ത് താമസിക്കുന്നവർ തന്നെ.
ആശുപത്രി കോമ്പൗണ്ടിലെ പുല്ല് കണ്ട് കൊതിച്ച് പശുക്കളെ വളർത്തുന്നവർ.
കോമ്പൗണ്ടിലെ വിറക് പെറുക്കാൻ വരുന്നവർ.
ക്വാട്ടേഴ്‌സ് വഴി ആശുപത്രിയിലേക്കുണ്ടായിരുന്ന പൊതുവഴി നഷ്ടപ്പെട്ടവർ.
(ആറെമ്മോടെ ഗേറ്റ് ഇവിടെ)
https://www.facebook.com/DrBhadranTR/posts/734517390238356
ഈ പ്രക്ഷോഭത്തിലേക്ക് അവരെ നയിച്ച സംഭവവികാസങ്ങൾ വ്യക്തമാണ്. അവർ പ്രതിഷേധിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.
അഗ്രാഗമനചേതോവികാരം തുടങ്ങുന്നത് ഒരു ഇടിമിന്നലോടെയാണ്.
ഇടിമിന്നലോ?
അതെ.
പറയാം.
കോരിച്ചൊരിയുന്ന മഴ പെയ്യുന്ന രാത്രി. ഇടയ്ക്കിടെ തൊട്ടടുത്തായി തന്നെ ഇടിമിന്നലും ഉണ്ട്. കേബിൾ ടിവിയുടെ ബന്ധം വിച്ഛേദിച്ച് പ്രകൃതിസ്വനങ്ങൾ മാത്രം കേട്ടുകഴിയുന്ന നിമിഷങ്ങൾ.
കോളറവാർഡിന്റെ പരിസരത്തു നിന്നും ഒരാരവം കേൾക്കുന്നു. കോമ്പൗണ്ടിൽ നിൽക്കുന്ന ഏതെങ്കിലും വൻവൃക്ഷം ഒടിഞ്ഞു വീണതാവാം.
കെട്ടിടങ്ങളിലേക്ക് അപകടകരമായി ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ നേരത്തെ തന്നെ ഒരു മുൻകരുതലോടുകൂടി വെട്ടി മാറ്റിച്ചിരുന്നു. അതിനാൽ കെട്ടിടങ്ങൾക്കൊന്നും കേടുപാടുകൾ വരാൻ സാദ്ധ്യത കുറവാണ്. എന്തായാലും നേരം വെളുക്കട്ടെ. ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിനു മുമ്പ് തന്നെ പരിശോധിക്കേണ്ടതുണ്ട്.
നേരം വെളുത്തപ്പോഴേക്കും കോരിച്ചൊരിയുന്ന മഴ നിശ്ശേഷം മാറിയിരുന്നു. നല്ല തെളിഞ്ഞ ആകാശം. ശബ്ദം കേട്ട ദിക്ക് ലക്ഷ്യം വച്ച് നടന്നു. ഒരു പടുകൂറ്റൻ മരം മറിഞ്ഞു വീണു കിടക്കുന്നു. തൊട്ടടുത്തുള്ള മതിലിന് കേടുപാടുകൾ വന്നിട്ടുണ്ട്. കെട്ടിടങ്ങൾക്കൊന്നും ഒരു കുഴപ്പവും സംഭിവിച്ചിട്ടില്ല.
സൂപ്രണ്ടിനെയും ലേ സെക്രട്ടറിയെയും വിവരം ധരിപ്പിച്ചു. ഒരു റിപ്പോർട്ട് തയ്യാറാക്കി നൽകാൻ അവർ പറഞ്ഞു. പത്ത് മണിക്ക് ആഫീസിൽ ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും റിപ്പോർട്ട് തയ്യാറാക്കി നൽകി മറ്റ് ദൈനംദിന പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഓഫീസിലെ പ്യൂൺ മുന്നിൽ വന്നു നിൽക്കുന്നു.
"സൂപ്രണ്ട് വിളിക്കുന്നു."
ചെന്നു. സെക്ഷൻ ക്ലാർക്കുമായി മരം വീണു കിടക്കുന്ന സ്ഥലത്തെത്തി പരിസരം വിലയിരുത്തി ആറെമ്മോയുടെ റിപ്പോർട്ടോടുകൂടി അടുത്ത നടപടിക്രമത്തിലേക്ക് കടക്കണം.
സർക്കാർ കാര്യമല്ലേ.
അത് മുറപോലെ നടക്കട്ടെ.
പിറ്റേന്ന് ഒരയൽവാസി വരുന്നു. മറിഞ്ഞുവീണ മരം ഒരു ചില്ല പോലും ബാക്കി വയ്ക്കാതെ രായ്‌ക്കുരാമായണം പരിസരവാസികൾ മുറിച്ചുകൊണ്ടു പോയത്രേ! പൊട്ടിക്കിടന്ന അതിർത്തി മതിൽ ആവർക്ക് വിറക് കൊണ്ടുപോകാൻ സൗകര്യമായത്രേ!
"ങ്‌ഹേ?!"
എന്താണടുത്ത നടപടിക്രമം?
തടിയും വിറകും മോഷണം പോയെന്നു കാണിച്ച് അടുത്ത റിപ്പോർട്ട് അയച്ച് പോലീസ് നടപടിയിലേക്ക് നീങ്ങണമെന്ന് ആഫീസർമാർ.
അല്ലാത്ത പക്ഷം മരത്തിന്റെ വില ആറെമ്മോ സ്വന്തം പോക്കറ്റിൽ നിന്നും അടക്കേണ്ടിവരും.
ഭീഷണിയാണോ?
ഹേയ് ആവാൻ വഴിയില്ല.
നല്ല സ്നേഹമുള്ളവരാ.
പെട്ടു.
വല്ല കാര്യവും ഉണ്ടായിരുന്നോ.
കണ്ടില്ല കേട്ടില്ല എന്നു നടിച്ച് നടന്നാൽ പോരായിരുന്നോ എന്ന ഉൾവിളി ഉണ്ടായത് വൈകിപ്പോയി.
എന്തായാലും നനഞ്ഞില്ലേ.
ഇനി കുളിച്ചു കേറുക തന്നെ.
മോഷണം പോയ വിവരം കാണിച്ച് അടുത്ത കത്ത് ആഫീസിൽ ഏല്പിച്ചു.
അല്ലാതെന്തു ചെയ്യാൻ!
സർക്കാരുദ്യോഗസ്ഥൻ ആയിപ്പോയില്ലേ.
ചെയ്തല്ലേ പറ്റൂ.
നുമ്മ കടമ നിർവ്വഹിച്ചെന്ന് ആശ്വസിച്ചിരിക്കുമ്പോൾ ദോണ്ടേ വരുന്നു പോലീസ് സംഘം.
സൂപ്രണ്ടിന്റെ കത്തിനെ ആസ്പദമാക്കി അവർ അന്വേഷണം നടത്തി. തൊണ്ടിമുതൽ കണ്ടെത്തി. മരക്കഷണങ്ങൾ കൊച്ചു കൊച്ചു കഷ്ണങ്ങളാക്കി കീറി മുറിച്ച് പരിസരത്തുള്ളവരുടെ വീടുകളിൽ വിൽക്കാൻ വച്ചിരിക്കുന്നു. പകുതിയിലേറെ വിറ്റു കഴിഞ്ഞു.
"കേസാക്കണോ സാറേ?" പോലീസിന്റെ ചോദ്യം.
"അതിന് എന്നോടെന്തിനാ ചോദിക്കുന്നേ? സൂപ്രണ്ടല്ലേ മറുപടി പറയേണ്ടത്?"
"ആറെമ്മോ റിപ്പോർട്ട് അയച്ചില്ലായിരുന്നെങ്കിൽ പോലീസിനെ അറിയിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്ന് സൂപ്രണ്ട് പറഞ്ഞു."
പെട്ടു. അല്ല. പെടുത്തി. ആരോട് പറയാൻ?
"ഞാനെന്റെ ഡ്യൂട്ടി ചെയ്തു. നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യു."
"അല്ല.
എന്താ ഇപ്പോ ഇതിൽ പ്രശ്നം?"
"മോഷണം നടത്തിയത് ചില്ലറക്കാരൊന്നും അല്ല സർ. കൂറച്ച് പൊതുപ്രവർത്തകരെയും ഒരു കൗൺസിലറെയും പ്രതിയാക്കേണ്ടിവരും."
"ആശുപത്രി സൂപ്രണ്ട് എന്തു പറഞ്ഞു?"
"ആറെമ്മോയുമായി സംസാരിക്കാൻ പറഞ്ഞു."
എന്തുചെയ്യും?
ഇറക്കാനും വയ്യ.
തുപ്പാനും വയ്യ.
അവസാനം പോലീസ് തന്നെ ഒരു പരിഹാരം പറഞ്ഞു. വിറക് പകുതിയിലേറെ വിറ്റു പോയി. തൊണ്ടിമുതൽ ഇല്ലാതെ കേസാക്കാനും പറ്റില്ല. നമുക്ക് കണ്ടില്ല കേട്ടില്ല എന്നു വച്ചാലോ? ആറെമ്മോ ഇത് വീണ്ടും കുത്തിപ്പൊക്കില്ല എന്ന വാക്ക് കിട്ടിയാൽ മതി. ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന് മോഷ്ടാക്കളെ പറഞ്ഞു ബോധിപ്പിക്കാം.
വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം പ്രവർത്തിയാക്കരുത് എന്നേതോ സരസൻ പറഞ്ഞത് ഓർമ്മ വന്നു.
വാക്ക് കൊടുത്തില്ല.
തല കുലുക്കി.
(ചോദ്യം വന്നാൽ അങ്ങനെയല്ല ഇങ്ങനെയാണ് തല കുലുക്കിയത് എന്ന് പറയാമല്ലോ.)
അപ്പോ. പറഞ്ഞു വന്നത്?
ആറെമ്മോ രാജിവയ്ക്കണം!
പറയുന്നതാരാ?