Pages

Monday, September 2, 2013

DTP മലയാളവും യൂണിക്കോഡു് മലയാളവും

൧൯൭൩ല്‍ റ്റൈപ്പു്റൈറ്ററിനും പത്രമാധ്യമങ്ങള്‍ക്കും വേണ്ടി മലയാള ലിപി പരിഷ്ക്കരണം അന്നത്തെ സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ വായിക്കാന്‍കിട്ടുന്ന പത്രങ്ങള്‍ മാത്രമല്ല പാഠപുസ്തകങ്ങളിലും പരസ്യപ്പലകയിലും പുതിയ ലിപി കടന്നു കൂടി. ഇതു് മലയാളിയുടെ എഴുത്തില്‍ ഉപയോഗിക്കരുതു് എന്നു പ്രത്യേകം നിര്‍ദ്ദേശമുണ്ടായിട്ടും എന്തു പുതുമയും സ്വീകരിക്കുന്ന മലയാളിയുടെ രീതിയില്‍ സര്‍ക്കാര്‍ ഉത്തരവു് മാനിക്കാതെ കയ്യക്ഷരത്തിലും പുതിയ ലിപി പ്രത്യക്ഷപ്പെട്ടു. ഈ മാറ്റം ആര്‍ക്കും കുറ്റം പറയാന്‍ പറ്റാത്ത ഒരു മാറ്റമായിരുന്നു. പുതുമയുള്ള അക്ഷരക്കൂട്ടങ്ങള്‍ അങ്ങനെ മലയാളികള്‍ എല്ലാ മേഖലകളിലും ഉപയോഗിച്ചു തുടങ്ങി. അന്നത്തെ കാലത്തിനു മുമ്പുള്ള അച്ചടിപുസ്തകങ്ങളും പുതിയ ലിപിയിലുള്ള അച്ചടി പുസ്തകങ്ങളും നിലവില്‍ ഉണ്ടായിരുന്നതിനാല്‍ പഴയതും പുതിയതും കൂട്ടിക്കുഴച്ചെഴുതുന്ന രീതി മലയാളി സ്വീകരിച്ചു. കാലം മാറിയപ്പോള്‍ റ്റൈപ്പിംഗിനായി കമ്പ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങി. റ്റൈപ്പു് റൈറ്ററിന്റെ ചുവടു പിടിച്ചു വന്ന ഡെസ്ക്കു് റോപ്പു് പബ്ലിഷിങ്ങില്‍ അന്നു നിലവിലുണ്ടായിരുന്ന പുതിയ ലിപി ഉപയോഗിച്ചതു് തികച്ചും സ്വാഭാവികമായിരുന്നു. ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ ആര്‍ക്കും എവിടെയിരുന്നും മലയാളം റ്റൈപ്പു് ചെയ്യാവുന്ന രീതി പക്ഷെ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കാന്‍ പറ്റാത്ത ഒരു രീതിയായിരുന്നു. ആ സോഫ്റ്റു് വേറില്ലാത്ത കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും ഇവ ഉപയോഗശൂന്യമായിരുന്നു. ആസ്ക്കി ഫോണ്ടുകള്‍ ഉപയോഗിച്ചു കമ്പ്യൂട്ടറെ പറ്റിക്കുന്ന രീതി അധികനാള്‍ നില നിന്നില്ല. ലോകത്തിലുള്ള ഇരുന്നൂറ്റി പത്തില്‍ പരം ഭാഷകള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന രീതി വന്നതോടു് കൂടി യൂണിക്കോഡിന്റെ ഏതെങ്കിലും ഒരു ഫോണ്ടുള്ള ഏതു കമ്പ്യൂട്ടറിലും മലയാളം വായിക്കാവുന്ന രീതി വന്നതു് ഒരു വിപ്ലവകരമായ മാറ്റം തന്നെ ആയിരുന്നു. അതിനായി ആദ്യം ശൃഷ്ടിക്കപ്പെട്ട മലയാളം ഫോണ്ടായ അഞ്ജലി പഴയ ലിപിയുടെ ചുവടു പിടിച്ചു് അഞ്ജലി പഴയ ലിപി വന്നതു് അതിനു ആവശ്യക്കാരുള്ളതു കൊണ്ടു മാത്രമായിരുന്നു. പരമ്പരാഗത എഴുത്തു ശൈലി സ്ക്കൂളില്‍ പഠിച്ചിട്ടില്ലാത്ത കുട്ടികള്‍ക്കു് പഴയ ലിപിയോടില്ലാത്ത പ്രണയം പുതിയ ലിപിയോടു് കാണിച്ചതു് സ്വാഭാവികം. ഓരോ പത്രങ്ങളിലും മാസികകളിലും ആരുമറിയാതെ കാലക്രമേണ പഴയ ലിപി പൂര്‍ണ്ണമായിട്ടല്ലെങ്കിലും തിരിച്ചു വന്നു. ഉകാരവും ഊകാരവും വ്യഞ്ജനത്തോടു് ചേരുന്ന ഋകാരവും ചില്ലക്ഷരങ്ങള്‍ കൂട്ടക്ഷരങ്ങള്‍ മറ്റുമുള്ള ചില അക്ഷരങ്ങള്‍ ഒഴികെ പുതിയ ലിപിയില്‍ നിന്നും അപ്രത്യക്ഷമായി എന്നു തന്നെ പറയാം. ഇനിയിപ്പോള്‍ ഇതു കൂടി മാറി വരുമ്പോള്‍ പഴയലിപി പൂര്‍ണ്ണരൂപത്തില്‍ തിരിച്ചെത്തുകയും പുതിയ ലിപിയെ തള്ളിക്കളയുന്ന രീതി വിദൂരമല്ല. ലോകത്തുള്ള മിക്കഭാഷകള്‍ക്കുമൊപ്പം ഇന്ത്യന്‍ ഭാഷകളും ഇന്നു് യാതൊരു അക്ഷരത്തെറ്റും ഇല്ലാതെ എഴുതുവാനും വായിക്കുവാനും സാദ്ധ്യമാണു. മലയാളികള്‍ ധാരാളം വിദേശത്തു ജോലി നോക്കിപ്പോയപ്പോള്‍ അവരില്‍ കൂടുതല്‍ ആള്‍ക്കാരും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ആയ സ്ഥിതിയില്‍ ജോലി കഴിഞ്ഞുള്ള സമയവും ജോലിയില്‍ ഇരിക്കെ വെറുതെ ഇരുന്നു മുഷിച്ചില്‍ അനുഭവപ്പെട്ടപ്പോള്‍ മലയാളത്തില്‍ ചാറ്റിംഗു മറ്റും തുടങ്ങിയതോടു കൂടി മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കേണ്ട ആവശ്യം വന്നു. അതും ഇന്റര്‍നെറ്റു് വഴിയുള്ള സന്ദേശങ്ങള്‍ വേഗതയുള്ളതു കൂടി ആയപ്പോള്‍ കേരളത്തിനു പുറത്തുള്ള മലയാളികള്‍ മലയാള ഭാഷ തന്നെ റ്റൈപ്പിംഗിനായി ഉപയോഗിച്ചു തുടങ്ങി. സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാളം അറിഞ്ഞിരിക്കണം എന്ന നിയമം വന്നപ്പോള്‍ കമ്പ്യൂട്ടറില്‍ മലയാളം അച്ചടിക്കുന്നവരുടെ എണ്ണം കൂടുകയേ ഉള്ളു. മലയാളം റ്റൈപ്പിംഗിനു് യൂണിക്കോഡു് മലയാളം തന്നെ ഉപയോഗിക്കണം എന്ന സര്‍ക്കാര്‍ ഉത്തരവു് ഇതിനു മധുരം പകരും. കമ്പ്യൂട്ടറിലെ മലയാളം ഉപയോഗിക്കുന്ന രീതിയില്‍ ഒരു സമൂല മാറ്റം അനിവാര്യമാണു്. ട്രാന്‍സ്ലിറ്ററേഷന്‍ രീതി ആണു് ഇന്നു കൂടുതല്‍ മലയാളികള്‍ ഉപയോഗിക്കുന്നതെങ്കിലും ഇന്‍സ്ക്രിറ്റു് സമ്പ്രദായത്തില്‍ പുതിയ സോഫ്റ്റ്‌വേര്‍ ശൃഷ്ടിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment