Pages

Sunday, October 21, 2018

കായലിനക്കരെ

കായലിനക്കരെ
...........................
"സാറേ, അവർ പ്ലാസ്റ്റർ വെട്ടിത്തരുന്നില്ല."
"പ്ലാസ്റ്റർ വെട്ടാൻ ഞാനെഴുതിത്തന്നായിരുന്നല്ലോ. ചീട്ട് കാണിച്ചില്ലേ?"‌‌
"കാണിച്ചു."‌ കുട്ടിയെ കൊണ്ടുവന്ന സ്ത്രീയുടെ കണ്ണുനീർ അനർഗ്ഗള നിർഗ്ഗളം ഒഴുകുകയാണ്.
"ഈ ആശുപത്രിയിലെ എന്റെ ആദ്യത്തെ ദിവസം അല്ലേ. അവർക്ക് എന്റെ കൈയ്യെഴുത്ത് ചിലപ്പോൾ മനസ്സിലായിക്കാണില്ല."
ചീട്ട് വാങ്ങി. ROP എന്നെഴുതിയത് Remove plaster എന്നെഴുതിക്കൊടുത്തു.
"അതല്ല പ്രശ്നം."
"പിന്നെന്താ പ്രശ്നം?"
"മാറ്റി എഴുതിയിട്ടു കാര്യമില്ല സർ. കാശ് കൊടുക്കാതെ അവർ പ്ലാസ്റ്റർ വെട്ടുന്ന പ്രശ്‌നം ഇല്ലെന്നാണവർ പറയുന്നത്. സർ മുമ്പിരുന്ന ആശുപത്രിയിൽ വന്ന് കുട്ടിയുടെ കാൽ ഒടിഞ്ഞതിന് പ്ലാസ്റ്റർ ഇടാൻ കാശൊന്നും ചെലവായില്ല. അതുകൊണ്ട് ഇവിടെയും അങ്ങനെ ആയിരിക്കും എന്നു കരുതി വന്നതു കൊണ്ട് കാശൊന്നും കരുതിയില്ല. അവർക്ക് കൊടുക്കാൻ എന്റെ കൈയ്യിൽ കാശൊന്നും ഇല്ല."
"ആരാണങ്ങനെ പറഞ്ഞത്?"
"വേള്ളയും വെള്ളയും ഇട്ട ഒരു ചേട്ടൻ."
"ഹേയ്. നിങ്ങൾക്ക് തോന്നിയതാവും."
"ഇല്ല സർ. തോന്നിയതല്ല. എന്റെ കൈയ്യിൽ എന്തേലും ഉണ്ടായിരുന്നെങ്കിൽ ഞാൻ കൊടുത്തേനേ. 'ഇത് _ _ _ _ _ (ഇന്നലെ വരെ ജോലി ചെയ്ത സ്ഥലം) അല്ല. _ _ (പുതിയ സ്റ്റേഷൻ) ആണെന്ന് സാറിനോട് പറഞ്ഞേക്കൂ, ഇവിടെ തൂണിനു വരെ കാശ് കൊടുക്കേണ്ടിവരും എന്നും സാറിനോട് പറഞ്ഞേക്കൂ' എന്നാണ് അവർ പറഞ്ഞത്."
എന്ത് ചെയ്യും?
ഇതെന്താ ഈ ആശുപത്രിയിൽ ജീവനക്കാർ ഇങ്ങനെ? ഉള്ളിൽ ചോര തിളയ്ക്കുന്നുണ്ടായിരുന്നു. സംയമനം പാലിച്ച് ദേഷ്യം കടിച്ചമർത്തി മൂഖഭാവം ന്യൂട്രലാക്കി അവരേയും വിളിച്ചുകൊണ്ട് പ്ലാസ്റ്റർ വെട്ടുന്ന മുറിയിലേക്ക് നടന്നു.
"ആരാണിവിടെ പ്ലാസ്റ്റർ വെട്ടാൻ നിൽക്കുന്നത്?" മുഖത്ത് ഒരു ചെറിയ ചിരി പാടുപെട്ട് വരുത്തി ചോദിച്ചു.
ഡ്രസ്സിംഗ് മുറിയിൽ നിൽക്കുന്നവർ ഒന്നും മിണ്ടാതെ പരസ്പരം കണ്ണെറിയുകയാണ്. "ഈ മാരണം ഇതെന്ത് പുറപ്പാടിനാണ്?" എന്നവരുടെ മുഖഭാവത്തിൽ നിന്നും വ്യാക്തമായി വായിച്ചെടുക്കാം. ഈ ആശുപത്രിയിൽ ആദ്യത്തെ ദിവസം ആയതിനാൽ അവർക്ക് എന്നെ അറിയില്ല. എനിക്കവരെയും. ഉള്ളിൽ ചിരിയും സങ്കടവും നിരാശയും ദേഷ്യവും എല്ലാം വരുന്നുണ്ടായിരുന്നു.
"ഈ ആശുപത്രിയിൽ എങ്ങനെയാണ് പ്ലാസ്റ്റർ വെട്ടുന്നത് എന്നൊന്നു കാണട്ടെ. ആരാ പ്ലാസ്റ്റർ വെട്ടുന്നതെന്നു വച്ചാൽ ഈ കുട്ടിയുടെ പ്ലാസ്റ്റർ വെട്ടി കാണക്കൂ. പ്രൊസീജ്യർ ശരിയാണോ എന്ന് ഞാനൊന്നു കാണട്ടെ."
വിഷപ്പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിക്കുക. ശ്രമകരമാണ്.
രോഗിയുടെ അമ്മയുടെ മുഖത്ത് സന്തോഷവും നന്ദിയും പ്രതിഫലിക്കുന്നുണ്ടായിരുന്നു. പ്ലാസ്റ്റർ വെട്ടിയവന്റെ മുഖത്ത് നിരാശയും വിദ്വേഷവും.
മുറിവേറ്റ ഈഗോധാരിയുടെ പ്രതികരണം രണ്ടാം ദിവസം യൂണിയൻകാരുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.
ഒപിയിൽ ഒരു വല്യമ്മ കൈയ്യൊടിഞ്ഞു വരുന്നു. എക്‌സ്രേ എടുക്കുന്നു. ശരിയാണ്. ഒടിവുണ്ട് വലിച്ചു നേരെ ആക്കിയതിനു ശേഷം വേണം പ്ലാസ്റ്റർ ഇടാൻ. പ്ലാസ്റ്റർ ഇടാൻ അവർക്ക് സമ്മതമാണ്. സിസ്റ്ററെ വിളിച്ച് ഏർപ്പാടാക്കി. പ്ലാസ്റ്റർ മുറിയിൽ ഇപ്പോൾ സഹായി ആയി നിൽക്കുന്നത് മറ്റൊരാളാണ്. കൈ വലിച്ചു പിടിക്കേണ്ട രീതികളൊക്കെ പറഞ്ഞു മനസ്സിലാക്കി കൈവലിച്ചു നേരെയാക്കി പ്ലാസ്റ്റർ ഇട്ടുകഴിഞ്ഞു ചെക്കെക്‌സ്രേയ്ക്ക് എഴുതിക്കൊടുത്ത് തിരിഞ്ഞു നോക്കുമ്പോൾ മുറിയുടെ വാതിലിനു ചുറ്റും ആശുപത്രിയിലെ വെള്ള വേഷധാരികൾ മുഴുവനും ഉണ്ട്.
വല്ല യൂണിയൻ പിരിവും ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. പക്ഷെ അല്ല.
"ഇവിടെ പ്ലാസ്റ്റർ ഇടുന്നത് ഞങ്ങളാണ്."
"ങ്ഹേ? മനസ്സിലായില്ല."
"കൈയ്യൊടിഞ്ഞ് ഈ ആശുപത്രിയിൽ വരുന്ന രോഗികൾക്ക് ഞങ്ങളാണ് പ്ലാസ്റ്റർ ഇടുന്നതെന്ന്."
"അതു ശരി. അപ്പോൾ ഓപ്പറേഷൻ തീയേറ്ററിൽ ഓപ്പറേഷൻ ചെയ്യുന്നതും നിങ്ങളാണോ."
"വേണ്ടിവന്നാൽ അതും ചെയ്യും. പക്ഷെ ഇതാണ് ഇവിടത്തെ ഞങ്ങളുടെ യൂണിയന്റെ തീരുമാനിക്കും."
"ഓ ഹോ. അപ്പോ ഒപിയും നിങ്ങൾ നോക്കുമായിരിക്കും!"
"ഞങ്ങളുടെ വരുമാനത്തിൽ ഇടങ്കോലിട്ടാൽ ഞങ്ങൾ പ്രതികരിക്കും."
"അത് ന്യായം. നിങ്ങൾക്ക് സമയത്ത് ശമ്പളം കിട്ടാതിരുന്നാൽ എന്നോട് പറ. നാളെ ഞാൻ ആറെമ്മോയുടെ സ്ഥാനം ഏൽക്കുകയാണ്. നിങ്ങളുടെ ഏതു പ്രശ്‌നവും കൈകാര്യം ചെയ്യാൻ ഞാനിവിടെയുണ്ടാവും."
എല്ലാവരും മിഴുങ്ങസ്യം.
ഇതൊരു തുടക്കം മാത്രം....
....തുടരും.
.https://www.facebook.com/DrBhadranTR/posts/734517390238356 ചേർത്തു വായിക്കുക

No comments:

Post a Comment